Article POLITICS

അനീതികള്‍ക്കു പൊതു സമ്മതമുണ്ടാക്കലല്ല ജനാധിപത്യാധികാരം.

 

law1

തിരുവനന്തപുരത്തെ ഒരു കോളേജ് കാമ്പസില്‍ നടന്ന സമരം കേരളീയ യുവത്വത്തിന്റെ ഉണര്‍ന്നെഴുന്നേല്‍ക്കലായി. മുമ്പേനടന്നവരെല്ലാം തലകുനിച്ചു വിധേയപ്പെട്ട അനീതികളെ അവര്‍ തുറന്നെതിര്‍ത്തു. സംഘടനാ സ്വരൂപങ്ങളിലൂടെ പകര്‍ന്നുപോന്ന പരുവപ്പെടുത്തല്‍ പരിശീലനങ്ങളെ ഒരു സ്‌ഫോടനാത്മക ബോധ്യത്തിലൂടെ അവര്‍ മറികടന്നു. പെണ്‍കൂട്ടായ്മയുടെ ശക്തികൂടിയാണത്. ധീരമായ മുന്നേറ്റങ്ങളിലേക്കു കുതിച്ചു ചാടിയാല്‍ മുന്‍കാല വഴക്കങ്ങളുടെ സമരസപ്പാടുകളില്ല അവരെ പിറകോട്ടു വലിക്കാന്‍. സംഘടനകള്‍ അവര്‍ക്കു പിറകില്‍ നിര്‍ബന്ധിതമായ ഒഴുക്കിനു വഴങ്ങി.

പ്രക്ഷുബ്ധമായ കുത്തിയൊഴുക്കിനെ തങ്ങളുടെ രാഷ്ട്രീയകൂടാരത്തിലേക്ക് അടുപ്പിക്കാന്‍ കടല്‍ക്കിഴവന്‍മാരുടെ മാന്ത്രിക യജ്ഞങ്ങളുണ്ടായി. ഇടതു വലതു ഭരണ പ്രതിപക്ഷ കക്ഷികളെല്ലാം ലാ അക്കാദമിയുടെ ഗുണഭോക്താക്കളാണ്. അവര്‍ പൊതു സമൂഹത്തിന്റെ സമ്പത്തും അവസരങ്ങളും പിന്‍വാതിലിലൂടെ നല്‍കിയാണ് വ്യാജ അക്കാദമിയെ കൊഴുപ്പിച്ചെടുത്തത്. ആ കൊഴുത്ത സ്ഥാപനത്തെ അവര്‍ക്കു സംരക്ഷിച്ചേ തീരൂ. മുദ്രാവാക്യങ്ങളെ വരുതിയില്‍നിര്‍ത്തി സമരാഗ്നി കൂടുതല്‍ പടരാതിരിക്കുക അവരുടെ താല്‍പ്പര്യമാണ്. നേതാക്കളും മാധ്യമങ്ങളും കുട്ടികളെ പലമട്ട് ചോദ്യംചെയ്തും സംസാരിപ്പിച്ചും വാദഗതികളുടെ പെരുവെള്ളപ്പാച്ചില്‍ സൃഷ്ടിച്ചും രംഗം കലുഷമാക്കി. സമരശേഷവും അതു തുടരുന്നുമുണ്ട്.

മാര്‍ക്കു നല്‍കുന്നതിലെ പക്ഷപാതം, പുലയനെന്നോ മേത്തനെന്നോ ഉള്ള അധിക്ഷേപം, സാമാന്യ മര്യാദയോ ജനാധിപത്യ ബഹുമാനമോ ഇല്ലാത്ത പെരുമാറ്റം, വിദ്യാര്‍ത്ഥികളെക്കൊണ്ട് ഹോട്ടലിലെ എച്ചിലെടുപ്പിക്കല്‍, പെണ്‍കുട്ടികളുടെ സ്വകാര്യതകളിലേക്കു ക്യാമറക്കണ്ണുകള്‍ തുറന്നുവെയ്ക്കല്‍, പ്രായപൂര്‍ത്തിയായ വിദ്യാര്‍ത്ഥികളെ ആവശ്യത്തില്‍ കവിഞ്ഞു നിയന്ത്രിക്കാനുള്ള ഔത്സുക്യം, അമിതാധികാര പ്രവണത എന്നിങ്ങനെ പ്രിന്‍സിപ്പാളിലൂടെ അനുഭവിക്കേണ്ടിവന്ന ക്ലേശങ്ങള്‍ക്കെതിരെയാണ് കുട്ടികള്‍ പ്രതിഷേധിച്ചത്. സമരം ആളിത്തുടങ്ങിയപ്പോള്‍ വേറെയും പ്രശ്‌നങ്ങളുയര്‍ന്നുവന്നു. സ്ഥാപനത്തിന്റെ സ്റ്റാറ്റസ് എന്താണ്? എയ്ഡഡോ അണ്‍ എയ്ഡഡോ സ്വാശ്രയമോ സമാന്തരമോ? സര്‍വ്വകലാശാലക്കുപോലും ഉത്തരമില്ലായിരുന്നു. ഭൂമി എവിടെനിന്നു വന്നു? ഏതു വ്യവസ്ഥയില്‍? ട്രസ്റ്റാണോ സ്വകാര്യ ഉടമസ്ഥതയാണോ? ഗവണ്‍മെന്റിനും തിട്ടമില്ല. അത്തരം ആലോചനകളിലേക്കു പോകാന്‍ താല്‍പ്പര്യവുമില്ല.

സര്‍വ്വകലാശാലയ്‌ക്കോ സര്‍ക്കാറിനോ അധികാരമില്ലാത്ത ചില ഇടങ്ങള്‍ സംസ്ഥാനത്തുണ്ടെന്നു ചര്‍ച്ചകളില്‍ വലിയശബ്ദത്തില്‍ പറഞ്ഞുകൊണ്ടിരുന്നത് അധികാരികള്‍തന്നെയാണ്. എയ്ഡഡായാലും സമാന്തരമായാലും വിദ്യാര്‍ത്ഥികള്‍ എത്രമാത്രം ദ്രോഹിക്കപ്പെട്ടാലും മാനേജ്‌മെന്റുകളെ തൊടാനാവില്ല എന്നാണ് അവര്‍ പറയുന്നത്. ജാതിപ്പേരു വിളിച്ചാലും സ്ത്രീകളും ദളിതരും പീഡിപ്പിക്കപ്പെട്ടാലും ഭൂമി കയ്യേറിയാലും ഗവണ്‍മെന്റ് ചട്ടങ്ങളും നിയമങ്ങളും കാറ്റില്‍ പറത്തിയാലും മാനേജ്‌മെന്റുകളെ നേരിടാനാവില്ല. ജാമ്യമില്ലാ കേസുകള്‍ ചുമത്തപ്പെട്ടാലും അവരെ അറസ്റ്റു ചെയ്യാനും എളുപ്പമല്ല. സ്വതന്ത്രാധികാരമുള്ള റിപ്പബ്ലിക്കുകളായി അവ നിലനില്‍ക്കും.

തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടട്ടെ എന്ന നീതിബോധമൊന്നും അത്ര തീവ്രമായി ഉയര്‍ന്നില്ല. ഇത്തരം തെറ്റുകളുടെ സമാന്തരവും ഭീഷണവുമായ ഒരു ലോകം നമ്മുടെ സംസ്ഥാനത്തു സമാന്തരാധികാരം പ്രകടിപ്പിച്ചുപോരുന്നുണ്ടെന്ന അറിവോ അത് നിയമപരമായി അവസാനിപ്പിക്കണമെന്ന ദൃഢ നിശ്ചയമോ ഉയര്‍ത്തിയില്ല. അഥവാ ഉയരാന്‍ പൊതു രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അനുവദിച്ചില്ല. അതു നിങ്ങളല്ലേ, നിങ്ങളുടെ കാലത്തല്ലേ വന്നത്? എന്നിങ്ങനെ കലഹിക്കാനായിരുന്നു ഉത്സാഹം. അവസാനിപ്പിക്കും ഇത്തരം ആഭാസങ്ങളെന്നു തീര്‍പ്പു പറയാന്‍ ആരുമുണ്ടായില്ല. അതു തീര്‍ക്കലാണ് സമരത്തിന്റെ മുഖ്യ മുദ്രാവാക്യമെന്നു സംസ്ഥാനതല സംഘടനകളൊന്നും ഏറ്റെടുത്തില്ല. ചിലര്‍ക്കത് ഒരു കോളേജിലെ ആഭ്യന്തര പ്രശ്‌നം മാത്രമായിരുന്നു. മറ്റു ചിലര്‍ക്ക് ഒരു പ്രിന്‍സിപ്പാളിന്റെ പിശകുമാത്രമായി അവസാനിപ്പിക്കണമായിരുന്നു. ചിലര്‍ക്കാകട്ടെ, ആ കോളേജ് ഇല്ലാതാവണം. സ്വകാര്യമാനേജുമമെന്റുകളെ പിടിച്ചുകെട്ടാന്‍ നിയമമുണ്ടാക്കുംവരെ നിരാഹാരം കിടക്കുമെന്ന് ഒരു മുരളിയും പറഞ്ഞില്ല. അങ്ങനെ ചെയ്യേണ്ടതുണ്ട് യഥാര്‍ത്ഥ പരിഹാരത്തിനെന്ന് ഇടതുപക്ഷവും കണ്ടില്ല.

രജനി എസ് ആനന്ദ് മുതല്‍ ജിഷ്ണു പ്രണോയ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ ജീവത്യാഗം നമ്മെ ഒന്നും പഠിപ്പിച്ചില്ല എന്നുവേണം കരുതാന്‍. വിദ്യാഭ്യാസ രംഗത്തെ മൂലധനം കൊള്ളയില്‍നിന്നു ഹിംസയിലേക്കും കൂട്ടക്കൊലയിലേക്കും ചോരപരണ്ട നഖങ്ങള്‍ നീട്ടുമ്പോള്‍ ജനാധിപത്യത്തിന്റെ സര്‍വ്വ അഹങ്കാരങ്ങളും നിസ്സഹായമാകുന്നു. എന്തിനാണ് ഗവണ്‍മെന്റുകള്‍? ലാ അക്കാദമിയിലെ കുട്ടികള്‍ ഒരിക്കല്‍ക്കൂടി വികൃതമായ മുഖംമൂടികള്‍ വലിച്ചൂരിയിരിക്കുന്നു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസം എന്തെന്നും അതിനോട് സര്‍വ്വകലാശാലയുടെയും സര്‍ക്കാറിന്റെയും സമീപനമെന്തെന്നും മാറ്റേണ്ടതോ പുതുക്കേണ്ടതോ ആയ നിയമങ്ങള്‍ പുതുക്കാതെ അവരെന്തുകൊണ്ട് അറച്ചു നില്‍ക്കുന്നുവെന്നും നാം അറിയുകയാണ്.

ധനാധികാരത്തോടും അതിന്റെ അശ്ലീല വേഴ്ച്ചകളോടും സമരസപ്പെടുന്ന രാഷ്ട്രീയനേതൃത്വങ്ങള്‍ തുറന്നുകാണിക്കപ്പെട്ടു എന്നതാണ് സമരത്തിന്റെ വിജയം. പൊതു സ്വത്തും പൊതുജനാവകാശങ്ങളും എങ്ങനെയെല്ലാം കൊള്ളയടിക്കപ്പെടുന്നുവെന്ന് തിരിച്ചറിയപ്പെട്ടു. വിര്‍ബന്ധിതമായ അന്വേഷണത്തിനൊടുവില്‍ റവന്യു ഉദ്യോഗസ്ഥര്‍ക്കുതന്നെ കയ്യേറ്റങ്ങളുടെ ചിത്രം അടയാളപ്പെടുത്തേണ്ടിവന്നു. ഇന്നലെവരെ അതെല്ലാം ഇങ്ങനെ നിര്‍ബാധം നടക്കുകയായിരുന്നു. ഗവണ്‍മെന്റും രാഷ്ട്രീയ സംഘടനകളും സര്‍വ്വകലാശാലയും വിദ്യാര്‍ത്ഥി സംഘടനകളും എല്ലാം ഇവിടെയുണ്ടായിരുന്നു. അവരുടെ കാഴ്ച്ചയിലോ താല്‍പ്പര്യങ്ങളിലോ പതിയാത്ത ചിലതെല്ലാം മാന്തി പുറത്തിടാന്‍ അസംഘടിതരായ പെണ്‍കുട്ടികളുടെ മുന്‍കയ്യിലാരംഭിച്ച പുതിയ പ്രക്ഷോഭത്തിനു സാധിച്ചു. അതാണ് ഏറ്റവും വലിയ വിജയം.

അക്കാദമിയിലെ വിദ്യാര്‍ത്ഥിസമരം താല്‍ക്കാലികമായി അവസാനിച്ചു. അതു പൊതു സമൂഹത്തിലുണര്‍ത്തിയ പ്രശ്‌നങ്ങള്‍ തീരുന്നില്ല. ഒരു പ്രിന്‍സിപ്പാളിനെ മാറ്റിയാല്‍ തീരുന്ന പ്രശ്‌നമേയുള്ളുവെന്നു സമാധാനിക്കുന്നവര്‍ മണ്ണ് മോശമായതിന് മരത്തെ പഴിക്കുന്നവരാണ്. മണ്ണിലാണ് മാറ്റം വേണ്ടത്. മരത്തിലല്ല. സംസ്ഥാനത്തെ പൊതു സമൂഹത്തെ കുട്ടികള്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിരിക്കുന്നു. അത്രയും നന്നായി. അഭിവാദ്യം.

9 ഫെബ്രുവരി 2017

1 അഭിപ്രായം

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )