Article POLITICS

വിവേകാനന്ദന്റെ കട്ടിലില്‍നിന്ന് മനോന്മണീയത്തിന്റെ മണ്ണിലേക്ക് ഒരു താമരക്കണ്ണ്

 

handover-function-300x210

 

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളാണ് സമീപഭൂതകാലത്ത് ഉയര്‍ന്നുവന്നത്. അവിടെയൊന്നും ബിജെപി വിദ്യാര്‍ത്ഥികള്‍ക്കു പിന്തുണയായി എത്തുകയുണ്ടായില്ല. കലിക്കറ്റ് സര്‍വ്വകലാശാലയില്‍ യു ഡി എഫ് ഗവണ്‍മെന്റ് നിയോഗിച്ച ഡോ. അബ്ദുള്‍ സലാം വൈസ്ചാന്‍സലാറായിരിക്കെ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിലും അവരാരും പിന്തുണയുമായി എത്തിയില്ല. ലാ അക്കാദമിയില്‍ പക്ഷെ വലിയ താല്‍പ്പര്യത്തോടെയാണ് ബി ജെ പി രംഗപ്രവേശം ചെയ്തിരിക്കുന്നത്. മുന്‍ പ്രസിഡണ്ട് വി മുരളീധരന്‍ അനിശ്ചിതകാല നിരാഹാരത്തിലേക്കു നീങ്ങിയത് ആ താല്‍പ്പര്യത്തിന്റെ ആഴം വ്യക്തമാക്കുന്നു.

ബിജെപി കേരളത്തിലെ ആസന്നഭാവി പരിപാടിയായി തെരഞ്ഞെടുത്തത് ഭൂപ്രശ്‌നവുമായി ബന്ധപ്പെട്ട പ്രചാരണവും സമരവുമാണല്ലോ. ഭരണത്തിലെത്തിയ ഒരിടത്തും മാതൃകാപരമായ ഭൂനിയമം കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും കേരളത്തിന്റെ അജണ്ട അതായിരിക്കണമെന്ന് അവര്‍ക്കു നിര്‍ബന്ധമുണ്ട്. പുരോഗമനപരമായ ഒരു ഭൂപരിഷ്‌ക്കരണ നിയമം തുടര്‍ച്ചയറ്റ് ഏറെക്കുറെ പ്രതിലോമകരമെന്നു തോന്നിപ്പിക്കുന്ന അവസ്ഥയിലെത്തി നില്‍ക്കുകയാണ്. 1958ല്‍ നിയമംകൊണ്ടു വന്ന പ്രസ്ഥാനത്തിന് അങ്ങനെയൊരു അജണ്ട കൈമോശം വന്നിരിക്കുന്നു. ഭൂരഹിത കര്‍ഷകരും ദളിതരും ആദിവാസികളും പുറന്തള്ളപ്പെട്ട വിഭാഗങ്ങളും മണ്ണധികാരത്തിനുവേണ്ടിയും തുല്യാവകാശത്തിനുവേണ്ടിയും സമരസജ്ജരാവുകയാണ്. ഈ സന്ദര്‍ഭം പ്രയോജനപ്പെടുത്താനാവുമോ എന്നാണ് ബിജെപിയുടെ നോട്ടം.

ലാ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരത്തിലും ബിജെപിയെ പ്രചോദിപ്പിക്കുന്ന മുഖ്യ ഘടകം ഭൂമിയാണ്. പ്രിന്‍സിപ്പാളിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നടപടികള്‍ക്കെതിരെ ആരംഭിച്ച സമരം ഒട്ടേറെ പ്രാന്തപ്രശ്‌നങ്ങള്‍ ചികഞ്ഞു പുറത്തിടുകയുണ്ടായി. നേരത്തെ ഉന്നയിക്കപ്പെട്ടതിലും ശക്തമായ വിഷയങ്ങളാണ് സമരനാളുകളില്‍ പൊട്ടിത്തെറിച്ചത്. ലാ അക്കാദമിക്ക് പതിനൊന്നരയേക്കര്‍ ഭൂമി എങ്ങനെ ലഭിച്ചു എന്ന ചോദ്യം അതിലൊന്നാണ്. പ്രിന്‍സിപ്പാളിന്റെ ദളിത് വിരുദ്ധ സ്ത്രീ വിരുദ്ധ നടപടികളും പക്ഷപാതപരമായ നിലപാടുകളും ചോദ്യംചെയ്യപ്പെട്ടു. കാമ്പസില്‍ കോര്‍പറേഷന്റെ അനുമതിയില്ലാതെ കെട്ടിടങ്ങളുയര്‍ന്നതും ഭൂമി വിദ്യാഭ്യാസേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതും പുറത്തുവന്നു. പരാതികളുടെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പാള്‍ക്കും മാനേജ്‌മെന്റിനുമെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ചട്ടങ്ങള്‍ ലംഘിച്ച കോളേജിന്റെ അഫിലിയേഷന്‍ (അങ്ങനെയൊന്നുണ്ടെങ്കില്‍ ) റദ്ദാക്കണമെന്നും ആവശ്യമുയര്‍ന്നു. എന്നാല്‍ മാധ്യമങ്ങളുടെയും നേതാക്കളുടെയും കണ്ണുംകാതും ഉടക്കിയത് പ്രിന്‍സിപ്പാള്‍ രാജിവെയ്ക്കണമെന്ന മുദ്രാവാക്യത്തില്‍ മാത്രമാണ്.

അങ്ങനെയൊരു മുദ്രാവാക്യത്തോട് ഐക്യപ്പെട്ടും അതു കനപ്പിച്ചുമാണ് ബിജെപി സമരപിന്തുണ ശക്തിപ്പെടുത്തിയത്. അവരുടെ ലക്ഷ്യം ആ പതിനൊന്നരയേക്കറാണ്.. അതറിയണമെങ്കില്‍ ആ ഭൂമിയുടെ ചരിത്രമറിയണം. തിരുവിതാംകൂര്‍ രാജാവ് റാവുബഹദൂര്‍ മനോന്മണീയം സുന്ദരംപിള്ളയ്ക്കു കരമൊഴിവായി ചാര്‍ത്തിക്കൊടുത്ത കാടും മലയും മൃഗങ്ങളുമുള്ള എണ്ണൂറേക്കര്‍ ഭൂമിയുടെ ഭാഗമാണത്. തിരുവനന്തപുരത്തും തിരുനല്‍വേലിയിലും ഔദ്യോഗിക ജീവിതം നയിച്ച സുന്ദരംപിള്ള തമിഴിലെ വിഖ്യാതകൃതിയായ മനോന്മണീയത്തിന്റെ കര്‍ത്താവാണ്. തിരുവിതാംകൂറിലെ ആദ്യ ബിരുദാനന്തര ബിരുദക്കാരനായ സുന്ദരംപിള്ള വേണാട്ടു രാജാക്കന്മാര്‍, തിരുവിതാംകൂറിലെ ശിലാലിഖിതങ്ങള്‍ എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവാണ്. തിരുവിതാംകൂറിലെ പുരാവസ്തു വകുപ്പിനു രൂപംകൊടുത്തതും അദ്ദേഹമാണ്. ശിലാലിഖിതങ്ങളുടെ പകര്‍പ്പുകള്‍ ശാസ്ത്രീയമായി തയ്യാറാക്കിയത് അദ്ദേഹമാണത്രെ.

1892ല്‍ സ്വാമി വിവേകാനന്ദന്‍ തിരുവനന്തപുരത്തെത്തിയപ്പോള്‍ മൂന്നുദിവസം താമസിച്ചത് ഇദ്ദേഹത്തിന്റെ ബംഗ്ലാവിലാണ്. ചട്ടമ്പിസ്വാമികളും നാരായണഗുരുവുമെല്ലാം പലപ്പോഴായി ഈ ബംഗ്ലാവു സന്ദര്‍ശിച്ചിട്ടുണ്ട്. കൂടാതെ കലാകാരന്മാരുടെയും പണ്ഡിതന്മാരുടെയും കൂടിച്ചേരലുകള്‍ക്ക് ഇവിടം വേദിയാവാറുമുണ്ട്. കേരളത്തിന്റെ നവോത്ഥാന ശ്രമങ്ങളില്‍ വലിയ സംഭാവന സുന്ദരംപിള്ളയുടെതായിട്ടുണ്ട്. അദ്ദേഹത്തിന്റെ പുത്രനായ പി എസ് നടരാജപിള്ള അമ്പതുകളുടെ തുടക്കത്തില്‍ തിരുകൊച്ചി സംസ്ഥാനത്തെ പട്ടംമന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്നു. ഇങ്ങനെയൊരു പാരമ്പര്യമുള്ള എണ്ണൂറേക്കറിന് എന്തു സംഭവിച്ചുവെന്നറിയില്ല. പേരൂര്‍ക്കടയുടെ വികസനത്തിന് ആരംഭം കുറിച്ച സുന്ദരംപിള്ളയുടെ കുടുംബത്തെയും അദ്ദേഹത്തിന്റെ സംഭാവനകളെയും നാം വിസ്മരിച്ചിരിക്കുന്നു.

2012ല്‍ പക്ഷെ നടരാജപിള്ളയുടെ മകനായ ഡോ പി എസ് രാമസ്വാമി പത്രത്താളുകളിലേക്കു കയറിവന്നു. 1892ല്‍ സ്വാമി വിവേകാനന്ദന്‍ തിരുവനന്തപുരം സന്ദര്‍ശിച്ചു റാവുബഹദൂര്‍ സുന്ദരംപിള്ളയുടെ ആതിഥ്യം സ്വീകരിച്ചപ്പോള്‍ ശയിച്ചിരുന്ന ശിലാമഞ്ചം അദ്ദേഹം ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി പരമേശ്വരന് കൈമാറി. വിചാരകേന്ദ്രത്തിന്റെ ആസ്ഥാനത്തേക്ക് വലിയ ചടങ്ങുകളോടെയാണ് സ്വാമിജി ശയിച്ച കൃഷ്ണശിലാ മഞ്ചം എഴുന്നള്ളിച്ചുകൊണ്ടുവന്നത്. വിവേകാനന്ദജയന്തിയോടനുബന്ധിച്ച് 2012 ജനവരി 11ന് കരകുളത്തുനിന്നായിരുന്നു ഘോഷയാത്രയുടെ തുടക്കം. ഉത്രാടംതിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മയും സ്വാമി തത്ത്വരൂപാനന്ദയുമെല്ലാം ചടങ്ങിനെത്തി. ഭാരതീയ വിചാര കേന്ദ്രം തലസ്ഥാനത്തെ ഒരു പാരമ്പര്യത്തെ ഉണര്‍ത്തിയെടുത്തു വൈകാരികോര്‍ജ്ജം സംഭരിക്കുകയായിരുന്നു.

ചരിത്രത്തിലേക്കും പാരമ്പര്യത്തിലേക്കും ഒരു വാതില്‍പ്പഴുതാണ് ബിജെപിക്കു ലഭിച്ചത്. മനോന്മണീയം സുന്ദരംപിള്ളയുടെ എണ്ണൂറേക്കര്‍ ഭൂമിയുടെ ഗതിയെന്തായി എന്നറിയില്ലെങ്കിലും പതിനൊന്നര ഏക്കറില്‍ ഒരു സാധ്യത തെളിയുന്നുണ്ട്. അധിനിവേശക്കാരെ ഒഴിപ്പിച്ചാല്‍ പുതിയ അവകാശ വാദങ്ങളിലേക്കു നീളാവുന്ന ഒരു പദ്ധതി ഏതോ ഫയലില്‍ ഒളിച്ചിരിക്കുന്നുണ്ടാവണം. 1968ല്‍ ട്രസ്റ്റിനു കൈമാറിയതും പിന്നീട് കുടുംബസ്വത്തുപോലെ ഉപയോഗിക്കാനായതുമായ ഭൂമിക്ക് തിരിച്ചു ഗവണ്‍മെന്റിലേക്ക് എത്തുക അത്ര എളുപ്പമായെന്നു വരില്ല. ഇപ്പോള്‍ ലഭിക്കുന്ന കൊച്ചുകൊച്ചാനന്ദങ്ങളില്‍ വിശ്രമിക്കാമെന്നു രാഷ്ട്രീയ കക്ഷികള്‍ കുറെകാലമായി തൃപ്തിപ്പെട്ടുപോരികയായിരുന്നു. അവിടെയാണ് കുട്ടികളുടെ മറവില്‍ ഒരു സ്‌ഫോടനമാവാം എന്നു ബിജെപി ചിന്തിച്ചിട്ടുണ്ടാവുക. ബിജെപി ഇപ്പോള്‍ നാട്ടിയ കൊടിമരം കുറെ ആഴത്തിലേക്കു പോയിട്ടുണ്ടെന്നര്‍ത്ഥം.

ഇടതു വലതു മുന്നണികള്‍ ഇപ്പോഴും പതിവു രാഷ്ട്രീയ ലീലകള്‍ ആടിത്തിമര്‍ക്കുകയാണ്. ഗൗരവപൂര്‍വ്വം ഇടപെടേണ്ട സന്ദര്‍ഭത്തില്‍ കുട്ടികളെക്കൊണ്ട് ചുടുചോറു മാന്തിക്കരുത്. വ്യക്തമായ നയസമീപനവും രാഷ്ട്രീയ തീര്‍പ്പും ആവശ്യമാണ്. അതാകട്ടെ, ഭൂഅവകാശത്തിന്റെയും വിനിയോഗത്തിന്റെയും പുതിയ കാലത്തെ വ്യവസ്ഥരൂപപ്പെടുത്തലാകണം. അത്തരമൊരു സമീപനത്തിന് സംസ്ഥാനത്തെ ദളിത് ആദിവാസി തൊഴിലാളി സമൂഹങ്ങളെയും ദരിദ്ര കര്‍ഷകരെയും ഭവനരഹിതരെയും അഭിസംബോധന ചെയ്യാനാവണം. അതില്‍ പരാജയപ്പെട്ടാല്‍ കേരളം തീവ്രവലതുപക്ഷത്തിന് തീറെഴുതുന്നതുപോലെയാകും. ലാ അക്കാദമിയിലെ സമരം കാമ്പസിലൊതുങ്ങുന്ന വിദ്യാര്‍ത്ഥികളുടെ സമരമല്ല. നമ്മുടെ സംസ്ഥാനത്തിന്റെ ഭാവി നിര്‍ണയിക്കാനുതകുന്നതാണ്. പ്രക്ഷോഭം നടത്തുന്നവരെ അധികാരികള്‍ അഭിസംബോധന ചെയ്യണം. തുറന്ന മനസ്സോടെയും ശുദ്ധമായ കൈകളോടെയും നടപടിയെടുക്കാനായില്ലെങ്കില്‍ ഒളിയുദ്ധങ്ങളാകും വിജയിക്കുക. അക്കാദമിയുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങളില്‍ വെറുമൊരു അന്വേഷണം പ്രഖ്യാപിച്ചതുകൊണ്ടായില്ല. സുതാര്യമായി അതിവേഗം അതു നിര്‍വ്വഹിക്കപ്പെടണം.
\
31 Jan 2017

 

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )