ഒരേസമയം ബിജെപിയ്ക്കും സിപിഎമ്മിനുമൊപ്പം അധികാരം പങ്കിടാന്മാത്രം ഉദാരനിലപാടുള്ള പാര്‍ട്ടിയാണ് തോമസ്ചാണ്ടിയുടേത്. അദ്ദേഹം മന്ത്രിയാവുന്നതോടെ ആ അവിശുദ്ധപാലം വീണ്ടും ഉറപ്പിക്കാനാവും. സമ്പന്ന രാഷ്ട്രീയത്തിന്റെ ദേശീയതലത്തിലുള്ള പാര്‍ട്ടിരഹിത പങ്കാളിത്തവും ദൃഢമാവും.
ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇത്തരം പിന്‍വാതില്‍ സമ്പര്‍ക്കങ്ങള്‍ക്കു ചൂട്ടുപിടിക്കണമോ എന്ന് അവര്‍ തീരുമാനിക്കട്ടെ. പാര്‍ട്ടി ഏതായാലും പണോത്സാഹം പ്രധാനം എന്ന് ആര്‍ക്കാണറിയാത്തത്? തൊഴിലാളിവര്‍ഗ രാഷ്ട്രീയം, ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയം എന്നൊക്കെ വാക്കുകളൊഴുക്കുമ്പോള് ഇത്തരം നൂല്‍ബന്ധങ്ങള്‍ തെളിഞ്ഞുനില്ക്കും.
ആസാദ്
1 ഏപ്രില്‍ 2017
2.
കേരളനിയമസഭയിലെ ഏറ്റവും വലിയ ധനാഢ്യനാണ് കുട്ടനാട് എം എല്‍ എ തോമസ് ചാണ്ടിയെന്നു കേട്ടിട്ടുണ്ട്. അദ്ദേഹം മന്ത്രിയാകുമെന്നാണ് കേള്‍ക്കുന്നത്. അത് പാര്‍ട്ടിയും മുന്നണിയും തീരുമാനിക്കട്ടെ. പക്ഷെ, കേരളത്തിലെ ജനങ്ങള്‍ക്ക് ഒരു കാര്യം ഓര്‍ക്കാതെ വയ്യ. പതിമൂന്നാം നിയമസഭയില്‍ എം എല്‍ എമാരുടെ ചികിത്സക്കുവേണ്ടി സംസ്ഥാന ഖജനാവില്‍നിന്ന് അഞ്ചുകോടിയിലേറെ ചെലവാക്കിയപ്പോള്‍ തോമസ് ചാണ്ടി മാത്രം ചെലവാക്കിയത് 1.91കോടിരൂപയാണ്. ഏതാണ്ട് രണ്ടു കോടി രൂപതന്നെ. എന്തായിരുന്നു അദ്ദേഹത്തിന്റെ അസുഖം? ധനികനായ ഒരാള്‍ കേരളത്തിലെ നിസ്വരായ ജനലക്ഷങ്ങളുടെ വിയര്‍പ്പു പണത്തിന് കൈനീട്ടിയതെന്തിനാണ്? അത്തരമൊരു നേതാവ് മന്ത്രിയായാല്‍ ജനങ്ങളുടെ ചെലവില്‍ എന്തൊക്കെ ചെയ്യുകയില്ല?!!
എം എല്‍ എമാരാകുമ്പോള് രോഗം മൂര്‍ച്ഛിക്കുകയും പൊതുഖജനാവിന്റെ കാരുണ്യത്തിനു കൈനീട്ടുകയും ചെയ്യുന്നത് പതിവാവുകയാണ്. പതിമൂന്നാം നിയമസഭയില്‍ അറുപതോളം പേരാണ് ഇങ്ങനെ ലക്ഷങ്ങള്‍ ചെലവഴിച്ചിരിക്കുന്നത്. ഇത്തരക്കാര്‍ക്ക് പ്രാഥമിക ചികിത്സയെങ്കിലും നമ്മുടെ ഗവര്‍മെണ്ട് മെഡിക്കല്‍ കോളേജുകളില്‍ സൗജന്യമായി ലഭ്യമാക്കണം. വലിയ പ്രയാസം നേരിടുകയാണെങ്കില്‍ നമ്മുടെയൊക്കെ ചെലവില്‍ വിദേശത്തു കൊണ്ടുപോകുകയോ നാട്ടിലെ ആശുപത്രി കോര്‍പറേറ്റുകള്‍ക്കു ഖജനാവു പകുക്കുകയോ ചെയ്യാം. അത്രയൊക്കെ പോരേ?
തോമസ് ചാണ്ടി മന്ത്രിയാകുമ്പോള്‍ കെ എസ് ആര് ടി സി ജീവനക്കാര്‍ക്കു ശംബളമില്ലാതെ പട്ടിണി കിടക്കേണ്ടി വരില്ലെന്നു ഒരു നേതാവു പറഞ്ഞുകേട്ടു. നല്ല കഥയായി. സ്വന്തം പോക്കറ്റില്‍നിന്നു ചാണ്ടി സഹായം നല്കുമത്രെ. പാവപ്പെട്ട ജനലക്ഷങ്ങളെ കൊള്ളയടിച്ചു മരുന്നു കഴിക്കുന്ന ചാണ്ടിയാണ് ജീവനക്കാരെ രക്ഷിക്കാന്‍ പോകുന്നത്. ആരെല്ലാമോ വിഴുങ്ങിയ ട്രാന്‍സ്പോര്‍ട് കോര്‍പറേഷനെ ഒന്നിച്ചു വിഴുങ്ങാന്‍ ശേഷിയുള്ള മന്ത്രി വരുന്നുവെന്നു വേണമോ കണക്കുകൂട്ടാന്‍?
ആസാദ്
30 മാര്‍ച്ച് 20
3.
നമ്പൂതിരിമാഷ് മരിച്ചു. എണ്‍പതുകളുടെ തുടക്കത്തില്‍ കോഴിക്കോട് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിയായി എത്തുമ്പോഴാണ് മാഷെ ആദ്യം കാണുന്നത്. ഭാഷാഭൂഷണവും വൃത്തമഞ്ജരിയും പരിചയപ്പെടുത്തിയത് മാഷാണ്. സൗമ്യവും പ്രൗഢവുമായ ക്ലാസുകള്‍. ഏറെക്കാലമായി കോഴിക്കോടിനെക്കുറിച്ചുള്ള ഗവേഷണത്തിലാണെന്ന് അന്നേ കേട്ടിരുന്നു. വലിയ ബഹുമാനത്തോടെ, കൗതുകത്തോടെ ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ നോക്കിനിന്നിട്ടുണ്ട്. അപൂര്‍വ്വമായി മീഞ്ചന്തയിലെ ക്വാര്‍ട്ടേഴ്സില്‍ മാഷെ ചെന്നു കണ്ടിട്ടുണ്ട്. അശോക് ശ്രീനിവാസും മുസ്തഫയും സുനിലും വേണുവുമൊക്കെയാണ് മാഷിലേക്കുള്ള വഴി തുറന്നത്. കോളേജിലെ ഗൗരവക്കാരനായല്ല, ഏറെ സംസാരിക്കുന്ന വീട്ടുകാരനായി ഞങ്ങള്‍ മാഷെ അടുത്തു കണ്ടു.
പിന്നെയും കുറെ കഴിഞ്ഞാണ് മാഷുടെ ഗവേഷണ പ്രബന്ധം പുറത്തുവന്നത്. അപ്പോഴേക്കും കോഴിക്കോടു വിട്ട് പട്ടാമ്പിയിലെത്തിയിരുന്നു. അവിടെ നദീപഠനങ്ങളിലേക്കു, പ്രത്യേകിച്ചു നിളാ പഠനത്തിലേക്കു മാഷ് മുഴുകി. സാമൂതിരിചരിത്രത്തിലെ കാണാപുറങ്ങള്‍, കേരളസംസ്ക്കാരം അകവും പുറവും, അര്‍ത്ഥാന്തരങ്ങള്‍ തുടങ്ങിയ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചുവന്നു. . മാഷ് വളരെ സജീവമായി ചരിത്ര സംസ്ക്കാര പഠനങ്ങളിലേക്കു കടക്കുന്നത് ഞങ്ങളെ ആവേശം കൊള്ളിച്ചു.
തൊണ്ണൂറുകളുടെ മധ്യത്തില്‍ എന്റെ പി എച്ച് ഡി പ്രബന്ധം മൂല്യനിര്‍ണയത്തിനെത്തിയത് മാഷുടെ കയ്യിലായിരുന്നു. ചെയര്‍മാനും മാഷായിരുന്നു. പട്ടാമ്പിയില്‍ മുഖാമുഖത്തിനു ചെന്നപ്പോള്‍ മാഷ് വലിയ വാത്സല്യത്തോടെ സ്വീകരിച്ചു. ചുമലില്‍ കൈവെച്ചു കണ്ണിലേക്കുനോക്കി അടുപ്പത്തോടെ നിന്നു. പ്രബന്ധത്തെക്കുറിച്ചും അതിലെ സമീപനത്തെക്കുറിച്ചും താല്‍പ്പര്യത്തോടെ സംസാരിച്ചു. പുസ്തകമാക്കണമെന്നും തുടര്‍ച്ചയുണ്ടാകണമെന്നും ഏറെ പ്രോത്സാഹിപ്പിച്ചു. പ്രബന്ധത്തിന്റെ വിധികര്‍ത്താവായി മാഷെ ലഭിച്ചത് അന്നത്തെ എന്റെ വലിയ ആഹ്ലാദമായിരുന്നു.
പിന്നീട് കോഴിക്കോട്ടും തൃശൂരിലും ചില സെമിനാറുകളില്‍ മാഷെ കണ്ടു. വലിയ ദുഖങ്ങളിലൂടെ കടന്നുപോയ അനുഭവങ്ങള്‍ മാഷ് പതുക്കെ സംസാരിച്ചു. കോഴിക്കോടിനും ആലപ്പുഴയ്ക്കും ഇടയ്ക്കുള്ള കാലത്തെക്കുറിച്ചു തൃശൂരിലെ ഹോട്ടല്മുറിയിലിരുന്നു മാഷ് വേദനിക്കുന്ന ശബ്ദത്തോടെ സംസാരിച്ചതു മറക്കാനാവില്ല. പിന്നീട് ഞാനൊരു സെമിനാറിനു കോളേജിലേക്കു മാഷെ ക്ഷണിച്ചു. മഞ്ചേരിയിലേക്കു താല്‍പ്പര്യത്തോടെ മാഷെത്തി. അല്‍പ്പം ക്ലേശമൊക്കെ സഹിക്കാന്‍ ബുദ്ധിമുട്ടില്ലെന്നു ചിരിച്ചുകൊണ്ട് പറഞ്ഞു. തൃപ്പൂണിത്തുറയിലെ സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസിലെ ഡീനായിരിക്കുമ്പോഴായിരുന്നു അത്.
സ്ഥലനാമങ്ങളിലൂടെ ഊര്‍ന്നിറങ്ങി ചരിത്രത്തിലേക്കും സംസ്ക്കാരത്തിലേക്കും പുതുവഴികള്‍ ഒരുക്കുകയായിരുന്നു മാഷ്. അധികമാരും നടന്നിട്ടില്ലാത്ത വഴികളിലൂടെ തികച്ചും ഏകാകിയായി അലഞ്ഞു. കെ എന്‍ എഴുത്തച്ഛന് മാഷുടെ പാണ്ഡിത്യത്തിനു പ്രായോഗികമായ തുടര്‍ച്ചയുണ്ടായി. സാമൂതിരിക്കോവിലകത്തു ചിതല്തിന്നുപോകുമായിരുന്ന രേഖകളില്‍ പലതും മാഷിലൂടെ വെളിച്ചം കണ്ടു. കോഴിക്കോട്ടെ കോലായ മുതല്‍ ചാത്തനാത്തുമാഷുടെ ശുകപുരത്തെ വിദ്യാപീഠംവരെ മാഷു സജീവമായി.
കേരളത്തെ അറിയാന്‍ മാഷെഴുതിയതിലൂടെ കടന്നുപോകാതെ ഇനി പ്രയാസമാകും. ചരിത്രരചനയെ മറ്റൊരു വഴിയിലേക്കു തിരിച്ചുവിട്ടിരിക്കുന്നു. നീരൊഴുക്കിന്റെയും കാര്‍ഷിക സംസ്കൃതിയുടെയും ഈടുവെപ്പുകളിലൂടെ ഭൂതകാലത്തെ വിളയിച്ചെടുത്ത ഒരന്വേഷണത്തിന് പ്രസക്തി കൂടുകയാണ്. ഭൂമിസംബന്ധമായ രേഖകളും കണക്കുപുസ്തകങ്ങളും ഡയറിക്കുറിപ്പുകളും വിളിപ്പേരുകളും എങ്ങനെ ഭൂതകാലത്തെ നിവര്ത്തിയിടുന്നുവെന്ന് നമുക്കിപ്പോഴറിയാം. എന്‍ എം നമ്പൂതിരിമാഷെ നമുക്കു നഷ്ടപ്പെടുത്താനാവില്ല.
ആസാദ്
30 മാര്‍ച്ച് 2017
4
ഇ ടി മുഹമ്മദ് ബഷീര്‍ ദില്ലിയിലുണ്ട്. കുഞ്ഞാലിക്കുട്ടികൂടി വേണം എന്ന നിര്‍ബന്ധത്തിനു കാരണമെന്താവും? മജീദോ ഖാദറോ സമദാനിയോ കുട്ടി അഹമ്മദുകുട്ടിയോ യുവനേതാക്കളില്‍ ആരെങ്കിലുമോ പോരാ എന്നു തീരുമാനിച്ചെങ്കില്‍ തക്കതായ കാരണമുണ്ടാകും. ഫാഷിസത്തെ അതിന്റെ മടയില്‍ ചെന്നു കീഴ്പ്പെടുത്തുന്ന നായാട്ടുകാരനൊന്നുമല്ലല്ലോ കുഞ്ഞാലിക്കുട്ടി. ഈ കുട്ടിക്കു മാത്രം തരമാക്കാനാവുന്ന ഏതോ നേട്ടമുണ്ട്. അതിന്റെ നയതന്ത്രമുണ്ടോ ബഷീറിനും ഖാദറിനുമൊക്കെ തിരിയുന്നു?!!
സാധാരണഗതിയില്‍ പാര്‍ട്ടി തീരുമാനിക്കുന്നു, അച്ചടക്കമുള്ള പ്രവര്‍ത്തകര്‍ അനുസരിക്കുന്നു എന്നേ കരുതേണ്ടൂ. പക്ഷെ, വേങ്ങരയില്‍ ഒരുപതെരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിച്ചും സാധാരണക്കാരന് അധിക ബാധ്യത വരുത്തിയുമാണ് ലീഗ് തീരുമാനം നടപ്പാവുന്നത് എന്നത് ലഘുവായ കാര്യമല്ല.മാറുന്ന രാഷ്ട്രീയത്തിന് ഒരു മുഴംമുമ്പേ എറിയുകയാവണം ലീഗ്.
ഇപ്പോഴത്തെ നിലയില്‍ ലോകസഭയില്‍ പ്രതിപക്ഷത്തിന് ഒരംഗമുണ്ടാവുന്നത് നല്ലതാണ്. അത് കുഞ്ഞാലിക്കുട്ടിയാവുന്നതുകൊണ്ട് വിശേഷിച്ചെന്തെങ്കിലും സംഭവിക്കാനില്ല. അപ്പോള്‍ അതാവില്ല കാര്യം. ആ പദവികൊണ്ടു സാധിക്കാവുന്ന മറ്റെന്തോ ആണ്. മുസ്ലീംലീഗിനെ ദേശീയ രാഷ്ട്രീയത്തിലും ആഗോള ക്രമത്തിലും ഉയര്‍ത്തി നിര്‍ത്താനാവുമോ? അതെവ്വിധമാവും? അതല്ലെങ്കില്‍, അതൊരു (രാഷ്ട്രീയ) വിലപേശലാവുമോ? അങ്ങനെയെങ്കില്‍ അതാരുമായാവും?
എല്‍ ഡി എഫിനുപോലും സ്വന്തം വീടുപോലെ കയറിച്ചെല്ലാനാവുന്നിടം ദില്ലിയിലുണ്ടാകുമ്പോള് കുഞ്ഞാലിക്കുട്ടിയ്ക്കും ചില മോഹങ്ങളൊക്കെയുണ്ടാവുന്നത് സ്വാഭാവികമാണ്. പൊന്മുട്ടയിടുന്ന താറാവിനെ കൊടുക്കുന്നെങ്കില്‍ എന്തിന് നഷ്ടപ്പെടുത്തണം? മല്യമുതല് അദാനിവരെയുള്ളവരുടെ സുവര്‍ണകാലമാണ്. ജാനു മുതല്‍ നടേശന്വരെയുള്ളവര് ഭ്രമിച്ചതുമാണ്. എന്തേ കുഞ്ഞാലിക്കുട്ടിയ്ക്കത് പറ്റില്ലേ? അത്രയ്ക്കങ്ങ് നല്ലവനാക്കി ഒതുക്കല്ലേ എന്നൊരു ഭാവം മിന്നിമറയുന്നതുപോലെ.
ഒട്ടും സാധാരണമല്ലാത്ത നീക്കംതന്നെയാണിത്. മലപ്പുറത്തും വേങ്ങരയിലും ഒതുങ്ങാനിടയില്ലാത്ത രാഷ്ട്രീയ നീക്കത്തിന്റെ തുടക്കം. ഇനി നമുക്ക് കളി കാണാം.
ആസാദ്
15 മാര്‍ച്ച് 2017
5.
രണ്ടു കൈയുമില്ലാതെ ഇനി ഞാനെങ്ങനെ പരീക്ഷയെഴുതും? എങ്ങനെ ഒരു പുസ്തകം നിവര്‍ത്തിപ്പിടിച്ചു വായിക്കും? ഉണ്ടായിരുന്ന ഏക കൈവെട്ടിമാറ്റപ്പെട്ട കോട്ടയത്തെ സച്ചു സദാനന്ദന്റെ ചോദ്യമാണ്. ആരാണ് ഈ സങ്കടം കേള്‍ക്കേണ്ടത്? ആരാണ്, എങ്ങനെയാണ് പരിഹാരം കാണേണ്ടത്?
സൈമണ്‍ ബ്രിട്ടോ മുതല്‍ പുഷ്പന്വരെ എത്രയോപേര്‍ സമാനമായ ചോദ്യങ്ങള്‍ ചോദിച്ചിരിക്കുന്നു. ഇത്തരം അതിക്രമങ്ങള്‍ ഇല്ലാതാവുകയല്ല, പെരുകുകയാണുണ്ടായത്. അംഗഭംഗം വന്നവരുടെ ശേഷിച്ച ശരീരം വലിയ ചോദ്യങ്ങളാവുന്നുണ്ട്. ശിരസ്സറുക്കപ്പെട്ടവരോ? അവര്‍ക്കെന്തു വായനയും ജീവിതവും?
ജനാധിപത്യ രാഷ്ട്രീയത്തിന്റെ വികലവും നിന്ദ്യവുമായ പരീക്ഷണങ്ങളാണ് ഒട്ടേറെ പേരുടെ രക്തസാക്ഷിത്വത്തിലേക്കു നയിച്ചത്. ഒന്നിച്ച് ഒരു ശത്രുവിനെതിരെ പൊരുതേണ്ടവരെ തമ്മില്തല്ലിയൊടുങ്ങാന് നിര്‍ബന്ധിക്കുന്ന പ്രത്യശാസ്ത്രം ദയയോ നീതിയോ നല്‍കാത്ത മുതലാളിത്തത്തിന്റേതാണെന്ന് വ്യക്തം. എന്നിട്ടും അതിനെതിരെ ജനതയെ ഒന്നിപ്പിക്കാന്‍ കഴിയുന്നില്ല. പകരം പകയും ഹിംസയും ആദരിക്കപ്പെടുന്നു. അന്യോന്യ ശത്രുത വളര്‍ത്തി യഥാര്ത്ഥശത്രുവിന് പഴുതുകള്‍ നല്കുന്നു.
സാമൂഹിക വിപ്ലവമെന്ന ലക്ഷ്യവും അതിന്റെ പ്രയോഗ പദ്ധതികളും ഉണര്‍വ്വു നല്കുന്ന മുന്നേറ്റത്തിനേ ഈ പകപോക്കലുകള്‍ക്കു വിരാമമിടാനാവൂ. ആരോഗ്യകരമായ വിയോജിപ്പുകളും ശക്തമായ സംവാദങ്ങളുമാവാം. അപരന്റെ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയാവണം അത്. അത്രയും മറന്നു പ്രവര്‍ത്തിക്കുന്നവരില്‍ ആരാണ് കൂടുതല്‍ മെച്ചം എന്നൊരു ചോദ്യം ഉത്ഭവിക്കുന്നേയില്ല.
ആസാദ്
15 മാര്‍ച്ച് 2017
6.
നമ്മുടെ നാട്ടിലെ വലിയ പ്രസ്ഥാനങ്ങള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ ചെന്നു ആരെയും മോചിക്കാം. സ്റ്റഷനില്‍ എന്തതിക്രമവും കാണിക്കാം. ഒരു കേസുപോലും ചാര്‍ജ് ചെയ്യില്ല. നേതാക്കള്‍ക്കു മുന്നില്‍ വിനീതരാവും ഏതു റാങ്കിലുള്ള പൊലീസും. പക്ഷെ, സാധാരണ പൗരന് ജനാധിപത്യാവകാശമോ മനുഷ്യാവകാശമോ ലഭ്യമല്ല. ഇന്നലെ കോട്ടയം എസ് പി ഓഫീസില്‍ അതാണ് കണ്ടത്.
പരാതി എന്തുമാവട്ടെ, ജില്ലാപൊലീസ് സൂപ്രണ്ടിനെ കാണാന്‍ എത്തിയ യുവതി അറസ്റ്റിലാവുകയായിരുന്നു. എം ജി സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയായ ദീപ പി മോഹനനാണ് ഈ ദുരനുഭവം. എസ് പി കാണാന്‍ തയ്യാറല്ല. മുമ്പ് രണ്ടു തവണ കണ്ടതാണത്രെ. ഒരിക്കല്‍കൂടി കാണേണ്ടതില്ലെന്ന് അദ്ദേഹമങ്ങു തീരുമാനിച്ചു.
ഏറ്റവും നിസ്സഹായരും ദുര്‍ബ്ബലരുമായ വിഭാഗങ്ങള്‍ക്കു സഹായമാകേണ്ടവര്‍ ഇവ്വിധം ഔദ്ധത്യം കാണിച്ചുകൂടാ. ജനാധിപത്യ രാജ്യത്തെ പൊലീസ് ഉദ്യോഗസ്ഥന് പൗരന്മാരുടെ സേവനമാണ് നിര്‍വ്വഹിക്കേണ്ടത്. അവരെ ഭരിക്കാനോ അധികാരം കാണിച്ചു ഭയപ്പെടുത്താനോ ഒരവകാശവുമില്ല. സാധാരണക്കാരായ ആരോടും എന്തുമാവാം പെണ്‍കുട്ടിയാവുമ്പോള്‍ കൂടുതലാവാം, ദലിതുകൂടിയാണെങ്കില്‍ ഏതു പരാക്രമവും നീതീകരിക്കാനാവും എന്ന ജീര്‍ണാധികാര ധാര്ഷ്ട്യങ്ങളെ നേരിടാതെ വയ്യ. ആഭ്യന്തര വകുപ്പ് എന്ന അധികാര കേന്ദ്രത്തിന് എന്തഭിപ്രായമുണ്ടെന്നു ജനങ്ങളറിയട്ടെ.
നീതി നിഷേധിക്കപ്പെടുന്നു എന്ന ഖേദവും പരാതിയുമുള്ളവര്‍ ഒന്നോ മൂന്നോ അല്ല പലവട്ടം ഉദ്യോഗസ്ഥരെ കാണാനെത്തും. അസ്വസ്ഥപ്പെടുന്നവര്‍ ആരായാലും പൗരന്മാരുടെ നികുതിപ്പണംകൊണ്ടു ശംബളംപറ്റുന്ന കാലത്തോളം അതു സഹിച്ചേ മതിയാകൂ. ദീപയുടെ കേസിന്റെ ഉള്ളടക്കമല്ല, അവരോടെടുത്ത നിലപാടാണ് വലിയ പ്രശ്നം. മൂന്നാമതും അവര്‍ കാണാനെത്തിയത് എന്തിനാണെന്ന് അവരോടു സംസാരിക്കാതെ എസ് പി എങ്ങനെ കണ്ടുപിടിച്ചു? ഒരു കേസില്‍ എസ് പി എത്ര തവണ ദര്‍ശനം നല്‍കും?
കുറ്റകരമായ നടപടിയാണുണ്ടായത്. തിരുത്താന്‍ ബാധ്യതയുള്ളവര്‍ അതു ചെയ്യണം. ജനമൈത്രി നയമുള്ള പൊലീസിന് ഇത് ഭൂഷണമോ എന്നു വകുപ്പു മന്ത്രിക്കും ചിന്തിക്കാം.
ആസാദ്
14 മാര്‍ച്ച് 2017
7.
സമീപകാലത്ത് കാമ്പസുകളില്‍ രണ്ടുതരം പ്രവണതകള്‍ ദൃശ്യമാണ്. ഒന്ന്, സകലവിധ അധികാരങ്ങളുടെയും അഴിഞ്ഞാട്ടങ്ങള്‍ക്കെതിരെ മൂല്യാധിഷ്ഠിതമായ സംഘപ്രതിരോധങ്ങള് ഉയര്‍ന്നുവന്നു. രണ്ട്; അധികാരത്തിന്റെ സകല ജീര്‍ണതകളും പൊട്ടിയൊലിക്കുന്ന സംഘടിത ഗുണ്ടായിസങ്ങള്‍ പെരുകി.
അഖിലേന്ത്യാ തലത്തിലാണെങ്കിലും നമ്മുടെ സംസ്ഥാനത്താണെങ്കിലും ഈ ചിത്രം സമാനമാണ്. പുതിയ കാലത്തെയും പ്രശ്നത്തെയും അഭിസംബോധന ചെയ്യുന്ന സര്‍ഗാത്മക രാഷ്ട്രീയം കാമ്പസുകളില്‍ അതിവേഗം ശക്തിപ്പെടുന്നു. പ്രാന്തവല്‍ക്കൃത സമൂഹങ്ങളില്‍നിന്ന് നേതൃത്വങ്ങളും നവചിന്തകളും ഉയരുന്നു. പ്രക്ഷോഭജ്വാലകളില് കാമ്പസുകളുടെ സാഹോദര്യം പ്രകടമാവുന്നു.
ശക്തമായ ഇത്തരം പുത്തനുണര്‍വ്വുകളെ നിര്‍വ്വീര്യമാക്കാന്‍ ഭരണകുട താല്‍പ്പര്യങ്ങളുടെയും ചീഞ്ഞളിഞ്ഞ ഭൂതവ്യവസ്ഥകളുടെയും വിടുപണിചെയ്യുന്ന വിദ്യാര്‍ത്ഥി സംഘടനകള്‍ തന്നെ രംഗത്തുണ്ടായി. തങ്ങളുടെ വാദമുഖങ്ങളല്ലാതെ മറ്റൊന്നും ഉയര്‍ന്നുകൂടാ എന്ന വാശിയും വിധിക്കാനും കൊല്ലാനുമുള്ള അവകാശം തങ്ങള്‍ക്കാണെന്ന മൗഢ്യവും അവരെ തുള്ളിക്കുന്നു. ഒറ്റു പാരമ്പര്യമുള്ളവരും സമരപാരമ്പര്യമുള്ളവരും ഒരേ സ്വഭാവത്തിലേയ്ക്ക് ഐക്യപ്പെടുന്ന വിചിത്ര സന്ധിയാണിത്. ജനാധിപത്യമെന്നത് അവര്‍ക്ക് ഒട്ടും ശീലമില്ല.
നവവും ജീര്ണവുമെന്ന് നെടുകെ പിളര്‍ന്ന മൂല്യധാരകളാണ് കാമ്പസുകളില്‍ ഒളിഞ്ഞും തെളിഞ്ഞും ഏറ്റുമുട്ടുന്നത്. വലിയ പ്രസ്ഥാനങ്ങള്‍ ജീര്‍ണതകളെ സാധൂകരിയ്ക്കാന്‍ കായികബലത്തിനും രാഷ്ട്രീയാധികാരത്തിനും കഴിയുമെന്നു ധരിയ്ക്കുന്നു. അതിന്റെ ബുദ്ധിശൂന്യമായ പ്രയോഗങ്ങളാണ് കാമ്പസുകളെ ബഹളമയമാക്കുന്നത്.
അപരന്റെ വീഴ്ച്ചകളെ പെരുപ്പിക്കാനല്ല, നന്മകളെ പ്രകീര്‍ത്തിക്കാനാണ് നാവുകളുണ്ടാവേണ്ടത്. ഞാനോ ഞങ്ങളോ അല്ലാതെ ശരി ചെയ്യുന്നവരില്ലെന്ന തന്നെപ്പൊക്കിവാദങ്ങള് ഫാസിസത്തിന്റെ സന്തതികളാണ്. അപരര്‍ക്ക് ഇടം കൊടുത്തുകൂടാ എന്ന ദുര്‍വാശി പുറത്തെ ലോകങ്ങളെക്കുറിച്ചുള്ള അജ്ഞതയുടെ പ്രഖ്യാപനവുമാണ്.
വിദ്യാര്‍ത്ഥിസംഘടനകള്‍ പറയട്ടെ തങ്ങള്‍ ഏതു പ്രവണതയുടെ വക്താക്കളെന്ന്.
ആസാദ്
13 മാര്‍ച്ച് 2017
8.
വിധു വിന്‍സന്റിനും (മികച്ച സംവിധായിക) വിനായക (മികച്ച നടന്)നും ലഭിച്ച പുരസ്ക്കാരം ആനന്ദവും ആവേശവും നല്കുന്നു. സാര്‍വ്വദേശീയ വനിതാ ദിനത്തിന്റെ തിളക്കമായി വിധുവിന്െ വിജയം.ഇത്തവണ സിനിമാപുരസ്ക്കാരം നിര്‍ണയിച്ച സമിതി അഭിനന്ദനം അര്‍ഹിക്കുന്നു.
വനിതാദിന ചര്‍ച്ചകളുമായി ചേര്‍ത്തുവയ്ക്കുമ്പോള്‍ ഒരു നിര്‍ദ്ദേശം പ്രസക്തമെന്നു കരുതുന്നു. മികച്ച നടന്,നടി എന്ന വേര്‍തിരിവ് ഒഴിവാക്കണം. ഇനിമേല്‍ മികച്ച അഭിനേതാവിനെ കണ്ടെത്താനേ ശ്രമിക്കാവൂ. നടന്മാരെ ചുറ്റിത്തിരിയുന്ന സിനിമയില്‍ അത് എളുപ്പമാവില്ല. മൂലധനോന്മാദത്തില് വഴുതിപ്പോയവരെപ്പോലെ ജൂറികളും നടന്മാരെ വലംവയ്ക്കേണ്ടതില്ലല്ലോ. കച്ചവടത്തിനുമേല്‍ കലയുടെ ഊര്‍ജ്ജം പ്രവഹിക്കട്ടെ.
ആസാദ്
8മാര്‍ച്ച് 2017
9.
പൊന്നാനി എംഇഎസ് കോളേജില്‍
മുലമുറിക്കപ്പെട്ടവര്‍ എന്നപേരിലൊരു കോളേജുമാഗസിന്റെ പ്രകാശനം തടയപ്പെട്ടിരിക്കുന്നതായി വാര്‍ത്ത. മുലയെന്ന വാക്കും മുലയുടെ ചിത്രങ്ങളും ഉണ്ടാക്കാവുന്ന പ്രശ്നങ്ങള്‍ മാനേജ്മെന്റിനെ ഭയപ്പെടുത്തുന്നു. കുട്ടികള്‍ അരുതാത്തതു കാണും വായിക്കും. മറച്ചുവെക്കാനൊന്നുമില്ലാത്ത കാലത്തെക്കുറിച്ച് അതു സംസാരിച്ചേക്കും.
എംഇഎസ്സുകാര് കോളേജുകള്‍ തുടങ്ങുംമുമ്പാണല്ലോ ബഷീര്‍ കുറെകുറേ മുലകള്‍ കണ്ടത്. പലതരം മുലകളെ അദ്ദേഹം പേരിട്ടു വിളിക്കുന്നു. എല്ലാം പക്ഷെ, മുഖംമൂടി സോറി , മുലമൂടി ഇട്ടാണ് കണ്ടിട്ടുള്ളത്. അമ്മയുടെ മുലയെപ്പറ്റി ഓര്‍മ്മയില്ല. മുലകള്‍ കാണുമ്പോള്‍ – അത്ഭുതത്തോടെ തോന്നാറുണ്ട്. ജീവന്റെ ആധാരം!
ബഷീറിനും ഭഗവത്ഗീതയ്ക്കും മുമ്പാണ് മുലമുറിച്ചു കുലമെരിച്ച പെണ്ണുശിരുകളുണ്ടായിരുന്നത്. മുലയറുക്കുമ്പോള്‍ വ്യവസ്ഥയുടെ നെറുകയിലാണ് ചോരപൊട്ടുന്നത്. സഹസ്രാബ്ദങ്ങള്‍ക്കുശേഷവും ആ നടുക്കത്തിനു ശമനമില്ല. മുലകളെ വേട്ടയാടുന്ന വൈകൃതങ്ങള്‍ക്ക് മുലകള്കൊണ്ടു പ്രതിക്രിയ. കുട്ടികള്‍ പുതിയ പ്രതിരോധങ്ങളെ ആശ്ലേഷിക്കുകയാണ്.
പൊന്നാനിയിലെ വിദ്യാര്‍ത്ഥികളേ, ഒരനക്കവുമില്ലാതെ തികച്ചും സാധാരണമെന്നപോലെ സ്വീകരിക്കപ്പെട്ടിരുന്നെങ്കില്‍ ആ യത്നം ഇത്രമേല്‍ തിരിച്ചറിയപ്പെടുമായിരുന്നില്ല. മുലയുണരുമ്പോള് പൊട്ടിപ്പിളരുന്ന ശിരസ്സുകളേതെന്ന് അതു കാണിച്ചല്ലോ. മുലമുറിക്കപ്പെട്ടവര്ക്ക് സ്വാഗതം. അഭിവാദ്യം.
ആസാദ്
5 മാര്‍ച്ച് 2017
10.
മുമ്പൊക്കെ ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും സ്വത്തേ കൊള്ളയടിക്കപ്പെടാറുള്ളു. ഇപ്പോഴാവട്ടെ, കൊള്ള ചെയ്യുന്നത് വരുംതലമുറയുടെ സ്വത്തുവകകളാണ്. അവരനുഭവിക്കട്ടെ എന്ന പൊതുസമ്മതി രൂപം കൊണ്ടിരിക്കുന്നു. കടബാദ്ധ്യതകളാണ് ബാക്കിവെക്കുന്നത്. വരാനിരിക്കുന്നവരുടെ സ്വത്തും സ്വാതന്ത്ര്യവും മനുഷ്യാവകാശവും നാം ധൂര്ത്തടിച്ചുകൊണ്ടിരിക്കുന്നു. ഉദാരതയുടെ ഈ കേമത്തമാണ് പ്രതിവര്‍ഷ പവിത്ര ബജറ്റുകളായി കൊണ്ടാടപ്പെടുന്നത്.
കടം ശീലമാക്കിയവര്‍ക്ക് ഭരണകൂടം വലിയ ഊര്‍ജ്ജവും പ്രേരണയുമാണ് നല്‍കുന്നത്. വലിയ വായ്പ്പക്കാരാവൂ കടങ്ങളില്‍ ആനന്ദിക്കൂ എന്നതത്രെ ശാന്തിമന്ത്രം. ഉള്ളതെന്തെന്നും ഉള്ളതുകൊണ്ടെങ്ങനെയെന്നും ആരും ആലോചിക്കേണ്ട. അസമമായ വളര്‍ച്ചയോ സ്വത്തിന്റെ കേന്ദ്രീകരണമോ ചോദ്യംചെയ്യേണ്ട. പുനര്‍ വിന്യസനവും വിതരണവും അജണ്ടയിലില്ല. അടിസ്ഥാന സമൂഹത്തിന് അവരുടെ ഭൂമി നല്‍കില്ല. അവരുടെ തൊഴിലെടുത്തു ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടില്ല. വീടുവെയ്ക്കാന്‍ വായ്പ തരും. കൊതിതീര്ന്നൊടുങ്ങാനൊരു കുടീരം.
പൊതു സമ്പത്തുകൊണ്ടു നേടാവുന്നതല്ല വെച്ചുനീട്ടുന്നതൊന്നും. സ്വകാര്യസ്വത്തുടമകളുടെ കാരുണ്യത്തിന് തലകുനിച്ചു കൈനീട്ടി നില്‍ക്കണം. ജനങ്ങളെ കൊള്ളയടിച്ചു തടിച്ചവരുടെ മുന്നില്‍ വിനീതവിധേയരായി മുട്ടുകുത്തണം. നമുക്കു പിറക്കാനിരിക്കുന്നവരെക്കൂടി അവര്‍ക്കു സമര്‍പ്പിക്കണം. എന്തൊരുദാത്തമീ ജനാധിപത്യം!
സോഷ്യലിസ്റ്റ് സ്വപ്നം ചുവപ്പിച്ച പതാകകളുടെ തണലില്‍ വര്‍ഗവൈരുദ്ധ്യത്തിന്റെ വമ്പന്‍ പിളര്‍പ്പുകള്‍ പാഴ്ക്കിനാവുകളുടെ ചെമ്പിച്ച ഇലകള്‍കൊണ്ട് മൂടിയിരിക്കുന്നു. ഇതിലേവരൂ ഇതിലേ വരൂ എന്നു വിപ്ലവ വായ്ത്താരികള്‍. ഇതല്ലേ കഴിയൂ എന്നു നിസ്സഹായതയുടെ അണിചേരലുകള്‍. കാലം മാറിയില്ലേ, ഇനിയുമുപേക്ഷിച്ചില്ലേ പഴയ സ്വപ്നങ്ങളെന്നു സഖാക്കളുടെ സഹതാപം. കാലത്തിനൊപ്പം പോവുകയാണു വിപ്ലവമെന്നു പഠിക്കാത്തവര്‍ക്ക് സങ്കടമൊടുങ്ങില്ല. കൊതിപ്പിക്കുന്ന വിഭവങ്ങളല്ലേ വച്ചു നീട്ടുന്നത്. മക്കളുടെ ചോരയിറ്റുന്ന മധുരങ്ങള്‍!
ആസാദ്
11.
ജനാധിപത്യത്തിന്റെ ശിരസ്സറുക്കുന്നവര്ക്കു ഒരു മുഖ്യമന്ത്രിയുടെ ശിരസ്സിനു വിലയിടാനാവും. അവര്‍ക്കതു വലിയ കാര്യമല്ല. പക്ഷെ, എല്ലാ വഴക്കങ്ങള്‍ക്കും മര്യാദകള്‍ക്കും ജനാധിപത്യമൂല്യങ്ങള്‍ക്കും മുകളില്‍ ഉദ്ധൃതാഹങ്കാരിയായി വധശിക്ഷ വിധിക്കുന്നവന് ഇരുട്ടറയിലേക്കുള്ള വഴിതുറക്കുന്നില്ലെങ്കില് നമ്മുടെ ജനാധിപത്യ വ്യവസ്ഥക്കു അല്പ്പശ്വാസംപോലുമില്ലെന്നു കരുതേണ്ടിവരും. ഒരു ജനതയെയും രാജ്യത്തിന്റെ ഉന്നതമായ മൂല്യധാരകളെയും ചവിട്ടിമെതിക്കുന്ന ധാര്‍ഷ്ട്യം ഒരാളുടെ ഉന്മാദത്തിളപ്പാണെന്നു ആശ്വസിക്കാനാവില്ല. അതിനു നായാട്ടുശീലങ്ങളുടെയും രക്തപാനദാഹങ്ങളുടെയും ഭൂതാവേശം വേണം. അങ്ങനെയൊരു കണ്ണുകെട്ടിപ്പോരിന് മനുഷ്യരെ തള്ളിവിടുന്ന സംഘവീര്യത്തെ ദയാലേശമന്യേ നേരിടേണ്ടതുണ്ട്.
ആസാദ്
2 മാര്‍ച്ച് 2017