Article POLITICS

ഇടതുരാഷ്ട്രീയത്തിലെ തുറക്കുന്ന വാതിലുകളും അടയുന്ന വാതിലുകളും

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉന്നയിച്ച വിമര്‍ശനങ്ങളും കോടിയേരിയുടെ മറുപടികളും പരിശോധിക്കുമ്പോള്‍

 

kanam

 

ഇടതുപക്ഷ കാഴ്ച്ചപ്പാടിലോ മാര്‍ക്സിസ്റ്റ് വിശകലനങ്ങളിലോ സൂക്ഷ്മത്തില്‍ ഭിന്നതകളുണ്ടാവാം. എന്നാല്‍ അടിസ്ഥാനപരമായി അത് വര്‍ഗവിശകലനമായിരിക്കും. മുതലാളിത്തത്തിന്റെ ഭാഷയോ ശൈലിയോ ആയിരിക്കില്ല അതിന്റേത്. ആര് ഉന്നയിക്കുന്നു എന്നതിനോ ഏത് മാധ്യമത്തിലൂടെ പുറത്തുവരുന്നു എന്നതിനോ വലിയ വിശുദ്ധിയൊന്നുമില്ല. മുതലാളിത്ത മാധ്യമങ്ങളോട് വില പേശിയാണ് മാര്‍ക്സ്പോലും ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചത്. എന്നാല്‍ അടിസ്ഥാനപരമായി ചരിത്രപരവും വൈരുദ്ധ്യാത്മകവുമായ ഭൗതികവാദം എന്ന വിശകലനോപാധി ഉയര്‍ത്തിപ്പിടിച്ചു എന്നതാണ് ശ്രദ്ധിക്കേണ്ടത്.

കമ്യൂണിസ്റ്റ് പാര്‍ട്ടികളോ മറ്റ് ഇടതുപക്ഷ പാര്‍ട്ടികളോ ആണ് പറയുന്നത് എന്നതുകൊണ്ട് മാര്‍ക്സിസ്റ്റ് വിശകലനമാവും എന്നു കരുതേണ്ടതില്ല. അങ്ങനെ കരുതിയാല്‍ അതൊരു അന്ധവിശ്വാസമാവും. മാര്‍ക്സിന്റെയും എംഗല്‍സിന്റെയും ജീവിതകാലത്തുതന്നെ പാര്‍ട്ടികള്‍ നിലപാടുകളില്‍നിന്നു വ്യതിചലിക്കുന്ന അനുഭവം ഉണ്ടായിട്ടുണ്ട്. ലക്ഷ്യം മറക്കുന്ന ഇത്തരം പാര്‍ട്ടികള്‍കൊണ്ട് എന്തു കാര്യമെന്ന് എംഗല്‍സും പിന്നീട് റോസാ ലുക്സംബര്‍ഗും ക്ഷോഭിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടതും മാര്‍ക്സിസ്റ്റ് നിലപാടുകളുടെ കരുത്തുള്ളതുമായ വിമര്‍ശനങ്ങളിലൂടെയാണ്.കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വളര്‍ന്നതും ശക്തിപ്പെട്ടതും.

പാര്‍ട്ടി, പാര്‍ട്ടി മാത്രമായ പാര്‍ട്ടിയല്ലെന്ന, അതിന് വഴിയും ലക്ഷ്യവുമുണ്ടെന്ന റോസയുടെ വാക്കുകള്‍ മുഴക്കമുള്ളതാണ്. അന്ധരായ അനുയായികളെക്കൊണ്ട് ഒരു തെറ്റും വിശുദ്ധമാക്കപ്പെടില്ല. ഏറ്റുചൊല്ലലുകളും ന്യായീകരണങ്ങളും പിഴവുകളെ അപായകരമാംവിധം വളര്‍ത്തുകയേയുള്ളു. മുതലാളിത്തയുക്തികള്‍കൊണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് അതിജീവിക്കുക ക്ലേശകരമാണ്. സാമാന്യബോധത്തെയും അധീശയുക്തികളെയും പൊളിച്ചുപണിയാനുള്ള ധീരതയാണ് മാര്‍ക്സിസ്റ്റുകള്‍ക്കു വേണ്ടത്.

നവമാധ്യമങ്ങളിലെ അയുക്തികമായ പോര്‍വിളികള്‍ സംവാദങ്ങളല്ല. അത് മാര്‍ക്സിസവുമല്ല. വ്യത്യസ്തമായ രീതിശാസ്ത്രവും സമീപനവുമുള്ള ജ്ഞാനവും പ്രയോഗവുമാണ് മാര്‍ക്സിസം. കുലമഹത്വംകൊണ്ട് അന്ധരാക്കപ്പെട്ട ആരുടെയെങ്കിലും ഭക്തിപ്രകടനം മതങ്ങള്‍ക്കു കൊള്ളാം. അവര്‍ മാര്‍ക്സിസ്റ്റുകളെന്ന് നടിക്കരുത്.

ആസാദ്
15 ഏപ്രില്‍ 2017

2.

കാനം തുറന്ന സംവാദത്തുറസ്സുകള്‍ കോടിയേരി പതുക്കെ അടച്ചിരിക്കുന്നു. യു എ പി എയ്ക്ക് സിപിഎം എതിരാണ്. വ്യാജ ഏറ്റുമുട്ടലുകളോടും രാജിയില്ല. വിവരാവകാശ നിയമം സംബന്ധിച്ചും തര്‍ക്കമുണ്ടാകേണ്ടതില്ല. മുന്നണിയില്‍ സംസാരിക്കാമല്ലോ. ഇതത്രയും സൗഹൃദപൂര്‍ണമാണ്.

ഏതു പ്രമേയത്തിലുമെന്നപോലെ സ്പഷ്ടമാണ് വാക്കുകള്‍. അവ സംവാദത്തിലേയ്ക്കു തുറക്കുമെങ്കില്‍ ചില ചോദ്യപ്പൊടിപ്പുകള്‍ കാണാം. യുഎ പി എയ്ക്ക് എതിരാണെന്ന കോടിയേരിയുടെ വാക്കുകള്‍ വിശ്വസിക്കാം; പിണറായി മന്ത്രിസഭ വന്ന ശേഷം ഒരാളെപ്പോലും യു എ പി എ ചുമത്തി അറസ്റ്റു ചെയ്തിരുന്നില്ലെങ്കില്‍. പക്ഷെ, അനുഭവമതല്ലല്ലോ. ആ അറസ്റ്റുകളെ ഏതു ഗണത്തിലാണ് പെടുത്തുക?

നിലമ്പൂരിലേത് വ്യാജ ഏറ്റുമുട്ടലല്ലെന്ന് പൊലീസിനെക്കാള്‍ വാശിയോടെ സ്ഥാപിക്കേണ്ടി വരികയാണ് കോടിയേരിക്ക്. കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്ന പൊലീസ് ഭാഷ്യമാണ് സാങ്കേതിക ന്യായത്തിന് അടിസ്ഥാനം. രാജ്യത്ത് മുന്‍കാലങ്ങളില്‍ നടന്ന വ്യാജഏറ്റുമുട്ടല്‍ സംഭവങ്ങളില്‍നിന്ന് ഒട്ടും വ്യത്യസ്തമല്ല നിലമ്പൂരിലേത്. പിടിക്കപ്പെട്ടശേഷമുള്ള വെടിവെപ്പ് കസ്റ്ഡിയില്‍ എടുത്തശേഷമല്ല എന്നു ന്യായീകരിക്കുന്നതിന്റെ യുക്തി പരസ്യമായി അന്വേഷിക്കാനുള്ള വഴി കോടിയേരി കാനത്തിനുമുന്നില്‍ അടച്ചുകഴിഞ്ഞു. പക്ഷെ ആ ചോദ്യം ബാക്കിതന്നെയാണ്.

വിവരാവകാശ നിയമം സംബന്ധിച്ചു നേരത്തേയുള്ള നിലപാടില്‍ മാറ്റമില്ലെന്നാണ് കോടിയേരി പറഞ്ഞത്. പക്ഷെ, പിണറായി മന്ത്രിസഭയ്ക്ക് ചില കാര്യങ്ങളൊക്കെ ഒളിച്ചുവച്ചേ പറ്റൂ എന്നു പലവട്ടം വ്യക്തമാക്കിയിട്ടുണ്ടല്ലോ. അതു സംബന്ധിച്ചുള്ള സിപിഐയുടെ സംശയങ്ങള്‍ മുന്നണിയോഗത്തില്‍ പരിഹരിക്കുമത്രെ. അതു നല്ലതുതന്നെ.പക്ഷെ, പൊതു സമൂഹത്തിന്റെ സംശയമോ?

ഡിജിപി ഓഫീസിനു മുന്നില്‍ സമരങ്ങള്‍ പാടില്ലെന്ന് ആന്റണിയാണ് വിലക്കിയതത്രെ. അതു പിന്നെ തിരുത്താനാവില്ലല്ലോ. അതിന്റെ ശക്തി പരീക്ഷിക്കാനല്ലേ കാഴ്ച്ച കണ്ടുനിന്നവരെ ജാമ്യമില്ലാ വകുപ്പുകള്‍ ചാര്‍ത്തി അറസ്റ്റു ചെയ്തത്. സമരം ചെയ്തവര്‍ക്കില്ലാത്ത ശിക്ഷ അനുഭാവം പുലര്‍ത്തുന്നവര്‍ക്ക് നല്‍കുന്നത് ഒരു സമീപനദോഷമാണ്. അതിലെന്തിനു ചര്‍ച്ചയെന്നു സിപിഎമ്മിനു മനസ്സിലാകുന്നില്ല.

സമരംകൊണ്ട് എന്തുനേടി എന്നത് മുതലാളിത്തത്തിന്റെ ചോദ്യംതന്നെയാണ്. ചോദിക്കുന്നത് സിപിഎം നേതാവും ചൂണ്ടിക്കാട്ടിയത് സിപിഐയും ആയതുകൊണ്ട് അതങ്ങനെ അല്ലാതാവുകയില്ല.ആ ഭാഷയും സമീപനവും തിരുത്തപ്പെടേണ്ടതാണ്. അതു സമ്മതിക്കാനുള്ള വിവേകം പക്ഷെ പ്രതീക്ഷിച്ചുകൂടാ.

പ്രശ്നം പൊട്ടിത്തെറിയിലേയ്ക്ക് എത്തിക്കാതെ ഒത്തുതീര്‍ത്തുവെന്ന് മാധ്യമങ്ങളെല്ലാം കോടിയേരിയെ സ്തുതിക്കുന്നു. കാനം പുറത്തെടുത്തിട്ടത് രണ്ടുപേര്‍ക്കിടയിലെയോ രണ്ടു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയിലെയോ എന്തോ പ്രശ്നമാണെന്നാണ് മാധ്യമങ്ങള്‍ ധരിച്ചിരിക്കുന്നത്. ചോദ്യങ്ങള്‍ ഉന്നയിച്ച് അത് വഷളാക്കുന്നത് മര്യാദകേടാവുമെന്ന് അവര്‍ കരുതിയിരിക്കണം. ജനാധിപത്യ കാലത്തെ ജനങ്ങള്‍ പക്ഷെ, അത്രയും വിനയം ശീലിക്കേണ്ടതില്ല. പൊതുവിഷയങ്ങള്‍ അടഞ്ഞ മുറികള്‍ക്കകത്തെ വിലപേശലുകള്‍ക്കു മാത്രമായി വിട്ടു നല്‍കേണ്ടതില്ല.

ഇടതുപക്ഷത്തെ ജനം തെരഞ്ഞെടുത്തത് ഇടതുപക്ഷ നയം നടപ്പാക്കുമെന്നു പ്രതീക്ഷിച്ചാണ്. നയമൊന്നും പ്രവൃത്തിയൊന്നും എന്നത് തീരെ ഗുണകരമല്ല. കാനം കണ്ടതും പറഞ്ഞതും പൊതുസമൂഹത്തിന്റെകൂടി ഉത്ക്കണ്ഠകളായിരുന്നു.

ആസാദ്
15 ഏപ്രില്‍ 2017

3.

കാനത്തിന്റെ വിമര്‍ശനംഃ തുറന്ന സംവാദം വേണം
*********************************************************************************

എല്‍ ഡി എഫ് നേതൃത്വത്തിലുള്ള കേരളത്തിലെ മന്ത്രിസഭ ഇടതുപക്ഷ രാഷ്ട്രീയ വീക്ഷണത്തില്‍നിന്ന് വ്യതിചലിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ കാനം രാജേന്ദ്രന് അഭിവാദ്യം. യു എ പി എയോട്, വ്യാജ ഏറ്റുമുട്ടലുകളോട്, വിവരാവകാശ നിയമത്തോട്, ജിഷ്ണുവിന്റെ അമ്മയുടെ സമരത്തോട് എല്ലാമെടുത്ത സമീപനത്തിലെ പിഴവുകളാണ് കാനം എടുത്തുകാട്ടിയത്. അക്കാര്യങ്ങളിലെല്ലാം ഇടതുപക്ഷ നിലപാടെന്ത് എന്നതു സംബന്ധിച്ച് പരസ്യ സംവാദത്തിനുള്ള ധീരമായ ശ്രമമാണ് കാനത്തിന്റെത്.

ഇടതുപക്ഷ ഭരണത്തിന്റെ വലതുപക്ഷ ഉപദേഷ്ടാക്കളെ സാധൂകരിക്കാനും സംരക്ഷിക്കാനും ഏതറ്റംവരെയും പോകാന്‍ സി പിഎം തയ്യാറാവുന്നു. അതിനുള്ള ശ്രമത്തിനിടയില്‍ ഇടതുപക്ഷ രാഷ്ട്രീയത്തിനു ക്ഷീണമോ മുന്നണിയില്‍ വിള്ളലോ ഉണ്ടാവുന്നത് അവര്‍ക്ക് വിഷയമല്ല.മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ദുഷ്പ്രവണതയാണത്. വിയോജിക്കുകയോ വസ്തുതകള്‍ ചൂണ്ടിക്കാട്ടുകയോ ചെയ്യുന്നവരെ ആക്ഷേപിക്കാനുള്ള പഴുതുകളന്വേഷിക്കാനാണ് ഉത്സാഹം. ഉയര്‍ന്ന വിയോജിപ്പുകളോടോ വിമര്‍ശനങ്ങളോടോ സത്യസന്ധമായി പ്രതികരിക്കാനുള്ള ശേഷിയില്ലാതായിരിക്കുന്നു.

കാനം വിളിച്ചുപറഞ്ഞ വിമര്‍ശനം അടഞ്ഞ വാതിലുകള്‍ക്കകത്തു മാത്രം നടത്തേണ്ടതല്ല. പൊതുസമൂഹത്തിനും ആശങ്കകളുണ്ട്. അതിനാല്‍ തുറന്ന സംവാദത്തിന് സിപിഎം സന്നദ്ധമാവണം. ഇടതുപക്ഷ നിലപാടുകള്‍ കുറെകൂടി തെളിച്ചമുള്ളതാവട്ടെ.

ആസാദ്
14 ഏപ്രില്‍ 2017

 

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )