അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ പ്രഖ്യാപനമായി ഐക്യരാഷ്ട്രസഭ ഒരജണ്ട മുന്നോട്ടുവച്ചിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും സ്വതന്ത്രവും ആരോഗ്യകരവുമായി ജീവിക്കാനാവശ്യമായ പരിസരവും സാഹചര്യവും സൃഷ്ടിക്കപ്പെടണം. സ്ത്രീകള്‍ക്കെതിരെ ഏതെങ്കിലും വിധത്തിലുള്ള വിവേചനമോ അതിക്രമമോ നിലനിന്നുകൂടാ. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും പുരോഗതിക്കും ഉജ്വല സംഭാവനകള്‍ നല്കിയ സ്ത്രീശക്തിയുടെ ആഹ്വാനവും ഉത്സവവും വീണ്ടുമുയരണം. ലിംഗപരമായ തുല്യതക്കും സ്ത്രീശാക്തീകരണത്തിനും ഊന്നല്‍ നല്കുന്ന മുദ്രാവാക്യങ്ങള്‍ മുഴങ്ങട്ടെ.
1917 മാര്‍ച്ച് 8ന് തൊഴിലെടുക്കുന്ന സ്തീകള്‍ പെട്രോഗാര്ഡിലാരംഭിച്ച പ്രക്ഷോഭജാഥയാണ് സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ തുടക്കം കുറിച്ചതെന്നു നമുക്കിപ്പോഴും ഉറക്കെ പറയാം. പക്ഷെ, ആവേശംകൊള്ളാനാവില്ല.. കേരളത്തെയാകെ പെണ്‍കുട്ടികളുടെയും അമ്മമാരുടെയും രക്തവും നിലവിളിയും കൂടിക്കുഴയുന്ന ഒരിരുട്ടു മൂടുകയാണ്. ജനാധിപത്യം പക്വമാവുന്നുവെന്നും വിദ്യാഭ്യാസവും ആരോഗ്യവും സാങ്കേതികവിദ്യാ വികാസവും നമ്മെ ലോകത്തിന്റെ ഉച്ചിയിലേക്കുയര്ത്തുന്നുവെന്നും എത്ര ഉച്ചത്തിലാണ് നാം വീരവാദങ്ങള്‍ മെനഞ്ഞിരുന്നത്? പെണ്‍കുട്ടികളുടെ പിടച്ചിലുകളും പൊട്ടിക്കീറുന്ന നിലവിളികളും മാധ്യമങ്ങളെ പിളര്‍ന്നു പ്രവഹിക്കുകയാണ്.
ഒമ്പതാംക്ലാസുകാരി ബലാല്സംഗത്തിനുവിധേയമായി പ്രസവിച്ചത് ഒരു വൈദികന്റെ കുട്ടിയെയാണെന്നത് മധ്യവര്‍ഗ പൊങ്ങച്ചങ്ങളുടെ സകല തെഴുപ്പുകളെയും കരിച്ചുകളയുന്നു. വേട്ടക്കാരെ തുണയ്ക്കാന്‍ മാലാഖമാരും ദൈവദൂതരും മാത്രമല്ല ജനാധിപത്യ ഭരണകൂടത്തിന്റെ നിയമനടത്തിപ്പുകാരും കൂട്ടുനിന്നു എന്നത് നമ്മുടെ ശിരസ്സ് എന്നേയ്ക്കുമായി കുനിപ്പിച്ചുകളയാന് പര്യാപ്തമാണ്. ജില്ലാ ശിശുക്ഷേമ സമിതിക്കാരും പൊലീസുകാരും വയനാട്ടിലെ ആദിവാസികള്‍ക്കിടയിലെ വിവാഹരീതികളെ പോസ്ക്കോ നിയമത്തിന്റെ പരിധിയില്‍കൊണ്ടുവരാന്‍ അത്യുത്സാഹം കാണിച്ചവരാണ്. നിസ്വരും ദരിദ്രരുമായ ആദിവാസിയുവാക്കളെ തടവറയിലാക്കി അവരുടെ കുടുംബങ്ങളെ അരക്ഷിതമാക്കാന്‍ കാണിച്ച ധൃതി കൊട്ടിയൂരിലെ വിഷയത്തിലുണ്ടായില്ല. കൊട്ടിയൂരിലെ പാപത്തിന് രഹസ്യപരിഹാരം വയനാട്ടിലാവാമെന്ന്് അനുഗ്രഹം ചൊരിയുകയായിരുന്നു അവര്‍.
ഈ നീചമായ വേട്ടയുടെ ഞെട്ടല്‍ മാറുംമുമ്പ് ഏഴു വിദ്യാര്‍ത്ഥിനികള്‍ ബലാല്‍ക്കാരത്തിനിരയായ വാര്‍ത്ത വയനാട്ടില്‍നിന്നും വന്നു. ഒരു ഓര്‍ഫനേജ് സ്കൂളിലെ കുട്ടികളായിരുന്നു അവര്‍.സമീപവാസികളായ ചിലര്‍ തുടര്‍ച്ചയായി ഇവരെ അക്രമിച്ചുപോന്നു. വാളയാറിലാകട്ടെ, രണ്ടുമാസത്തിനകമാണ് പതിമൂന്നും ഒമ്പതും വയസ്സുള്ള രണ്ടു സഹോദരിമാര്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ടത്. നാലാംക്ലാസില്‍ പഠിക്കുന്ന കൊച്ചുകുട്ടിയുടെ മരണം ഇക്കഴിഞ്ഞ ദിവസമായിരുന്നു. രണ്ടു കുട്ടികളും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നു പൊലീസ് പറയുന്നു. മൂത്തകുട്ടി തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു ആറേഴാഴ്ച്ചകള് കഴിഞ്ഞിട്ടും പൊലീസ് നിഷ്ക്രിയരായി തുടരുകയാണ്. പോസ്ക്കോ പോലെയുള്ള ശക്തമായ നിയമങ്ങളുണ്ടായിട്ടും അതിന്റെ ചട്ടങ്ങളനുസരിച്ചു നടപടിയെടുക്കാന്‍ അധികൃതര്‍ക്കു മനസ്സുവരുന്നില്ല.
വിദ്യാലയങ്ങളിലും കോളേജുകളിലും പെണ്‍കുട്ടികള്‍ മുമ്പില്ലാത്തവിധം കനത്ത വിവേചനത്തിനും അതിക്രമത്തിനും വിധേയമാകുന്നു. യൂനിവേഴ്സിറ്റി കോളേജിലും മറ്റും നടന്ന സംഭവങ്ങള്‍ ഇവിടെ ആവര്ത്തിച്ചെഴുതേണ്ടതില്ല. അതേസമയം, ലജ്ജിച്ചു ഒഴിഞ്ഞുപോകാന്‍ പഴയ നാണംകുണുങ്ങി പെണ്‍കുട്ടികളല്ല തങ്ങളെന്നു നിവര്‍ന്നുനിന്നു പ്രഖ്യാപിക്കാന്‍ പുതിയ പെണ്‍കുട്ടികള്‍ കരുത്തരാകുന്നു എന്നത് ആവേശകരമാണ്. അവരെ അഭിവാദ്യം ചെയ്യേണ്ടതുണ്ട്.
പക്ഷെ, നീതിയെവിടെയെന്ന് ജിഷയും സൗമ്യയും അനഘയും വിതുരയും സൂര്യനെല്ലിയും രജനിയും ഇനിയും നാമൊന്നും ഓര്‍ത്തുവെക്കാത്ത, ചിലപ്പോള്‍ അറിഞ്ഞിട്ടേയില്ലാത്ത അനേകരും അലറിവിളിച്ചോടുന്ന അശാന്തമായ മണ്ണും ആകാശവുമാണ് നമുക്കുള്ളത്. അന്താരാഷ്ട്ര പെണ്ദിവസത്തിന് ഇവിടെ പെണ്ണുത്സവങ്ങളുടെ തിമര്പ്പുകളോ ആരവങ്ങളോ ഉയരുന്നതെങ്ങനെ? കൊച്ചുപെണ്‍കുട്ടികളുടെ ചോരയില്‍ കുതിര്‍ന്ന വഴികളിലൂടെ ശബ്ദായമാനമായ മൗനജാഥകളായിത്തീരുന്നുണ്ട് തീര്പ്പുള്ള കാല്‍വെപ്പോടെ മുന്നേറുന്ന ഓരോരുത്തരും.
സ്വയംവിചാരണയിലൂടെ കടന്നുപോകേണ്ടതുണ്ട് ഓരോ മലയാളിയും. പരിഷ്കൃതമായ സാമൂഹ്യ വ്യവഹാരങ്ങളുടെയും ജനാധിപത്യാവകാശങ്ങളുടെയും മേനിപറച്ചിലുകളില്നിന്നു യാഥാര്‍ത്ഥ്യത്തിലേക്കു തിരിഞ്ഞേപറ്റൂ. വലിയ വികസനങ്ങളുടെ വായ്ത്താരികളല്ല, ഏകാന്തവും നിരാലംബവുമായ ജീവിതങ്ങളുടെ സുരക്ഷയും അതിജീവനവുമാണ് അടിയന്തിര ശ്രദ്ധനേടേണ്ടത്. വാര്‍ത്തകളില്‍ നിറയുന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമല്ല ഒച്ചപൊങ്ങാതെ ഞെരിച്ചമര്‍ത്തപ്പെട്ട അനേകരുടെ സഹനവും രക്തസാക്ഷിത്വവും ഈ ദിവസത്തിന്റെ ഓര്‍മ്മകളെ പൊതിയുന്നുണ്ട്. മാനവികമൂല്യങ്ങളെ മുഴുവന്‍ താല്ക്കാലികമായ താല്‍പ്പര്യങ്ങള്‍ക്കു ബലിനല്കുന്ന അധികാരത്തിന്റെ സൂക്ഷ്മവും സ്ഥൂലവുമായ വ്യവഹാരങ്ങളാണ് നമ്മെ ഇങ്ങനെ ദുരിതത്തിലേക്കും നിസ്സഹായതയിലേക്കും പരുവപ്പെടുത്തുന്നത്. പ്രതിരോധത്തിന്റെ രാഷ്ട്രീയംകൊണ്ടേ സ്ത്രീകളുടെ സഹനങ്ങള്‍ക്ക് അറുതിയുണ്ടാവൂ. ചോരപൊടിയുമെങ്കിലും അറുത്തുമാറ്റേണ്ട അര്ബ്ബുധപ്പൊടിപ്പുകളെ നിഷ്ക്കരുണം മുറിച്ചു കളയണം. പെണ്ണുശിരിന്റെ മുന്നില്‍ വിനീതമാവട്ടെ ജനാധിപത്യജീവിതം.
ആസാദ്
8 മാര്‍ച്ച് 2017