വ്യക്തിജീവിതത്തെ അതിന്റെ ആത്മശോഭയില് ദീപ്തമാക്കുന്ന അനുഭവമാകണം ജനാധിപത്യ സംവിധാനത്തിലേത്. പക്ഷെ, അങ്ങനെയല്ല സംഭവിക്കുന്നത്. നാം അഭിമാനംകൊണ്ട, ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന ബഹുമതി ഏറ്റവും വലിയ നുണയാണെന്നു പണ്ടേ പറഞ്ഞിരുന്നു കമ്യൂണിസ്റ്റുകാര്‍. അവര്‍ക്കന്ന് സമജീവിതമെന്ന ലക്ഷ്യവും സമരജീവിതമെന്ന വഴിയുമുണ്ടായിരുന്നു. സമരം വ്യക്തികളെ ശുദ്ധരോ സാമൂഹികോണര്വ്വുകളുടെ ആവിഷ്കൃത രൂപങ്ങളോ ആക്കുമെന്ന് അവര്‍ കരുതി.
ഭരണത്തിന്റെ ശീതളഛായയില്‍ എല്ലാം മരവിച്ചുപോകുമെന്ന ആശങ്ക ഗാന്ധിജിക്കും ഉണ്ടായിരുന്നു. ഭിന്നവഴികളെപ്പറ്റി അദ്ദേഹം എപ്പോഴും ചിന്തിച്ചു. മുതലാളിത്ത കോയ്മകള്‍ക്കു വിധേയപ്പെടാനല്ല, ബദല്‍ജീവിതത്തിന്റെ സാധ്യതകള്‍ തേടാനാണ് അദ്ദേഹവും ശ്രമിച്ചത്. ആ വഴിയൊന്നും ആരും പിന്‍പറ്റുന്നില്ല. നവമുതലാളിത്തത്തിന്റെ മായാലോകത്ത് സ്വയംമറന്നിരിക്കുന്ന നേതാക്കളേ ഇപ്പോഴുള്ളു. അതിന്റെ നിര്‍ദ്ദയമായ കടന്നുകയറ്റവും സാമൂഹികവും വ്യക്തിപരവുമായ ജീവിതങ്ങളുടെ സത്തയൂറ്റി കണ്ണില്ലാത്ത മത്സരവും ഹിംസയും പകരം വയ്ക്കുന്ന കുടിലതയും ഈ നേതാക്കള്‍ അടിച്ചേല്‍പ്പിച്ചതാണ്. വരുംവരായ്കകളെപ്പറ്റിയുള്ള ആലോചനയോ സുസ്ഥിരമായ വികസനത്തെക്കുറിച്ചുള്ള സ്വപ്നമോ അവര്‍ക്കില്ല. താല്‍ക്കാലിക ലാഭങ്ങളില്‍ കണ്ണുകളുടക്കി ഭ്രമിച്ചുനില്‍ക്കുന്ന മുതലാളിത്ത ദാസന്മാരാണ് നമ്മെ നയിക്കുന്നത്.
മുതലാളിത്ത മത്സരങ്ങള്‍ അതിന്റെ ഏറ്റവും ജീര്‍ണമായ ഘട്ടത്തിലെയ്ക്കു കടന്നിരിക്കുന്നു. എവിടെയും കടന്നുകയറാനും എന്തും കവര്‍ന്നെടുക്കാനും കഴിയുംവിധം അതു ശക്തമാണ്. അകം ചോര്‍ത്തപ്പെട്ട മനുഷ്യരൂപങ്ങള്മാത്രമായി ഉപരി മധ്യവര്‍ഗ ജീവിതങ്ങള്മാറി. അതിജീവനത്തിനു പൊരുതുകമാത്രം വഴിയുള്ള കേവലജീവിതങ്ങളേ മനുഷ്യസത്ത പണയംവയ്ക്കാതുള്ളു. അവരുടെ ഇച്ഛയോ ശബ്ദമോ ജനാധിപത്യ ഭരണക്രമത്തില്‍ പ്രതിഫലിക്കുന്നുമില്ല.
സമരോന്മുഖ ജീവിതങ്ങളെ തരളലഹരികളിലേയ്ക്ക് മയക്കിക്കിടത്തിയ മുതലാളിത്ത ഭരണകൂട കൗശലങ്ങള്‍ എപ്പോഴും വിചാരണ നേരിടാതെ രക്ഷപ്പെടുന്നു. നാം കണ്മുന്നില് കിട്ടിയതിനെ പഴിയ്ക്കുന്നു. ജീര്‍ണതയുടെ വേരിലേയ്ക്കു തുറക്കുന്ന കണ്ണുകളും അതു ചികയാവുന്ന യുക്തിബോധവും നഷ്ടമാവുകയാണ്. അഥവാ അതെല്ലാം മുതലാളിത്തം കാര്ന്നുതിന്നിരിയ്ക്കുന്നു. ഫോര്‍ത്ത് എസ്റ്റേറ്റ് ഉള്‍പ്പെടെ സകല എസ്റ്റേറ്റുകളും പൗരന്മാരെ പരുവപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.
ഹിംസകളെ, ബലാല്‍ക്കാരങ്ങളെ, അരാഷ്ട്രീയതയെ, ഗൂഢരതികളെ, ഫ്യൂഡല്‍ സദാചാരത്തെ, വിട്ടുപോകാത്ത കുറ്റബോധത്തെ, ഒളിഞ്ഞുനോട്ടങ്ങളെ…അങ്ങനെ നീളുന്ന അത്യാചാരങ്ങളിലേയ്ക്ക് നമ്മെ തുറന്നുവിട്ട അധീശക്രമങ്ങളും കൗശലങ്ങളും എന്തുകൊണ്ട് തിരിച്ചറിയപ്പെടുന്നില്ല? ഇരുട്ടുകൊണ്ട് ഓട്ടയടക്കാനാവുമോ? വ്യക്തിപരവും സാമൂഹികവുമായ മോചനം യഥാര്‍ത്ഥത്തില്‍ നാം ആഗ്രഹിക്കുന്നുവെങ്കില്‍ മാറ്റിമറിക്കേണ്ടത് മണ്ണുതന്നെയാണ്. മുറ്റത്തെ പാഴ്മരം കണ്ട് മരത്തെ പഴിക്കരുത്. മണ്ണു മോശമാണോ എന്നു പരിശോധിക്കണം. മണ്ണു മോശമാക്കിയവര്‍ വിചാരണ ചെയ്യപ്പെടട്ടെ.
ആസാദ്
28 മാര്‍ച്ച് 2017