Article POLITICS

സഖാവേ, സമരം ഒരു രോഗമല്ല. കുറ്റവുമല്ല

 

mahija

 

സമരം ഒരു കുറ്റമാണെന്ന് സര്‍ക്കാര്‍ കരുതുന്നു. അതല്ലെങ്കില്‍ സമരകാരണം തങ്ങള്‍ക്കു ബോധ്യപ്പെട്ടില്ലെങ്കില്‍ അതൊരു കുറ്റകൃത്യമായേ കാണാനാവൂ എന്നായിട്ടുണ്ട് സമീപനം. അതുകൊണ്ടാണ് സമരത്തിനുള്ള ആലോചന ഗൂഢാലോചനയായി മാറുന്നത്.

ഗവണ്‍മെന്റ് എല്ലാം ചെയ്തിട്ടും ജിഷ്ണുവിന്റെ കുടുംബം എന്തിന് സമരം ചെയ്തു? അവരെ സമരത്തിലേക്ക് വലിച്ചിഴച്ചത് ആരൊക്കെയാണ്? അവരുടെ താല്‍പ്പര്യം എന്തൊക്കെയാണ്? തുടങ്ങിയ സംശയങ്ങളാണ് മുഖ്യമന്ത്രി ഉന്നയിക്കുന്നത്. അങ്ങനെയൊരു സംശയമുണ്ടാവുന്നത് കുറ്റമല്ല. എല്ലാം ചെയ്തുവെന്ന് ഗവണ്‍മെന്റ് കരുതുന്നു. പോരാ അറസ്റ്റും അന്വേഷണവും അമാന്തിക്കുന്നുവെന്ന് ജിഷ്ണുവിന്റെ കുടുംബവും. ചെയ്തത് ബോധ്യപ്പെടുത്താന്‍ ഗവണ്‍മെന്റിന് കഴിഞ്ഞില്ല. ഈ സാഹചര്യത്തില്‍ സമരമുണ്ടായി.

ആരൊക്കെയാണ് പിറകില്‍? ആരെല്ലാം പ്രേരിപ്പിച്ചു എന്ന ചോദ്യം ഉദിക്കുന്നതുതന്നെ, സമരം കുറ്റകരമായിത്തീരുമ്പോഴാണ്. അങ്ങനെയൊരു സാഹചര്യമില്ലെന്നര്‍ത്ഥം. സമരത്തിന് പ്രേരിപ്പിക്കുകയോ സമരത്തില്‍ പങ്കെടുക്കുയോ ചെയ്യുന്നത് പൊതുപ്രവര്‍ത്തനത്തിന്റെയും പൗരാവകാശത്തിന്റെയും ഭാഗമായാണ്. അത് കുറ്റമായി കാണാന്‍ സ്വേഛാധിപത്യ ഭരണകൂടങ്ങള്‍ക്കേ കഴിയൂ.

സിപിഎം നേതാക്കള്‍ക്ക് പല സംശയങ്ങളും തോന്നാം. പ്രത്യേകിച്ചും സി പി എം കുടുംബത്തിന്റെ പ്രതിഷേധം പാര്‍ട്ടിയുടെ നിയന്ത്രണത്തിനു പുറത്തേക്കു വളരുമ്പോള്‍. പാര്‍ട്ടിക്ക് അതുസംബന്ധിച്ച് അന്വേഷിക്കാനും സംഘടനാതലത്തില്‍ നടപടിയെടുക്കാനും സ്വാതന്ത്ര്യമുണ്ട്. അവകാശമുണ്ട്. പക്ഷെ ഗവണ്‍മെന്റ് സംവിധാനത്തെ ഇതിനുവേണ്ടി ഉപയോഗിച്ചുകൂടാ.

ജിഷ്ണുവിന്റെ ജീവഹാനിക്കുശേഷം കേസ് ഗൗരവതരമായി കാണാന്‍പോലും കനത്ത പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരേണ്ടിവരുന്നു. സ്വാശ്രയ മുതലാളിമാരുടെയും സ്വകാര്യ മാനേജ്മെന്റുകളുടെയും അഴിഞ്ഞാട്ടങ്ങള്‍ക്ക് അരുനിന്നുകൊടുക്കുന്ന നിലപാടാണ് കുറെ കാലമായി ഗവണ്‍മെന്റുകള്‍ സ്വീകരിച്ചുവരുന്നത്. മൂന്നിയൂര്‍ സ്കൂളിലെ അനീഷ് മാഷ് ആത്മഹത്യയിലേക്കു തള്ളിവിടപ്പെട്ട കേസില്‍ മാനേജരെ അറസ്റ്റുചെയ്യാന്‍പോലും രണ്ടു വര്‍ഷമായിട്ടും സാധിച്ചിട്ടില്ല. ഇങ്ങനെയൊരു സാഹചര്യത്തില്‍ നീതി നടപ്പാവാന്‍ സമരരംഗത്തിറങ്ങാതെ തരമില്ലെന്ന് ഏതൊരാള്‍ക്കും അറിയാം. എത്ര പ്രക്ഷോഭങ്ങള്‍ നടന്നാലും, പൊലീസ് ചാര്‍ത്തുന്ന വകുപ്പുകള്‍ കുറ്റവാളികള്‍ക്ക് പഴുതുകള്‍ നല്‍കുന്നതാണെങ്കില്‍ എന്തു കാര്യം? നടപടി ക്രമങ്ങള്‍ സ്വീകരിച്ചില്ലേ എന്നല്ല, സ്വീകരിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായില്ലേ എന്നാണ് മുഖ്യമന്ത്രി ചോദിക്കേണ്ടിയിരുന്നത്. ഒന്നു രണ്ടുപേരെ അറസ്റ്റു ചെയ്യാന്‍ ബാക്കിയുണ്ടായിരുന്നു എന്നെത്ര നിസ്സാരമായാണ് അദ്ദേഹം പറഞ്ഞത്? ആ ഉദാസീനത തിരുത്താനായില്ലെങ്കിലും ചൂണ്ടിക്കാണിക്കാനെങ്കിലും സമരത്തിന് സാധിച്ചല്ലോ.

അപ്പോള്‍ ആശങ്കകളുള്ള കുടുംബത്തിന് സമരമല്ലാതെ വേറെ വഴിയില്ലായിരുന്നു. ആ സമരം പക്ഷെ സി പി എമ്മില്‍നിന്നു എസ് യു സി ഐ റാഞ്ചിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അപ്പോള്‍ അതാണ് കാര്യം. അത് അദ്ദേഹത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിക്കു പരിശോധിക്കാവുന്നതേയുള്ളു. ചെയ്തതോ ചെയ്യാത്തതോ സ്വന്തം സഖാക്കളെ ബോധ്യപ്പെടുത്താനാവുന്നില്ലെന്നത് ആരുടെ കുറ്റമാണ്? അങ്ങനെ വരുമ്പോള്‍ പ്രയാസമനുഭവിക്കുന്നവര്‍ സഹായത്തിനെത്തുന്നവരെ ആശ്രയിക്കുക സ്വാഭാവികമാണ്. അത്തരം പ്രശ്നമുഖങ്ങളില്‍ ഓടിയെത്തിയാണ് സിപിഎം ഇത്ര വലുതായത്. അതെല്ലാം ഗൂഢാലോചനകളായിരുന്നുവോ? അതല്ല. തങ്ങള്‍ക്കെതിരാവുമ്പോള്‍ മാത്രം പ്രതിഷേധവും സമരവും കുറ്റകരമാവുകയാണോ? അതില്‍ പങ്കെടുക്കുന്നവരെല്ലാം ഗൂഢാലോചനക്കാരാവുകയാണോ? സിപിഎം സമരം എസ് യു സി ഐ റാഞ്ചി എന്ന കുറ്റവും അതിനു പ്രേരിപ്പിച്ചു എന്ന ഗൂഢാലോചനയും ഗവണ്‍മെന്റ് സംവിധാനം ഉപയോഗിച്ച് അന്വേഷിക്കേണ്ട വിഷയമാണോ?

കേരള മുഖ്യമന്ത്രി ഇപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയല്ല. പോലീസ് സംവിധാനം പാര്‍ട്ടിയുടെ കീഴിലുള്ളതുമല്ല. അങ്ങനെയൊരു ബോധ്യമില്ലെങ്കില്‍ കാര്യം കൂടുതല്‍ വഷളാവുയേയുള്ളു. ജനങ്ങള്‍ ചോദ്യങ്ങളുന്നയിക്കാന്‍ മടിക്കുന്ന പാര്‍ട്ടി അംഗങ്ങളാണെന്നു ധരിച്ചുപോവരുത്.

ആസാദ്
11 ഏപ്രില്‍ 2017

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )