Article POLITICS

കൊച്ചിയില്‍ ലിംഗവെറിയുടെ ചൂരല്‍വൈകൃതങ്ങള്‍

 

sivasena


മുംബൈയില്‍ നടക്കും മംഗലാപുരത്തു നടക്കും കേരളത്തില്‍ സാധ്യമല്ല എന്നു ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനുനേരെ അലറിവിളിച്ചു കേരളത്തിന്റെ സംരക്ഷണമേറ്റ പ്രതാപികളുടെ വംശമെവിടെ? ഇവിടെ നടക്കില്ലെന്നു നാം കരുതിയ തിന്മകളോരോന്നും അതിവേഗം കടന്നെത്തുകയാണ്. വിശുദ്ധമോ കളങ്കരഹിതമോ ആയ മനുഷ്യാനുഭവങ്ങളില്ലെന്നു വരുമോ? ആണുങ്ങളെല്ലാം കത്തിമുനകളിലും പെണ്ണുങ്ങളെല്ലാം ലിംഗമുനകളിലും കോര്‍ക്കപ്പെടുന്ന ഹിംസനിറഞ്ഞ ജനാധിപത്യക്രമം നമ്മുടെ ശീലമായിരുന്നില്ല. ഇവിടെയൊരു സുരക്ഷാവലയമുണ്ട് ഒറ്റപ്പെട്ടവരെയും ഒന്നിച്ചുള്ളവരെയും അതു കാത്തുകൊള്ളും എന്നാണു നാം ധരിച്ചുപോന്നത്.

എല്ലാം വെറുതെയാണ്. പെണ്ണുടലുകള്‍ പൊട്ടിച്ചിതറാത്ത ദിവസമില്ല. പുരുഷവേഷങ്ങള്‍ കൊമ്പു കോര്‍ക്കാത്ത നേരമില്ല. ആശ്ലേഷിക്കാനുള്ള നൂറുകാരണങ്ങളും അദമ്യമായ കൊതിയുമിരിക്കെ അറിയാത്ത ഏതോ ഒറ്റക്കാരണത്തില്‍ എല്ലാം തകിടംമറിയുന്നു. ആലിംഗനമോ ചുംബനമോ അരുത്. അറുത്തുകളയാം. കുത്തിക്കീറാം. ചോരയിലും നിലവിളിയിലും രതിമൂര്‍ഛയാവാം. തടയാനാരുമില്ല. ചൂരലുമായി ഒരു സൈന്യവുമെത്തില്ല. ഹിംസ ഉത്സവമാണ്. ശൂലമാഴ്ത്തല്‍ അനുഷ്ഠാനവും.

ഇന്നുനാം കൊച്ചിയിലെ മറൈന്‍ഡ്രൈവില്‍ സദാചാരച്ചൂരലുമായി വേട്ടയ്ക്കിറങ്ങിയ ശിവസേനാ ഗുണ്ടളെ കണ്ടു. കോഴിക്കോട്ടെ ഹനുമാന്‍സേനയുടെ കൊച്ചിപ്പതിപ്പ്. സഹജീവികളെ ലിംഗങ്ങളെന്നു നിനച്ചു അടിച്ചോടിക്കുന്ന മനോവൈകൃതം. തങ്ങളാഗ്രഹിക്കുന്നതുപോലെയല്ലാത്ത ലോകത്തെ ആഗ്രഹിക്കുന്നതുപോലെയുള്ള ഗൂഢരതിയിലേക്കു പരിവര്‍ത്തനപ്പെടുത്തുന്ന ശിവസേനാരസവാദം. പ്രണയവെറിയുടെ ചൂരല്‍ രസതന്ത്രം.

അധികരിക്കുന്ന ആയുധരതിയുടെ കത്തിയായും ലിംഗമായും മാറുന്ന ചൂരലവതാരങ്ങള്‍ കേരളത്തിലെ തെരുവുകളില്‍ സജീവമായിരിക്കുന്നു. ജനാധിപത്യ സംവിധാനങ്ങളുടെ പെരുമകാക്കുന്ന കാവല്‍ സംഘങ്ങള്‍ ബലാല്‍ക്കാരങ്ങളുടെ കാഴ്ച്ചക്കാരായി കയ്യടിക്കുകയാണ്. അശ്ലീലമെന്നത് അണിഞ്ഞ വേഷമാണോ അകത്തെ നിര്‍വൃതിയാണോ എന്നറിയാത്ത പകപ്പിലാവണം അവര്‍. ഗുണ്ടകളും പൊലീസും ഒന്നാവുന്ന, നന്മതിന്മകള്‍ വേര്‍തിരിക്കാനാവാത്ത അവിശുദ്ധവേഴ്ച്ചകളുടെ നേരം പിറന്നിരിക്കുന്നു.

ജനാധിപത്യത്തെ ഇത്തരമൊരു ജീര്‍ണസന്ധിയിലേക്കു നയിച്ചത് ആരാണ്? കള്ളന്മാരും കൊള്ളക്കാരും കൊലപാതകികളും ബലാല്‍ക്കാരവീരരും അഴിമതിക്കാരും നിറഞ്ഞ ലോകമായി രാജ്യത്തെ മാറ്റിയത് ആരാണ്? സകലമൂല്യങ്ങളും അധികാരത്തിനുവേണ്ടി കയ്യൊഴിയുകയും കൂടുതല്‍മെച്ചപ്പെട്ട നാളെയെന്ന സ്വപ്നം തച്ചുടയ്ക്കുകയും ചെയ്തവരല്ലാതെ കുറ്റവാളികള്‍ മറ്റാര്? താല്‍ക്കാലികമായ ആസക്തികള്‍ക്ക് വരുംകാലങ്ങളെ ബലിനല്‍കിയവര്‍ രാജ്യത്തെ എങ്ങോട്ടു നയിക്കാനാണ്?

ആയുധങ്ങളുടെ ഭാഷ, ആയുധങ്ങളുടെ യുക്തി, ആയുധങ്ങളുടെ മാത്രമായ ഘോഷയാത്രകള്‍. ഞാന്‍തന്നെ സത്യവും യുക്തിയും വഴിയും ലക്ഷ്യവും. അപരരൊക്കെയും ശത്രുരാജ്യം. അവര്‍ക്കു വേറെ കൊടി. ഭാഷയും വേഷവും ഭക്ഷണവും വേറെ. അറിയാവുന്ന ഏകപൊതുഭാഷ ആയുധങ്ങളുടേത്. അതുകൊണ്ട് ആ ഭാഷയില്‍ നിരന്തരം സ്‌നേഹിക്കുന്നു. കലഹിക്കുന്നു. സ്‌നേഹമൂര്‍ഛയില്‍ ചോരചീറ്റുന്നു.

അവര്‍ക്കു പേരെന്തുമാവട്ടെ. അതാണിപ്പോള്‍ നാം കേരളീയര്‍. മികച്ച ശബ്ദത്തില്‍ സമാധാനത്തോടെ നാം ഉരിയാടുന്നത് അകത്ത് ആയുധമണയ്ക്കുന്ന അശ്ലീലമായ ഒരീണത്തിലാണ്. ചാനല്‍ ചര്‍ച്ചകളില്‍ ജനാധിപത്യവാദികളുടെ സംവാദങ്ങളില്‍ അവ മാറ്റുരയ്ക്കാറുണ്ട്. അപ്പോഴൊക്കെ, ബലാല്‍ക്കാരവും ഹിംസയും പൊടിഞ്ഞു പെരുകുന്നതെവിടെനിന്ന് എന്നു നാം നടുങ്ങിപ്പോയിട്ടുമില്ലേ? മനുഷ്യരുടെ ഭാഷയും യോജിപ്പിലും വിയോജിപ്പിലും കാത്തുപോന്ന കരുണയും പരിഗണനയും- എല്ലാം എവിടെയാണു മറഞ്ഞത്?

ഒരു നൂറ്റാണ്ടിന്റെയെങ്കിലും അനുഭവങ്ങളിലൂടെ ഒന്നോടിച്ചുപോകണം. എന്താണ് എവിടെയാണു പിണഞ്ഞതെന്നു കണ്ടെത്തണം. കയ്യൊഴിഞ്ഞ ദര്‍ശനങ്ങളിലും പദ്ധതികളിലും കാലാഹരണപ്പെടാത്ത എന്തെങ്കിലും കാണുമോ? പുതുക്കി എടുക്കാവുന്നതോ പൊളിച്ചെഴുതാവുന്നതോ എന്തെങ്കിലും? ഇല്ലെങ്കില്‍ നാമെങ്ങനെ ഈ ദുരിതകാലത്തിനപ്പുറം കടക്കും? ഈ അധോമുഖവാമനരുടെ അനുഗ്രഹം നമ്മെ ഏതു പാതാളത്തിലേക്കാണു കൊണ്ടുപോകുന്നതെന്നു ഒന്നുഞെട്ടുകയെങ്കിലും വേണ്ടേ ചങ്ങാതീ?

ആസാദ്
8 മാര്‍ച്ച് 2017

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )