5 ഏപ്രില്‍ 2017
ജിഷ്ണുവിന്റെ കൊലയാളികള്‍ക്ക് അധികാരത്തിന്റെ അകത്തളങ്ങളില്‍ ഇരിപ്പിടമുണ്ട്. ജിഷ്ണുവിന്റെ അമ്മയ്ക്ക് പുറത്തുപോലും ഇരുന്നുകൂടാ. സംസ്ഥാനത്തൊരു ഗവണ്മെന്റുണ്ട്. അതാരുടേതാണെന്ന് ഇതില്‍ക്കൂടുതല്‍ വ്യക്തമാകുന്നതെങ്ങനെ? ഒന്നാം കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ അറുപതാം വാര്‍ഷികം അങ്ങനെ ഗംഭീരമായി.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവയുടെ നേതാക്കള്‍ക്കും പൊലീസ് സ്റ്റേഷനില്‍ എന്തുമാവാം. കൊലചെയ്യപ്പെട്ട ഒരു വിദ്യാര്‍ത്ഥിയുടെ അമ്മയ്ക്ക് അവിടെയിരുന്ന് നീതിക്കുവേണ്ടി നിലവിളിക്കാനാവില്ല. നീതിക്കുവേണ്ടി കാത്തിരിക്കുന്ന അമ്മമാരും ഭാര്യമാരും കുഞ്ഞുങ്ങളും ഏറെയുണ്ട് നമ്മുടെ നാട്ടില്‍. അക്കൂട്ടത്തില്‍ രമയുടെ അമര്‍ഷവും പ്രതിഷേധവും നാം ഉയര്‍ന്നുകേട്ടു. ഇപ്പോഴിതാ മഹിജയുടെയും. നിയമപരമായ നടപടിവേണം, നീതികിട്ടണം എന്നൊക്കെ പറയാന്‍ ഇവിടെ വലിയ ത്യാഗമനുഭവിക്കണം.
നീതി കിട്ടാതെപോയ എത്രയോ പേരുടെ പിടച്ചിലുകള്‍ക്കിടയില്‍ ഇച്ഛാശക്തിയും കാര്‍ക്കശ്യവുമുള്ള ചില ശബ്ദങ്ങള്‍ വേറിട്ടു നില്ക്കും. അത് അധികാരികളെ ചൊടിപ്പിക്കും. മനുഷ്യാവകാശമോ ജനാധിപത്യ മൂല്യമോ തിരിച്ചറിയാതെ അവര്‍ അട്ടഹസിക്കും. അത്തരം അധികാരികളെ നേരിടാതെ ജീവിതം അസാദ്ധ്യമാകും.
ഇടതുപക്ഷ ജനാധിപത്യമുന്നണി വാഗ്ദാനം ചെയ്ത ഭരണം ഇതായിരുന്നുവോ? ഏതായാലും അനുഭവം നമ്മെ എല്ലാം പഠിപ്പിക്കുന്നു.
6 ഏപ്രില്‍ 2017
നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും ഹര്‍ത്താല്‍ നടത്തിയത് ഒരമ്മയുടെ പോരാട്ടത്തെ പിന്തുണയ്ക്കാനാണെങ്കില് നല്ലതുതന്നെ. അതുപക്ഷെ അവരെ കുറ്റവിമുക്തരാക്കുകയില്ല. രജനി എസ് ആനന്ദ് മുതല്‍ ജിഷ്ണു പ്രണോയ് വരെ എത്രയോ കുട്ടികളെ കൊന്ന വിദ്യാഭ്യാസ നയത്തെ താലോലിച്ചുവളര്ത്തിയത് ചെറിയ കുറ്റമല്ല. അതു ചെയ്തവരുടെ അനുഭാവനാടകത്തിന് , കുറ്റബോധത്തോടെയും തിരുത്താനുള്ള സന്നദ്ധതയോടെയുമല്ലെങ്കില് എന്തര്‍ത്ഥമാണുള്ളത്?
രണ്ടരപ്പതിറ്റാണ്ടു കാലമായി അധികാരബദ്ധ രാഷ്ട്രീയ കക്ഷികളെല്ലാം ഈ കുറ്റം മഹത്തരമായ കര്‍മ്മംപോലെ അനുഷ്ഠിച്ചുപോരികയായിരുന്നു. സ്വാശ്രയ വിദ്യാഭ്യാസ കടന്നുകയറ്റങ്ങള്‍ക്കെതിരെ ആദ്യമൊക്കെ ചെറുത്തുനിന്ന ഇടതു കക്ഷികളും പിന്നീട് വിലപേശലുകള്‍ക്ക് വഴങ്ങി. കച്ചവടത്തിന്റെ ഓരംപറ്റി സുഖം നുണഞ്ഞു. ആ സുഖാസക്തിയില്‍ കൂത്തുപറമ്പിലെ സമരവും രക്തസാക്ഷിത്വവും അടിയറവെച്ചതിന്റെ സ്വാഭാവിക പരിണതിയാണ് ഇന്ന് കുട്ടികളും രക്ഷിതാക്കളും അനുഭവിക്കുന്നത്.
തെറ്റായ നയം തിരുത്താന്‍, സ്വകാര്യ മാനേജ്മെന്റുകള്‍ക്ക് മൂക്കുകയറിടാന്‍ തയ്യാറുണ്ടോ ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍? അതിനുള്ള മറുപടി പറഞ്ഞിട്ടുവേണം ജിഷ്ണുവിന്റെ പേരുച്ചരിക്കാന്‍. മൂലധന ശക്തികളുടെ ഉള്ളംകയ്യില്‍ കിടന്നുള്ള ആക്രോശങ്ങള്‍ കോമാളിത്തമാണ്.
പൊലീസ് നയത്തെക്കാള്‍ മാരകമാണ് വിദ്യാഭ്യാസ നയം. രണ്ടും പരസ്പരം മത്സരിക്കുകയാണ്. രണ്ടും ആര്‍ത്തിയോടെ മോന്തുന്നത് സാധാരണ പൗരരുടെ രക്തമാണ്. ജനങ്ങളുടെ അമര്‍ഷവും പ്രക്ഷോഭവും ഉയരേണ്ടത് ആര്‍ക്കെല്ലാം എതിരെയാവണമെന്ന് വ്യക്തമാണല്ലോ.
7 ഏപ്രില്‍ 2017
പൊലീസിന് നിരന്തരം സംഭവിക്കുന്ന ഗൗരവതരമായ പിശകുകള്‍ സര്‍ക്കാറിന്റെ ദൗര്‍ബല്യത്തെയാണ് സൂചിപ്പിക്കുന്നത്. ഇടതു പക്ഷ മുന്നണി ഗവര്‍മെണ്ടാണ് ഭരിക്കുന്നതെങ്കില്‍ അതങ്ങനെയാവില്ല എന്നു കരുതുന്നവരുണ്ട്. ആവര്‍ത്തിക്കുന്ന തെറ്റുകളും ജനങ്ങള്‍ക്കുനേരെയുള്ള കടന്നാക്രമങ്ങളും പൊലീസിന്റെ അവകാശമാണ് ഗവണ്മെന്റിന് അതിലെന്തു കാര്യം എന്ന മട്ടിലാണ് അവരുടെ വിശദീകരണങ്ങള്‍.
ജിഷ്ണുവിന്റെ അമ്മയുടെ സമരത്തോട് ഐക്യപ്പെടാന്‍ എത്തിയ കെ.എം ഷാജഹാന്, എം. ഷാജര്‍ഖാന്‍, എസ്.മിനി, ശ്രീകുമാര്‍ എന്നിവരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി തടവറയിലടച്ച പൊലീസ് നടപടി അധികാര ദുര്‍വിനിയോഗമാണ്. തികഞ്ഞ ധിക്കാരവുമാണ്. സമരത്തില്‍ അവര്‍ക്കെന്ത് കാര്യം, അവരെ ആരു ക്ഷണിച്ചു എന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. ജനകീയ പ്രശ്നങ്ങളില്‍ ഇടപെടാന്‍ ക്ഷണക്കത്തു കിട്ടണമെന്ന ബോധത്തിലേയ്ക്ക് അധികാര ബദ്ധ രാഷ്ട്രീയ പാര്‍ട്ടികള്‍ എത്തിയിട്ടുണ്ടാവാം. എന്നാല്‍, ജനാധിപത്യബോധവും സോഷ്യലിസ്റ്റ് സ്വപ്നവും മാനുഷിക മൂല്യങ്ങളും പുലര്‍ത്തുന്ന ഏതൊരാളും മനസ്സുകൊണ്ടെങ്കിലും അതിജീവന സമരങ്ങളില്‍ പങ്കാളികളാകും.
സമരങ്ങളെ പരാജയപ്പെടുത്താന്‍ വലതുപക്ഷ ഗവണ്മെന്റുകള് അവലംബിക്കുന്ന രീതിതന്നെയാണ് പിണറായി സക്കാറും പിന്തുടര്ന്നിരിക്കുന്നത്. ഛത്തീസ്ഗഢിലെ രമണ്‍സിങ് ഗവണ്മെന്റിനോടാണ് പിണറായി മത്സരിക്കുന്നത്. അതല്ലെങ്കില്‍ മോഡിയോട്. ഇതെത്രമാത്രം ആശാസ്യമാണെന്നു ചിന്തിക്കാനുള്ള വിവേകം(വിപ്ലവബോധമല്ല) ഇടതുപക്ഷ മുന്നണിയ്ക്കു നഷ്ടപ്പെട്ടുവോ’
കള്ളക്കേസില്‍ ജയിലിലടച്ചവരെ നിരുപാധികം വിട്ടയക്കണം. നീതിക്കു വേണ്ടിയുള്ള ഒരമ്മയുടെ സമരത്തെ തോല്‍പ്പിക്കാന്‍ ഇത്തരം കുറുക്കുവഴികള്കൊണ്ടാവില്ല. ഇടതുപക്ഷ രാഷ്ട്രീയത്തെ ഇത്രമേല്‍ ലജ്ജാകരമായ പതനത്തിലേയ്ക്ക് തള്ളിവിടാന്‍ എല്‍ ഡി എഫ് നേതൃത്വത്തെ പ്രേരിപ്പിക്കുന്ന ഘടകമെന്താണാവോ!
7 ഏപ്രില്‍ 2017
സിപിഎമ്മിന്റെയും എല്‍.ഡി.എഫിന്റെയും നയം തന്നെയാണ് പൊലീസ് നടപ്പാക്കിയതെന്ന് സി പി എം സെക്രട്ടറിയേറ്റ് വ്യക്തമാക്കിയിരിക്കുന്നു. ജിഷ്ണുവിന്റെ അമ്മയോടും ഒപ്പം സമരത്തിന് എത്തിയവരോടും മോശമായി പെരുമാറിയെന്ന പരാതി സംബന്ധിച്ചുള്ള വിശദീകരണമാണ് പുറത്തുവന്നിരിക്കുന്നത്. ഇനി ഒരു കാര്യത്തിലേ സംശയമുള്ളു. ഈ നയവും പരിചരണവുമാണോ എല്‍ ഡി എഫ് ഗവണ്മെന്റില്നിന്നു പൊതുസമൂഹം പ്രതീക്ഷിച്ചത്?
ജിഷ്ണുവിന്റെ അമ്മ പൊലീസ് ആസ്ഥാനത്ത് സമരത്തിനെത്തുമെന്ന് മുന്‍കൂട്ടി പ്രസ്താവിച്ചതാണ്. അവരെ കാണാനും പറഞ്ഞു ബോധ്യപ്പെടുത്താനും ധാരാളം സമയമുണ്ടായിരുന്നു. അതൊന്നും ചെയ്യാതെ ധിക്കാരപരമായി നേരിടാനാണ് പൊലീസും സര്‍ക്കാറും ശ്രമിച്ചത്. അതത്രയും ന്യായീകരിക്കാനാണ് സിപിഎമ്മിന്റെ ഉത്സാഹം. ജനങ്ങളില്‍നിന്ന് എത്രമേല്‍ അകന്നുവെന്ന് അവരറിയുന്നുണ്ടാവില്ല.
പൊലീസ് ആസ്ഥാനത്ത് നടന്ന സംഘര്‍ഷം ആസൂത്രിതമായിരുന്നെന്നും അതിനു പിറകില്‍ ബിജെപിയും കോണ്‍ഗ്രസ്സുമാണ് ചുക്കാന്‍ പിടിച്ചതെന്നും സിപിഎം പറയുന്നു. മര്‍മ്മപ്രധാനമായ ഒരു കേന്ദ്രത്തില്‍ സംഘര്‍ഷമുണ്ടാക്കിയിട്ടും ആ പാര്‍ട്ടികളിലെ ഒരാള്‍ക്കെതിരെപ്പോലും കേസെടുത്തിട്ടില്ല. ആരെയും അറസ്റ്റ് ചെയ്തിട്ടുമില്ല. അതുസംബന്ധിച്ചു സി പി എം നേതൃത്വം ഒരഭിപ്രായവും പ്രകടിപ്പിച്ചുകാണുന്നുമില്ല. പിടികൂടിയതും ജാമ്യമില്ലാത്ത വകുപ്പുകള്‍ ചാര്‍ത്തിയതും മറ്റുചിലരെയാണല്ലോ.
അപ്പോള്‍ പൊരുത്തക്കേട് പ്രകടമാണ്. സിപിഎം ഇപ്പോള്‍ വലിയ പ്രതിസന്ധിയിലാണെന്നു തോന്നുന്നു. പിണറായിയെ തുണയ്ക്കണോ മഹിജയെ രക്ഷിക്കണോ എന്ന ചോദ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍ സംഭവിക്കാവുന്നതേ ഇപ്പോഴുണ്ടായിട്ടുള്ളു. ഇത് വരാനിരിക്കുന്ന അപായത്തെ വിളിച്ചറിയിക്കുന്നുണ്ടെന്നു പറയാതെ വയ്യ.
10 ഏപ്രില്‍ 2017
ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി അറസ്റ്റു ചെയ്യപ്പെട്ട എത്രയോപേര്‍ നമ്മുടെ ജയിലുകളിലുണ്ടെന്നും അവരിലൊരാള്‍ മാത്രമാണ് കെ എം ഷാജഹാനെന്നും മന്ത്രി ജി സുധാകരന്. വാസ്തവമാണത്. ഇങ്ങനെയൊരു യാഥാര്‍ത്ഥ്യം വെട്ടിത്തുറന്നു പറയാന്‍ സുധാകരനല്ലാതെ മറ്റാര്ക്കാവും?
രാജ്യത്തെ പൗരന്മാരെ ജാമ്യമില്ലാ വകുപ്പുകള്‍ ചാര്‍ത്തി ജയിലിലടയ്ക്കുന്നതിനെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ആ പ്രതിഷേധങ്ങള്‍ക്കൊപ്പമാണ് സി പി എം എന്നാണ് നമ്മളെല്ലാം മനസ്സിലാക്കിയിരുന്നത്. എന്നാല്‍ തങ്ങളുടെ നയം അത്തരം അറസ്റ്റുകള്‍ക്ക് അനുകൂലമാണെന്നാണ് ഇപ്പോള്‍ മന്ത്രി സുധാകരന് വ്യക്തമാക്കിയിരിക്കുന്നത്. ഷാജഹാന്റെ അറസ്റ്റ് ഒരു പൊതുവിഷയമേയല്ലെന്നും എണ്‍പതിനായിരത്തോളം മുസ്ലിം യുവാക്കള്‍ ഇന്ത്യന്‍ ജയിലുകളിലുണ്ടെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. തങ്ങളുടെ ഗവണ്മെന്റിന് വേറിട്ടൊരു നയമില്ലെന്ന് ഇതിലും വ്യക്തമായി എങ്ങനെ പറയാനാവും?
മാത്രമല്ല, ഷാജഹാനെതിരെ ചുമത്തുന്ന കേസിനെ തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെടുത്താനുള്ള കുത്സിത ശ്രമംകൂടിയാണിത്. വിദേശ ശക്തികളുടെ ചട്ടുകമാവല്‍ എന്നൊക്കെയുള്ള സൂചനകള്‍കൂടി ഉദാസീനമായി മൊഴിയുമ്പോള്‍ വരാനിരിക്കുന്ന അപകടം തെളിയുന്നുണ്ട്. സുധാകരന് ഒന്നും ഒളിച്ചുവെയ്ക്കാനാവില്ല എന്നത് നല്ലതുതന്നെ. അതുപക്ഷെ അദ്ദേഹത്തിന്റെ ഗവണ്മെന്റിന്റെ ഉള്ളിലിരുപ്പാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. കരിനിയമങ്ങളെല്ലാം എങ്ങനെയും ഉപയോഗിക്കാമെന്ന ജനവിരുദ്ധ നിലപാട് ഏതു വലതുപക്ഷ ഗവണ്മെന്റിനെയുംപോലെ പിണറായി സര്‍ക്കാറും എടുത്തണിഞ്ഞിരിക്കുന്നു.
അധികാരബദ്ധ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കു പുറത്ത് ഒരു സമരവും സാധ്യമാകരുതെന്നും അവര്‍ക്കു പിറകിലല്ലാതെ ഒരാളും അണിനിരക്കരുതെന്നും ഭരണകൂടം ആഗ്രഹിക്കുന്നു. ഒറ്റപ്പെട്ടു ചതഞ്ഞരഞ്ഞുപോകാവുന്ന നിലവിളികളെയും പ്രതിഷേധങ്ങളെയും പിന്തുണയ്ക്കാന്‍ ഒരു മനുഷ്യസ്നേഹിപോലും ഉണ്ടാവരുത് എന്ന സന്ദേശമാണ് ഷാജഹാന്റെയും ഷാജര്‍ഖാന്റെയും മറ്റു മൂന്നുപേരുടെയും അറസ്റ്റ് ധ്വനിപ്പിക്കുന്നത്. രാഷ്ട്രീയ നേതാക്കള്‍ക്ക് എന്തക്രമവും ചെയ്യാം പൊലീസ് സ്റ്റേഷനുകളില്‍, പക്ഷെ സാധാരണ പൗരരാരും അതുവഴി നടന്നുകൂടാ എന്നു വരുന്നത് ജനാധിപത്യ ക്രമത്തിന് ഭൂഷണമല്ല.
കുറ്റമില്ലെങ്കിലും ഗൂഢാലോചനയാവാമെന്നു കണ്ടെത്തുന്നത് പകപോക്കലുകളുടെ ഭാഗമായാണ്. തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്നവരെ ഉന്മൂലനം ചെയ്യുകയെന്ന ഹിംസാത്മക നിലപാടാണത്. ഷാജഹാന്റെയും സഖാക്കളുടെയും രക്തംവേണം പിണറായി സര്‍ക്കാറിന്. അതു അനുവദിച്ചുകൂടാ എന്നാണ് ഷാജഹാന്റെ അമ്മ വിലപിക്കുന്നത്. നീതിബോധവും മനുഷ്യസ്നേഹവും ബാക്കിയുള്ളവര്‍ക്ക് പ്രതിഷേധിക്കാതെ സ്വസ്ഥമായി കഴിയാനാവില്ല.
10 ഏപ്രില്‍ 2017
ഷാജഹാനെ വേര്‍പെടുത്തി ഒറ്റപ്പെടുത്തി പകപോക്കാനാണ് ശ്രമമെന്നു വ്യക്തമാണ്. അതിന് സമരങ്ങളുടെ സ്വഭാവത്തെയും നൈതികതയെയും അവകാശത്തെയും വെട്ടിവീഴ്ത്തുകയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍. സമരരംഗത്തെ തീഷ്ണാനുഭവങ്ങളിലൂടെ കടന്നുപോയവര്‍ സഹായത്തിനെത്തിയവരെ ഒറ്റുകൊടുത്തവരെന്ന ദുഷ്പേരുണ്ടാക്കരുത്. ഒപ്പം തടവില്‍ കഴിയുന്നവരും അവരുടെ സഖാക്കളും ഇത്തരം ഭിന്നിപ്പിക്കലുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം. ഇടതുപക്ഷ രാഷ്ട്രീയവും സമരത്തിന്റെ നൈതികതയും തള്ളിക്കളയുന്ന പാര്‍ട്ടിയും സര്‍ക്കാരും സമരങ്ങളുടെ ഭൂതകാലത്തെപ്പറ്റിയോ സമരരംഗങ്ങളില്‍ ഓടിയെത്തിയ നേതാക്കളെപ്പറ്റിയോ ഇനിമേല്‍ മേനിനടിക്കരുത്.