വ്യക്തിപരമായതെല്ലാം രാഷ്ട്രീയമാണ് എന്നതിനര്‍ത്ഥം വ്യക്തിയുടെ അനുഭവലോകമാകെ രാഷ്ട്രീയ ലീലകള്ക്കുള്ള തുറന്ന മൈതാനമാണ് എന്നല്ല. വ്യക്തിയിലെ സൂക്ഷ്മ വ്യവഹാരങ്ങളെപ്പോലും നിര്‍ണയിക്കുംവിധം രാഷ്ട്രീയാധികാര സ്വരൂപം ശക്തമാണെന്നാണ്. ജനങ്ങളില്നിന്നുയരുന്നതും അതേസമയം ജനങ്ങളെ കീഴ്പ്പെടുത്തുന്നതുമായ ഭരണാധികാര രൂപങ്ങള്‍ ചൂഷണാധിഷ്ഠിതമായ അധികാര വ്യവസ്ഥയുടെ നിര്‍മ്മിതിയാണ്. ആ അനുഭവവൈപരീത്യം ഓരോ വ്യക്തിയും കുരുങ്ങിക്കിടക്കുന്ന അനന്തകോടി വ്യവഹാരങ്ങളിലോരോന്നിലും പതിഞ്ഞുകാണാം. അതിന്റെ ശീലങ്ങളും ന്യായവാദങ്ങളുമാണ് നാം പരിചയിച്ചുപോന്നത്.
വ്യക്തികളെ സമഷ്ടി വ്യവഹാരത്തിന്റെ ശീലവൈകൃതങ്ങളില്നിന്നു മോചിപ്പിക്കണമെന്ന ചിന്ത പരിഷ്ക്കരണവാദികള്‍ എക്കാലത്തും മുന്നോട്ടുവച്ചിട്ടുണ്ട്. സാമൂഹിക ജീര്‍ണതകളെ തുടച്ചുനീക്കാന്‍ വ്യക്തികള്‍ ശുദ്ധരാവുകയേ വേണ്ടൂ എന്ന പരിഹാരമായിരുന്നു അവരുടേത്. സത്യം, ദയ, ധര്‍മ്മം എന്നൊക്കെ ചില മൂല്യധാരകളെ പിന്തുടര്‍ന്ന എഴുത്തുകാരും സാമൂഹിക പരിഷ്ക്കര്‍ത്താക്കളും നമുക്കുണ്ടായിട്ടുണ്ട്. അവര്‍ വ്യക്തിശുദ്ധിയെക്കുറിച്ചു എന്നും വ്യാകുലപ്പെട്ടിട്ടുണ്ട്.
കൊളോണിയല്‍ സ്വാതന്ത്ര്യ വാഞ്ചകളും നവോത്ഥാന പരിഷ്ക്കരണ ശ്രമങ്ങളും സോഷ്യലിസ്റ്റ് നവലോക ലക്ഷ്യങ്ങളും നവംനവങ്ങളായ എത്രയോ മൂല്യധാരകളെ ഉണര്‍ത്തിയിരിക്കുന്നു. വ്യക്തികള്‍ ഒറ്റയ്ക്കൊറ്റയ്ക്കു വിശുദ്ധപ്പെടുകയില്ലെന്നും അവരുള്‍പ്പെട്ട രാഷ്ട്രീയാധികാരവും അതിന്റെ വ്യവഹാര വലകളും പുതുക്കിക്കൊണ്ടേ പുതിയ വ്യക്തികളെയും സമൂഹത്തെയും സൃഷ്ടിക്കാനാവൂ എന്നും വേറിട്ട ചിന്തകളുമുണ്ടായി. ദൗര്‍ഭാഗ്യവശാല്‍ ഇത്തരം ചിന്തകളുടെ ആരോഗ്യകരമായ സംവാദങ്ങളോ സംഘര്‍ഷങ്ങളോ ഇന്നു നമ്മെ നയിക്കുന്നില്ല. കാഴ്ച്ചയറ്റ കുതിപ്പുകളായി പ്രസ്ഥാനങ്ങളും നേതൃരൂപങ്ങളും പരിണമിച്ചിരിക്കുന്നു.
തന്നില്‍നിന്നുതന്നെ താന്‍ പറിച്ചെറിയപ്പെടുന്നല്ലോ എന്ന ഖേദവും വേവലാതിയുമാണ് നവമുതലാളിത്ത കാലത്ത് ഓരോ മനുഷ്യനും അനുഭവിക്കുന്നത്. ഏകാന്തദുഖങ്ങള് വയ്യ. ഗൂഢമായ ആനന്ദങ്ങളില്ല. വിവിക്തലീലകളില്ല. എത്രയുടുത്താലും ഒന്നും മറയുകയില്ല. ഒരു വാക്കിലും ഒളിയിടമില്ല. പതുക്കെയുച്ചരിച്ചത് പാട്ടായി മുഴങ്ങുന്നു. ഉമ്മവെച്ചത് മാനത്തു തെളിയുന്നു. മനസ്സില്‍ കോറിയത് ഫേസ്ബുക്കില്‍ വൈറലാകുന്നു. എന്നെ ആരാണു ഷെയര്ചെയ്തുകൊണ്ടേയിരിക്കുന്നത്? ഒരിത്തിരിയെങ്കിലും തന്റേതായി വേറിട്ടുവേണമെന്നയാള് കെഞ്ചുന്നുണ്ട്. ഓരോ നിമിഷവും അധികാര വ്യവഹാരരൂപങ്ങളോടു അയാള്‍ ഇടയുകയാണ്.
അങ്ങനെയൊരു സ്വകാര്യവും വിട്ടുതരില്ലെന്ന ശാഠ്യമാണ് നവമുതലാളിത്തത്തിന്റേത്. അതിന്റെ നായാട്ടുനായ്ക്കള്‍ അകത്തേക്ക് ഇരച്ചുകയറുന്നു. മൃദുലമായതെല്ലാം കടിച്ചുകീറുന്നു. രാഷ്ട്രീയ വ്യവഹാരങ്ങളോട് ഇടഞ്ഞുനില്‍ക്കുന്ന നിഷേധങ്ങളെ മുഴുവന്‍ നിയമംകൊണ്ടോ സദാചാരംകൊണ്ടോ രണ്ടടിയളന്നു പാതാളത്തിലേക്കു ചവിട്ടിയാഴ്ത്താമെന്നു മോഹിക്കുന്നു. ഇതിനുള്ള പോറ്റുവാമനന്മാരാണ് മുതലാളിത്ത മാധ്യമങ്ങളെല്ലാം. പക്ഷെ, പിറവിയില്‍തന്നെ വിശ്വരൂപമെടുത്തത് മംഗളം മാത്രം.
മംഗളം എന്ന ഒരു മാധ്യമം മതി മന്ത്രിയെ രാജിവെപ്പിക്കാന്‍. ആരെയും ആത്മഹത്യയോളം നയിക്കാന്‍. സ്വകാര്യമായ ലോകങ്ങളിലേയ്ക്കു മുതലാളിത്തം തുടലൂരിവിട്ട നായാട്ടു നായ്ക്കളിലൊന്നാവണം അത്. ആരെയും എവിടെയും നായാടി നശിപ്പിക്കാനുള്ള ഭ്രാന്തമായ ആവേശമാണതിന്. രാഷ്ട്രീയ പൊതുജീവിതത്തില്‍ വിമര്‍ശനമാവാം. സ്വകാര്യജീവിതംകൊണ്ടോ അനുഭൂതികള്കൊണ്ടോ ആര്‍ക്കെങ്കിലും ഹാനിയുണ്ടാക്കിയെന്നു പരാതിയുണ്ടോ? എങ്കില്‍ വിചാരണ ചെയ്യപ്പെടണം. നനുത്ത വികാരങ്ങളിലേക്കു ഒളിവാതിലുകള്‍ തുറന്നിട്ടു ഇക്കിളിച്ചിത്രങ്ങളെടുക്കുന്നത് പഴയ പൈങ്കിളിപ്പാരമ്പര്യത്തിനു ചേരും.
രാഷ്ട്രത്തിന്റെ സൂക്ഷ്മമായി വ്യക്തി രൂപാന്തരപ്പെടുമ്പോള്‍, രാഷ്ട്രീയ പൊതുജീവിതത്തിന്റെയും പൊതുബോധത്തിന്റെയും വ്യവഹാരവലകളാല് നിയന്ത്രിതനാണ് അയാള്‍. വഴങ്ങിയും എതിര്‍ത്തും വീണും എണീറ്റും ലോകത്തെ നേരിടുകയോ പുതുക്കുകയോ, അതു വഴി തന്നെത്തന്നെ മാറ്റുകയോ ചെയ്യുന്ന പ്രക്രിയയാണല്ലോ ജീവിതം. പുറത്ത് അധികാരത്തിന്റെ നിര്‍ണീത വ്യവഹാരങ്ങള്‍ക്കെതിരെ പൊരുതി നില്ക്കുമ്പോള് അകത്തും അതിന്റെ തുടര്‍ച്ച വേറൊരു രീതിയില്‍ നിര്‍വ്വഹിക്കപ്പെടുന്നുണ്ട്. ജീവിതം തോല്‍പ്പിച്ചിടത്തു വിജയിപ്പിക്കുന്ന സ്വപ്നമോ ഭ്രമകല്‍പ്പനയോ ആവാമത്.
ഒറ്റപ്പെട്ടു നില്ക്കുമ്പോള് കൈതന്നത് അതുവരെ അറിഞ്ഞിട്ടേയില്ലാത്ത ആരോ ആവാം. ഒപ്പമുണ്ടായിരുന്ന ഒരാള്‍ അതുവരെ അനുഭവിച്ച ആളേ അല്ലെന്നു മാറിമറിഞ്ഞുവരാം. ഒറ്റ ആശ്ലേഷംകൊണ്ട് ഒരാളെ അയാളകപ്പെട്ടു നില്ക്കുന്ന ശരവ്യൂഹങ്ങളില്നിന്നു മോചിപ്പിച്ചെന്നുവരാം. ഒറ്റയടികൊണ്ട് ഒരാളെ ലോകത്തേക്ക് പുനര്ജനിപ്പിച്ചെന്നുവരാം. അകത്തേക്കകത്തേക്ക് ആണ്ടുപോകുന്ന കയങ്ങളില്‍ ഉടുപ്പോ പൊങ്ങച്ചമോ ഇല്ലാത്ത, ഭാഷയോ കാഴ്ച്ചയോ ഇല്ലാത്ത ആശ്ലേഷങ്ങളുടെ ആനന്ദമറിഞ്ഞെന്നുവരാം.
ഭൂതവേഴ്ച്ചകളുടെ സദാചാര സന്തതികള്‍ക്കോ വരേണ്യാധികാര ശീലങ്ങള്‍ക്കോ അഭിമുഖീകരിക്കുക വയ്യാത്ത ചിലതുണ്ട്. പിടഞ്ഞുണരുന്ന ജൈവികമായ മനുഷ്യത്വമാണത്. ഇന്നലെകളുടെ ജീര്‍ണ പാത്രങ്ങള്‍കൊണ്ട് ഇന്നനുഭവങ്ങളെ അളന്നോ കറന്നോ എടുക്കാനാവില്ല. പുറത്തു വഴങ്ങി നില്ക്കുന്ന എല്ലാറ്റിനുമകത്ത് ആളിക്കത്തുന്ന, ലാവതെറിപ്പിക്കുന്ന നിഷേധങ്ങളുണ്ട്. പുതുക്കിപ്പണിയാനുള്ള ഊര്‍ജ്ജമുണ്ട്. ഒരാളുടെ ശരീരം അളന്നോ തൂക്കിയോ നോക്കാം. ലോകത്തെ മാറ്റുന്ന അയാളിലെ വീര്യത്തെ കണ്ടെടുക്കാനാവില്ല. അളന്നെടുക്കാനുമാവില്ല. ആരും ചെറിയവരോ വലിയവരോ അല്ല. എല്ലാവരിലുമുണ്ട് കത്തുന്ന ഒരു സൂര്യന്.
രണ്ടാളുകള്‍ അന്യോന്യം ആശ്ലേഷിക്കുമ്പോള്‍ നോക്കുന്നവന് ശരീരങ്ങളുടെ ഒട്ടിച്ചേരലേ കാണാനാവൂ. ഉലയൂതിയുണര്ത്തുന്ന സമര്‍പ്പണം കാണുകയില്ല. പെരുവിരല്ത്തുമ്പില്നിന്നു നെറുകയിലേക്കു ജ്വലിച്ചുയരരുതല്ലോ ഒരു സൂര്യനും. അഹന്തകളെ എരിച്ചുകളയുന്ന അഗ്നിയിലാണ് വിമോചനത്തിന്റെ സുവര്ണാക്ഷരങ്ങളുള്ളതെന്ന് ചില ഭ്രാന്തന് കവികളേ പാടിയിട്ടുള്ളു. അടിമകള്‍ക്കു ചിറകുകള് മുളയ്ക്കുന്നത് മഹാത്ഭുതമല്ല. ചരിത്രം അതു കുറിച്ചിട്ടുണ്ട്. വിപ്ലവത്തിന്റെ വഴികളെല്ലാം ചോപ്പണിഞ്ഞത് അനുഭൂതികളുടെ നീലപ്പാടങ്ങളിലായിരുന്നു..
ഇന്നിപ്പോള്‍ ദുരമൂത്ത മുതലാളിത്തകാലത്ത് തന്റെ യുക്തികള്‍കൊണ്ടും പരിമിതാനുഭവംകൊണ്ടും ആര്‍ക്കും കഥകള്‍ മെനയാം. വികലരതികളുടെ ഉത്സവത്തിന് ത്രസിപ്പിക്കുന്ന കഥകള്വേണമല്ലോ. വിനോദ വ്യവസായത്തിന്റെ തമ്പുരാക്കന്മാര്ക്കു നമ്മുടെ ചുംബനങ്ങളും ആലിംഗനങ്ങളും പിളര്വാക്കുകളും വേണം നമ്മെ നമ്മുടെ യാഥാര്‍ത്ഥ്യത്തില്‍നിന്നു പിറകോട്ടു വലിക്കാന്‍. പാടാനുള്ളത് പാടിക്കേള്‍ക്കുന്ന, ചെയ്യാനുള്ളത് കണ്ടും വായിച്ചും തൃപ്തിപ്പെടുന്ന ഒരു ജനതയായി നാം എപ്പോഴും പിറകില്‍ കിതയ്ക്കുന്നു. ദൂരദര്ശിനിപ്പെട്ടിയാണ് ഭോഗപ്പുര.
ആസാദ്
26 മാര്‍ച്ച് 2017