ഹാക്കിങ് ഡമോക്രസി പ്രശസ്തമായ ഒരു ഡോക്യുമെന്ററി സിനിമയാണ്. ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസത്തിന്റെ മികച്ച ഉദാഹരണം. 2006ല്‍ എമ്മി അവാര്‍ഡിനു പരിഗണിച്ച 82മിനുട്ട് ദൈര്‍ഘ്യമുള്ള ഈ ചിത്രം 2000 – 2004കാലത്തെ അമേരിക്കന്‍ തെരഞ്ഞെടുപ്പുകളില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം എങ്ങനെ ദുരുപയോഗം ചെയ്യപ്പെട്ടുവെന്ന അന്വേഷണമാണ്. ബാലറ്റ് കടലാസുകളില്‍നിന്ന് ഇലക്ട്രോണിക് ടച്ച് സ്ക്രീനിലേക്കുള്ള മാറ്റം പിന്നാമ്പുറലീലകള്ക്ക് ഏറെ അവസരങ്ങളുണ്ടാക്കിയെന്ന് സിനിമ തുറന്നു കാണിക്കുന്നു.
സിമോണ്‍ ആര്ഡിസോണും റസ്സല്‍ മിഷേലും ചേര്‍ന്നു സംവിധാനംചെയ്ത സിനിമ അമേരിക്കല്‍ വോട്ടെണ്ണലിന്റെ രഹസ്യം തുറന്നുകാട്ടുന്നു. ഒരു കമ്പ്യൂട്ടര്‍ ഹാക്കറിന്റെ സഹായമുണ്ടെങ്കില്‍ വോട്ടുകള്‍ കവര്‍ന്നെടുക്കുക എളുപ്പമാണെന്നു തെളിയിക്കുന്നു. നിറയെ പഴുതുകളുള്ള ഒരു യന്ത്രക്രമത്തിന്റെ വിശുദ്ധിയിലാണ് ജനാധിപത്യം പുലരുന്നതെന്ന സത്യം,,2004ലെ പ്രസിഡണ്ടു തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന ആരോപണത്തെ തുടര്‍ന്നു നടത്തിയ അന്വേഷണങ്ങളുടെ പിന്‍ബലത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
ബൂത്തുപിടുത്തങ്ങളുടെ കാലത്തുനിന്ന് വോട്ടുകള്‍ കൂട്ടത്തോടെ തട്ടിയെടുക്കാവുന്ന കാലത്തേക്കുള്ള പരിവര്‍ത്തനമാണുണ്ടായത്. നാം ചെയ്യുന്ന വോട്ട്, അതു രേഖപ്പെട്ട കളത്തില്‍നിന്നു ഹാര്‍ഡ് ഡിസ്ക്കിലേക്കോ മെമ്മറി കാര്‍ഡിലേക്കോ ശേഖരിക്കപ്പെടുമ്പോഴേക്കും ഒരു വേലിചാട്ടം നടത്താനുള്ള സാധ്യത നാമറിയുന്നില്ല. യന്ത്രമൊരുക്കുന്ന വന്‍കിട സ്ഥാപനങ്ങള്‍ക്ക് എളുപ്പം സാധിക്കാവുന്ന കാര്യമാണത്. പണം അച്ചടിക്കുന്നതിനെക്കാള്‍ വിശ്വാസ്യതയും ധാര്‍മ്മിക പ്രതിബദ്ധതയും ആവശ്യമുണ്ട് ജനാധിപത്യത്തിന്റെ സൂക്ഷ്മമാപിനി രൂപപ്പെടുത്തുന്നതിന്. അതുപക്ഷെ, നാമത്ര കാര്യമായി പരിഗണിച്ചിട്ടില്ല.
ചില ചിഹ്നങ്ങളില്‍ പതിയുന്ന വോട്ട് ഇരട്ടിയായും ചിലത് ശൂന്യമായും രേഖപ്പെടാം. ഏതു ചിഹ്നത്തില്‍ സ്പര്‍ശിച്ചാലും ഒറ്റചിഹ്നത്തിലേക്ക് അതൊഴുകി വീഴാം. നിശ്ചിത വോട്ടുകള്‍ക്കുശേഷം പതിയുന്ന വോട്ടുകളെല്ലാം തിരസ്ക്കരിക്കപ്പെടുകയോ മറ്റു കളങ്ങളിലേക്കു ഒഴുകിയെത്തുകയോ ആവാം. ഇങ്ങനെ ഏറെ സാധ്യതകള്‍ ഇലക്ട്രോണിക് യന്ത്ര സാധ്യതകളായി നിലനില്ക്കുന്നു. ഹാക്കിങ് ഡമോക്രസി എന്ന ഡോക്യുമെന്ററി അമേരിക്കന്‍ പൊതുമണ്ഡലത്തില്‍ വലിയ ചര്‍ച്ചകള്‍ക്കും പുനരാലോചനകള്‍ക്കും വഴിയൊരുക്കിയിട്ടുണ്ട്. കടലാസുബാലറ്റിലേക്കു തിരിച്ചുപോകണമെന്ന ആവശ്യവും വ്യാപകമായി ഉയരുന്നുണ്ട്. കടലാസിന്റെ വിശ്വാസ്യത ഇ യന്ത്രത്തിന് പാലിക്കാനാവുന്നില്ല എന്നുറപ്പായിരിക്കുന്നു.
ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പിനുശേഷം ബി എസ് പി നേതാവ് മായാവതി ഉയര്‍ത്തിയ ആരോപണം അത്ര ലഘുവല്ലെന്നു തെളിഞ്ഞിരിക്കുന്നു. മദ്ധ്യപ്രദേശില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിനെത്തിയ വോട്ടിംഗ് യന്ത്രങ്ങളില്‍ ഏതു ചിഹ്നത്തില്‍ സ്പര്‍ശിച്ചാലും വോട്ടുകള്‍ താമരയിലെത്തുംവിധമാണ് സംവിധാനം ചെയ്തിരിക്കുന്നതെന്നാണു കണ്ടെത്തിയിട്ടുള്ളത്. ഇതെങ്ങനെ സാധ്യമാകും എന്നു ആരും സംശയിക്കുന്നില്ല. അങ്ങനെയുണ്ടാവില്ലെന്നു അധികൃതര്‍ വെറുംവാക്കുച്ചരിക്കുക മാത്രംചെയ്യുന്നു. മുന്‍കൂട്ടി ക്രമപ്പെടുത്തിയ സോഫ്റ്റുവെയറുകള്കൊണ്ട് എന്തും സാധ്യമാണെന്നു വ്യക്തം. ജനാധിപത്യത്തെ ഹാക്കുചെയ്യാമെന്നു അമേരിക്കയില്‍നിന്നുതന്നെ തെളിവുമെത്തിയല്ലോ.
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പു പരീക്ഷണശാലയായിരുന്നിരിക്കാനുള്ള സാധ്യത ധാരാളമാണ്. സിദ്ധാര്‍ത്ഥ ശങ്കര്‍ റായുടെ കാലത്തു ബംഗാളില്‍ നടത്തിയ കുപ്രസിദ്ധ ബൂത്തു പിടുത്തങ്ങള്‍ പിന്നീട് പലയിടത്തും പലമട്ട് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പരീക്ഷിച്ചു പോന്നു. യന്ത്രത്തിലേക്കാകുമ്പോള് അതത്ര സാധ്യമാവില്ല എന്നാണ് സാധാരണ പൗരന്മാര് വിചാരിച്ചത്. എന്നാല്‍ നിര്‍മ്മാണവേള മുതല്‍ ഉപയോഗത്തിന്റെ ഏതവസരത്തിലും ഹാക്കിങ് സൗകര്യം എന്ന പഴുതുണ്ട് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന് എന്നത് നമ്മെ ഞെട്ടിക്കുന്നു. ജനാധിപത്യം ആര്‍ക്കും ചോര്ത്തിയെടുക്കാവുന്നതോ പിന്‍വാതിലിലൂടെ തിരിമറി നടത്താവുന്നതോ ആണെന്നു വന്നിരിക്കുന്നു.
മധ്യപ്രദേശ് സംഭവം സമഗ്രമായ അന്വേഷണം ആവശ്യപ്പെടുന്നതാണ്. വോട്ടിംഗ് യന്ത്ര നിര്‍മ്മാതാക്കളായ കോര്‍പറേറ്റുകളും അധികാരത്തിലിരിക്കുന്ന രാഷ്ട്രീയവും അവിശുദ്ധ ധാരണകളിലെത്തുന്നു എന്നു ധരിക്കാന്‍ സാധാരണനിലയില്‍ പൗരന്മാര്ക്കു താല്‍പ്പര്യം കാണില്ല. മധ്യപ്രദേശ് അനുഭവം പക്ഷെ, അങ്ങനെ ആലോചിക്കാന്‍ ഇട നല്കിയിരിക്കുന്നു. സമാനമായ ഹാക്കിങ് അനുഭവങ്ങള്‍ നമുക്കുമുന്നിലെത്തുമ്പോള് നമുക്കു സംശയിക്കാതിരിക്കാനാവില്ല. യന്ത്രപ്പിശകിനെപ്പറ്റി അന്വേഷിക്കാനല്ല,അവിടത്തെ ജില്ലാകലക്ടറെയും എസ് പിയെയും മാറ്റാനാണ് ഗവണ്മെന്റ് അത്യുത്സാഹം പ്രകടിപ്പിച്ചിരിക്കുന്നത് എന്നത് സംശയം ഇരട്ടിപ്പിക്കുന്നേയുള്ളു. ജനസമ്മതി നിര്‍മ്മിച്ചെടുക്കാനുള്ള കുത്സിത ശ്രമങ്ങളെ തിരുത്തേണ്ടതുണ്ട്.
സമ്മതിദാനാവകാശം വിനിയോഗിക്കുമ്പോള്‍ പൗരസമൂഹം രാഷ്ട്രത്തോടുള്ള വലിയ പ്രതിബദ്ധതയും അഭിമാനബോധവുമാണ് പ്രകടിപ്പിക്കുന്നത്. അതത്രയും പാഴാക്കിക്കളയുന്ന ക്രിമിനല്‍ ഗൂഢാലോചനകളെ തിരിച്ചറിയണം. പരിമിതമായ ജനാധിപത്യത്തെപ്പോലും അപ്രാപ്യമാക്കുന്ന നടപടികള്‍ക്കു മാപ്പുനല്‍കാനാവില്ല.
ആസാദ്
3 മാര്‍ച്ച് 2017