Article POLITICS

ആശയസമരം ഗ്വാ ഗ്വാ വിളികളല്ല

 

 

മഹത്തായ രാഷ്ട്രീയ ദര്‍ശനങ്ങളുടെ അടിത്തറയിലുയര്‍ത്തപ്പെട്ട പ്രസ്ഥാനങ്ങള്‍ക്ക് ഇപ്പോള്‍ ചെറിയൊരു പ്രശ്‌നത്തെ അതിജീവിക്കാന്‍പോലും ദുര്‍വായനകളും നുണപ്രചാരണങ്ങളും അക്രമോത്സുക സമീപനങ്ങളും കൈക്കൊള്ളേണ്ടി വരുന്നത് ഖേദകരമാണ്. ചരിത്രപരവും വൈരുദ്ധ്യാത്മകവുമായ ഭൗതികവാദത്തിന്റെ വിശകലന രീതികളെ പുതുക്കിയും മൂര്‍ച്ചകൂട്ടിയും ചരിത്രത്തെയും സംഘര്‍ഷനിര്‍ഭരമായ വര്‍ത്തമാനത്തെയും അഭിസംബോധന ചെയ്യാനാണ് മാര്‍ക്‌സിസ്റ്റുകാര്‍ ശ്രമിക്കേണ്ടത്. തങ്ങളുടെ കൈവശമുള്ള സവിശേഷോപകരണംകൊണ്ട് സ്ഥൂലവും സൂക്ഷ്മവുമായ വ്യവഹാരങ്ങളെയും അതിന്റെ സ്വാഭാവിക പരിണതികളെയും അപഗ്രഥിക്കാവുന്നതേയുള്ളു. മാര്‍ക്‌സിസ്റ്റാചാര്യന്മാരെല്ലാം അതിനാണ് ശ്രമിച്ചുപോന്നത്.

എല്ലായ്‌പ്പോഴും കുയുക്തികള്‍ കണ്ടെത്തി എന്തിനെയാണ് തോല്‍പ്പിക്കാനാവുക? ശാസ്ത്രീയമായ വിശകലനോപകരണവും പരിഹാരവും വലിച്ചെറിഞ്ഞ് വലതുപക്ഷത്തിന്റെ തുരുമ്പിച്ച ആയുധങ്ങള്‍ സ്വീകരിക്കേണ്ടിവരുന്ന ദുരവസ്ഥ എങ്ങനെയാണുണ്ടായത്? പ്രത്യയശാസ്ത്രമാണ് കരുത്താര്‍ന്ന പടച്ചട്ട. അതു കൈമോശംവരുമ്പോഴുള്ള ഭീതിയും നിരാശ്രയത്വവുമാണ് സംവാദങ്ങളെ കടന്നാക്രമണങ്ങളാക്കി മാറ്റുന്നത്. തങ്ങളെത്തന്നെ നിഷേധിക്കുംവിധം മറ്റുള്ളവരെ തെറ്റുകാരാക്കാനുള്ള ഉത്സാഹവും അതിന്റെ ഭാഗമാണ്. വികാരത്തള്ളലില്‍ ആരാണ് ബന്ധു ആരാണ് ശത്രു എന്നുപോലും തിരിച്ചറിയാന്‍ കഴിയാതാവുന്നു.

തങ്ങളുടെ വിദ്യാര്‍ത്ഥി വിഭാഗം നടത്തുന്ന സമരത്തെ അഭിവാദ്യംചെയ്യാന്‍ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ ലോ അക്കാദമിയിലെത്തിയപ്പോള്‍ സമീപത്തു അനിശ്ചിതകാല നിരാഹാരസമരം നടത്തിവരുന്ന ബിജെപി നേതാവ് വി മുരളീധരനെ കണ്ട് ആരോഗ്യസ്ഥിതി അന്വേഷിച്ചത് ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ കാണിക്കേണ്ട സാമാന്യ മര്യാദയായേ കാണേണ്ടതുള്ളു. അതു പക്ഷെ വലിയൊരപരാധമായി വ്യാഖ്യാനിക്കാനുള്ള അമിതോത്സാഹമാണ് കണ്ടത്. അതിന്റെ അപാകത്തെപ്പറ്റി കഴിഞ്ഞ ദിവസം ഞാനൊരു കുറിപ്പിട്ടിരുന്നു. ജനാധിപത്യപരവും മാനവികവുമായ സാമാന്യമര്യാദകള്‍ പാലിക്കുന്നത് സാമൂഹികമായ കെട്ടുറപ്പിന് അത്യാവശ്യമാണ്. സാമൂഹികസുരക്ഷയുടെ വലയം ഇത്തരം പെരുമാറ്റങ്ങളിലൂടെയാണ് നിലനില്‍ക്കുന്നത്. അതേസമയം, രാഷ്ട്രീയമായ അവിശുദ്ധ ചേരുവകളിലേക്കു നീങ്ങുന്ന വിലപേശലുകളും അധികാര വീതംവെപ്പുകളും വേറിട്ടുതന്നെ കാണണം. ഇവയെ വേര്‍തിരിച്ചു കാണാന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് വലിയ പ്രയാസമില്ല.

ചുമലില്‍കയ്യിട്ടാല്‍ രാഷ്ട്രീയസഖ്യമാവില്ല. കമ്യൂണിസ്റ്റു നേതാക്കള്‍ ഇതര പാര്‍ട്ടികളുടെ പ്രവര്‍ത്തകരോടും നേതാക്കളോടും സ്‌നേഹാദരവുകളോടെയേ പെരുമാറുക പതിവുള്ളു. രാഷ്ട്രീയമായ പിശകുകളെ കേവലം വ്യക്തിപരമായ കുറ്റങ്ങളായി കണക്കാക്കാറില്ല. അങ്ങനെ ചുരുക്കിക്കാണാന്‍ വലതുപക്ഷ രാഷ്ട്രീയത്തിനേ സാധ്യമാകൂ. സിപിഎം സെക്രട്ടറി സീതാറാം യെച്ചൂരി  സമരമുഖത്ത് ബിജെപി നേതാക്കളുമായി സൗഹൃദപൂര്‍വ്വം ഇരിക്കുന്ന ചിത്രങ്ങള്‍ നമ്മുടെ മനസ്സിലും പത്രത്താളുകളിലുമുണ്ട്. അവയെ ബിജെപിയുമായുള്ള അവിഹിതം എന്നു വിളിച്ചുകൂവുന്നവര്‍ സമരരാഷ്ട്രീയവും ഭരണരാഷ്ട്രീയവും തമ്മിലുള്ള വേര്‍തിരിവറിയാത്തവരാണ്.

അധികാരത്തിലേക്കുള്ള വഴികളിലും (അടിയന്തിരാവസ്ഥാശേഷമുള്ള കാലത്ത്) അങ്ങനെ സംഭവിച്ചിട്ടുണ്ട്. ജ്യോതിബാസുവും ഇഎംഎസ്സുമൊക്കെ അദ്വാനിയുമായി ഐക്യപ്പെട്ടിട്ടുണ്ട്. കെ ജി മാരാരെ ജയിപ്പിക്കാന്‍ യത്‌നിച്ചിട്ടുണ്ട്. പിന്നീട് ആ തെറ്റ് തിരുത്തിയിട്ടുമുണ്ട്. അതോര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കാനും കുറ്റപ്പെടുത്തിക്കൊണ്ടേയിരിക്കാനും മുതിരുന്നത് ആത്മശേഷണം സംഭവിച്ചവരാണ്. കമ്യൂണിസ്റ്റുകാരെ നേരിടാന്‍ ആയുധമില്ലാതാകുമ്പോഴാണ് വലതുപക്ഷം, അന്ന് അങ്ങനെ ചെയ്തില്ലേ എന്നു തെറ്റായി ചരിത്രത്തെ നിവര്‍ത്തുന്നത്. അന്നു കമ്പ്യൂട്ടറിനെ എതിര്‍ത്തില്ലേ എന്നും മറ്റും സന്ദര്‍ഭത്തില്‍നിന്നു അടര്‍ത്തിമാറ്റിയ ചോദ്യങ്ങളുയരാറുണ്ട്.

സമരങ്ങളിലെ ഐക്യം എന്നത് അധികാരത്തിലെ ഐക്യംപോലെയല്ല. സന്ദര്‍ഭവശാല്‍ ജനങ്ങളുടെ പ്രശ്‌നങ്ങളിലേക്ക് വലിച്ചടുപ്പിക്കപ്പെടുകയും സമരമുഖത്ത് അനുകൂലമായ നിലപാടെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയുമാണെന്നു വരാം. എങ്കിലും അത് സ്വാഗതാര്‍ഹമാണ്. പലയിടത്തും വേറിട്ടുനിന്നവരും ജനകീയ പ്രശ്‌നങ്ങളില്‍ മുഖം തിരിച്ചവരുമാവാം. പക്ഷെ, ഒരിടത്തെങ്കിലും ശരിയായ പ്രശ്‌നത്തിന്റെ സമരപഥത്തിലേക്ക് വരുന്നവര്‍ സ്വാഗതംചെയ്യപ്പെടണം. ഒരു പ്രസ്ഥാനം സമരമുഖത്തെത്തുമ്പോള്‍ വേറിട്ടുനിന്ന ഒരു വിഭാഗമാണ് ജനകീയ പ്രശ്‌നങ്ങളുടെ കാതലിലേക്ക് അഥവാ വര്‍ഗസമരത്തിലേക്ക് കണ്ണിചേര്‍ക്കപ്പെടുന്നത്. പിന്നീട് സമരം അതിന്റെ ശരിയായ രാഷ്ട്രീയത്തെ പ്രവര്‍ത്തനക്ഷമമാക്കും. ബാഹ്യമായ രാഷ്ട്രീയ സമരം പോരാളികള്‍ക്കകത്ത് ആന്തരികമായ ഒരു രാഷ്ട്രീയ സമരംകൂടി നിര്‍വ്വഹിക്കുമെന്നര്‍ത്ഥം. ജനങ്ങള്‍ക്കൊപ്പമോ ഭരണകൂട കൗശലങ്ങള്‍ക്കൊപ്പമോ എന്ന ചോദ്യം പിന്നീട് നിരന്തരമായി വേട്ടയാടിക്കൊണ്ടിരിക്കും. അത് ദിശാസൂചിയാകും.

ഒറ്റപ്പെടുത്തുക, ഭ്രഷ്ടു കല്‍പ്പിക്കുക, അയിത്തമാചരിക്കുക എന്നിവയൊന്നും പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. മതാത്മക ജീവിതത്തിന്റെ ജീര്‍ണമായ അവശിഷ്ടങ്ങളാണവ. അത് രാഷ്ട്രീയമല്ല. രാഷ്ട്രീയവൈകൃതമാണ്. അന്യരെ വിധിക്കാന്‍ നമുക്കുള്ള യോഗ്യതയും പരിശോധിക്കപ്പെടണം. സാമൂഹികവും പുരോഗമനപരവുമായ ദര്‍ശനങ്ങളുടെ വെളിച്ചത്തിലുള്ള നിരീക്ഷണങ്ങളും വിശകലനങ്ങളും മറ്റുള്ളവരുടെ അവകാശങ്ങളെ ഹനിക്കുന്നതാവില്ല. അക്രമോത്സുകവും ധാര്‍ഷ്ട്യം നിറഞ്ഞതുമായ തീര്‍പ്പുകള്‍ ആത്മരതിക്കുതകിയെന്നുവരാം. അത്രതന്നെ.

ഇത്രയുമെഴുതുമ്പോള്‍ ലാ അക്കാദമിയിലെ സമരവുമായി ബന്ധപ്പെട്ട ഒരു കാര്യം വ്യക്തമാക്കേണ്ടതുണ്ട്. വിദ്യാര്‍ത്ഥികളുടെ പൊതുവായ താല്‍പ്പര്യമാണ് ബിജെപിക്കും അതിന്റെ വിദ്യാര്‍ത്ഥി സംഘടനക്കുമുള്ളതെന്നു ഞാന്‍ കരുതുന്നില്ല. അക്കാര്യം ഞാനെന്റെ ബ്ലോഗില്‍ വിവേകാനന്ദന്റെ കട്ടിലില്‍നിന്ന് മനോന്മണീയത്തിന്റെ മണ്ണിലേക്ക് ഒരു താമരക്കണ്ണ് എന്ന ലേഖനത്തില്‍ (ജനവരി 31) വിശദമാക്കിയിട്ടുണ്ട്. ആസൂത്രിതമായ ഒരു രാഷ്ട്രീയ പ്രയോഗത്തിനു അജണ്ടയും പ്രവര്‍ത്തന പദ്ധതികളുമൊരുക്കി വിചാരകേന്ദ്രം ആരംഭിച്ച ദീര്‍ഘകാല പ്രോജക്റ്റാണ് നിറവേറ്റപ്പെടുന്നത്. ഒട്ടും ആലോചനയില്ലാതെ വലതുപക്ഷത്തിന്റെ പഴയ തുരുമ്പിച്ച ആശയ ആയുധങ്ങളുമായല്ല അവരെ നേരിടേണ്ടത്. വികസിപ്പിച്ച ഇടതുപക്ഷ ധാരണകളുമായാണ്. സാമൂഹിക മാധ്യമങ്ങളിലെ ചിന്താശൂന്യമായ കടന്നാക്രമങ്ങള്‍ വിപരീതഫലമാണ് ചെയ്യുക. മാര്‍ക്‌സിസമെന്ന മൂല്യവത്തായ ഒരു ദര്‍ശനവും അതിന്റെ നൂതനമായ പ്രയോഗസാധ്യതകളും ഉണ്ടെന്നവകാശപ്പെടുന്നവര്‍ ചെപ്പടിവിദ്യകളില്‍ ഭ്രമിച്ചു അര്‍ത്ഥശൂന്യമായ ജല്‍പ്പനങ്ങളുരുവിടുന്നത് സഹതാപാര്‍ഹമാണ്.

3 ഫെബ്രുവരി 2017

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )