നന്മ/തിന്മ, സത്യം/അസത്യം, ധര്‍മ്മം/അധര്‍മ്മം എന്നിങ്ങനെയുള്ള വിപരീതങ്ങളെല്ലാം അപ്രത്യക്ഷമാവുകയാണ്. ഏതു ദുര്‍വൃത്തിയും ന്യായീകരിച്ചു സത്യമാക്കാവുന്നതേയുള്ളു എന്നുവന്നിരിക്കുന്നു. അക്രമികളും കൊലയാളികളും കയ്യേറ്റക്കാരും ആദരിക്കപ്പെടും. അധികാരം അവരിലാണ്. നിയമം അവര്‍ നിശ്ചയിക്കും. നീതി അവരുടെ ദാനം!
ഇന്ന് ഏപ്രില്‍ അഞ്ച്. ബാലറ്റിലൂടെയുള്ള ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തില്‍ പിറന്നതിന്റെ അറുപതാം വാര്‍ഷികം. ഒ വി വിജയന്റെ ഭാഷയില്‍ ഒരു സിന്ദൂരപ്പൊട്ടിന്റെ വിദൂരമായ ഓര്‍മ്മ. സോഷ്യലിസ്റ്റ് ലോകമെന്ന വാഗ്ദത്ത ഭൂമിയിലേക്കുള്ള ആദ്യചുവടുവെപ്പുകളുടെ കാലൊച്ച.
എല്ലാം വഴുതിയും കാലിടറിയും പിറകോട്ടു പ തിച്ചത് എത്ര പെട്ടെന്നാണ്. പാതാളത്തിലാണ്ടിരിക്കുന്നു യുഗസംക്രമണ സ്വപ്നങ്ങള്‍. സൂക്ഷ്മങ്ങളിലേക്കു പടര്‍ന്ന ചൂഷണത്തിന്റെ ശമിക്കാത്ത ക്രൗര്യം. വര്‍ഗസമരം കെട്ടുകഥയായെന്ന് മുതലാളിത്തത്തിന് വിടുപണിചെയ്യുന്നുണ്ട് ഉജ്വല വിപ്ലവകാരികളുടെ പിന്തലമുറ. ഭൂപരിഷ്ക്രണ ശ്രമങ്ങളോടെ ആരംഭിച്ച സാമൂഹിക രാഷ്ട്രീയ ജീവിതങ്ങളുടെ ആരോഗ്യകരമായ പൊളിച്ചടുക്കലുകള്‍ വളരെവേഗം ഉപേക്ഷിക്കപ്പെട്ടു. വിദ്യാഭ്യാസ ബില്ലില്‍ ഉള്ളടങ്ങിയ സാമൂഹിക സാംസ്ക്കാരിക വിപ്ലവവും അട്ടിമറിക്കപ്പെട്ടു. പ്രതിലോമ ധാരകളുടെ അഴിഞ്ഞാട്ടവും ആഘോഷവുമാണ് നടക്കുന്നത്. ആര്‍ക്കാണതില്‍ പങ്കില്ലാത്തത്?
അന്യോന്യ അംഗീകാരത്തിന്റെയും ആദരവിന്റെയും ജനാധിപത്യ വഴക്കങ്ങളാണ് ആദ്യം നഷ്ടമായത്. ഞാന്‍മാത്രമോ ഞങ്ങള്മാത്രമോ ശരിയെന്നുവന്നു. ശരിയളക്കുന്ന മാനവിക മാനദണ്ഡങ്ങളെല്ലാം അന്യംനിന്നു. വിപ്ലവകാരികള്‍ സ്വയം സമര്‍പ്പിച്ചു നേടിയതെല്ലാം വിറ്റുതുലച്ചു. അവര്‍ പിടിച്ച കൊടികളില്‍ മുഖംമറച്ച് മാന്യത നടിച്ചു.
മുതലാളിത്തവികസനാഭാസവും അതിന്റെ ആഘാതങ്ങളും എന്നു നമ്മുടെ ലോകാനുഭവങ്ങളെ സാമാന്യമായി വിവരിക്കാം. വികസനാഭാസത്തിന്റെ നടത്തിപ്പുകാരും ആഘാതത്തിന്റെ ഇരകളും എന്നു നാം വിഭജിതരുമാണ്. ആ യാഥാര്‍ത്ഥ്യം മറന്ന് ഒട്ടും മുന്നോട്ടുപോകാനാവില്ല. ഇതില്‍ എവിടെനില്ക്കുന്നുവെന്നതാണ് ഓരോരുത്തരുടെയും ജീവിതവും ദര്‍ശനവും.
ഇരകളില്ലാത്ത വികസനം സാധ്യമാണ്. അതിനു ജനപക്ഷത്തുനിന്നു നോക്കാനും നടത്താനുമാവണം. ആ വഴിയും ശീലവുമാണ് നാം കൈയൊഴിഞ്ഞത്. അതോടൊപ്പം മാനവികമായ മൂല്യങ്ങളും നഷ്ടമായി. ഭരണമെന്നത് ഭരണവും സമരവുമാണെന്ന അമ്പത്തിയേഴിന്റെ തിരിച്ചറിവ് കൈവിട്ടതോടെ ഭരണം ഭരണം മാത്രമായി. സമരം വേറിട്ടൊരു പ്രയോഗവും ഒറ്റപ്പെട്ട രാഷ്ട്രീയവുമായി. അധികാരത്തിന് സമരരൂപമാവാനേ കഴിയില്ലെന്നു ബോധ്യപ്പെടുത്തുന്നതിലായി ഇടതുപക്ഷത്തിനും ഉത്സാഹം..
അമ്പത്തിയേഴിന്റെ പരീക്ഷണം എന്നേ അവസാനിച്ചിരിക്കുന്നു. രൂക്ഷമായ വര്‍ഗസമരത്തെ തിരിച്ചറിയാനും പുതിയ സമരനിര രൂപപ്പെടുത്താനും പഴയ സിന്ദൂരപ്പൊട്ടിന്റെ ഓര്‍മ്മ തുണയ്ക്കുമെങ്കില്‍ നന്നായി. അതതിന്റെ ചരിത്ര ധര്‍മ്മം.
ആസാദ്
5 ഏപ്രില്‍ 2017