സാംസ്ക്കാരിക ഇടതുപക്ഷം എന്നത് ശീലങ്ങളോട് നിരന്തരം കലഹിക്കുന്ന സര്‍ഗാത്മക ജാഗ്രതയാണ്. പിറകോട്ടു തിരിയുന്നതോ ശിലപോലുറയുന്നതോ ആയ സമസ്ത വ്യവഹാരങ്ങളെയും ജീവിതമൂല്യങ്ങളുമായി ഉരച്ചുണര്‍ത്തി പുതുക്കാനുള്ള വ്യഗ്രതയാണത്. ലോകത്തെ മുന്നോട്ടു നയിക്കാനുതകുന്ന പൊളിച്ചെഴുത്തായി എല്ലാ എഴുത്തുകളെയും മൊഴികളെയും രൂപാന്തരപ്പെടുത്തുന്ന ആശയധാരയുമാണത്.. വരുംകാലത്തെ സംബന്ധിച്ച സോഷ്യലിസ്റ്റ് സ്വപ്നമാണ് അതിന്റെ പ്രചോദനം.
നമ്മുടെ കാലത്ത് അത്തരമൊരു സാംസ്ക്കാരികോണര്വ്വു നിലനില്‍ക്കുന്നുണ്ടോ എന്നു സംശയമാണ്. പൊള്ളിക്കുന്ന അനുഭവങ്ങളില്‍ പിടഞ്ഞുണര്‍ന്നു പ്രതികരിക്കുന്ന സ്വഭാവം നഷ്ടമായിട്ടുണ്ട്. ഒരുതരത്തിലുള്ള മരവിപ്പ് നമ്മുടെ സാമാന്യബോധത്തെ പിടികൂടിയിരിക്കുന്നു. ഭൂതകാലത്ത് ഉജ്വലമായ മുന്നേറ്റങ്ങള്‍ നടത്തിയ പ്രസ്ഥാനങ്ങള്‍ സടകൊഴിഞ്ഞ സിംഹങ്ങളായിരിക്കുന്നു. പെരുകുന്ന അതിക്രമങ്ങള്‍ക്കും പിന്നടത്തങ്ങള്ക്കും മുന്നില്‍ നിസ്സംഗരായ കാഴ്ച്ചക്കാരാവാന്‍ ശീലിച്ചിരിക്കുന്നു. ഈ സാഹചര്യത്തിലാണ് നമ്മുടെ ഭാവുകത്വത്തെ കുലുക്കിയുണര്ത്തിപ്പോന്ന സാംസ്ക്കാരിക ഇടതുപക്ഷത്തിന് എന്തു പറ്റിയെന്ന ചിന്ത സംഗതമാകുന്നത്.
ഇടതുനാമമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സാംസ്ക്കാരിക സംഘടനകളാണ് സാംസ്ക്കാരിക ഇടതുപക്ഷമെന്ന ധാരണയാണ് ഇപ്പോള്‍ നമ്മുടേത്. വ്യവഹാരങ്ങളെയാകെ പുതുക്കുന്ന അഴിച്ചുപണിയലായി നാമതിനെ തിരിച്ചറിയുന്നില്ല. രാഷ്ട്രീയ ഇടതുപക്ഷം അതിന്റെ സമത്വ ദര്‍ശനവും സമരോത്സുകതയും ലക്ഷ്യോന്മുഖത്വവും നിലനിര്‍ത്തുന്നിടത്തോളം സാംസ്ക്കാരിക ഇടതുപക്ഷവുമായുള്ള സാഹോദര്യം നിലനില്ക്കും. അവയുപേക്ഷിക്കുമ്പോഴാകട്ടെ, രണ്ടും രണ്ടു വഴികളായി പിരിയും. ദൗര്‍ഭാഗ്യവശാല്‍ അധികാരബദ്ധവും ശക്തവുമായ രാഷ്ട്രീയ ഇടതുപക്ഷമെന്നും പൊതുധാരയില്‍നിന്ന് അകറ്റപ്പെട്ടതും ദുര്‍ബ്ബലവുമായ സാംസ്ക്കാരിക ഇടതുപക്ഷമെന്നും അവ വേര്‍പിരിഞ്ഞു നില്ക്കുകയാണിപ്പോള്.
രാഷ്ട്രീയ കക്ഷികള്‍ക്ക് അടവുകളും തന്ത്രങ്ങളും കാണും. അവയ്ക്കു നിശ്ചിതകാലത്തേയ്ക്കുള്ള പദ്ധതികളും പരിപാടികളും ആവിഷ്ക്കരിക്കാനാവും. അതിനനുസൃതമായ മുദ്രാവാക്യങ്ങള്‍ രൂപപ്പെടുത്താനാവും. പിന്വാങ്ങലുകള്പോലും മുന്നേറ്റത്തിന്റെ സൂത്രച്ചുവടുകളാക്കും. എന്നാല്‍ അധികാരത്തിന്റെ ശീതളഛായയില്‍ ഭ്രമിച്ചും രമിച്ചും സ്വയംമറന്നാല് ചുവടുകള്‍ തെറ്റും. ലക്ഷ്യം വിസ്മരിക്കും. സമത്വജീവിതം വിദൂരസ്വപ്നമായി ഉപേക്ഷിക്കപ്പെടും. സംസ്ക്കാരവും സര്‍ഗാത്മകതയും പക്ഷെ കലഹപൂര്ണമാണ്. ഓരോ കാലത്തും അത് അസമത്വങ്ങള്‍ക്കു സാധൂകരണമാകുന്ന ശീലങ്ങളെ നിഷ്ക്കരുണം കീറിമുറിക്കും. അനുഭവങ്ങളുടെ വൈവിദ്ധ്യവും ജൈവികതയും അടയാളപ്പെടുത്തും. തിരസ്ക്കാരത്തിന്റെയും ഹിംസയുടെയും സാധൂകരണങ്ങളെ വെറുക്കും. പ്രതിരോധത്തിന്റെ ജനകീയ മുന്നേറ്റങ്ങള്‍ക്കു കരുത്താകും. ഭരണമുള്ള കാലമെന്നോ ഇല്ലാത്ത കാലമെന്നോ അവയ്ക്കു വേര്‍തിരിവില്ല. കാത്തിരിപ്പുകാലമോ അധികാര കാലമോ ഇല്ല. വൈലോപ്പിള്ളി പറഞ്ഞതുപോലെ നിത്യപ്രതിപക്ഷമാണത്.
രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയോ മുന്നണികളുടെയോ വിളംബരവേദികളായി മാറുമ്പോള്‍ മെരുക്കപ്പെടുന്ന കലഹത്തിന്റെ പ്രദര്ശനമുഖമായി സാംസ്ക്കാരിക സംഘടനകള്‍ തരംതാഴുന്നു. വീഴ്ത്തപ്പെടുന്നവനും ഉപേക്ഷിക്കപ്പെടുന്നവനുമാണ് സ്വാതന്ത്ര്യത്തിന്റെ മൂര്‍ച്ചയുള്ള മുദ്രാവാക്യം മുഴക്കുക. അവരുടെ മുദ്രാവാക്യം സര്‍ഗാത്മകതയുടെ എരിവുള്ളതാവും. ഇപ്പോഴാകട്ടെ, പ്രസ്ഥാനങ്ങളുടെ ശീതീകരണ കൗശലങ്ങളിലൂടെയാണ് അവ കടന്നുപോകുന്നത്. അതവയെ ജീവനറ്റ പ്രേതരൂപങ്ങളാക്കുന്നു.
വിപ്ലവ ഇടതുപക്ഷമെന്നു സ്വയം വിശേഷിപ്പിച്ച പ്രസ്ഥാനങ്ങളെല്ലാം ആഗോളവത്ക്കരണകാലത്തെ പുറന്തള്ളല്‍ വികസനത്തിന്റെ നടത്തിപ്പുകാരായിരിക്കുന്നു. അവരുടെ സാംസ്ക്കാരിക ഉപശാലകള്‍ ഉറഞ്ഞുപോയ വിപ്ലവവീര്യത്തിന് സാധൂകരണം ചമയ്ക്കുന്നു. മുനയൊടിച്ച മുദ്രാവാക്യങ്ങള്‍കൊണ്ട് കാലത്തെ അടയാളപ്പെടുത്താമെന്ന് വെറുതെ വ്യാമോഹിക്കുന്നു.എതിരാളികളുടെ വീഴ്ച്ചകളും കളങ്കങ്ങളും പറകൊട്ടിപ്പാടും. ആരുടെകാലത്താണ് അക്രമങ്ങളും അഴിമതികളും കൂടുതലുണ്ടായതെന്നു കണക്കെടുക്കും. അന്യോന്യം ആക്ഷേപിക്കും. ഏതു കാലത്തായാലും ആരുടെ മുന്കയ്യിലായാലും അപമാനകരമായ നരവേട്ടകളും അഴിമതികളും വിവേചനങ്ങളും അനുവദിക്കാനാവില്ലെന്ന് പറയാന്‍ ത്രാണിപോരാ. ചില ആധിപത്യങ്ങളും അതേല്പ്പിക്കുന്ന ആഘാതങ്ങളും സുഖകരവും മറ്റുചിലതു ഫാസിസവുമായി വേര്‍തിരിക്കപ്പെടും. ചില ഹിംസകള്‍ പ്രതിരോധവും ചിലതു കടന്നാക്രമങ്ങളുമായി വിഭജനരേഖകള്‍ ബലപ്പെടും. ലിംഗവിവേചനങ്ങളെ വേട്ടക്കാരുടെ നിറഭേദങ്ങള്കൊണ്ട് മാറ്റുരച്ചു വിധി കല്‍പ്പിക്കും. ഇവ്വിധം രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ എത്തിപ്പെട്ട മൂല്യനിരാസത്തിന്റെ വിനാശകരമായ വഴികളില്‍ കൂട്ടുപോവുകയാണ് മിക്ക സാംസ്ക്കാരിക സംഘടനകളും. അടിസ്ഥാന ദര്‍ശനങ്ങളെ കയ്യൊഴിയുന്ന ഈ വിധേയത്വം സാംസ്ക്കാരിക ഇടതുപക്ഷത്തിനു ഭൂഷണമല്ല.
സാമൂഹികാസമത്വങ്ങളെച്ചൊല്ലി കലഹിച്ച കലയാണ് പുരോഗമനകലയെന്നു ചരിത്രം പഠിപ്പിച്ചിട്ടുണ്ട്. ലോകത്തെ തന്നിലേക്കാവാഹിച്ചും തന്നെ തനിക്കുപുറത്തുള്ള ലോകത്തിലേക്കു പടര്‍ത്തിയും വ്യഷ്ടിസമഷ്ടികള് വിപരീത വിതാനങ്ങളല്ലെന്നു ബോധ്യപ്പെടുത്തിയത് പുരോഗമന സാഹിത്യമാണ്. എഴുതിയത് ഏതു രാഷ്ട്രീയ പ്രസ്ഥാനത്തിലുള്ളവരാണെന്നത് അപ്രസക്തം. അനുഭവിച്ചതും ആവിഷ്ക്കരിച്ചതും ജീവിതത്തിന്റെ കേന്ദ്രവൈരുദ്ധ്യങ്ങളെയാണോ എന്നതേ നോക്കേണ്ടൂ. ഭൂപ്രഭുവായ ടോള്‍സ്റ്റോയിയുടെ സാഹിത്യത്തെ റഷ്യന്‍ വിപ്ലവത്തിന്റെ കണ്ണാടിയെന്ന് ലെനിന് വാഴ്ത്തിയത് അത് ജീവിതത്തെ അതിന്റെ സൂക്ഷ്മ വൈരുദ്ധ്യങ്ങളോടെ ആവിഷ്ക്കരിച്ചതിനാലാണ്.
ഇതിനര്‍ത്ഥം സാംസ്ക്കാരിക ഇടതുപക്ഷം ജീവിതത്തിന്റെ പകര്പ്പെടുപ്പുകളും വാഴ്ത്തുപാട്ടുകളും പ്രോത്സാഹിപ്പിക്കണമെന്നല്ല. മറിച്ചു സങ്കീര്ണജീവിതത്തിന്റെ നേര്‍മയായ ഇഴകളെ വേര്പിരിച്ചറിയാനുള്ള കൗശലമാര്ജ്ജിക്കണമെന്നാണ്. അസംഖ്യം സമരങ്ങളിലൂടെ മുന്നേറുന്ന അശാന്തിയുടെ കാലത്ത് പുരോഗമന കലയ്ക്കും സാഹിത്യത്തിനും അധികാരത്തിന്റെ ശീതളിമയില്‍ വിശ്രമിക്കാനാവില്ല. തെരുവുകളിലുയരുന്ന പെണ്‍നിലവിളികള്‍ പോര്വിളികളായിത്തീരുമ്പോള് അതിന്റെ നായകത്വം വഹിക്കുക സാംസ്ക്കാരിക ഇടതുപക്ഷമായിരിക്കും എന്നത് സ്വാഭാവിക ചിന്തയാണ്. എന്നാല്‍ അവിടെയൊക്കെ തങ്ങളുടെ കക്ഷിരാഷ്ട്രീയ അരിപ്പകള്കൊണ്ട് അരിച്ചെടുക്കേണ്ടി വരുന്നത് ദൗര്‍ഭാഗ്യകരമാണ്. സ്വന്തം പിഴവുകളെ അഭിസംബോധന ചെയ്തുകൊണ്ടേ കാലത്തെ തീണ്ടിയ കലിപ്പാടുകളെ തുടച്ചുമാറ്റാനാവൂ.
രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം നവലിബറല്‍ മുതലാളിത്തത്തിന്റെ ചൂഷണങ്ങളിലേക്കു പക്ഷംമാറുമ്പോള് അടിച്ചമര്‍ത്തപ്പെടുകയോ പുറന്തള്ളപ്പെടുകയോ അവഗണിക്കപ്പെടുകയോ അപമാനിക്കപ്പെടുകയോ ചെയ്യുന്ന ജീവിതങ്ങളില്‍നിന്നും പ്രതിരോധമുണ്ടാവാതെ വയ്യ. സാംസ്ക്കാരിക ഇടതുപക്ഷം ആ പൊടിപ്പുകളിലാണ് ജീവിതത്തെ പുനര്‍ക്രമീകരിച്ചു തുടങ്ങുക. പേരുകൊണ്ടും കൊടികൊണ്ടും രാഷ്ട്രീയ ഇടതുപക്ഷമെന്നു തോന്നിപ്പിക്കുന്ന കൂട്ടര്‍ക്ക് അടിസ്ഥാന സത്തകൊണ്ടും ഇടതുപക്ഷമാവാന്‍ ഏറെ യത്നിക്കേണ്ടിവരും. നവലിബറല്‍ പരിഷ്ക്കാരങ്ങളില്നിന്നു ജനപക്ഷ ബദലിലേക്കുള്ള ദൂരം ചെറുതല്ല. ആ ദൂരം മറികടക്കുംവരെ സാംസ്ക്കാരിക ഇടതുപക്ഷമെന്തെന്ന് അവര്‍ക്കു തെളിഞ്ഞുകിട്ടുകയില്ല.
26 ഫെബ്രുവരി 2017