പങ്കാളിത്ത ആസൂത്രണത്തിനു പിറകിലെ സാമ്രാജ്യത്വ ഗൂഢാലോചനയെ തുറന്നുകാട്ടിക്കൊണ്ടാണ് വി എസ് അച്യുതാനന്ദന് മാനായി വന്ന മാരീചന് എന്ന ലേഖനം 2004 ആഗസ്ത് 19ന് ദേശാഭിമാനി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചത്. നിലവിലുള്ള പ്രാതിനിധ്യ ജനാധിപത്യത്തെ നരകത്തോളം ഇടിച്ചു താഴ്ത്തുന്നതും പങ്കാളിത്ത ജനാധിപത്യത്തെ വാനോളം പുകഴ്ത്തുന്നതുമായ നാലാംലോകവാദത്തിന്റെ രാഷ്ട്രീയ വിമര്‍ശമായിരുന്നു അത്. പങ്കാളിത്ത ആസൂത്രണം, മൂന്നാംലോകരാജ്യങ്ങളുടെ ദുര്‍ബ്ബലമായ രാഷ്ട്രീയ ഘടനയെ വന്ധ്യംകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന സിപിഎമ്മിന്റെ രാഷ്ട്രീയ നിലപാട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
ഒരു വ്യാഴവട്ടത്തിനിപ്പുറം അദ്ദേഹം അംഗമായിരിക്കുന്ന നിയമസഭയില്‍ പങ്കാളിത്ത ബജറ്റ് അവതരിപ്പിക്കപ്പെട്ടപ്പോള്‍ ഇതാ മാരീചവേഷമെന്ന അരുളപ്പാടുണ്ടായില്ല. പങ്കാളിത്ത ജനാധിപത്യത്തിന് സി പി എം എതിരാണെന്നാണ് 2004ല്‍ നിലപാടു പ്രഖ്യാപിച്ചിരുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് നാലാംവാദത്തെ തള്ളുകയും എം പി പരമേശ്വരനെതിരെ നടപടി സ്വീകരിക്കുകയും ചെയ്തത്. എണ്‍പതുകളില്‍ എന്‍ജിഒ രാഷ്ട്രീയത്തിനെതിരെ പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തിലും പുതിയ ശതകത്തിന്റെ തുടക്കത്തില്‍ പങ്കാളിത്ത ആസൂത്രണത്തിനെതിരെ അച്യുതാനന്ദ ബാലാനന്ദന്മാരുടെ നേതൃത്വത്തിലും നടന്ന കാമ്പെയിനും സംവാദവും വിസ്മൃതിയിലാണ്ടിരിക്കുന്നു.
തന്നെ പുറത്താക്കിയാലും തന്റെ രാഷ്ട്രീയം സിപിഎമ്മില്‍ സജീവമായി നിലകൊള്ളുന്നുണ്ടെന്നു എം പി പരമേശ്വരന് അന്നേ പറഞ്ഞിട്ടുണ്ട്. പരമേശ്വരനെയല്ല നാലാംലോകവാദത്തെയാണ് പുറത്താക്കേണ്ടതെന്നു അന്നത്തെ സംവാദത്തില്‍ പങ്കാളികളായവര്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്തു. സിപിഎമ്മിനെ ഒരു കൈകൊണ്ട് പ്രഹരിക്കുകയും മറുകൈകൊണ്ട് തലോടുകയും ചെയ്യുന്ന വാത്സല്യോദാരതയായി നാലാംലോക സംഘങ്ങഘള്ക്കേ ഇന്നോളം അനുഭവപ്പെട്ടുകാണുള്ളു. സോഷ്യലിസ്റ്റ് വിപ്ലവം നടക്കാനിടയില്ലാത്ത മൗഢ്യമാണെന്ന് നിശ്ചയിച്ചവര്‍ വേറെയില്ല. പാര്‍ട്ടിക്ക് അതൊരു ആശയനിക്ഷേപം മാത്രമാണ്. സമത്വമെന്ന കൊതിപ്പിക്കുന്ന വാഗ്ദാനം.
എന്തിനാണ് സിപിഎം പങ്കാളിത്ത ജനാധിപത്യത്തെയും പങ്കാളിത്ത ആസൂത്രണത്തെയും തള്ളിപ്പറഞ്ഞത്? ഇപ്പോഴും ആ നിലപാടില്‍ അവര്‍ തുടരുന്നുണ്ടോ? ജനങ്ങളുടെ പങ്കാളിത്തവും പങ്കാളിത്ത ജനാധിപത്യവും രണ്ടാണെന്ന നിലപാടില്‍ ഏതുതരത്തിലുള്ള വ്യത്യാസമാണ് അവര്‍ വരുത്തിയത്? പ്രത്യയശാസ്ത്ര നിലപാടു പറയേണ്ടിവരുമ്പോള്‍, സോഷ്യലിസ്റ്റ് വിപ്ലവമേ ബദലുള്ളുവെന്നും അതു വര്‍ഗസമരത്തിലൂടെ നേടേണ്ടതാണെന്നും പാര്‍ട്ടി കോണ്‍ഗ്രസ്സുകളിലും രേഖകളിലും വിശദീകരിക്കുന്ന ഒരു പ്രസ്ഥാനത്തിന് പങ്കാളിത്ത ജനാധിപത്യമാണ് ബദലെന്നും അതു വര്ഗസമവായത്തിലൂടെ നേടേണ്ടതാണെന്നും ഭരണമുള്ള സംസ്ഥാനങ്ങളില്‍ വേറിട്ട നിലപാടു കൈക്കൊള്ളേണ്ടിവരുന്നുണ്ടോ? അത്തരമൊരു നിലപാടിന്റെ പ്രത്യക്ഷ രേഖയല്ലേ ഇത്തവണ അവതരിപ്പിച്ച പങ്കാളിത്ത ബജറ്റ്?
പങ്കാളിത്ത പ്രവൃത്തിശാലകള് എന്ന വിഖ്യാതമായ പുസ്തകമെഴുതിയ റോബര്‍ട്ട് ചേമ്പേഴ്സ് 2009 നവംബറില്‍ കേരളത്തില്‍ വന്നിരുന്നു. തൃശൂര്‍ കിലയില്‍ നടന്ന പങ്കാളിത്ത വികസനം സംബന്ധിച്ച അന്താരാഷ്ട്ര ശില്‍പ്പശാലയില്‍ റിസോഴ്സ് പേഴ്സനായിട്ടായിരുന്നു വരവ്. രാജ്യത്തെ പൗരന്മാര്ക്ക് വികസനം സംബന്ധിച്ച അവരുടെ ആവശ്യകതകളും മുന്‍ഗണനാക്രമങ്ങളും നിര്‍ദ്ദേശിക്കാനും അതിനു വേണ്ട തുക നീക്കിവെപ്പിക്കാനും കഴിയണമെങ്കില്‍ പങ്കാളിത്ത ബജറ്റാവേണ്ടതുണ്ടെന്ന് അദ്ദേഹം പഠിപ്പിച്ചു.. ബ്രസീലിലെയും റുവാണ്ടയിലെയും വിജയകരമായ അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടി. പൗലോ ഫ്രയര്‍ നിരീക്ഷിച്ചതുപോലെ പാവപ്പെട്ടവരും ചൂഷണംചെയ്യപ്പെടുന്നവരുമായ ജനതയ്ക്ക് അവരുടെ യാഥാര്‍ത്ഥ്യം തിരിച്ചറിയാനുള്ള പ്രാപ്തിയുണ്ടാകാന് പങ്കാളിത്ത ബജറ്റു തുണയ്ക്കുമെന്നും ചേമ്പര്‍ അവകാശപ്പെട്ടു.
റോബര്‍ട് ചേമ്പേഴ്സിനെ കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന് പരിപാടിയിലേക്കും തിരുവനന്തപുരത്ത് കുടുംബശ്രീ പരിപാടിയിലേക്കും എത്തിച്ചത് പങ്കാളിത്ത ജനാധിപത്യത്തെയും അതിന്റെ ഭാഗമായ പങ്കാളിത്ത വികസനത്തെയും സ്വാഗതംചെയ്യുന്നതിന്റെ ഭാഗമായാണ്. ആഗോളവത്ക്കരണത്തിന്റെ കാല്‍നൂറ്റാണ്ടു കാലത്തിനിടയില്‍ ഇത്തരത്തിലുള്ള ഒട്ടേറെ ഉപദേഷ്ടാക്കളെ സിപിഎം വിളിച്ചു വരുത്തിയിട്ടുണ്ട്. പക്ഷെ, പങ്കാളിത്ത ജനാധിപത്യമെന്നോ പങ്കാളിത്ത വികസനമെന്നോ അതിന്റെ ശരിയായ പേരില്‍ ഉച്ചരിക്കാന്‍ നേതൃത്വം മടിച്ചു നില്ക്കുന്നു. രണ്ടുതോണിയില്‍ കാലുവെച്ചായിരുന്നു ആദ്യമെല്ലാം യാത്ര. ഇപ്പോഴത് സോഷ്യലിസ്റ്റു ബദലിന്റെ തോണിയുപേക്ഷിച്ചു പങ്കാളിത്ത ജനാധിപത്യമെന്ന മുതലാളിത്ത പരീക്ഷണത്തിന്റെ തോണിയിലേക്കു മാത്രമായി മാറ്റിയിരിക്കുന്നു. പക്ഷെ, ഒരു മറയ്ക്കകത്തേ അവര്‍ക്കതു ചെയ്യാനാവുന്നുള്ളു. പങ്കാളിത്ത ബജറ്റെന്ന പരീക്ഷണത്തെ മറച്ചുപിടിക്കാന്‍ കിഫ്ബി എന്ന മാന്ത്രിക പദത്തിനാവുമെന്നാണ് കണക്കുകൂട്ടല്‍.
യഥാര്‍ത്ഥത്തില്‍ ജനങ്ങളുടെ പങ്കാളിത്തമാണ് ജനാധിപത്യ ഗവണ്മെന്റിന്റെ മുന്‍കൈ എന്ന ആശയംതന്നെ. ഓരോരുത്തരുടെയും അദ്ധ്വാനം രാഷ്ട്ര നിര്‍മ്മാണത്തിലുള്ള പങ്കാളിത്തമാണ്. അവയെ അര്‍ത്ഥപൂര്‍ണമായി കൂട്ടിയോജിപ്പിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യാനാണ് ഭരണസംവിധാനങ്ങള്‍ ശ്രമിക്കേണ്ടത്. അദ്ധ്വാനത്തിനു മതിയായ കൂലി ലഭിക്കാത്തവരെയും അസംഘടിതരായി തുടരുന്ന വിഭാഗങ്ങളെയും അമിതാദ്ധ്വാനത്തിലേക്കും, മുകള്‍ത്തട്ട്-ഇടത്തട്ടു ചൂഷക വിഭാഗങ്ങളെ കൂടുതല്‍ ചൂഷണ സാധ്യതകളിലേക്കും നയിക്കുന്ന പരിഷ്ക്കാരമാവരുത് വികസനം. അതിനിടാവുന്ന ഏറ്റവും നല്ല ബ്രാന്റ് നാമമായി പങ്കാളിത്ത വികസനത്തെ അവതരിപ്പിക്കേണ്ടതില്ല.
സ്വകാര്യ മൂലധനശക്തികളുടെ പങ്കെന്താവണം രാജ്യത്തിന്റെ പുരോഗതിയില്‍ എന്നത് കഴിഞ്ഞ ഒരു നൂറ്റാണ്ടു മുഴുവന്‍ നാം ചര്‍ച്ച ചെയ്തതാണ്. പൊതുമേഖലയ്ക്കു മേല്‍ക്കൈയുള്ള ഒരു പാറ്റേണ്‍ ആണ് നാം അംഗീകരിച്ചത്. ആഗോളവത്ക്കരണത്തിന്റെ പേരിലുള്ള ഘടനാപരമായ പരിഷ്ക്കാരങ്ങള്‍ അതാകെ കീഴ്മേല്‍ മറിച്ചു. ജനാധിപത്യ ഗവണ്മെന്റുകള്ക്കു പൊതുവിഭവങ്ങള്കൊണ്ട് ആസൂത്രണം ചെയ്യാവുന്നതിനപ്പുറമുള്ള മുതലാളിത്ത മത്സരലോകത്തേക്കു വാതിലുകള്‍ തുറന്നു. സ്വകാര്യ മൂലധനശക്തിയുടെ ഇരമ്പിക്കയറ്റത്തെ ലഘൂകരിക്കുന്നതിനോ പ്രതിരോധിക്കുന്നതിനോ എന്ന മട്ടിലാണ് പങ്കാളിത്ത പരീക്ഷണം അവതരിപ്പിക്കപ്പെടുന്നത്. അതുപക്ഷെ, മനുഷ്യമൂലധനംകൂടി പൂര്‍ണമായും ഒരെതിര്‍പ്പുമില്ലാതെ മൂലധനകോയ്മക്കു അടിയറ വെക്കുന്നതിലേക്കാണ് ഇപ്പോള്‍ എത്തിച്ചിരിക്കുന്നത്.
നവമുതലാളിത്തത്തിന്റെ മനുഷ്യമുഖമുള്ള അനുബന്ധം എന്ന രീതിയിലാണ് പങ്കാളിത്ത വികസന അജണ്ട പ്രവര്‍ത്തിക്കുന്നത്. അത് ജനങ്ങളുടെ അധികാരത്തിലുള്ള പങ്കാളിത്തമെന്നു തെറ്റിദ്ധരിപ്പിക്കപ്പെടുന്നു. ജനങ്ങള്‍ക്ക് അധികാരമുണ്ടായിരുന്നുവെങ്കില്‍ ജനകീയാസൂത്രണം നടത്തിയ ഗവണ്മെന്റെങ്കിലും തങ്ങളുടെ പ്രദേശത്ത് ആപല്‍ക്കരമായ മലിനീകരണ ഫാക്ടറികളോ ക്വാറികളോ വരുന്നതിനെയും വന്‍തോതില്‍ ഭൂമി കയ്യേറുന്നതിനെയും നീതിരഹിതമായി കുടിയൊഴിപ്പിക്കുന്നതിനെയും തടയാനുള്ള അവകാശം ജനങ്ങള്‍ക്കു നല്‍കുമായിരുന്നു. ജീവിക്കാനുള്ള അവകാശം തട്ടിയെടുക്കപ്പെടുമ്പോള്‍ ആ വികസനം ജനസമ്മതമുള്ള പങ്കാളിത്ത വികസനമെന്ന ലേബലൊട്ടിച്ചാവരുതെന്നു ജനങ്ങള്‍ക്കു നിര്‍ബന്ധമുണ്ടാവണം. കോര്‍പറേറ്റ് ചൂഷണമെന്ന ബാഹ്യാതിക്രമങ്ങള്ക്കൊപ്പം ഇടത്തട്ടു ധനികരുടെ ആഭ്യന്തരചൂഷണത്തെയും കുറെകൂടി സ്വാഭാവികവും തീവ്രവുമാക്കാനേ ഇപ്പോഴത്തെ നീക്കം ഉപകരിക്കൂ.
ഭരണമുള്ള സംസ്ഥാനങ്ങളില്‍ സിപിഎം നേതൃത്വത്തിലുള്ള ഇടതുപക്ഷം സ്വീകരിക്കുന്ന ഈ പോസ്റ്റ് മാര്‍ക്സിസ്റ്റ് നിലപാടുകളാണ് ഇടതുപക്ഷത്തെ പൊതുവില്‍ത്തന്നെ ദുര്‍ബ്ബലമാക്കുന്ന അവസ്ഥയിലെത്തിച്ചത്. വേറിട്ടൊരു നയമോ പദ്ധതിയോ പാര്‍ട്ടി വിശദീകരണങ്ങളിലല്ലാതെ ജനങ്ങളുടെ അനുഭവങ്ങളില്‍ കുറെകാലമായി കാണുന്നില്ല. അതുകൊണ്ടാവണം,പതിനഞ്ചു സീറ്റുവരെ നേടിയിരുന്ന പഞ്ചാബിലും പതിനെട്ടു സീറ്റോളം നേടിയിരുന്ന ഉത്തര്‍പ്രദേശിലും ഇടതുപക്ഷം ഇത്തവണ നിയമസഭ കണ്ടില്ല. ജീവിതം ദുസ്സഹമാകുന്ന കാലത്ത് ജനങ്ങള്‍ക്കു മുന്നില്‍ പരിഷ്ക്കരണ അജണ്ടകള്‍ ഒളിച്ചുകടത്താനുള്ള ശ്രമം ഇടതുപക്ഷം ഉപേക്ഷിക്കണം.
ആസാദ്
12 മാര്‍ച്ച് 2017
ഓരം