Article POLITICS

കൊള്ളകള്‍ക്കുള്ള കാവലാണ് സദാചാരം

mp


സദാചാരപൊലീസിങ്ങും സദാചാരഗുണ്ടായിസവും വ്യാപകമാവുമ്പോള്‍ അവനവനിലേക്കു തിരിഞ്ഞു നോക്കാന്‍ നാം ബാധ്യസ്ഥരാവുന്നു. നമ്മിലുണ്ട് അതിന്റെ പലമട്ടു തുളുമ്പലുകള്‍. അതൃപ്തിയും അസഹിഷ്ണുതയും അക്രമോത്‌സുകതയും കെട്ടുപൊട്ടിച്ചുണരുന്ന ദുര്‍ബ്ബലസന്ധികള്‍. മറ്റുള്ളവരുടെ ജീവിതം നിര്‍വ്വചിക്കാനും നിര്‍ണയിക്കാനുമുള്ള വെമ്പല്‍. അപരന്റെ ആനന്ദം അസഹ്യമെന്നുള്ള ചെറുതാവല്‍.

നമ്മെ ആരും ഒന്നും പറയരുത്. നമ്മുടെ തെറ്റുകള്‍ ശരിയാവുന്ന ശരണംവിളികളേ പാടൂ. ജാതിയാവാം മതമാവാം പാര്‍ട്ടിയാവാം അതെന്തു തീരുമാനിച്ചുവോ അതത്രെ ശരി. എതിര്‍ക്കുന്നതാരായാലും ശത്രു. പ്രശ്‌നാധിഷ്ഠിതമല്ല സമീപനം. യുക്തിബോധത്തിനെന്തു കാര്യം? ഞങ്ങളുടെ സംഘം നേതാവു പറഞ്ഞില്ലേ ഞങ്ങള്‍ക്കു പങ്കില്ലെന്ന്? അപ്പോള്‍പിന്നെ ആരെന്തു തെളിയിച്ചാലും നിയമവ്യവസ്ഥ എതിര്‍ത്താലും തെറ്റു ഞങ്ങളുടേതാവുന്നതെങ്ങനെ? ഞാന്‍മാത്രവാദവും ഞങ്ങള്‍മാത്രവാദവും അസഹിഷ്ണുതയുടെ അങ്കത്തട്ടൊരുക്കിക്കൊണ്ടിരിക്കുന്നു.

മറ്റുള്ളവരുടെ കാര്യത്തില്‍ വലിയ ഇടപെടലുകള്‍ നടത്താതെ വയ്യ. ലോകമെങ്ങനെയായിരിക്കണമെന്ന തന്റെ നിശ്ചയങ്ങള്‍ക്കോ താന്‍ പഠിച്ച പാഠങ്ങള്‍ക്കോ വഴങ്ങാതെ ആരുമുണ്ടായിക്കൂടാ. . നിയമവ്യവസ്ഥയെക്കാള്‍ ജാഗ്രത നിറഞ്ഞ കണ്ണുകളും ഉടന്‍പ്രവര്‍ത്തനസജ്ജമായ മസിലുകളും എല്ലാ ജനാധിപത്യമര്യാദകള്‍ക്കും മുകളില്‍ അക്രമോത്സുകമാവുന്നതങ്ങനെയാണ്. നവലോകം സൃഷ്ടിക്കാവുന്ന ദര്‍ശനങ്ങളും പ്രതിബദ്ധ മുന്നേറ്റങ്ങളും ഇല്ലാതാവുന്നതോടെ പുനരുത്ഥാന പ്രവണതകളുടെ തികട്ടിവരലാണ് എല്ലാ മനസ്സുകളിലും. യുക്തിബോധത്തെയും നിഷേധചിന്തകളെയും പുരോഗമന ദര്‍ശനങ്ങളെയും ഉറക്കിക്കിടത്തിയതിനാല്‍ യാഥാസ്ഥിതികത്വം ഫണംനിവര്‍ത്തിയാടുകയാണ്. ജീര്‍ണശീലങ്ങളെ പ്രത്യാനയിക്കാനുള്ള സാധൂകരണങ്ങള്‍ നിറഞ്ഞു കവിയുന്നു. ഈ വഴുപ്പന്‍ പ്രതലത്തിലാണ് നൂറ്റാണ്ടിനു മുമ്പുള്ള നായാട്ടുബോധം കെട്ടുപൊട്ടിക്കുന്നത്. സ്വാര്‍ത്ഥസംഘങ്ങളുടെ മാഫിയാ വേഴ്ച്ചകള്‍ പൊള്ളിക്കുന്നത്.

യോജിക്കാനും വിയോജിക്കാനും ആരെയും ശല്യപ്പെടുത്താതെ ജീവിക്കാനുമുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും വേണം. അക്രമിക്കുകയല്ല അന്യോന്യാദരവുകളോടെ വിയോജിക്കുകയാണു വേണ്ടത്. മറ്റുള്ളവരെ വിധിക്കാന്‍ പേശീബലം മതിയെന്നു കരുതരുത്. സംഘബലവും അതിന് മാനദണ്ഡമല്ല. ശരിയുടെ .യുക്തികള്‍കൊണ്ട് ബോധ്യപ്പെടുത്തുകയാണു വേണ്ടത്.

അന്യോന്യം കണ്ടെത്തുകയും ആശ്ലേഷിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആര്‍ക്ക് അവകാശപ്പെട്ടതാണ് എന്ന ചോദ്യംകൊണ്ടു നേരിടുന്നവര്‍ ഭൂരഹിതരായ മനുഷ്യര്‍ക്ക് അവകാശപ്പെട്ട ഭൂമി എവിടെപ്പോയി എന്നു തിരക്കാറില്ല. അന്യന്റെ ധനവും സ്വത്തും അപഹരിച്ചു കഴിയുന്നവരെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ഇതു നിങ്ങളുടെ സ്വത്തു തന്നെയോ എന്ന് ആരും തിരക്കിക്കണ്ടില്ല. മറ്റുള്ളവരെ ഒട്ടും വേദനിപ്പിക്കാതെ ആനന്ദം കണ്ടെത്തുന്നവരെ വഴിയില്‍ തല്ലിവീഴ്ത്തുന്ന പേശീവീര്യം സ്വത്തുടമസ്ഥതയുടെ കാവല്‍ജോലിയാണ് നിര്‍വ്വഹിക്കുന്നത്. കൊള്ളയ്ക്കു കാവല്‍നില്‍ക്കുന്ന ശബ്ദമില്ലാത്ത ആയുധമാണ് സദാചാരം.

സദാചാര ചിന്തകള്‍ മാറണമെങ്കില്‍ വ്യവസ്ഥയെ പൊള്ളിക്കണം. ശീലിച്ച വ്യവഹാരങ്ങളെ കുടഞ്ഞെറിയണം. മറ്റുള്ളവരെ മാനിക്കണം. തന്റെ ഇംഗിതങ്ങള്‍ക്കപ്പുറത്തു ലോകാനുഭവങ്ങളാവാമെന്നു വിനീതരാവണം. തന്നെത്തന്നെ പൊളിച്ചെഴുതണം. എന്തെങ്കിലും ഒരു സംഭവം നടക്കുമ്പോള്‍ ഒഒറ്റവരിപ്രതിഷേധംകൊണ്ടോ ഒരു നിലവിളിക്കീറുകൊണ്ടോ ഒരട്ടഹാസംകൊണ്ടോ സദാചാരക്കൂട്ടങ്ങളെ ഭയപ്പെടുത്താനാവില്ല. നമ്മുടെയുള്ളില്‍തന്നെ ഒരു സദാചാര ഗുണ്ടയെ ഒളിപ്പിച്ചു നിര്‍ത്തി നല്ലപിള്ള ചമയുന്നതിലെന്തുകാര്യം?

സദാചാരവേട്ടയ്ക്കു ശേഷം തന്നെത്തന്നെ ഇല്ലാതാക്കേണ്ടിവന്ന അനീഷിന്റെ വാര്‍ത്ത നമ്മെ ഞെട്ടിക്കുന്നു. എത്രയോ മനുഷ്യര്‍ നിന്നനില്‍പ്പില്‍ ഇല്ലാതായിരിക്കുന്നു. അന്യനെ അറിഞ്ഞാശ്ലേഷിക്കലാണ് ജനാധിപത്യമെങ്കില്‍ ഇനി നാം ആ വാക്ക് ഉച്ചരിച്ചുകൂടാ. വേട്ടമൃഗങ്ങളെ പിടിച്ചുകെട്ടുന്നതോടൊപ്പം നമുക്കകത്തെ മുക്രയിടലുകള്‍ക്ക് കാതോര്‍ക്കുകയും വേണം. നാം നമ്മില്‍തന്നെ നട്ടുവളര്‍ത്തേണ്ടതുണ്ട് ജനാധിപത്യബോധത്തെ.


24 ഫെബ്രുവരി 2017

1 അഭിപ്രായം

  1. സദാചാര ചിന്തകള്‍ മാറണമെങ്കില്‍ വ്യവസ്ഥയെ പൊള്ളിക്കണം. ശീലിച്ച വ്യവഹാരങ്ങളെ കുടഞ്ഞെറിയണം. മറ്റുള്ളവരെ മാനിക്കണം. തന്റെ ഇംഗിതങ്ങള്‍ക്കപ്പുറത്തു ലോകാനുഭവങ്ങളാവാമെന്നു വിനീതരാവണം. തന്നെത്തന്നെ പൊളിച്ചെഴുതണം. എന്തെങ്കിലും ഒരു സംഭവം നടക്കുമ്പോള്‍ ഒഒറ്റവരിപ്രതിഷേധംകൊണ്ടോ ഒരു നിലവിളിക്കീറുകൊണ്ടോ ഒരട്ടഹാസംകൊണ്ടോ സദാചാരക്കൂട്ടങ്ങളെ ഭയപ്പെടുത്താനാവില്ല. നമ്മുടെയുള്ളില്‍തന്നെ ഒരു സദാചാര ഗുണ്ടയെ ഒളിപ്പിച്ചു നിര്‍ത്തി നല്ലപിള്ള ചമയുന്നതിലെന്തുകാര്യം?

    Like

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )