Article POLITICS

സിനിമ പെരുംകൊള്ളയുടെ സമ്മതരൂപമാവരുത്

 

 

ഏതു ജോലിയ്ക്കും കുറഞ്ഞകൂലി നിശ്ചയിക്കുന്നതുപോലെ കൂടിയ കൂലിയും നിശ്ചയിക്കേണ്ടതുണ്ട്. ഒരേ തൊഴിലെടുക്കുന്ന മനുഷ്യര്‍ക്കിടയില്‍ പ്രതിഫലനിരക്ക് എത്രമേല്‍ വിവേചനമുള്ളതാവാം? പരിഷ്കൃത സമൂഹം അസമത്വങ്ങളെയും വിവേചന ഭീകരതയെയും ഇങ്ങനെ കൊണ്ടാടുന്നത് എത്ര ലജ്ജാകരമാണ്!

അസംഘടിത തൊഴിലാളികളും സംഘടിത സ്ഥിരംതൊഴിലാളികളും തമ്മിലുള്ള കൂലിവേര്‍തിരിവ് വലുതാണ്. സംഘടിത മേഖലയുടെ മൗനവും നിസ്സംഗതയുമാണ് വിവേചനത്തെ നിലനിര്‍ത്തുന്നത്.

ചലച്ചിത്ര മേഖലയിലേക്കു വന്നാല്‍ പ്രതിഫല നിരക്കിലെ വിവേചനം പരിഷ്കൃത സമൂഹത്തിന് ഒട്ടും യോജിച്ചതല്ല. നൂറുരൂപയും ഭക്ഷണവും ലഭിക്കുമെന്നു കരുതി വേഷമിടുന്നവര്‍ മുതല്‍ കോടിക്കണക്കിനു രൂപ ചോദിച്ചുവാങ്ങുന്നവര്‍വരെ സിനിമയിലുണ്ട്. ഈ അന്തരം ജനാധിപത്യത്തോടുള്ള അനാദരവുകൂടിയാണ്.

ഏതു ജോലിയ്ക്കും ശാരീരികശേഷിയും സര്‍ഗശേഷിയും ആവശ്യമുണ്ട്. ഇതില്‍ ഏതെങ്കിലും ഒന്നിന് പ്രത്യേക മാഹാത്മ്യം കല്‍പ്പിക്കേണ്ടതില്ല. രണ്ടും ജനതയുടെ പൊതുശേഷിയുടെ ഭാഗമാണെന്നത് ഓര്‍ക്കേണ്ടതുമുണ്ട്. കോടികള്‍ വിലപേശുന്ന സിനിമാ നടന്മാരും പലലക്ഷങ്ങള്‍ വിലപേശുന്ന അഭിഭാഷകരും ജനങ്ങളെ കൊള്ളയടിക്കുകയാണ്. വലിയ ധൈഷണിക ജോലികളിലേര്‍പ്പെടുന്ന ശാസ്ത്രജ്ഞരും ഗവേഷകരും അദ്ധ്യാപകരും ഗവണ്‍മെന്റ് നിജപ്പെടുത്തിയ ശംബളം വാങ്ങുന്നവരാണ്. (അവിടെ താല്‍ക്കാലിക ജീവനക്കാരുമായുള്ള അന്തരമാണ് പരിഹരിക്കേണ്ടത്).

തങ്ങളുടെ വ്യക്തിപ്രതിഭയെ സംബന്ധിച്ച അഹങ്കാരമാണ് മെഗാസ്റ്റാറുകളെ നയിക്കുന്നതെങ്കില്‍ ഏതു വ്യക്തിപ്രതിഭയും സാമൂഹികസൃഷ്ടികൂടിയാണെന്ന് അവരെ ബോധ്യപ്പെടുത്തേണ്ടിവരും. അഭിനയമികവിനാണ് പ്രതിഫലമെങ്കില്‍ അതിനു യോഗ്യതയുള്ളവര്‍ വേറെയുമഃണ്ടല്ലോ; സ്ത്രീകളുള്‍പ്പെടെ. ലിംഗവിവേചനമടക്കം മുതലാളിത്ത ജീര്‍ണതകളിലേറിയ പങ്കും സ്വീകരിക്കുകയും പുനരുത്പാദിപ്പിക്കുകയും ചെയ്യാന്‍ സിനിമാലോകം വലിയ താല്‍പ്പര്യമാണ് പ്രകടിപ്പിക്കുന്നത്. അടിസ്ഥാന വൈകല്യവും വിവേചനവും തിരുത്താതെ ജീര്‍ണതയുടെ നേരെ അമറുന്നതുകൊണ്ടെന്തു കാര്യം?

കയ്യടികളെ പണമാക്കുന്ന രാസവിദ്യയില്‍ പെരുംകൊള്ളയുടെ സമ്മതരൂപമുണ്ട്. അതറിയുകയും ആവശ്യമായ തിരുത്തലുകള്‍ വരുത്തുകയും ചെയ്യാന്‍ ജനകീയ സിനിമാ പ്രവര്‍ത്തകര്‍ക്ക് ഉത്തരവാദിത്തമുണ്ട്. മുതലാളിത്ത സിനിമയിലെ വിരാട്പുരുഷന്മാര്‍ ജീര്‍ണകാലത്തിന്റെ കെട്ടുകുതിരകളാണ്. സമസ്ത ജീര്‍ണതകളും മാഫിയകളും തഴയ്ക്കുന്ന തണലിടമാണത്. ഇരകളായും വേട്ടക്കാരായും വേഷപ്പകര്‍ച്ച നടത്തി അവര്‍ നമ്മെ വിഭ്രമിപ്പിക്കും. ജനപക്ഷ വിമര്‍ശനത്തിന്റെ നവീന മാതൃകകള്‍ സൃഷ്ടിച്ചേ ബദലുകളുണ്ടാക്കാനാവൂ.

ആസാദ്
23 ഫെബ്രുവരി 2017

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )