Article POLITICS

സര്‍ക്കാര്‍ജീവനക്കാരാകുമ്പോള്‍ ഇല്ലാതാകുമോ മൗലികാവകാശം?

 

wr


സര്‍ക്കാര്‍ ജീവനക്കാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനു വിലക്കേര്‍പ്പെടുത്താന്‍ വലിയ തിടുക്കമാണ് ഏതു ഗവണ്‍മെന്റിനും. ചോറു തരുന്നവരോടു കൂറു കാണിക്കണമെന്നാണല്ലോ അധികാരത്തിന്റെ തത്വം. ഭരണകൂടമല്ല, നാം ജനങ്ങളാണ് രാജ്യത്തെ പരമാധികാരിയെന്നുള്ളത് അവര്‍ വിസ്മരിച്ചതുപോലെയാണ്. അതുകൊണ്ടാണ് ഈയിടെ അറിയാനുള്ള ജനങ്ങളുടെ അവകാശം നിയമമായതിനുശേഷം പോലും അഭിപ്രായ സ്വാതന്ത്ര്യത്തിനു തടസ്സമുണ്ടാക്കാന്‍ ഗവണ്‍മെന്റുതലത്തില്‍ വലിയ നീക്കങ്ങള്‍ നടക്കുന്നു.

ഗവണ്‍മെന്‍് നയങ്ങളെക്കുറിച്ചോ നിലപാടുകളെക്കുറിച്ചോ മുന്‍കൂര്‍ അനുമതി വാങ്ങാതെ മാധ്യമങ്ങളിലൂടെ സംസാരിക്കുന്നതിന് കേരള ഗവണ്‍മെന്റ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതായി മാധ്യമങ്ങളില്‍ കണ്ടു. ഇതൊരര്‍ത്ഥത്തില്‍ യോജിപ്പുള്ള രാഷ്ട്രീയാഭിപ്രായം പരസ്യമായി പറയാനുള്ള അനുമതിയും വിയോജിപ്പുകള്‍ക്കുള്ള നിയന്ത്രണവുമാണ്. 2015 നവംബറില്‍ ഇങ്ങനെയൊരു നീക്കം അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടത്തിയിരുന്നു. ജീവനക്കാര്‍ക്കു പുതിയ പെരുമാറ്റച്ചട്ടം നടപ്പാക്കാനായിരുന്നു പദ്ധതി. മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ എഴുതാനോ പ്രസിദ്ധീകരിക്കാനോ മാധ്യമങ്ങളിലൂടെ സംസാരിക്കാനോ പാടില്ല എന്നു വിലക്കുന്നതായിരുന്നു അത്. അന്നു വലിയ തടസ്സവാദങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നു.

ഗവണ്‍മെന്റു മാറിയെങ്കിലും ഭരണകൂടത്തിന്റെ സ്വഭാവത്തിലോ പരിചരണത്തിലോ ഒരു മാറ്റവും ഉണ്ടാകുന്നില്ലെന്നു ബോധ്യപ്പെടുത്തുന്നതാണ് പുതിയ ഉത്തരവ്. 1960ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ ചട്ടം 60(എ) പ്രകാരമുള്ളവ്യവസ്ഥയുടെ ഓര്‍മ്മപ്പെടുത്തലും ദൃഢപ്പെടുത്തലും മാത്രമേ നടന്നിട്ടുള്ളു എന്നു വ്യാഖ്യാനമുണ്ട്. സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്ന നയത്തെയോ നടപടികളെയോ എഴുത്തിലൂടെയോ സംഭാഷണത്തിലൂടെയോ പൊതുജനമധ്യത്തിലോ അസോസിയേഷനിലോ ചര്‍ച്ചചെയ്യാനോ വിമര്‍ശിക്കാനോ പാടില്ല എന്നായിരുന്നു ചട്ടം. ഇങ്ങനെയൊരു ചട്ടം വ്യാഖ്യാനങ്ങള്‍ക്കു വിധേയമാക്കിയാല്‍ ഏതെങ്കിലും വിധ സംഘടനാ സ്വാതന്ത്ര്യംപോലും നിലനില്‍ക്കുമെന്നു കരുതാനാവില്ല. പൊതുജനമധ്യത്തിലും അസോസിയേഷനുകളിലും ഗവണ്‍മെന്റ് നയത്തിനെതിരായ നിലപാടു സ്വീകരിക്കുകയും വിശദീകരിക്കുകയും ചെയ്യുന്ന രീതിയാണ് നമ്മുടെ സംഘടാ പ്രവര്‍ത്തകരെല്ലാം പിന്തുടര്‍ന്നിട്ടുള്ളത്. അതു തെറ്റാണെന്നു ഈ ലേഖകന്‍ കരുതുന്നില്ല. മറിച്ച് ആ സ്വാതന്ത്ര്യം ഇനിയും നിലനില്‍ക്കേണ്ടതുണ്ടെന്നു കരുതുന്നുമുണ്ട്. ഇപ്പോഴത്തെ ഗവണ്‍മെന്റ് ഉത്തരവു പ്രകാരം അതും ചോദ്യംചെയ്യാവുന്നതേയുള്ളു.

1960ലെ വ്യവസ്ഥയ്ക്കു ശേഷം എത്രയോ നിയമനിര്‍മാണങ്ങളും കോടതി ഉത്തരവുകളും വന്നിട്ടുണ്ട്. ഇന്നു ജീവനക്കാരുടെ സ്റ്റാറ്റസ് ഏറെ മാറിയിട്ടുണ്ട്. വളരെക്കാലം തുടര്‍ന്നുപോന്ന കോളനീകൃതഗവണ്‍മെന്റു സംവിധാനങ്ങളുടെ കീഴ് വഴക്കങ്ങളെയാണ് നാം പൊളിച്ചഴുതിപ്പോന്നത്. ജീവനക്കാര്‍ക്കു കൂടുതല്‍ സ്വാതന്ത്ര്യവും അവകാശവും ഉത്തരവാദിത്തബോധവും വന്നത് സംഘടനാ പ്രവര്‍ത്തനങ്ങള്‍ വഴിയുമാണ്. ആ ബോധ്യത്തിനകത്തുനിന്നാണ് അവര്‍ സാമൂഹ്യപ്രതിബദ്ധതയോടെ ചര്‍ച്ചകളിലും സംവാദങ്ങളിലും പങ്കെടുക്കുക. ഒരു ഇന്ത്യന്‍ പൗരനെന്ന നിലയ്ക്കു ഏതൊരാള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. വ്യക്തിയുടെ ഈ മൗലികാവകാശം അവന്‍ എന്തു തൊഴിലെടുക്കുന്നു, ആരുടെകീഴില്‍ തൊഴിലെടുക്കുന്നു എന്നതു നോക്കി നിയന്ത്രിക്കാന്‍ ആര്‍ക്കും അധികാരമില്ല. നാം ജനതയ്ക്കും നമ്മുടെ ഭരണഘടനയ്ക്കും മീതെ ഒരു നിയമവും നിലനില്‍ക്കുകവയ്യ.

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1) പ്രകാരമാണ് പൗരന്മാരുടെ ആശയാവിഷ്‌ക്കാരങ്ങള്‍ക്കുള്ള സ്വാതന്ത്ര്യം അനുവദിച്ചിട്ടുള്ളത്. രാജ്യത്തിന്റെ ഐക്യവും പരമാധികാരവും പൗരന്മാരുടെ ജീവിക്കാനുള്ള അവകാശവും അഭിമാനബോധവും ഹനിക്കാത്ത വിധത്തിലായിരിക്കണം ആശയാവിഷ്‌ക്കാരമെന്നു 19 (2) വ്യക്തമാക്കിയിട്ടുമുണ്ട്. ഇവയുടെ വ്യാഖ്യാനഭേദങ്ങള്‍കൊണ്ട് ജനാധിപത്യത്തിന്റെ സത്തതന്നെ മാറ്റിക്കളയാമെന്നുള്ള എടുത്തുചാട്ടം അപകടകരമാണ്.

പ്രസിദ്ധ ചരിത്ര പണ്ഡിതയായ റൊമീല ഥാപറിന്റെ സഹോദരനും സിപിഎം ബുദ്ധിജീവിയുമായിരുന്ന റൊമേഷ് ഥാപറും മദ്രാസ് ഗവണ്‍മെന്റും തമ്മിലുണ്ടായിരുന്ന ഒരു കേസില്‍ ചീഫ് ജസ്റ്റിസ് പത്ജലി ശാസ്ത്രിയുടെ അഭിപ്രായം ഇപ്പോഴും പ്രസക്തമാണ്. എല്ലാ ജനാധിപത്യസംഘടനകള്‍ക്കും അടിത്തറയാകുന്നത് അഭിപ്രായ സ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവുമാണെന്നും സ്വതന്ത്രമായ രാഷ്ട്രീയ ചര്‍ച്ചയില്ലെങ്കില്‍ പൊതു വിദ്യാഭ്യാസമുണ്ടാവില്ലെന്നും ജനാധിപത്യ ഗവണ്‍മെന്റുകളുടെ ശരിയായ പ്രവര്‍ത്തനത്തിനുതന്നെ സ്വതന്ത്രാഭിപ്രായ പ്രകടനം അത്യാവശ്യമാണെന്നും അദ്ദേഹം കുറിച്ചു.

കാമേശ്വര്‍ പ്രസാദും ബിഹാര്‍ഗവണ്‍മെന്റും തമ്മിലുള്ള പ്രസിദ്ധമായ കേസിലെ സുപ്രീംകോടതി വിധിയും ശ്രദ്ധേയമായിരുന്നു. മൗലികാവകാശം എല്ലാവര്‍ക്കും ഒരുപോലെയാണെന്നാണ് കോടതി വ്യക്തമാക്കിയത്. സംസ്ഥാന ഗവണ്‍മെന്റകള്‍ നിര്‍ദ്ദേശിക്കുകയോ നിര്‍ബന്ധിക്കുകയോ ചെയ്യുന്ന മുറയ്ക്ക് ഇല്ലാതാവുന്നതല്ല മൗലികാവകാശമെന്നും കോടതി ചൂണ്ടിക്കാട്ടി. ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശം നിഷേധിക്കുന്ന വിധം ഉത്തരവിറക്കാനോ നിയമ നിര്‍മാണം നടത്താനോ ഏതെങ്കിലും ഭരണാധികാര സംവിധാനത്തിന് അധികാരമുണ്ടാവില്ല.

ഭരണകൂടത്തിന് അതിന്റെ നടത്തിപ്പുകാരെ ഭയപ്പെടേണ്ട അവസ്ഥയാണുള്ളതെങ്കില്‍ അതു ദുഖകരമാണ്. അതില്‍ ഒളിഞ്ഞിരിക്കുന്ന താല്‍പ്പര്യങ്ങള്‍ അപലപനീയവുമാണ്. എല്ലാം ജനങ്ങളറിയട്ടെ എന്നു കുറെയേറെ ഉദാരമാവാന്‍ മുതലാളിത്ത ഭരണകൂടങ്ങള്‍ സന്നദ്ധമാകുമ്പോള്‍ ഒരു ഇടതുപക്ഷ സംസ്ഥാന ഗവണ്‍മെന്റ് കാണിക്കുന്ന വെപ്രാളം ശുഭസൂചനയല്ല നല്‍കുന്നത്. ജനാധിപത്യത്തില്‍ യജമാനന്മാരെന്ന ഒരു വിഭാഗമുണ്ടെങ്കില്‍ അതു ജനങ്ങളാണെന്നും ജനപ്രതിനിധികള്‍ ജനാഭിലാഷം നടപ്പാക്കേണ്ടവര്‍ മാത്രമാണെന്നും വല്ലപ്പോഴും ഓര്‍ക്കുന്നതു നല്ലതാണ്. ജനപ്രതിനിധികള്‍ക്കും അവരുടെ കാബിനറ്റിനും അടിമജോലിചെയ്യുന്ന ഒരു വിഭാഗത്തെയാണു വേണ്ടതെന്നു ശഠിക്കുന്നതു ജനാധിപത്യത്തിനു ഭൂഷണമല്ല.

നവമുതലാളിത്തത്തിന്റെയും അതിന്റെ അവിശുദ്ധ സഖ്യങ്ങളുടെയും പിന്തുണയോടെ ഗവണ്‍മെന്റ് സ്വീകരിക്കുന്ന ജനവിരുദ്ധ നിലപാടുകളും നീക്കങ്ങളും കുറെകാലമായി പുറത്തുവരുന്നത് ഉദ്യോഗസ്ഥരില്‍ ചിലരുടെ സാമൂഹിക പ്രതിബദ്ധതകൊണ്ടുകൂടിയാണ്. വയലും കായലും നികത്തുന്നതും ഭൂമി പതിച്ചു നല്‍കുന്നതും സ്വജന പക്ഷപാതം കാട്ടുന്നതും കൊടുംകുറ്റവാളികള്‍ക്കു സഹായമെത്തിക്കുന്നതും കോര്‍പറേറ്റുകള്‍ക്കുവേണ്ടി ജനങ്ങളെ ബലിയാടുകളാക്കുന്നതും വിപ്ലവകാരികളെ കൊള്ളക്കാരാക്കി ചിത്രീകരിക്കുന്നതും ഉള്‍പ്പെടെ എത്രയോ കാര്യങ്ങള്‍ പൊതു ശ്രദ്ധയിലെത്തിയത് ഉണര്‍ന്നിരിക്കുന്ന ഉദ്യോഗസ്ഥരുള്ളതുകൊണ്ടുകൂടിയാണ്. മാധ്യമങ്ങള്‍ക്കോ പൊതു സമൂഹത്തിനോ മണംപിടിച്ചറിയാനുള്ള ഘ്രാണശേഷിയൊ കണ്ടറിയാനുള്ള ദിവ്യദൃഷ്ടിയോ ഒന്നുമില്ല. ഈ സാധ്യത അടച്ചുകളയണമെന്ന ആലോചന തീര്‍ച്ചയായും ജനതാല്‍പ്പര്യമല്ല.

26 മാര്‍ച്ച് 2017

1 അഭിപ്രായം

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )