Article POLITICS

വിഭവങ്ങളില്ലാതെ വിരുന്നൊരുക്കുന്ന ഇന്ദ്രജാലം

 

tm


സംസ്ഥാന ബജറ്റിലെ നിര്‍ദ്ദേശങ്ങളെക്കുറിച്ചല്ല, അതു ചോര്‍ന്നുവോ എന്നതു സംബന്ധിച്ചാണ് പ്രതിപക്ഷം ഏറെ കോലാഹലങ്ങളുണ്ടാക്കുന്നത്. ഉള്ളടക്കം വിമര്‍ശവിധേയമാക്കാനുള്ള കോപ്പോ അവകാശമോ പ്രതിപക്ഷത്തിനില്ല. ഒരേ വഴിയിലുള്ള എന്നാല്‍ സൂക്ഷ്മങ്ങളില്‍ ചില സമീപനഭേദങ്ങളുള്ള സാമ്പത്തികാസൂത്രണങ്ങളാണ് സമീപകാലത്തു നാം കണ്ടുപോന്നിട്ടുള്ളത്. നവലിബറല്‍ പരിഷ്‌ക്കാരങ്ങള്‍ക്കു വഴങ്ങിയുള്ള ബജറ്റുകളില്‍ ഏതാണു കൂടുതല്‍ മികച്ചതെന്നു മാത്രമേ അവര്‍ക്കു ചിന്തിക്കാനാവൂ. വിഭവങ്ങളില്ലാതെ വിരുന്നൊരുക്കാനുള്ള ഡോ. തോമസ് ഐസക്കിന്റെ മാന്ത്രിക വൈദഗ്ദ്ധ്യം വലതുപക്ഷ സാമ്പത്തിക വിദഗ്ദ്ധരെയും രാഷ്ട്രീയ നേതാക്കളെയും അമ്പരപ്പിക്കുന്നതാണ്. ്.അതുകൊണ്ട് പ്രതിപക്ഷം വലിയ വിമര്‍ശമൊന്നും കൊണ്ടുവരികയില്ല. പാത്രത്തില്‍ കൊട്ടി ബഹളമുണ്ടാക്കുകയേയുള്ളു.

അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളിലുണ്ടായ തീവ്രവലതു രാഷ്ട്രീയ മുന്നേറ്റങ്ങളുടെയും കൂടുതല്‍ അക്രാമകമായ മുതലാളിത്തോത്സാഹങ്ങളുടെയും ഇന്ത്യയിലെ നോട്ടുപിന്‍വലിക്കല്‍ സൃഷ്ടിച്ച സാമ്പത്തികമായ അശാന്തിയുടെയും അന്തരീക്ഷത്തിലാണ് ഇത്തവണ ബജറ്റവതരണമുണ്ടാകുന്നത്. ഇടതുപക്ഷത്തിന്റെ സ്വതസിദ്ധമായ ക്ഷേമകാരുണ്യങ്ങള്‍ക്കു പതിവിലേറെ തിളക്കമുണ്ടാവുക സ്വാഭാവികമാണ്. ഇല്ലാത്ത വിഭവങ്ങള്‍കൂടി വിളമ്പിക്കളയാമെന്ന ഐസക്കിന്റെ ധീരതയിലാണ് ബജറ്റിന്റെ തിളക്കമേറെയും.

കടംകൊണ്ടു വീര്‍പ്പുമുട്ടുന്ന ഒരു സംസ്ഥാനത്തു സഹസ്രകോടികള്‍ വാരിവിതറുന്നത് വിസ്മയകരമായ കാഴ്ച്ചയാണ്. പശ്ചാത്തല സൗകര്യ വികസനത്തിന് 25000കോടി രൂപ നീക്കിവച്ചിട്ടുണ്ട്. പൊതുജനാരോഗ്യം, പൊതു വിദ്യാഭ്യാസം, സ്ത്രീ സുരക്ഷ, കുടിവെള്ള വിതരണം, ക്ഷേമ പെന്‍ഷനുകള്‍ എന്നുതുടങ്ങി പാവപ്പെട്ട ഇരുപതു ലക്ഷം കുടുംബത്തിനു സൗജന്യ ഇന്റര്‍നെറ്റുലഭ്യതവരെ പരിഗണിക്കപ്പെട്ടിട്ടുണ്ട്. ഇതിനെല്ലാമുള്ള പണം കണ്ടെത്തേണ്ടത് ബജറ്റിനു പുറത്ത് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വസ്റ്റ്‌മെന്റ് ബോര്‍ഡ്(കിസ്ബി) വഴിയാണ്. ഉദ്ദേശിച്ച 25000കോടിരൂപ കടപ്പത്രങ്ങളിലൂടെയുംമറ്റുമായി സ്വരൂപിക്കേണ്ടത് നമ്മുടെ ഭരണനടത്തിപ്പു സംവിധാനങ്ങള്‍ ഉപയോഗിച്ചുമാണ്. അവയുടെ കാര്യക്ഷമത എല്ലാവര്‍ക്കും അറിയുന്നതാണല്ലോ. നിയമാനുസൃതം പിരിച്ചെടുക്കേണ്ട നികുതികള്‍ യഥാസമയം സംഭരിക്കാനാവുന്നില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കിഫ്ബിയില്‍ ലക്ഷ്യമിട്ടിരുന്ന തുകയുടെ പകുതിപോലും സമാഹരിക്കാന്‍ സാധിച്ചിട്ടില്ല. ഈ വര്‍ഷം അത്ഭുതം കാണിക്കാനാവുമെന്നാണ് ഐസക്ക് അവകാശപ്പെടുന്നത്.

ഒന്നരലക്ഷം കോടി കവിഞ്ഞ വിദേശകടം അടുത്ത അഞ്ചു വര്‍ഷത്തിനകം രണ്ടര ലക്ഷം കോടി രൂപയാവാനുള്ള സാധ്യത പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിദേശകടത്തോടൊപ്പം ആഭ്യന്തര കടംകൂടി വര്‍ദ്ധിക്കുകയും വലിയ കടക്കെണിയിലേക്കു നാം വീണുപോകുകയും ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. സാമ്പത്തിക വിദഗ്ദ്ധനും സി ഡി എസ് മുന്‍ ഡയറക്ടറുമായ കെ പി കണ്ണന്‍ ഈ സാഹചര്യത്തെ വിലയിരുത്തിയത് നോക്കുക ; ചുരുക്കിപ്പറഞ്ഞാല്‍ ഭാവിയില്‍ ഗവണ്‍മെന്റിനു തിരിച്ചടയ്‌ക്കേണ്ടിവരുന്ന ഒരു കടബാധ്യതയാണുണ്ടാവുക. ഇതിലൂടെ നിക്ഷേപം നടത്തുന്ന പദ്ധതികള്‍ക്ക് തിരിച്ചടവു നല്‍കാന്‍ കഴിയുമോ ഇല്ലയോ എന്നത് കാത്തിരുന്നു കാണണം.

നമ്മുടെ അടിസ്ഥാന സമ്പദ്‌വ്യവസ്ഥയുടെ പുതുക്കലിനുതകുന്ന സമഗ്രവും ജനകീയവുമായ ഒരന്വേഷണത്തിനുമുള്ള ധീരത ഐസക്കും ഇടതുസര്‍ക്കാറും സ്വീകരിച്ചുകാണുന്നില്ല. മുതലാളിത്ത സാമ്പത്തിക പരിഷ്‌ക്കാരങ്ങളുടെ പരിക്കുകളും ആഘാതങ്ങളും ഏല്‍ക്കുന്നവരില്‍ ചില വിഭാഗങ്ങള്‍ക്കെല്ലാം സാന്ത്വനവും സഹായവും ലഭിക്കുന്നു എന്നത് താല്‍ക്കാലികാശ്വാസമാണ്. എന്നാല്‍ നവമുതലാളിത്തത്തിന്റെ മനുഷ്യത്വരഹിതമായ കടന്നുകയറ്റങ്ങളെ അല്‍പ്പമെങ്കിലും തടയിടാനാവുന്ന അടിസ്ഥാന പരിഷ്‌ക്കരണങ്ങളെപ്പറ്റി മൗനം പുലര്‍ത്തുന്നു. ദളിതരുടെയും ആദിവാസികളുടെയും ഭൂരഹിതരും ഭവനരഹിതരും തൊഴില്‍രഹിതരുമായ അനേകരുടെയും ആവശ്യങ്ങളെ അഭിസംബോധന ചെയ്യുന്ന പദ്ധതികളില്ല. പുറന്തള്ളല്‍ വികസനത്തെ തടയാനല്ല അതിന് ആക്കംകൂട്ടാനാണ് ഈ സമീപനമുതകുക.

നെഹ്‌റുവിന്റെ സാമ്പത്തിക നയങ്ങളോടു യോജിക്കുകയും വിയോജിക്കുകയും ചെയ്തിട്ടുണ്ട് കമ്യൂണിസ്റ്റു പാര്‍ട്ടി. മിശ്ര സമ്പദ്‌വ്യവസ്ഥയുടെയും പഞ്ചവത്സര പദ്ധതികളുടെയും ക്രിയാത്മക വശത്തെ സ്വാഗതംചെയ്തപ്പോള്‍തന്നെ അടിസ്ഥാനപരമായ ഒരു ദൗര്‍ബല്യം ചൂണ്ടിക്കാണിക്കാതിരിക്കാന്‍ അന്നത്തെ നേതാക്കള്‍ക്കു കഴിഞ്ഞില്ല. സമഗ്രമായ കാര്‍ഷിക പരിഷ്‌ക്കാരം അവഗണിക്കപ്പെട്ടു എന്നതായിരുന്നു അത്. അടിസ്ഥാന ആവശ്യകത നിര്‍വ്വഹിക്കാതെയുള്ള പരിഷ്‌ക്കാരങ്ങളെല്ലാം താല്‍ക്കാലികമായ പരിഹാരങ്ങളും ആശ്വാസങ്ങളുമായി ഒടുങ്ങും. കൂടുതല്‍ വലിയ പ്രതിസന്ധികളിലേക്കു നയിക്കുകയും ചെയ്യും. ഇതാണു നാം അനുഭവിച്ചുപോന്ന ആസൂത്രണത്തിന്റെ പ്രധാന പരിമിതി. അടിസ്ഥാന പരിഷ്‌ക്കരണമെന്താവണമെന്ന തീര്‍പ്പില്ലായ്മയോ അവഗണിക്കലോ സ്വാഭാവികമെന്നവിധം സംഭവിക്കുന്നു.

പുറംപുളപ്പുകളില്‍ അഭിരമിക്കുന്ന മധ്യവര്‍ഗ മലയാളിമനസ്സുകളെ ആനന്ദിപ്പിക്കാന്‍ ഇത്തവണ ബജറ്റിനു സാധിച്ചിട്ടുണ്ട്. അടിസ്ഥാനവൈരുദ്ധ്യങ്ങളെ മറച്ചുവെക്കുക എന്ന കുറ്റമാണ് ഈ ആനന്ദത്തെ വേദനാകരമാക്കുന്നത്. വിഭവകേന്ദ്രീകരണം പൊതുജീവിതത്തില്‍ വലിയ പിളര്‍പ്പുകളുണ്ടാക്കി. അതു പരിഹരിക്കാന്‍ സമഗ്രമായ ഭൂപരിഷ്‌ക്കരണവും കാര്‍ഷികപരിഷ്‌ക്കരണത്തിന്റെ പൂര്‍ത്തീകരണവും ആവശ്യമാണെന്നു കണ്ടില്ല. ദരിദ്രരുടെ ഒഴിഞ്ഞ ചട്ടികളില്‍ കയ്യിട്ടുവാരുന്ന, അവരെ അവരറിയാത്ത സംഖ്യകളുടെ കടക്കാരാക്കുന്ന കൗശലം വളര്‍ന്നുതിടംവച്ചു.

മുമ്പൊക്കെ ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും സ്വത്തിലേ കൊള്ളസംഘങ്ങളുടെ കണ്ണുകളെത്താറുള്ളു. ഇപ്പോഴാവട്ടെ, കൊള്ള ചെയ്യുന്നത് വരുംതലമുറയുടെ സ്വത്തുവകകളാണ്. അവരനുഭവിക്കട്ടെ എന്ന ശാപം പൊതുസമ്മതിയായി രൂപം പ്രാപിച്ചിരിക്കുന്നു. വരാനിരിക്കുന്നവരുടെ സ്വത്തും സ്വാതന്ത്ര്യവും മനുഷ്യാവകാശവും നാം ധൂര്‍ത്തടിച്ചുകൊണ്ടിരിക്കുന്നു. ഉദാരതയുടെ ഈ കേമത്തമാണ് പ്രതിവര്‍ഷ പവിത്ര ബജറ്റുകളായി കൊണ്ടാടപ്പെടുന്നത്.

കടം ശീലമാക്കിയവര്‍ക്ക് ഭരണകൂടം വലിയ ഊര്‍ജ്ജവും പ്രേരണയുമാണ് നല്‍കുന്നത്. വലിയ വായ്പ്പക്കാരാവൂ കടങ്ങളില്‍ ആനന്ദിക്കൂ എന്ന തത്വമാണ് പകരുന്നത്. സംസ്ഥാനത്ത് ഉള്ളതെന്തെന്നും ഉണ്ടാക്കാവുന്നതെന്തെന്നും ലഭ്യമാകുന്നതുകൊണ്ടെങ്ങനെയെന്നും ചിന്തിക്കുന്നതിനെയാണ് മുമ്പ് ആസൂത്രണം എന്നു പറഞ്ഞിരുന്നത്. അസമമായ വളര്‍ച്ചയോ സ്വത്തിന്റെ കേന്ദ്രീകരണമോ ആശാസ്യമല്ലെന്നും വിഭവങ്ങളുടെ അവകാശവും വിന്യസനവും വിതരണവും പുനര്‍നിര്‍വചിക്കേണ്ടതുണ്ടെന്നും ഇപ്പോഴത്തെ ഭരണാധികാരികളോ രാഷ്ട്രീയ പ്രസ്ഥാനങ്ങളോ ചിന്തിക്കുന്നില്ല.. അടിസ്ഥാന സമൂഹത്തിന് അവരുടെ ഭൂമി നല്‍കില്ല. അവരുടെ തൊഴിലെടുത്തു ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടില്ല. വീടുവെയ്ക്കാന്‍ വായ്പ തരും. കൊതിതീര്‍ന്നൊടുങ്ങാനൊരു അന്ത്യകുടീരം.

പൊതു സമ്പത്തുകൊണ്ടു നേടാവുന്നതല്ല ബജറ്റു വെച്ചുനീട്ടുന്നതൊന്നും. സ്വകാര്യസ്വത്തുടമകളുടെ കാരുണ്യത്തിന് തലകുനിച്ചു കൈനീട്ടി നില്‍ക്കണം. ജനങ്ങളെ കൊള്ളയടിച്ചു തടിച്ചവരുടെ മുന്നില്‍ വിനീതവിധേയരായി മുട്ടുകുത്തണം. നമുക്കു പിറക്കാനിരിക്കുന്നവരെക്കൂടി അവര്‍ക്കു സമര്‍പ്പിക്കണം. കിഫ്ബി അതിനുള്ള മധ്യവര്‍ത്തി സ്ഥാപനം മാത്രമായി ചുരുങ്ങരുതെന്നു നാം ആഗ്രഹിക്കുന്നു. മുതലാളിത്ത വികസനത്തിന്റെ ഇടത്തട്ട് എന്നതില്‍നിന്ന് ജനപക്ഷ വികസനത്തിന്റെ ഇടത്തട്ട് എന്ന നിലയിലേക്ക് മാറ്റിസ്ഥാപിക്കാന്‍ സാധിച്ചാല്‍ മാത്രമേ കിഫ്ബി സുസ്ഥിര വികസനത്തിന്റെ നാഴികക്കല്ലാവുകയുള്ളു. അല്ലാത്തപക്ഷം നാം ഭയപ്പെട്ടതുപോലെ മാരകമായ കടക്കെണിയിലേക്കു നമ്മെ തള്ളിവീഴ്ത്തുന്ന ഉപകരണമാവും അത്. അധികാരമുള്ള അഞ്ചു വര്‍ഷത്തേക്കുമാത്രം കണ്ണെത്തുന്ന ആസൂത്രണവും അതിന്റെ ജനപ്രിയ പൊടിപ്പുകള്‍ കൊത്തിവിഴുങ്ങാനുള്ള ആര്‍ത്തിയും നമ്മെ എവിടെയും എത്തിക്കുകയില്ല.

5 മാര്‍ച്ച് 2017

ഓരം

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )