തിരുവനന്തപുരത്തെ ലാ അക്കാദമി നില്ക്കുന്ന പതിനൊന്നര അക്കര്‍ ഭൂമി നടരാജപിള്ളയുടെ മക്കള്‍ക്ക് വിട്ടുകൊടുക്കുക സാധ്യമല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തള്ളിക്കളയാനാവില്ല. അതിനര്‍ത്ഥം സര്‍ക്കാറില്‍ നിക്ഷിപ്തമായിരുന്ന ആ ഭൂമിയുടെ അവകാശം വഞ്ചനയിലൂടെയും തെറ്റായ മാര്‍ഗങ്ങളിലൂടെയുമാണ് ഇപ്പോഴത്തെ കൈവശാവകാശികളിലേക്ക് എത്തിയതെങ്കില്‍ അതു തിരിച്ചുപിടിക്കണം എന്ന ആവശ്യം അപ്രസക്തമാണെന്നല്ല. രണ്ടും രണ്ടായിതന്നെ കാണണം. സമരത്തിന്റെ മറവില്‍ പ്രശ്നങ്ങളെ കൂട്ടിക്കുഴച്ചു നേട്ടമുണ്ടാക്കാനുള്ള രാഷ്ട്രീയ ശ്രമം ഉണ്ടോ എന്ന സംശയം ന്യായമാണ്. അതിനാല്‍ മുഖ്യമന്ത്രി കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നുവെങ്കില്‍ അത് അഭിനന്ദനീയമാണ്. എന്നാല്‍ അതേ പിശക് മുഖ്യമന്ത്രി ആവര്‍ത്തിച്ചുകൂടാ. യഥാര്‍ത്ഥ പ്രശ്നത്തെ ചിലരുടെ സങ്കുചിത താല്‍പ്പര്യങ്ങളുടെ മറവില്‍ നിര്‍ത്തുന്നതും അപലപനീയമാണ്.
ജനുവരി 31ന് ഞാനെന്റെ ബ്ലോഗില്‍ ഒരു കുറിപ്പെഴുതിയിരുന്നു. വിവേകാനന്ദന്റെ കട്ടിലില്‍നിന്ന് മനോന്മണീയത്തിന്റെ മണ്ണിലേക്കു താമരക്കണ്ണ് നീളുന്നു എന്നതായിരുന്നു അതില്‍ സൂചിപ്പിച്ചത്. മനോന്മണീയം സുന്ദരന്പിള്ളയുടെയും അദ്ദേഹത്തിന്റെ മകന് നടരാജപിള്ളയുടെയും പാരമ്പര്യത്തിലേക്കു ബിജെപിയുടെ എത്തിനോട്ടം 2012 ജനവരിയില്‍ തിരുവനന്തപുരത്തു കണ്ടതാണ്. സ്വാമി വിവേകാനന്ദന് 1892ല്‍ കേരളം സന്ദര്‍ശിച്ച സമയത്തു (സുന്ദരംപിള്ളയുടെ അതിഥിയായാണ് കഴിഞ്ഞത്) അദ്ദേഹം ശയിച്ച ശിലാമഞ്ചം ഭാരതീയ വിചാര കേന്ദ്രത്തിനു ആഘോഷപൂര്‍വ്വമാണ് കൈമാറിയത്. അതേ താല്‍പ്പര്യത്തിന്റെ തുടര്‍ച്ചയാണ് ആ ഭൂമിയുമായി ബന്ധപ്പെട്ട അവകാശവാദത്തിനു പിറകിലുള്ളത് എന്നു കരുതണം. രണ്ടു മാസം മുമ്പാണ് പഴയ അവകാശവുമുന്നയിച്ചുകൊണ്ട് ഗവണ്മെന്റിനു കത്തു ലഭിച്ചത്. തുടര്‍ന്നു മറ്റൊരു വിദ്യാര്‍ത്ഥി സമരത്തിലും കാണാത്ത താല്‍പ്പര്യമാണ് ബിജെപി ലാ അക്കാദമിയില്‍ പ്രദര്‍ശിപ്പിച്ചത് എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.
കേരളത്തിലെ പ്രവര്‍ത്തന അജണ്ടയുടെ മുഖ്യമുഖമായി ബിജെപി ഭൂപ്രശ്നത്തെയാണ് ഉയര്‍ത്തിക്കാണിക്കുന്നത്. ഏതെങ്കിലും സംസ്ഥാനത്തു പുരോഗമനപരമായ ഒരു ഭൂപരിഷ്ക്കരണ നിയമം കൊണ്ടു വരാനോ പദ്ധതി ആലോചനയ്ക്കു വെയ്ക്കാനോ ഇതുവരെ ബിജെപിക്കു സാധിച്ചിട്ടില്ല. തിരിച്ചു കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കാനുള്ള നിയമനിര്‍മാണത്തിനു കോപ്പുകൂട്ടിയവരുമാണവര്. കേരളത്തില്‍ ഉയര്‍ന്നുവരുന്ന പുതിയ ആവശ്യകതയുടെ ചുമലില്‍കയറി പരമാവധി നേട്ടമുണ്ടാക്കാനാവുമോ എന്നു മാത്രമാവണം അവരുടെ നോട്ടം. ലാ അക്കാദമിയില്‍ വിവേകാനന്ദ സ്പര്‍ശമേറ്റ സുന്ദരംപിള്ളയുടെ മണ്ണ് എന്ന വൈകാരികതയിലേക്കു നീളുന്ന ഒരു കാഴ്ച്ചയുടെ നിഴലുണ്ട്. താമരക്കണ്ണിലെ ആ നിഴലിനു വഴങ്ങുന്നത് അപായകരമാവും.
എന്നാല്‍ ഭൂ അവകാശപ്രശ്നം നടരാജപിള്ളയുടെ കുടുംബത്തിന് ഉന്നയിക്കാവുന്ന ധാരാളം അവസരങ്ങളുണ്ടായിരുന്നു. പ്രത്യേകിച്ചും ഭൂപരിഷ്ക്കരണ നിയമത്തെത്തുടര്‍ന്നു ഭൂനിര്‍ണയം ആവശ്യമായ ഘട്ടമുണ്ടായിരുന്നു. അപ്പോഴൊക്കെ അതു ഗവണ്മെന്റിനു വിട്ടുകൊടുക്കുന്ന നിലപാടാണ് അവര്‍ ,സ്വീകരിച്ചത് എന്നുവേണം മനസ്സിലാക്കാന്‍. അക്കാലത്ത് അവകാശവാദമുന്നയിച്ചതായി എവിടെയും കണ്ടിട്ടില്ല. ഈ സാഹചര്യത്തില്‍ അവരോടുള്ള ആദരവും മമതയും മുന്‍നിര്‍ത്തി ഭൂമി നല്‍കേണ്ടതുണ്ടോ എന്നു ഗവണ്മെന്റിന് ആലോചിക്കാം. അതു പക്ഷെ, ഈ ഭൂമിതന്നെയാവണം എന്നു വാശിപിടിക്കുന്നതില്‍ കാര്യമുണ്ടെന്നു തോന്നുന്നില്ല. ഭൂപരിഷ്ക്കരണ നിയമത്തിനുതന്നെ നാലരപ്പതിറ്റാണ്ടു തികയുന്നതുവരെ കാത്തിരിക്കേണ്ടിവന്നു ഇങ്ങനെയൊരു തോന്നലുണ്ടാവാന്‍ എന്നതും അത്ഭുതമാണ്.
ബിജെപിയുടെ കൗശലരാഷ്ട്രീയത്തിനു ലാ അക്കാദമി സമരം വഴങ്ങേണ്ടതില്ലെങ്കിലും. ഭൂമി ഏറ്റെടുക്കണം എന്ന ആവശ്യത്തിനു പിറകിലെ സാരമായ സന്ദേഹം പരിഗണിച്ചേതീരൂ. 1966ല്‍ രൂപീകരിച്ച ഒരു ട്രസ്റ്റിനു കൈമാറിയ സ്ഥലം എങ്ങനെ സ്വകാര്യഉടമസ്ഥതയിലേക്കു വഴിമാറി എന്നത് പരിശോധിക്കേണ്ടതുണ്ട്. അഴിമതിയാണെങ്കില്‍ ഭൂമി തിരിച്ചെടുക്കണമെന്ന ആവശ്യം ന്യായമാണ്. അതിനാല്‍, വിട്ടുകൊടുക്കലിനെക്കുറിച്ചുള്ള ചര്‍ച്ചകളുമായി ഏറ്റെടുക്കല്‍ ആവശ്യത്തെ കൂട്ടിക്കുഴച്ചുകൂടാ. 1985ല്‍ കെ കരുണാകരന് മുഖ്യമന്ത്രിയായിരിക്കെ പതിച്ചുകൊടുത്ത ഭൂമിയാണ്. ഇപ്പോഴാണോ പ്രശ്നം ഉന്നയിക്കുന്നത് എന്ന മട്ടിലുള്ള വിമര്‍ശത്തിലും കഴമ്പില്ല. ഏതു സര്‍ക്കാറിന്റെ കാലത്തും ഇത്തരം പതിച്ചു നല്കലുകള് കൊട്ടിഘോഷിച്ചല്ല ചെയ്യുക പതിവ്. എത്രയും രഹസ്യമായേ അതെല്ലാം നടത്തൂ. അന്ന് ഞങ്ങള്‍ക്കാര്‍ക്കും എതിര്‍പ്പില്ലായിരുന്നു അതുകൊണ്ട് തടസ്സമുന്നയിച്ചില്ല, ഇപ്പോഴും എതിര്‍പ്പില്ല എന്നാണോ മുഖ്യമന്ത്രി ഉദ്ദേശിച്ചതെന്നും വ്യക്തമായില്ല.
അക്കാദമി സമരത്തില്‍ വിദ്യാര്‍ത്ഥികളുന്നയിച്ച ഗൗരവതരമായ പ്രശ്നങ്ങളുണ്ട്. അവയെയെല്ലാം ബിജെപിയുള്ള സമരമല്ലേ എന്ന് അധിക്ഷേപിച്ച് അവഗണിക്കുന്നത് കുറ്റകരമാണ്. ദൗര്‍ഭാഗ്യവശാല്‍ മുഖ്യമന്ത്രി അതാണ് ചെയ്യുന്നത്. അക്കാദമി മാനേജ്മെന്റിനെ തുണയ്ക്കാനുള്ള ഒരൂന്നുവടിയായി വിദ്യാര്‍ത്ഥി സമരത്തിന്റെ മറവില്‍ കളിക്കുന്ന കൗശല രാഷ്ട്രീയത്തെ മുഖ്യമന്ത്രിയും പ്രയോജനപ്പെടുത്തുകയാണ്. അല്ലായിരുന്നുവെങ്കില്‍ വിദ്യാര്‍ത്ഥികളുന്നയിച്ച ഗൗരവമുള്ള കുറ്റാരോപണങ്ങളില്‍ അതിവേഗ നടപടികളുണ്ടാകുമായിരുന്നു. മുഖ്യമന്ത്രി വിഷയത്തിന്റെ പ്രാധാന്യത്തിനനുസരിച്ചു പ്രതികരിക്കുമായിരുന്നു. പ്രിന്‍സിപ്പാള്‍ മാറി നില്‍ക്കണോ രാജി വയ്ക്കണോ എന്ന വിഷയമായി അതിനെ ചുരുക്കുമായിരുന്നില്ല. ഫലത്തില്‍ പക്ഷംചേരുന്ന സര്‍ക്കാറിനെയാണ് നാം കാണുന്നത്.
സമരത്തില്‍ പങ്കാളികളാവുന്നവരെല്ലാം ബിജെപി രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നവരാണെന്ന പ്രസ്താവനയും മാനേജ്മെന്റിനുള്ള പിന്തുണയാണ്. പ്രിന്‍സിപ്പാളിനെ തല്ക്കാലത്തേയ്ക്കു മാറ്റി നിര്‍ത്തി പ്രശ്നങ്ങള്‍ക്കു മറയിടാനുള്ള വെമ്പലായേ അതിനെ കാണാനാവൂ. അത്തരം ദുഷിച്ച സമീപനവും അമിതാധികാര പ്രവണതയുമുള്ള പ്രിന്‍സിപ്പാള്‍ രൂപപ്പെടുന്ന സാഹചര്യമാണ് മാറേണ്ടത്. ലക്ഷ്മി നായര്‍ മാറിയാല്‍ മാത്രം തീരുന്ന പ്രശ്നമല്ലല്ലോ അത്. അതിനെന്തു വഴി എന്ന ആലോചനയും പരിഹാരവുമുണ്ടാകണം. ലാ അക്കാദമിക്കു ലഭിക്കുന്ന അമിതലാളനയുടെ ഹേതുവെന്തെന്ന് പൊതു സമൂഹത്തിനു മനസ്സിലാവുകയും വേണം.
5 ഫെബ്രുവരി 2017