Article POLITICS

രോഹിത് വെമുലമാരോട് അപ്പറാവുമാര്‍ ചെയ്യുന്നത്

 

 

തിരുവനന്തപുരം ലാ അക്കാദമിയിലെ വിദ്യാര്‍ത്ഥികളെ പ്രക്ഷോഭത്തിലേയ്ക്ക് തള്ളിവിട്ട സാഹചര്യമെന്തായിരുന്നു? പ്രിന്‍സിപ്പാളിന്റെ വിദ്യാര്‍ത്ഥിവിരുദ്ധ നടപടികളല്ലേ? അതെത്രമാത്രം ഗൗരവതരമായിരുന്നു? അവയില്‍ പക്ഷപാതപരമായ സമീപനം, ഇന്റേണല്‍ മാര്‍ക്കിലെ അപാകതകള്‍, അമിതാധികാരപ്രയോഗം എന്നിവയെല്ലാം നമുക്കു മനസ്സിലാക്കാവുന്നതേയുള്ളു. കാരണം ഇത്തരം സ്ഥാപന മേധാവികളെ നാം മുമ്പും കണ്ടിട്ടുണ്ട്.

ജാതിയുടെയോ മതത്തിന്റെയോ പേരിലുള്ള വിവേചനവും അധിക്ഷേപവും അത്ര ലഘുവായ കാര്യമല്ല. വിളിയ്ക്കും പെരുമാറ്റത്തിനുമപ്പുറം തൊഴിലെടുപ്പിക്കുന്നിടംവരെ അതെത്തുന്നത് നമ്മെ ഞെട്ടിക്കുന്നു. തങ്ങള്‍ അനുഭവിക്കുന്നതിതാണ് എന്നു വിളിച്ചുപറയുകയാണ് കുട്ടികള്‍. പെണ്‍കുട്ടികളുടെ കുളിപ്പുരയോളം തുറന്നുവച്ച ക്യാമറക്കണ്ണുകള്‍ വിവേചനത്തിന്റെയും ഭീഷണിയുടെയും തുറുകണ്ണുകളാണ്. ടി. പത്മനാഭന്‍ പറഞ്ഞതുപോലെ, ആരെങ്കിലും അഭിമാനക്ഷതംമൂലം ആത്മഹത്യ ചെയ്താലേ നമ്മുടെ കണ്ണുതുറക്കൂ എന്നു വാശി പിടിക്കുന്നത് ഗുരുതരമായ രോഗമാണ്.

പരീക്ഷയുള്‍പ്പെടെയുള്ള അക്കാദമിക വിഷയങ്ങളില്‍ സര്‍വ്വകലാശാലയെക്കൊണ്ട് നടപടിയെടുപ്പിക്കാന്‍ സമരത്തിനു സാധിച്ചു. പ്രിന്‍സിപ്പാളിനെ അഞ്ചു വര്‍ഷത്തേയ്ക്കു ഡീബാര്‍ ചെയ്തു. സര്‍വ്വകലാശാലാ ചട്ടങ്ങള്‍ മാത്രമല്ല, മനുഷ്യാവകാശങ്ങള്‍കൂടിയാണ് നഗ്നമായി ലംഘിക്കപ്പെട്ടത്. അതിന്റെ പേരില്‍ സര്‍വ്വകലാശാലയിലെ അഫിലിയേഷന്‍ റദ്ദാക്കാതിരിക്കാന്‍ കാരണമെന്തെങ്കിലുമുണ്ടോ എന്നുപോലും സിന്‍ഡിക്കേറ്റ് ചോദ്യമുന്നയിച്ചില്ല. അനര്‍ഹമായ അംഗീകാരമാണ് വെറുമൊരു പാരലല്‍ നിയമ കലാലയമായ ലാ അക്കാദമി നേടിയെടുത്തത് എന്ന കാര്യം പുറത്തുവന്നെങ്കിലും സിന്‍ഡിക്കേറ്റ് കണ്ണടച്ചിരുപ്പാണ്.

ജാതിമത ലിംഗ വിവേചനവും അധിക്ഷേപവും കടുത്ത കുറ്റകൃത്യമാണെങ്കിലും അതിന്റെ പേരില്‍ ഔപചാരിക നടപടിക്രമങ്ങള്‍പോലും പ്രിന്‍സിപ്പാളിനു നേരിടേണ്ടിവന്നില്ല. പൊലീസില്‍ നല്‍കിയ പരാതി തുറന്നു നോക്കുന്നതുതന്നെ ദിവസങ്ങള്‍ കഴിഞ്ഞാണ്. ജാമ്യമില്ലാ കുറ്റമാണെങ്കിലും അറസ്റ്റെങ്കിലും രേഖപ്പെടുത്താന്‍ ആഭ്യന്തരവകുപ്പ് തയ്യാറായില്ല. നിയമപരമായി ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാത്ത സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളോട് സമരം അവസാനിപ്പിക്കാന്‍ പറയുന്നത് എന്തര്‍ത്ഥത്തിലാണ്?

വിദ്യാര്‍ത്ഥികള്‍ക്ക് അക്കാദമികാന്തരീക്ഷം ലഭ്യമാവണം. ജനാധിപത്യ മനുഷ്യാവകാശങ്ങള്‍ പാലിക്കപ്പെടുമെന്ന് ഉറപ്പു കിട്ടണം. വിവേചനത്തിനും പീഢനത്തിനും ഇരകളായവര്‍ക്ക് നിയമ പരിരക്ഷ ഉറപ്പാക്കണം. ഒരു മാസത്തോളമായിട്ടും നമ്മുടെ ആഭ്യന്തര വിദ്യാഭ്യാസ വകുപ്പുകള്‍ യഥാര്‍ത്ഥ പ്രശ്നം കണ്ടില്ലെന്നു നടിക്കുന്നതെന്തുകൊണ്ടാണ്?

എയ്ഡഡല്ലാത്ത ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും സര്‍ക്കാര്‍ ഭൂമിയോ ഗ്രാന്റോ നല്‍കുക പതിവില്ല. സര്‍വ്വകലാശാലാ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ പങ്കാളിത്തവും ലഭിക്കാറില്ല. ലാ അക്കാദമിക്കു മാത്രമെന്താണ് പ്രത്യേകത? വിഎസ് അച്യുതാനന്ദന്റെ രേഖാമൂലമുള്ള പരാതിയില്‍ റവന്യൂമന്ത്രി ഭൂമിസംബന്ധമായ അന്വേഷണം പ്രഖ്യാപിച്ചത് ആശ്വാസകരമാണ്. പക്ഷെ, മുഖ്യമന്ത്രിയുടെ ഇതുസംബന്ധിച്ചുള്ള പ്രസ്താവന മുഴുവന്‍ ഭൂമികയ്യേറ്റക്കാര്‍ക്കും ഊര്‍ജ്ജം നല്‍കുന്നതായി. ഭൂമി ഏറ്റെടുക്കുന്നതു ആലോചിക്കാന്‍പോലും മുഖ്യമന്ത്രിക്കാവുന്നില്ല.

എല്‍ ഡി എഫ് സര്‍ക്കാറിനെ നയിക്കുന്ന സിപി എമ്മിന്റെ പക്ഷം വെളിപ്പെടുകയാണ്. ആ പക്ഷപാതമാണ് എസ് എഫ് ഐയ്ക്ക് അപകടമായത്. സമരരംഗത്ത് പല സംഘടനകളുണ്ടെങ്കിലും എസ് എഫ് ഐയോടേ ചര്‍ച്ചവേണ്ടൂ എന്ന് സമരക്കാരെ ഭിന്നിപ്പിക്കാന്‍ മാനേജ്മെന്റിന് കരുത്തുകൊടുത്തത് ആരൊക്കെയാണ്? . തങ്ങളുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് മറ്റ് വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച ചെയ്യണമെന്ന് എസ് എഫ് ഐ ആ
വശ്യപ്പെടേണ്ടതായിരുന്നു. ജനാധിപത്യ മര്യാദകളുടെ ഭാഗമാണത്. അവഗണന ആരോടായാലും അന്തസ്സില്ലായ്മയാണ്. അനീതിയാണ്.

പ്രിന്‍സിപ്പാള്‍ രാജി വയ്ക്കണോ വേണ്ടേ എന്ന പ്രശ്നമാക്കി വലിയൊരു പ്രശ്നത്തെ ചുരുക്കുന്നതില്‍ മാധ്യമങ്ങളുള്‍പ്പെടെ എല്ലാവരും വലിയ പങ്കാണ് വഹിച്ചത്. പ്രിന്‍സിപ്പാള്‍ക്കെതിരെ ഉയര്‍ന്ന ഗൗരവതരമായ കുറ്റാരോപണങ്ങളില്‍ എന്തെന്തു നടപടികളാണ് സ്വീകരിച്ചത് എന്ന ചോദ്യം ബാക്കി നില്‍ക്കുന്നു. സര്‍വ്വകലാശാല അഞ്ചു വര്‍ഷത്തേയ്ക്കു ഡീബാര്‍ ചെയ്യുകയും മാനേജ്മെന്റ് അഞ്ചു വര്‍ഷത്തേയ്ക്കു മാറ്റിനിര്‍ത്തുകയും ചെയ്തല്ലോ എന്ന ആശ്വാസമേ വേണ്ടു സമരം അവസാനിപ്പിക്കുന്നവര്‍ക്ക്. തുടരുന്നവര്‍ക്ക് പ്രിന്‍സിപ്പാളിന്റെ രാജിക്കത്തുകൂടി കിട്ടിയാല്‍ മതിയാവുമോ? അപ്പോള്‍ സമരം തുടരുന്നവരും പിന്മാറിയവരും തമ്മില്‍ എന്തു വ്യത്യാസം?

രോഹിത് വെമുലമാരോട് അപ്പറാവുമാരും വരേണ്യ സംഘടനാ രൂപങ്ങളും ചെയ്തത് ആവര്‍ത്തിക്കപ്പെടുകയാണ്. ഒരാത്മഹത്യയെങ്കിലുമില്ലാതെ എന്തിനിടപെടണമെന്ന മട്ടിലാണ് ഏട്ടനിടതുപക്ഷം! പൊതുസമൂഹം ഈ നാടകങ്ങളോട് എന്തു നിലപാടെടുക്കുമെന്നേ ഇനി അറിയാനുള്ളു. കുട്ടികളുടെ സമരം പൊതു സമൂഹത്തിന്റെ ഉത്തരവാദിത്തമായി വളരുകയാണ്. അറിയേണ്ടവര്‍ തിരിച്ചറിയുന്നത് നന്ന്.

ആസാദ്
4 ഫെബ്രുവരി 2017

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )