Article POLITICS

മൂന്നാറില്‍ വീണ്ടും കയ്യേറ്റം ഒഴിപ്പിക്കലുകളും പ്രതിഷേധങ്ങളും

 

munnar

 

 

മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കാന്‍ സബ് കലക്റ്റര്‍ ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തില്‍ നടന്ന ശ്രമം സി പിഎം തടഞ്ഞതായി വാര്‍ത്ത. സബ് കലക്റ്റര്‍ ആവശ്യപ്പെട്ടിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. ഔദ്യോഗിക കൃത്യം തടസ്സപ്പെടുത്തിയതിന് ആരെയെങ്കിലും അറസ്റ്റ് ചെയ്യണമെന്ന് ആഭ്യന്തര വകുപ്പിന് തോന്നിയില്ല. റവന്യൂ വകുപ്പിനെയല്ല, കയ്യേറ്റക്കാരെയാണ് സഹായിക്കേണ്ടത് എന്നാവും മൂന്നാറിലെ സിപിഎമ്മിനെപ്പോലെ ആഭ്യന്തര വകുപ്പിന്റെയും നിശ്ചയം.

കോര്‍പറേറ്റ് വികസനംപോലെ ഭൂമി കയ്യേറ്റവും സിപിഎം നയമാണെങ്കില്‍ അതവര്‍ പൊതു സമൂഹത്തോട് തുറന്നു സമ്മതിക്കണം. എസ് രാജേന്ദ്രന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവരുടെ ഭൂമി സംബന്ധിച്ചു വലിയ വിവാദങ്ങളുയര്‍ന്നിരുന്നു. മൂന്നാറിലെ ആദ്യഘട്ട കയ്യേറ്റമൊഴിപ്പിക്കല്‍ ശ്രമവും പരാജയപ്പെടാനിടയായത് ഇടതുപക്ഷത്തുണ്ടായ പൊട്ടിത്തെറികളും ആഭ്യന്തര കലഹവുംമൂലമാണ്. വി എസിന് പാതിവഴിയില്‍ പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു. മൂന്നാറിന്റെയും സംസ്ഥാനത്തിന്റെയും ചരിത്രംതന്നെ മാറ്റിയേക്കാവുന്ന ഒരു ഇടപെടല്‍ പദ്ധതിയാണ് അലസിപ്പോയത്.

മലയോരമേഖലയില്‍ വന്‍കിട കയ്യേറ്റങ്ങള്‍മുതല്‍ ചെറുകിട കുടിയേറ്റങ്ങള്‍വരെ നടക്കുന്നുണ്ട്. രണ്ടും ഒരുപോലെയല്ല. ഭൂരഹിതരും നിസ്വരുമായ മനുഷ്യര്‍ കൂരകെട്ടുന്നത് കയ്യേറ്റമല്ല. അവര്‍ക്ക് അവകാശപ്പെട്ട ഭൂമി നല്‍കി അവരെ ഗവണ്‍മെന്റിന് മാറ്റിപാര്‍പ്പിക്കാവുന്നതേയുള്ളു. തോട്ടം മേഖലയിലെ പതിനായിരക്കണക്കിന് ഏക്കര്‍ വരുന്ന വലിയ വലിയ കയ്യേറ്റങ്ങളൊഴിപ്പിക്കാന്‍ മടിച്ചും വിറച്ചും നില്‍ക്കുന്നവര്‍ ദരിദ്ര സമൂഹങ്ങളെ അനിശ്ചിതത്വത്തിലേക്ക് തള്ളിവിടാന്‍ ഉത്സാഹം കാണിക്കുന്നുവെങ്കില്‍ അതു നിയമപാലനമായോ നീതി നിര്‍വ്വഹണമായോ കാണാനാവില്ല.

മൂന്നാറിലുള്‍പ്പെടെയുള്ള ഭൂപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ പഴയ ഭൂ പരിഷ്ക്കരണ നിയമത്തിന്റെ ആനുകൂല്യം ദുരുപയോഗം ചെയ്തതും ചട്ടങ്ങള്‍ നഗ്നമായി ലംഘിച്ചതും പരിശോധിക്കേണ്ടിവരും. വന്‍കിട കോര്‍പറേറ്റുകളും ഭൂഇടപാടുകളിലൂടെ പുതുതായി ഉയര്‍ന്നുവന്ന ധനിക വിഭാഗവുമാണ് മിക്കവാറും എല്ലാ കുറ്റകൃത്യങ്ങളും നിര്‍വ്വഹിച്ചതും സാധൂകരിക്കുന്നതും. അതിന്റെകൂടി ഫലമായി പുറന്തള്ളപ്പെട്ട വിഭാഗങ്ങള്‍ എല്ലയ്പ്പോഴും വേട്ടയാടപ്പെട്ടുകൂടാ.

ഏക്കര്‍ ക്കണക്കിന് ഭൂമി കയ്യേറിയവരില്‍നിന്ന് അതു പിടിച്ചെടുത്തേപറ്റൂ. പരിസ്ഥിതിക്കും സഹജീവിതങ്ങള്‍ക്കും കനത്ത പരിക്കുകളേല്‍പ്പിച്ചതിനും അവര്‍ വിചാരണ ചെയ്യപ്പെടണം. ദൗര്‍ഭാഗ്യവശാല്‍, നിയമങ്ങളെല്ലാം അവര്‍ക്ക് അനുകൂലമായി വ്യാഖ്യാനിക്കാനും നടപ്പാക്കാനുമാണ് അധികാരികള്‍ക്കു താല്‍പ്പര്യം. അപൂര്‍വ്വമായി ചില വകുപ്പുതലവന്മാരും ഉദ്യോഗസ്ഥരും നീതിബോധത്തോടെ പ്രവര്‍ത്തിച്ചാല്‍ സംഘടിത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍തന്നെ എതിര്‍പ്പുമായി രംഗത്തു വരുന്നു. എത്രമേല്‍ അവിശുദ്ധമായ ബന്ധങ്ങളാണ് വന്‍കിട കയ്യേറ്റക്കാരും ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും തമ്മില്‍ ഉണ്ടാക്കിയിരിക്കുന്നത് എന്ന കാഴ്ച്ച നമ്മില്‍ നടുക്കമുണ്ടാക്കുന്നു.

കയ്യേറ്റം ഒഴിപ്പിക്കുന്നതിന് ഉദ്യോഗസ്ഥരെ പറഞ്ഞയക്കുന്ന സര്‍ക്കാര്‍തന്നെയാണ് അതുതടയുന്ന സംഘങ്ങളെ തുണയ്ക്കാന്‍ പൊലീസിനെയും അയക്കുന്നത്! എന്തു വിചിത്രമായ ഒരനുഭവമാണത്! റവന്യു മന്ത്രി ആഭ്യന്തര മന്ത്രിയെ അതൃപ്തി അറിയിക്കുന്നു. ജില്ലാകലക്ടര്‍ പൊലീസിനെതിരെ നടപടിയെടുക്കുമെന്നു പ്രതികരിയ്ക്കുന്നു. യഥാര്‍ത്ഥത്തില്‍ ഭരണമുന്നണിക്ക് ഇക്കാര്യത്തില്‍ പൊതുവായ ഒരഭിപ്രായമില്ലെന്നുവേണം കരുതാന്‍.

ഒരുഭാഗത്ത് ഭൂരഹിതരായ മനുഷ്യര്‍ ജീവിക്കാനുള്ള അവകാശത്തിനു പോരാടുന്നു. മറുഭാഗത്ത് ചെറുതും വലുതുമായ കയ്യേറ്റങ്ങള്‍ പെരുകുന്നു. ഇതിനിടയില്‍ ഒരു ജനാധിപത്യ ഗവണ്‍മെന്റ് കൈക്കൊള്ളേണ്ട സമീപനമാണോ കേരളത്തിലെ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത് എന്നാണ് നോക്കേണ്ടത്. മൂന്നാറില്‍നിന്നു കേള്‍ക്കുന്ന വാര്‍ത്തകള്‍ ഒട്ടും സുഖകരമല്ല.

ആസാദ്
12 ഏപ്രില്‍ 2017

2.

മന്ത്രി എം എം മണിക്കും മന്ത്രി ചന്ദ്രശേഖരനും ഇടയിലെന്തു ദൂരമുണ്ടാവും?

*************************************************************************************

ഇടതുപക്ഷ ഗവണ്‍മെന്റ് വരുമ്പോഴെല്ലാം റവന്യു വകുപ്പ് സിപിഐ മന്ത്രിമാരുടെ കീഴിലായിരിക്കും. അതിനാല്‍ മൂന്നാറിലെ ഭൂപ്രശ്നത്തിനു പരിഹാരം കാണാനാവാത്തത് സി പി ഐയുടെകൂടി പരാജയമാണ്‌. ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി കയ്യേറിയിട്ടുള്ളത് വന്‍കിട തോട്ടം ഉടമകളാണ്. അവരില്‍നിന്നും കയ്യേറ്റഭൂമി തിരിച്ചുപിടിക്കാന്‍ അനുകൂലമായ കോടതി വിധിയുണ്ടായിട്ടുപോലും ഇക്കാലമത്രയും ഗവണ്‍മെന്റുകള്‍ക്ക് സാധിച്ചിട്ടില്ല. ഇപ്പോള്‍ ചെറുകിട കയ്യേറ്റങ്ങളൊഴിപ്പിക്കാനുള്ള ശ്രമംനടക്കുന്നതായി കാണുന്നു. അത് അഭിനന്ദനീയമാണ്. എന്നാല്‍ വന്‍കിടക്കാരെ നേരിടാതെയുള്ള കയ്യേറ്റമൊഴിപ്പിക്കലുകള്‍ പൊതു സമൂഹത്തില്‍ ആശങ്കകള്‍ അവശേഷിപ്പിക്കും. കയ്യേറ്റങ്ങളിലൂടെ ഉയര്‍ന്നുവന്ന പുതിയ ധനിക വിഭാഗം വന്‍കിടക്കാര്‍ക്കു ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് അവകാശവാദം ഉന്നയിക്കുക സ്വാഭാവികം. ആ ശബ്ദം ദൗര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ ജനപ്രതിനിധികളില്‍നിന്നും കേള്‍ക്കുന്നുണ്ട്.

പാര്‍ക്കാനിടമില്ലാതെ കൂര കെട്ടുന്നവരെ കയ്യേറ്റക്കാരായി കണ്ടുകൂടാ. അവര്‍ക്ക് അവകാശപ്പെട്ട ഭൂമി നല്‍കി അവരെ സംരക്ഷിക്കേണ്ടത് സര്‍ക്കാറാണ്. അവരെ കുടിയൊഴിപ്പിക്കുകയല്ല, അവകാശപ്പെട്ടിടത്തേക്ക് കുടി പാര്‍പ്പിക്കയാണ് വേണ്ടതെന്നര്‍ത്ഥം. ഭൂരരഹിതരും ഭവനരഹിതരുമായ മുഴുവന്‍പേര്‍ക്കും അവകാശപ്പെട്ട ഭൂമിയാണ് വന്‍കിടക്കാരും ചെറുകിടക്കാരും വളച്ചു കെട്ടിയിരിക്കുന്നത്. ആദിവാസികളെയും തോട്ടംതൊഴിലാളികളെയും നരകയാതനകളിലേക്ക് തള്ളുന്നവര്‍ അവരുടെ ഭൂഅവകാശം കൊള്ളയടടിച്ചിരിക്കുന്നു.

കയ്യേറ്റം ഒരവകാശമാണെന്ന മട്ടില്‍ പുലമ്പാന്‍ നേതാക്കള്‍ക്ക് മടിയില്ലാതായിരിക്കുന്നു. ഒഴിപ്പിക്കാനോ അക്കാര്യം വിളിച്ചുപറയാനോ വരുന്നവരെ നേരിട്ടുകളയുമെന്നാണ് ഭീഷണി. ഗവണ്‍മെന്റിന് അനുഭാവം കയ്യേറ്റക്കാരോടാണെന്നു വിളിച്ചറിയിക്കാന്‍ മന്ത്രി മണിക്ക് ഒട്ടും ലജ്ജ തോന്നുന്നില്ല. അതിനിടയിലും ഉറച്ച മനസ്സോടെ ഒഴിപ്പിക്കലുകള്‍ ആരംഭിക്കാന്‍ റവന്യു മന്ത്രിയും ഉദ്യോഗസ്ഥരും കാണിക്കുന്ന പുതിയ തയ്യാറെടുപ്പുകളെ പ്രശംസിക്കാതെ വയ്യ.പക്ഷെ വലിയ കയ്യേറ്റങ്ങളെ ഒഴിപ്പിച്ചു തുടങ്ങുമ്പോഴേ ദൗത്യത്തിന്റെ ആത്മാര്‍ത്ഥത ആര്‍ക്കും ബോധ്യമാകൂ. അനുകൂലമായ പുതിയ ഭൂനിയമങ്ങള്‍കൂടി അജണ്ടയില്‍ വേണം.

വ്യാജപട്ടയങ്ങളനുവദിച്ചും കയ്യേറ്റങ്ങള്‍ക്കുനേരെ കണ്ണടച്ചും മുന്‍കാലങ്ങളില്‍ ചെയ്ത അപരാധങ്ങള്‍ ഏറ്റുപറയാന്‍ തെറ്റു തിരുത്തുന്നു എന്നു പറയുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കു സാധിക്കണം. മന്ത്രി മണിക്കും മന്ത്രി ചന്ദ്രശേഖരനും ഇടയില്‍ എന്തെങ്കിലും ദൂരമുണ്ടെങ്കില്‍ അതു വ്യക്തമാകേണ്ടത് അങ്ങനെയാണ്.

ആസാദ്
13 ഏപ്രില്‍ 2017

 

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )