Article POLITICS

ജാതിഹിന്ദു × മുസ്ലീം വിപരീത രാഷ്ട്രീയം വിജയിക്കുന്നു. ഒപ്പം ലീഗും

 
ജാതി ഹിന്ദുത്വ രാഷ്ട്രീയത്തെ നേരിടാന്‍ മുസ്ലിം രാഷ്ട്രീയം മതിയെന്ന യു ഡി എഫ് നിലപാട് മലപ്പുറത്തു വിജയിക്കുന്നു. മതേതര രാഷ്ട്രീയംകൊണ്ടാണ് ജാതി ഹിന്ദുത്വത്തിന്റെ ഫാഷിസവത്ക്കരണത്തെ നേരിടേണ്ടതെന്ന വിചാരം ഇനിയും രൂപപ്പെട്ടിട്ടില്ല. ഹിന്ദു × മുസ്ലീം എന്ന വിപരീതത്തിലേക്ക് രാഷ്ട്രീയത്തെ യുദ്ധോത്സുകമാക്കുന്ന പ്രവണതയാണത്. മതനാമങ്ങളില്‍ ഊന്നി നില്‍ക്കുന്ന രാഷ്ട്രീയത്തിന്റെ തീക്കളി.

പീഢിത സമുദായങ്ങള്‍ക്കോ മതങ്ങള്‍ക്കോ സംഘടിക്കാന്‍ അവകാശമുണ്ട്. സാമൂഹിക നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്കാവണം അത്. മതേതര രാജ്യത്തെ ജനാധിപത്യ പ്രക്രിയ മതേതരമായിത്തന്നെ നിര്‍വ്വഹിക്കപ്പെടണം. ദൗര്‍ഭാഗ്യവശാല്‍, ജാതിഹിന്ദുത്വത്തിന് നവമുതലാളിത്തത്തിന്റെ കുതിപ്പിന് ചുമല്‍കൊടുത്ത് അധികാരത്തില്‍ എത്താനായി. അതു സൃഷ്ടിക്കുന്ന സംഹാരോത്സുക മുന്നേറ്റങ്ങളെ മതസ്വത്വങ്ങളായി വേര്‍തിരിഞ്ഞ് എതിര്‍ത്തുകളയാം എന്നു കരുതുന്നത് ഹിന്ദുഫാഷിസത്തിന് പാലൂട്ടുന്നതുപോലെയാണ്. ഈ യാഥാര്‍ത്ഥ്യം നമ്മുടെ രാഷ്ട്രീയ മുന്നണികള്‍ തിരിച്ചറിയേണ്ടതുണ്ട്.

മുന്നണി രാഷ്ട്രീയം കേരളത്തില്‍ വളര്‍ത്തിയെടുത്ത ജാതി- മത രാഷ്ട്രീയ ധ്രുവീകരണം മതേതര രാഷ്ട്രീയത്തിന്റെ അസ്തിത്വത്തെത്തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. മലപ്പുറം തെരഞ്ഞെടുപ്പുഫലം ഈ അപായത്തിന്റെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പാണ്. ജാതി മത രാഷ്ട്രീയങ്ങള്‍ക്ക് പ്രത്യക്ഷത്തില്‍ വിപരീതങ്ങളെന്നു തോന്നിക്കുമെങ്കിലും സമാനമായ താല്‍പ്പര്യങ്ങളാണ് ഉള്ളത്. തങ്ങള്‍ക്ക് എന്തു കിട്ടും എന്നതില്‍ക്കവിഞ്ഞ് ഒരു ഭാവി സ്വപ്നവും അവരെ ഉത്ക്കണ്ഠപ്പെടുത്തുന്നില്ല. ഒരു മതേതര ജനാധിപത്യ ബദലും അവരുടെ പരിപാടിയിലുമില്ല. തങ്ങള്‍ക്കും ലാഭമെന്ന മിനിമം പരിപാടിയില്‍, മതേതര രാഷ്ട്രീയത്തെ അപകടപ്പെടുത്താവുന്ന ഏത് കൂട്ടുകെട്ടിനും അവര്‍ വഴങ്ങുകയും ചെയ്യും. ഇത് ആ രാഷ്ട്രീയത്തിന്റെ സ്വാഭാവിക പരിണതിയാണ്.

എല്‍ ഡി എഫിനെ മതേതര ജനപക്ഷ രാഷ്ട്രീയമായി മലപ്പുറം അംഗീകരിക്കുന്നില്ല. അത് ഇടതുപക്ഷം എടുത്തുപോന്ന നിലപാടിന്റെ പിശകുകളിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. തീക്കളിയിലിപ്പോള്‍ യു ഡി എഫിനാണ് താല്‍ക്കാലികനേട്ടം. അതുപക്ഷെ, ഇരു മുന്നണികളിലും അവശേഷിക്കുന്ന മതേതര രാഷ്ട്രീയത്തെ വിഴുങ്ങാനാണ് വാ പിളര്‍ക്കുന്നത്.

മലപ്പുറം ഉപതെരഞ്ഞെടുപ്പിനെ എല്‍ ഡി എഫ് വളരെ ഉദാീനമായാണ് നേരിട്ടത്. സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ നേതൃ ചുമതലകള്‍വരെ അവ്വിധമായിരുന്നു. തെരഞ്ഞെടുപ്പു കാലയളവില്‍ സംസ്ഥാനത്തു നടന്ന സംഭവങ്ങളും വിവാദങ്ങളുമെല്ലാം ഇടതുപക്ഷത്തിന്റെ വലതുമുഖം വെളിപ്പെടുത്തുന്നതായിരുന്നു. നിലമ്പൂര്‍ വ്യാജ ഏറ്റുമുട്ടല്‍ മുതല്‍ ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ ഡിജിപി ഓഫീസിനു മുന്നില്‍ നേരിട്ടതുവരെ പൊലീസ് നയംമൂലം ഉണ്ടായ കെടുതികള്‍ ചെറുതല്ല. കോടിയേരി പറഞ്ഞതുപോലെ കേരളത്തിലെ ഭരണാനുഭവവും വോട്ടര്‍മാരെ സ്വാധീനിച്ചുകാണണം.

ആസാദ്
17 ഏപ്രില്‍ 2017 10.30 am

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )