ശത്രുവിനോടുള്ള യുദ്ധത്തില്‍ ശത്രുവിന്റെ രീതിയും ഭാഷയും മാതൃകയാക്കിക്കൂടാ. അതേ വഴി പിന്‍പറ്റുന്നത് അപായകരമാവുമെന്ന് ആര്‍ക്കാണറിയാത്തത്?. പക്ഷെ, ഫാഷിസത്തോടു യുദ്ധം പ്രഖ്യാപിക്കുന്നവര്‍ മറന്നുപോകുന്നത് ആ പാഠമാണ്. ഫാഷിസത്തിന് സ്വന്തമായ ലക്ഷ്യവും ദര്‍ശനവും രീതിശാസ്ത്രവുമുണ്ട്. അതു സമര്‍ത്ഥമായി ഉപയോഗിക്കുന്നുമുണ്ട്. അവരോടെതിര്ക്കുന്നവര്ക്കാകട്ടെ, സ്വന്തം ഭാഷയില്ല. പ്രയോഗരീതിയുമില്ല. ശത്രുവിന്റെ രീതി അവര്‍ കടംകൊള്ളുന്നു.
ചോരക്കളിയാട്ടം നടത്തി കബന്ധങ്ങള്‍ക്കിടയിലൂടെ ഘോഷയാത്ര നടത്തുന്നവരെ ചോരകാണിച്ചു ഭയപ്പെടുത്താമെന്നു കരുതരുത്. എങ്ങാനും ചിലരെ വെട്ടിവീഴ്ത്തി ഫാഷിസത്തെ വെല്ലുവിളിച്ചേ എന്ന് അഹങ്കരിക്കുന്നതിലും എന്തു കാര്യം? മറുഭാഷയിലേ പ്രതിരോധിക്കാനാവൂ. വിപ്ലവകരമായ നവലോക ദര്‍ശനങ്ങളുടെ മനുഷ്യഭാവംകൊണ്ടേ അപമാനവികവും ഹിംസാത്മകവുമായ അധികാര രൂപങ്ങളെ തളയ്ക്കാനാവൂ. ഹിംസയില്‍ പങ്കുചേര്‍ന്നു അത് നഷ്ടപ്പെടുത്തുന്നവര്‍ ഭാവിയുടെ സാധ്യതകള്‍ അടച്ചുകളയുകയാണ്. മാനവികമായ ദര്‍ശനങ്ങളെ പാപികളുടെ രക്തംകൊണ്ടു കളങ്കിതമാക്കരുത്.
മനുഷ്യര്‍ക്ക് ആലോചിക്കാനാവുന്നതിനപ്പുറം അസംബന്ധങ്ങളും അശ്ലീലങ്ങളും നിറഞ്ഞ പ്രയോഗ വഴികളുണ്ട് ഫാഷിസത്തിന്. സംയമികളുടെ വേഷമിട്ട് ആസക്തരുടെയും തെരുവുചട്ടമ്പികളുടെയും അസഹിഷ്ണുത പ്രകടിപ്പിക്കും. മാടമ്പികളുടെ വംശമഹിമയിലേക്കും കുലാചാരങ്ങളിലേക്കും ബഹുസ്വര ജീവിതങ്ങളെ ഏകാത്മകമാക്കും. പ്രപഞ്ചം താന്‍തന്നെ എന്ന ആദ്ധ്യാത്മിക ജ്ഞാനംകൊണ്ട് സകലതിന്റെയും യുക്തി താന്‍തന്നെയെന്നു ധരിക്കും. തന്റെ പരിമിതികള്‍കൊണ്ടു ലോകത്തെ പുതപ്പിക്കും.
ജനാധിപത്യം പേരുപോലെ ജനഹിതംനിറഞ്ഞതല്ലെന്നു നാം ഞെട്ടലോടെ അറിയണം. അതിന്റെ പേരില്‍ ഊറ്റംകൊണ്ടവരും ഉമ്മാക്കി കാണിച്ചവരും അതിനാല്‍തന്നെ വേട്ടയാടപ്പെടും. ജനങ്ങള്‍ക്കും ഭരണകൂടത്തിനും ഇടയില്‍ ജനാധിപത്യ തത്വങ്ങളെ ആവിയാക്കുന്ന മാന്ത്രിക വിതാനമൊരുക്കി ജനങ്ങളെ വഞ്ചിച്ചുപോന്നവരാണ് ഇന്നത്തെ നിലയിലേക്കു കാര്യങ്ങളെത്തിച്ചത്. ഇതുവെറും മുതലാളിത്ത കവചമെന്നു കമ്യൂണിസ്റ്റുകാര്‍ നേരത്തേ പറഞ്ഞിരുന്നല്ലോ.
ഇന്ത്യന്‍ ഫാഷിസം അതിന്റെ നായകരെ തെരഞ്ഞെടുക്കുന്നത് എവിടെനിന്നാണെന്ന് എന്തിന് ഇനിയും അത്ഭുതം കൂറണം? നരേന്ദ്ര മോഡിയും അമിത്ഷായും ഏതു വഴിയാണ് ദില്ലിയിലേക്കു വന്നത്? ഗുജറാത്തനുഭങ്ങള് അത്രവേഗം മറക്കാനാവുമോ? അതിലും യോഗ്യമായ ഒന്ന് ഉത്തര്‍പ്രദേശില്‍ പ്രതീക്ഷിക്കുന്നതിന്റെ യുക്തി എന്താണ്? യോഗി ആദിത്യനാഥ് ഹിന്ദുത്വ ഫാഷിസത്തിന് ഏറ്റവും അനുരൂപന്‍തന്നെ. ഒരജണ്ടയും ഒളിച്ചുവെക്കുന്നില്ലല്ലോ. അത്രയും നന്നായി.
ഇനി പ്രതിപക്ഷ രാഷ്ട്രീയമേ പറയൂ. എന്ത് പദ്ധതിയുണ്ട് കയ്യില്‍? വരുംകാല അജണ്ടകളാണ് സംഘപരിവാരങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ടേയിരിക്കുന്നത്. വെള്ളവും വളവും നല്‍കുന്നത് അതിന്റെ സാമ്പത്തിക നടത്തിപ്പുകാരാണ്. അവരുമായി കൈകോര്‍ത്ത് ഫാഷിസത്തെ തോല്‍പ്പിക്കാമെന്ന് മനക്കോട്ട കെട്ടി പെയിന്റടിക്കുന്ന വലിയ വിഭാഗം രാഷ്ട്രീയക്കാരുണ്ട്. ഫാഷിസത്തെ നേരിടാന്‍ അതിന്റെ സാമ്പത്തിക സ്രോതസ്സുകളെയും അവയുടെ ഹീനമായ കൗശലങ്ങളെയുമാണ് ആദ്യം നേരിടേണ്ടതെന്ന സത്യം ഇനിയെങ്കിലും ഉറക്കെ പറയാനാവുമോ? ഫാഷിസ്റ്റ് ഭരണകൂടത്തിനും പ്രതിപക്ഷ രാഷ്ട്രീയത്തിനും ഒരേ കൈകളാണ് അന്നമെത്തിക്കുന്നതെങ്കില്, അര്‍ത്ഥമില്ലാത്ത ബഹളങ്ങളല്ലാതെ അര്‍ത്ഥപൂര്‍ണമായ പ്രതിരോധം ഉയരുകയില്ല.
ജനകീയ സമരങ്ങളുടെ പാത കൈവിട്ടവര്‍ക്ക് അധികാരത്തിന്റെ ശീതളഛായ മതി. അവിടെ കോര്‍പറേറ്റ് വികസനത്തിന്റെ സ്വപ്നഭൂമിയുണ്ട്. ആരെ പുറന്തള്ളിയും ഫാഷിസത്തിനു ചോറുകൊടുക്കുന്ന മുതലാളിത്തത്തെ ലാളിക്കണം. കുനിഞ്ഞു പാദങ്ങളെ നമിക്കണം. ഉച്ചഭാഷിണി കിട്ടിയാല്‍ ഫാഷിസത്തെ ഇടിവെട്ടുംപോല് എതിര്‍ക്കുകയുമാവാം. മുതലാളിത്തം തുലയട്ടെ എന്നു പതുക്കെ അമറുകയുമാവാം.
ഫാഷിസത്തിനു തെളിവുണ്ടോ എന്നു ചോദിച്ചു പണ്ഡിതന്മാര് വരും. മുതലാളിത്തത്തിനു കൊമ്പുണ്ടോ എന്നു ചോദ്യമുയരും. അവരെ വിളിച്ചിരുത്താന്‍ ആരെങ്കിലും അവശേഷിക്കുമോ എന്നു കണ്ടറിയണം.
നിന്ദ്യമാം തിന്മ ഗ്രസിച്ചിടും വാനിനെ / ചുണ്ടുകള്തോറും മരവിച്ചുപോം ചിരി /ജീവിതം വേഗമൊടുങ്ങിയിരുന്നെങ്കില് / – ഈ വിധം പ്രാര്ത്ഥിക്കുമെല്ലാ മനുഷ്യരും ( അലക്സാന്ദ്രെ ബ്ലോക്ക്)
ആസാദ്