Article POLITICS

ജനുവരിയിലെ കുറിപ്പുകള്‍

 

 

1

നമ്മുടെ സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ നിശ്ചയിക്കുന്നത് അമേരിക്കന്‍ ധനകാര്യ ഏജന്‍സികളും നയതന്ത്രശാലകളുമാണെന്ന് ഒരിക്കല്‍ക്കൂടി വെളിപ്പെട്ടിരിക്കുന്നു. അഞ്ഞൂറ് ആയിരം രൂപാ നോട്ടുകളുടെ പിന്‍വലിക്കലും പണരഹിത വിനിമയങ്ങളിലേക്കുള്ള അകാലധൃതിയും യുനൈറ്റഡ് സ്റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡവലപ്‌മെന്റിന്റെ സമ്മര്‍ദ്ദഫലമാണെന്ന റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്.

പണരഹിത പങ്കാളിത്തത്തിലേക്കും സാമ്പത്തികരംഗത്തെ ഘടനാപരമായ തുടര്‍ പരിഷ്‌ക്കാരങ്ങളിലേക്കും യുഎസ് ഏജന്‍സി നിരന്തരമായി ഇന്ത്യയെ പ്രേരിപ്പിച്ചു വരികയായിരുന്നു. വികസനമേഖലകളിലെ സകല സഹായങ്ങളുടെയും മുന്നുപാധിയായി പണരഹിത ഇടപാടുകളുടെ പാത സ്വീകരിക്കണമെന്നായിരുന്നു നിര്‍ബന്ധം. പകുതിയിലേറെ ഇന്ത്യക്കാര്‍ക്കും ബാങ്ക് അക്കൗണ്ടുകളില്ലെന്നതോ ബാങ്കുകള്‍തന്നെ അപ്രാപ്യമാണെന്നതോ പരിഗണിക്കാതെയാണ് ഗവണ്‍മെന്റിനു വഴങ്ങേണ്ടി വന്നത്.

തീര്‍ത്തും രഹസ്യമായ വ്യവസ്ഥകളും ഇടപാടു രീതികളുമാണ് യു എസ് എ ഐ ഡി അവലംബിക്കുന്നത്. ആധാര്‍ വഴി പൗരന്മാരുടെ ബയോമെട്രിക് വിവരശേഖരണത്തിന് ധൃതിപ്പെട്ടവര്‍തന്നെയാണ് തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ പരിഷ്‌ക്കാരങ്ങളിലേക്കു നീങ്ങിയതും. ഇക്കാര്യം പ്രധാന സാമ്പത്തിക കാര്യ പത്രങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നു.

റിസര്‍വ് ബാങ്ക് തലപ്പത്ത് 2013 സെപ്തംബര്‍ മുതല്‍ 2016 സെപ്തംബര്‍വരെ തുടര്‍ന്ന രഘുറാം രാജന്‍ പേരിനു കളങ്കം വരുത്താതെ നല്ലപിള്ള ചമഞ്ഞ് അമേരിക്കയിലേക്കു തിരിച്ചുപോയിരിക്കുന്നു. അമേരിക്കന്‍ നേതൃത്വത്തില്‍ ലേകധനകാര്യ സ്ഥാപനങ്ങളെ നിയന്ത്രിച്ചിരുന്ന മുപ്പതു പ്രഗത്ഭരുടെ സംഘത്തിലെ അംഗംകൂടിയാണ് രഘുറാം. ഇന്ത്യന്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനു മുമ്പ് ഐ എം എഫിന്റെ മുഖ്യ ചുമതലക്കാരനായിരുന്നു. കേരള മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായ ഗീതയുടെ ഗുരു റാഗോഫും ഈ സംഘത്തിലെ പ്രഗത്ഭനാണ്. ഇന്ത്യയിലെത്തി സാമ്പത്തികരംഗത്ത് രഘുറാം വരുത്തിയ മാറ്റം അമേരിക്കന്‍ സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ക്കും പുനസംവിധാന അജണ്ടകള്‍ക്കും അനുകൂലമായിരുന്നു. വലിയ ജനരോഷമുണ്ടാകാവുന്ന തീരുമാനത്തിനു തൊട്ടുമുമ്പ് മണ്ണൊരുക്കി രഘുറാം രാജ്യം വിട്ടു.

കഴിഞ്ഞ ഒരു വര്‍ഷക്കാലം ഇന്ത്യന്‍ ധനകാര്യ മന്ത്രാലയവുമായി നടത്തിപ്പോന്ന ചര്‍ച്ചകളിലെല്ലാം പണരഹിത വിനിമയത്തിന്റെ തീരുമാനംവേണമെന്ന ശാഠ്യം യു എസ് ഏജന്‍സി പുലര്‍ത്തിപ്പോന്നു. അതിനു വഴങ്ങാതെ സ്വന്തം പാതവെട്ടാന്‍ നരേന്ദ്രമോഡി സര്‍ക്കാറിന് ത്രാണിയുണ്ടായില്ല. രാജ്യത്തെ സാമ്രാജ്യത്വ ഏജന്‍സികള്‍ക്കും കോര്‍പറേറ്റ് ഭീമന്മാര്‍ക്കും കീഴ്‌പ്പെടുത്തുന്ന നയപദ്ധതികളേ ഭരണരാഷ്ട്രീയത്തിനുള്ളു. ഈ വഴിയേയാണ് അധികാരബദ്ധ രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം നീങ്ങുന്നതെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി പ്രവചിക്കാനാവില്ല.

ആസാദ്
2 ജനവരി 2017

*

2

രാഷ് ട്രീയ പാര്‍ട്ടികളില്‍നിന്ന് മതനാമങ്ങള്‍ എടുത്തുകളയണം. മതസംബന്ധിയായ ചിന്തകളും ചിഹ്നങ്ങളും ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കുകയും വേണം. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ആത്മപരിശോധനയ്ക്കും പുനര്‍ വിചാരത്തിനും എല്ലാവരും നിരുപാധികം തയ്യാറാവണം.

മതങ്ങളുടെ പേരുള്ള പാര്‍ട്ടികള്‍, മതമൂല്യങ്ങളെ മുറുകെ പുണരുന്ന പാര്‍ട്ടികള്‍, മതങ്ങളെ ആവശ്യാനുസരണം ഉപയോഗപ്പെടുത്തുന്ന പാര്‍ട്ടികള്‍ എന്നീ ഗണങ്ങളില്‍ പെടാത്ത അധികാരബദ്ധ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്ലെന്നു പറയാം. ഈ മൂന്നുഗണവും ഒരേപോലെയാണോ എന്ന ചര്‍ച്ചയില്‍ കാര്യമില്ല. മതങ്ങളെ രാഷ്ട്രീയത്തില്‍ നിലനിര്‍ത്തുന്നതിലും അതിന്റെ വിലപേശല്‍ശേഷി വര്‍ദ്ധിപ്പിക്കുന്നതിലും മൂന്നു കൂട്ടരും മത്സരിക്കുന്നുണ്ട്. കുറെകാലമായി പൊതുസമ്മതം നേടിയെന്ന് അവകാശപ്പെടുന്ന ഈ അന്തരീക്ഷമാണ് ഫാസിസത്തിനും ഭീകരവാദത്തിനും നമ്മുടെ രാജ്യത്ത് വാതിലുകള്‍ തുറന്നുകൊടുത്തത്.

നിങ്ങള്‍ ഫാസിസത്തിനും ഭീകരവാദത്തിനും എതിരാണെങ്കില്‍ അതു പ്രസംഗങ്ങളിലല്ല കാണേണ്ടത്. മതങ്ങളെ പ്രീണിപ്പിക്കുകയോ ദുരുപയോഗം ചെയ്യുകയോ അരുത്. മേല്‍പറഞ്ഞ മൂന്നുഗണത്തില്‍പെട്ടവരും അതില്‍നിന്നു പിന്മാറണം. മറ്റുള്ളവരെ പഴിച്ച് സ്വയം ന്യായീകരിയ്ക്കാവുന്ന കാര്യമല്ല അവര്‍ ചെയ്യുന്നത്.

മതനാമങ്ങളുള്ള പാര്‍ട്ടികള്‍ അതുപേക്ഷിക്കണം. വ്യത്യസ്ത മതക്കാരായ മനുഷ്യര്‍ക്ക് ധൈര്യവും അവകാശബോധവും പകരാന്‍, ശക്തമായ മതേതര പ്രസ്ഥാനങ്ങളാണു വേണ്ടത്. മതമൂല്യങ്ങളിലേയ്ക്കു പിന്‍മടങ്ങാന്‍ ജനാധിപത്യ രാഷ്ട്രീയം ദുര്‍ബ്ബലപ്പെടുത്തുകയാണ് ഇക്കൂട്ടരെല്ലാം. ദേശീയ സംസ്ക്കാരത്തെ മത സംസ്ക്കാരമെന്നു തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം അതിന്റെ ഭാഗമാണ്. പുരോഗമന മതേതര പ്രസ്ഥാനങ്ങളെന്ന് അവകാശപ്പെടുന്നവരും പ്രീണിപ്പിക്കല്‍ നയമാണ് പിന്തുടരുന്നത്. എല്ലാവരും പ്രഖ്യാപിക്കേണ്ടത് ഞങ്ങള്‍ തിരുത്തുന്നു എന്നാണ്. അതല്ലെങ്കില്‍ ജനങ്ങള്‍ വലിയൊരു തിരുത്തിന് തയ്യാറാവേണ്ടിവരും.

ആസാദ്
5 ജനവരി 2017

*

3.

ഇന്നു ദേശാഭിമാനിയില്‍ നീലോല്‍പ്പല്‍ ബസുവിന്റെ അഭിമുഖം കണ്ടു. പഞ്ചാബിന്റെ പാര്‍ട്ടി ചുമതല അദ്ദേഹത്തിനാണ്. പഞ്ചാബ് തെരഞ്ഞെടുപ്പില്‍ സിപിഐ, സിപിഐഎംഎല്‍ ലിബറേഷന്‍,മംഗത്റാം പസ്ലയുടെ സിപി ആര്‍ എം എല്‍ എന്നീ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയാണ് സിപിഎം മത്സരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. തീര്‍ച്ചയായും അത് നല്ല കാര്യമാണ്. എ എ പിയുമായിക്കൂടി നീക്കുപോക്കുണ്ടാക്കിയിരുന്നെങ്കില്‍ കൂടുതല്‍ നന്നാവുമായിരുന്നു.

മംഗത്റാം പസ്ലയുടെ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാനെടുത്ത തീരുമാനം സ്വാഗതാര്‍ഹവും മാതൃകാപരവുമാണ്. പസ്ല ജനറല്‍ സെക്രട്ടറി യായ പാര്‍ട്ടിയുടെ പേര് ആര്‍ എം പി ഐ ആണെന്നാണ് നമുക്കറിയാവുന്നത്. രാഷ്ട്രീയ സന്ദര്‍ഭം ആവശ്യപ്പെടുന്ന ഗൗരവതരമായ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഇരു പാര്‍ട്ടികളും സന്നദ്ധമായത് ചെറിയ കാര്യമല്ല.

കേരളത്തില്‍ പകയുടെയും വാശിയുടെയും വഴിയിലേ ഇരു പാര്‍ട്ടികളും സന്ധിക്കാറുള്ളു. പഞ്ചാബിലെ സഖ്യത്തെ സംബന്ധിച്ച് ഇരു കൂട്ടര്‍ക്കും കേരളത്തില്‍ എന്താണ് പറയാനുള്ളതെന്നു കേള്‍ക്കണം. രാജ്യത്തിന്റെ സ്ഥിതിയോര്‍ത്ത് മറ്റെല്ലാം മറക്കുകയും പൊറുക്കുകയുമാണെന്ന് അവര്‍ പറയുമോ?

പഞ്ചാബില്‍ ആര്‍ എംപി കൊള്ളാം കേരളത്തില്‍ കൊള്ളില്ല എന്നു സിപി എമ്മും പഞ്ചാബില്‍ സിപിഎം കൊള്ളാം കേരളത്തില്‍ കൊള്ളില്ല എന്ന് ആര്‍ എം പിയും പറയുമോ? രണ്ടുകൂട്ടരും വിശദീകരിയ്ക്കേണ്ടി വരും. രാഷ്ട്രീയ വിമര്‍ശനത്തെ സങ്കുചിത വികാരപ്രകടനമോ തറവാടിത്ത ഘോഷണമോ ആക്കുന്നതിന്റെ സ്വാഭാവിക ദുരന്തമാണ് അവരനുഭവിക്കുന്ന പ്രതിസന്ധി.

7 ജനവരി 2017

*

4

എതിര്‍ക്കേണ്ടതും തകര്‍ക്കേണ്ടതും വ്യാപാര വിദ്യാഭ്യാസ അധീശത്വത്തെ
*************************************************************

വിദ്യാഭ്യാസ വ്യാപാരികള്‍ക്കും അവരുടെ നടത്തിപ്പു സംഘങ്ങള്‍ക്കും തലമുറകളെ വന്ധ്യംകരിക്കാനും തങ്ങളുടെ ധനേച്ഛാ പരീക്ഷണങ്ങള്‍ക്ക് ഗിനിപ്പന്നികളാക്കാനുമുള്ള സവിശേഷാധികാര പ്രയോഗമാണ് ഉന്നതവിദ്യാഭ്യാസമെന്ന് വന്നിരിക്കുന്നു. അഥവാ സ്വാശ്രയ മുതലാളിമാര്‍ അങ്ങനെ വരുത്തിയിരിക്കുന്നു. രജനി എസ് മുതല്‍ ജിഷ്ണു പ്രണോയ് വരെ ഈ അമിതാധികാര വ്യാപാര വാഴ്ച്ചയുടെ ഇരകളായവരേറെയാണ്.

രജനിയുടെയും ജിഷ്ണുവിന്റെയും ജീവനെടുത്തത് അപമാനവികമായ വ്യാപാര താല്‍പ്പര്യങ്ങളാണ്. ദയാശൂന്യവും മനുഷ്യത്വരഹിതവുമായ ഇടപെടലുകളോ കൊടുക്കല്‍ വാങ്ങലുകളോ ആയി ബോധനത്തെ വ്യാപാരികള്‍ മാറ്റിത്തീര്‍ത്തിരിക്കുന്നു. സര്‍ഗാത്മകമോ യുക്തിഭദ്രമോ ആയ ഒന്നും അവരവശേഷിപ്പിക്കുന്നില്ല. ജനാധിപത്യ രാഷ്ട്രീയത്തിന്റെയോ വിദ്യാര്‍ത്ഥി കേന്ദ്രിത വിദ്യാഭ്യാസത്തിന്റെയോ ബാലപാഠം അവര്‍ ശീലിച്ചിട്ടില്ല.

സ്വന്തം കുരുതിയിലേക്കുള്ള നിസ്സഹായമായ യാത്രയില്‍നിന്നും നമ്മുടെ കുട്ടികളെ നാമെങ്ങനെ വിമോചിപ്പിക്കും ? അതിനു പറ്റിയില്ലെങ്കില്‍ നാമെങ്ങനെ നല്ല രക്ഷിതാക്കളോ ജനാധിപത്യ ബോധമുള്ള പൗരസമൂഹമോ ആവും? തേറ്റമുളച്ച വ്യാപാരികളില്‍നിന്നും വിദ്യാഭ്യാസത്തെയും വിദ്യാര്‍ത്ഥികളെയും വീണ്ടെടുക്കേണ്ടതുണ്ട്. അതിനുള്ള ചങ്കുറപ്പ് ഭരണകൂടം പ്രകടിപ്പിക്കണം. ചെന്നായ്ക്കളോട് ചോരകുടിക്കല്ലേ എന്നു യാചിക്കുകയല്ല, അവയെ മനുഷ്യര്‍ പാര്‍ക്കുന്നിടത്തുനിന്ന് ഓടിക്കുകയാണ് വേണ്ടത്.

പണമുതലാളിത്തത്തിന് വിദ്യാഭ്യാസരംഗം ചൂതാടാന്‍ വിട്ടുകൊടുത്തവരും അതിന്റെ കളിനിയമങ്ങള്‍ക്കനുസരിച്ചു ജീവിക്കണമെന്നു ശഠിക്കുന്നവരും കുറ്റക്കാരാണ്. ഇനിയെങ്കിലും പൊളിച്ചെഴുതേണ്ടത് പൊളിച്ചെഴുതണം. വരുംതലമുറകള്‍ അതാവശ്യപ്പെടുന്നുണ്ട്. ജിഷ്ണുവിനോടുള്ള അനുഭാവവും പരിഗണനയും അതിനു നിര്‍ബന്ധിക്കുന്നുണ്ട്.

ആസാദ്
9 ജനവരി 2017

*

5

രജനിയും രോഹിത്തും ജിഷയും ജിഷ്ണുവുമെല്ലാം നമ്മുടെ സാമ്പത്തികാസൂത്രണ പദ്ധതികളുടെ ഇരകളാണ്. കണ്‍മുന്നിലെ കരുക്കളെ വെട്ടി രോഷം പ്രകടിപ്പിച്ചതുകൊണ്ടായില്ല. കരുക്കളെ ഇങ്ങനെ വിന്യസിച്ചവരാവണം മുഖ്യശത്രുക്കള്‍. അവരെ നയിച്ച നയസമീപനമാണ് വിചാരണ ചെയ്യപ്പെടേണ്ടത്.

കുടുംബത്തിനു നഷ്ടപരിഹാരത്തുക നല്‍കിയോ വെറുതെ ഒരന്വേഷണ നാടകമാടിയോ കൈകഴുകാനാവുമോ സര്‍ക്കാറിന്? മനുഷ്യരക്തം കുടിക്കുന്ന ചെന്നായ്ക്കളെ തുറന്നുവിട്ടവര്‍ ആദ്യം ആ ഹിംസ്രജന്തുക്കളെ കൂട്ടിലടയ്ക്കട്ടെ. നിയന്ത്രണങ്ങള്‍ക്കു വഴങ്ങാത്ത മത്സരമൂലധനത്തെ ജനങ്ങള്‍ സ്വസ്ഥമായി പാര്‍ക്കുന്നിടത്ത് മേയാന്‍ വിട്ടുകൂടാ. അത് അതിന്റെ ചോരകുടിയന്‍ സ്വഭാവം കാണിച്ചുതുടങ്ങുമ്പോള്‍ നിഷ്ക്കളങ്ക ഭാവം അഭിനയിച്ചു പൊലിപ്പിച്ചിട്ടെന്ത്? ഓരോ ചെന്നായയെ ചൂണ്ടി ആചെന്നായയാണ് കുഴപ്പക്കാരനെന്ന് ഒറ്റപ്പെടുത്തിക്കണ്ടിട്ടെന്ത്?

നീതിയും നിയമവും മൂല്യബോധവുമേശാത്ത സ്വകാര്യ വിദ്യാവ്യാപാരികളെ പിടിച്ചുകെട്ടാന്‍ ത്രാണിയില്ലാത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളും അവര്‍ നയിക്കുന്ന സര്‍ക്കാറുമാണ് യഥാര്‍ത്ഥ കുറ്റവാളികള്‍. ജിഷ്ണുവിനോടും ഇരകളാക്കപ്പെട്ട അനേകരോടും നീതി പുലര്‍ത്താന്‍ വിദ്യാഭ്യാസ രംഗം മൂലധനശക്തികളില്‍നിന്നു മോചിപ്പിക്കണം. നയം നിശ്ചയിക്കേണ്ടത് ജനങ്ങള്‍ക്ക് അനുകൂലമായാണ്. അങ്ങനെ ചെയ്യാമെന്നു പറയാനാവുമോ സര്‍ക്കാറിന്? അങ്ങനെ ആവശ്യപ്പെടാനുള്ള ത്രാണി കാട്ടുമോ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍? പൊളിക്കേണ്ടത് കെട്ടിടങ്ങളല്ല നയ സമീപനങ്ങളാണെന്നു തിരിച്ചറിയുമോ വിദ്യാര്‍ത്ഥികള്‍?

ആസാദ്
11 ജനവരി 2017

*

6

കമല്‍സിയോടും നദിയോടും ചെയ്യുന്നതെന്തെന്നു സംസ്ഥാനത്തെ ആഭ്യന്തര വകുപ്പു വെളിപ്പെടുത്തണം. അവരാരോപിക്കുന്നതുപോലെ നിരന്തരം വേട്ടയാടുകയാണെങ്കില്‍ അതെന്തിനെന്നു പൊതു സമൂഹത്തിനറിയണം. ഒരിക്കല്‍ അറസ്റ്റു ചെയ്തു ചോദ്യംചെയ്തശേഷം അവരെ വിട്ടയക്കുമ്പോള്‍ വെറും സംശയത്തിന്റെ പേരിലായിരുന്നു അറസ്റ്റെന്നും കേസുകളൊന്നും നിലനില്‍ക്കുന്നില്ലെന്നും മാധ്യമങ്ങളോടു പറഞ്ഞത് പൊലീസ് മേധാവികളാണ്. പിന്നീടെന്തു സംഭവിച്ചുവെന്നു അവര്‍ പറയണം.

എഴുത്തുകാര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കുമെതിരെ കേസുകളുണ്ടാകുമ്പോള്‍ പൊതുസമൂഹം അതറിയേണ്ടതുണ്ട്. എഴുത്തും പൊതുപ്രവര്‍ത്തനവും കുറ്റകരമായി കാണാനിടവരരുത്. അധികാര കേന്ദ്രങ്ങള്‍ക്ക് അഹിതമായതൊന്നും പറഞ്ഞുകൂടാ എന്നാണെങ്കില്‍ ആ ചിന്ത ജനാധിപത്യ ഭരണകൂടത്തിന്റേതല്ല. ഫാസിസത്തിന്റേതാണ്. കമലും നദിയും അങ്ങനെയെന്തെങ്കിലും പറഞ്ഞതായിപ്പോലും അറിവില്ല. പ്രകടനപരനമായ ദേശസ്‌നേഹത്തിന്റെ പൊള്ളത്തരം പല എഴുത്തുകാരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മതാധിഷ്ഠിതരാഷ്ട്രീയങ്ങളുടെ ഗൂഢ താല്‍പ്പര്യങ്ങളും തുറന്നുകാണിക്കപ്പെട്ടിട്ടുണ്ട്. അത്തരം സന്ദര്‍ഭങ്ങളിലൊക്കെ അക്രമിക്കപ്പെടുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്ത എഴുത്തുകാരുടെ വലിയ നിരയുണ്ട്. അക്കൂട്ടത്തിലേക്കു വലിച്ചിഴയ്ക്കപ്പെടാന്‍ കമല്‍ സി ചവറയും നദിയും ചെയ്ത പാതകമെന്തെന്ന് അറിയണം. സംസ്ഥാന ഭരണകൂടത്തിന് അതിലുള്ള താല്‍പ്പര്യമെന്താണ്?

തീവ്രമതാത്മകതയല്ല ഭരണകൂട ഭീകരതയാണ് ഇവരെ വേട്ടയാടുന്നത്. പിറകില്‍ തീര്‍ച്ചയായും രാജ്യത്തെ രാഷ്ട്രീയ ഹിന്ദുത്വത്തിന്റെ പദ്ധതികള്‍ കാണും. ദേശീയഗാന വിവാദത്തില്‍ കമല്‍സിയുടെ പ്രതികരണം പുറത്തുവന്നിരുന്നു. അതവരെ ചൊടിപ്പിക്കുക സ്വാഭാവികം. പക്ഷെ, അവര്‍ക്കനുസൃതമായി പ്രവര്‍ത്തിക്കേണ്ട ഗവണ്‍മെന്റാണോ നമ്മുടെ സംസ്ഥാനത്തുള്ളത്? അതല്ലെങ്കില്‍ പിന്നെ എന്തു താല്‍പ്പര്യമെന്നു വെളിപ്പെടുത്താനുള്ള ബാധ്യത ഗവണ്‍മെന്റിനുണ്ട്.

അതേസമയം താന്‍ എഴുത്തു നിര്‍ത്തുകയാണെന്നും രചിച്ച പുസ്തകങ്ങളെല്ലാം തീയിടുകയാണെന്നും കമല്‍സി തീരുമാനിക്കുന്നത് ഖേദകരമാണ്. ഒരു ജനതയുടെ പരാജയം ആഘോഷിക്കലാവും അത്. ഏതൊരു സമൂഹത്തിലും അതിജീവനത്തിന്റെയും പ്രതിരോധത്തിന്റെയും ആയുധങ്ങള്‍ സംരക്ഷിക്കപ്പെടണം. അതുറപ്പു വരുത്തല്‍ പൊതു സമൂഹത്തിന്റെ ബാധ്യതയാണ്. ജനാധിപത്യ ഭരണകൂടത്തിന്റെ ബാധ്യതയാണ്. കോഴിക്കോട്ടെ തെരുവില്‍ ഒരു പുസ്തകമെങ്കിലും അഗ്നിക്കിരയാവാന്‍ ഇടവരുന്നത് സാംസ്‌ക്കാരിക കേരളത്തിന്റെ ലജ്ജാകരമായ കീഴടങ്ങലാണ്. എംടിയെയും കമലിനെയും കമല്‍ സി ചവറയെയും നദിയെയും അഭിപ്രായങ്ങളുണ്ട് എന്നതിന്റെ പേരില്‍ അക്രമിക്കാന്‍ അനുവദിച്ചുകൂടാ.

പുസ്തകം കത്തിക്കുന്നതിനു മുമ്പ് സാംസ്‌ക്കാരിക വകുപ്പു ഇടപെടണം. ഒരെഴുത്തുകാരന്റെ നിസ്സഹായത തിരിച്ചറിയാനായില്ലെങ്കില്‍ അങ്ങനെയൊരു വകുപ്പു തുടരുന്നതിനെന്തര്‍ത്ഥം? സാംസ്‌ക്കാരിക സ്ഥാപനങ്ങളുടെ മേധാവികളേ, നീതിബോധം അവശേഷിക്കുന്നുവെങ്കില്‍ ഇപ്പോള്‍ പ്രതികരിക്കുവിന്‍! ജനങ്ങളുടെ ഹൃദയമിടിപ്പറിയുന്നുവെങ്കില്‍ ജനാധിപത്യ ഭരണകൂടമേ, ഇപ്പോള്‍ ഇപ്പോഴതു തെളിയിക്കൂ

ആസാദ്
14 ജനുവരി 2017

*

7

കമല്‍സിയുടെ വിഷയത്തില്‍ ഇന്നലെ പൊലീസ് പ്രസിദ്ധീകരിച്ച പത്രക്കുറിപ്പ് കണ്ടു. ആഭ്യന്തര വകുപ്പു എന്തു പറയുന്നു എന്ന ചോദ്യത്തിന് അതൊരു ഉത്തരമാണ്. ആ കേസു സംബന്ധിച്ചു നേരത്തേ വ്യക്തമാക്കിയ നിലപാടുതന്നെയാണ് തുടരുന്നതെന്നു പൊലീസ് മേധാവി പറയുന്നു. പക്ഷെ, കമല്‍സിയുടെ പ്രതിഷേധം നിര്‍ത്തിവച്ചില്ല. പറയുന്നതല്ല പൊലീസ് ചെയ്യുന്നതെന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം. എങ്കില്‍ അക്കാര്യം അദ്ദേഹമാണ് വ്യക്തമാക്കേണ്ടത്.

പൊലീസ് കൂടെക്കൂടെ ഭീഷണിപ്പെടുത്തുകയോ റെയ്ഡ് നടത്തുകയോ തടസ്സം സൃഷ്ടിക്കുകയോ ചെയ്യുന്നുവെന്നാണ് പരാതിയെന്നു തോന്നുന്നു. അങ്ങനെയെങ്കില്‍ പൊലീസ് മേധാവിയുടെ പത്രക്കുറിപ്പിനുശേഷം ഒരു മറുപടി ആവശ്യമായി വരുന്നു. കമല്‍സി അതു വിശദീകരിക്കേണ്ടതുണ്ട്. എപ്പോഴെല്ലാമാണ് ആരെല്ലാമാണ് തന്നെ ഭീഷണിപ്പെടുത്തിയതെന്നു പറയണം. നേരത്തേ പൊലീസ് നിലപാടു വ്യക്തമാക്കിയ ശേഷം തന്റെ വീടു റെയ്ഡ് ചെയ്തുവെങ്കില്‍ അതെപ്പോഴെന്നും ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെങ്കില്‍ അതെവിടെനിന്നെന്നും വെളിപ്പെടുത്തണം. അല്ലാത്തപക്ഷം, കെട്ടിച്ചമയ്ക്കുന്ന സംഭവങ്ങളും ഗൂഢതാല്‍പ്പര്യങ്ങളുമാണ് പ്രചരിക്കുന്നതെന്ന ആരോപണം തള്ളിക്കളയാനാവില്ല.

പുസ്തകം കത്തിക്കുന്നത് ശരിയാണെന്നു തോന്നുന്നില്ല. എഴുതേണ്ട എന്നു തീരുമാനിക്കാം. പ്രസിദ്ധീകരിച്ചതിനുമേല്‍ എഴുത്തുകാരനു സ്വന്തമല്ല അവകാശം. സാംസ്‌ക്കാരിക ഈടുവെപ്പുകളെ സ്വന്തം അധികാരമോ അവകാശമോ ഉണ്ടെന്നു കരുതി നശിപ്പിക്കുന്നത് കുറ്റകരമാണ്. അതു സമരരൂപമെന്ന നിലയില്‍ ചെയ്യാന്‍ നിര്‍ബന്ധിതമാകുന്ന സന്ദര്‍ഭങ്ങളുണ്ടാവാം. അത്തരമൊരു സന്ദര്‍ഭം എത്തിയെന്നു ബോധ്യപ്പെടുത്തേണ്ടതുണ്ട്. കമല്‍സിയുടെ വിശദീകരണം വേണം.

ആസാദ്
15 ജനവരി 2017

*

8

റോഡ് വീതി കൂട്ടുമ്പോള്‍ ചിലര്‍ക്ക് വീടും ജീവസന്ധാരണ മാര്‍ഗവും നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാവും. അവര്‍ക്ക് ആകര്‍ഷകമായ പുനരധിവാസ പാക്കേജ് നല്‍കാന്‍ ഒരുക്കമാണെന്നു മുഖ്യമന്ത്രി. ഇത്രയും കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഒരു ദശകം കഴിഞ്ഞിരിക്കുന്നു. മുഖ്യമന്ത്രിമാരേ മാറിയിട്ടുള്ളു. ശബ്ദത്തിനൊരു മാറ്റവുമില്ല.

ശരി. ആകര്‍ഷകമായ പാക്കേജാണോ വേണ്ടത്? അവരര്‍ഹിക്കുന്നതല്ലേ? അത് എപ്രകാരമാണ്? ആ പാക്കേജൊന്നു തുറന്നുകാട്ടാമോ? അതിന്റെ മാനദണ്ഡം വിശദമാക്കാമോ? ഒരാളെയെങ്കിലും കുടിയൊഴിക്കേണ്ട നിര്‍ബന്ധ സാഹചര്യമുണ്ടായാല്‍ ഒഴിപ്പിക്കുന്നതിനുമുമ്പ് പുനരധിവാസം നടത്തിയിരിക്കണമെന്ന എ കെ ജിയുടെ അമരാവതി പ്രഖ്യാപനത്തിന്റെ പൊരുള്‍ പാലിക്കപ്പെടുമോ? അതോ മൂലമ്പള്ളിയിലേതുപോലെ പതിറ്റാണ്ടിനുശേഷവും അധികാരികള്‍ക്കുമുന്നില്‍ യാചിച്ചലയേണ്ടി വരുമോ?

മുമ്പ് ഇതേമട്ട് ആകര്‍ഷകമായ പരിഹാരവും പുനരധിവാസവും തരാം എന്ന ഉറപ്പില്‍ പുറന്തള്ളിയവരുടെ പ്രശ്‌നം പരിഹരിച്ചുകഴിഞ്ഞിട്ടുപോരേ പുതിയ പ്രഖ്യാപനങ്ങള്‍. ഉള്ളവന്റെ വികസനത്തെക്കാള്‍ പ്രധാനമാണ് ഇല്ലാത്തവന്റെ നിത്യജീവിതം എന്നു മനസ്സിലാക്കണം. ദരിദ്രസമൂഹം അല്‍പ്പം ഉയര്‍ന്നുവരുന്നതുവരെ ക്ഷമിക്കാനും അല്‍പ്പമൊക്കെ ത്യാഗം ചെയ്യാനും ഉയര്‍ന്ന കൂട്ടര്‍ തയ്യാറായേ പറ്റൂ. അല്ലെങ്കില്‍ നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനും അവര്‍ പങ്കു നല്‍കട്ടെ. പൊതുവായ ആവശ്യങ്ങള്‍ക്ക് പൊതുവായ ത്യാഗമാണ് വേണ്ടത്.

ഇവിടത്തെ പ്രശ്‌നം അല്‍പ്പം വ്യത്യസ്തമാണ്. കേരളത്തിലെ ദേശീയ പാത നിലവിലുള്ള രീതിയില്‍ വീതികൂട്ടാവുന്നതിനു പരിമിതിയുണ്ട്. ദീര്‍ഘകാല ആവശ്യത്തിന് ഇങ്ങനെ വളഞ്ഞു പുളഞ്ഞു പോകുന്ന പാത മതിയാവില്ല. മറ്റൊന്നിനെപ്പറ്റി ആലോചിക്കേണ്ടി വരും. അത്തരം അന്വേഷണം നടന്നു വരുന്നുണ്ടല്ലോ. തീരദേശ ഹരിത പാതയും മലയോരഹൈവേയും റയില്‍ വികസനവും ജലഗതാഗതവും സജീവ പരിഗണനയിലാണല്ലോ. അങ്ങനെയൊരു സാഹചര്യത്തില്‍ മുപ്പതുമീറ്റര്‍ വീതിയില്‍ ആറുവരിപ്പാതയാണ് ഉചിതവും സ്വാഗതാര്‍ഹവും. അതു സംസ്ഥാനത്തിനു നിശ്ചയിക്കാവുന്നതേയുള്ളു. മുഖ്യമന്ത്രി പറയുന്ന സര്‍വ്വകക്ഷിയോഗത്തിനുശേഷം അങ്ങനെയൊരു തീരുമാനമേ പ്രായോഗികമാവൂ എന്നു ഗവണ്‍മെന്റ് പ്രഖ്യാപിച്ചത് മറക്കരുത്. ബദല്‍ പദ്ധതി അംഗീകരിച്ചുകൊണ്ടുള്ള അറിയിപ്പു പ്രസിദ്ധീകരിച്ചതുമാണ്. പൊതുവേ സ്വീകാര്യമെന്നു വിലയിരുത്തപ്പെട്ട ആ പദ്ധതിയാണ് പ്രായോഗികം.

പാലിയേക്കരയിലെ പുതിയ വാര്‍ത്തകള്‍ ദേശീയപാതാ വികസനത്തിലെ കോര്‍പറേറ്റ് താല്‍പ്പര്യം പുറത്തുകൊണ്ടുവന്ന സാഹചര്യത്തില്‍ ജനങ്ങളില്‍നിന്നുള്ള എതിര്‍പ്പു കൂടുതല്‍ ശക്തിപ്പെടുകയേയുള്ളു.സംസ്ഥാനം കണ്ട ഏറ്റവും വലിയ കൊള്ളയും ചട്ടലംഘനവമാണ് പാലിയേക്കരയില്‍ നടക്കുന്നത്. ജനാധിപത്യ സര്‍ക്കാര്‍ അവിടെ മൂകസാക്ഷിയാണ്. കൊള്ളക്കാര്‍ക്കു കാവല്‍ നില്‍ക്കേണ്ട ഗതികേടു ലജ്ജാകരമാണ്. പാലിയേക്കരയില്‍ ഗവണ്‍മെന്റ് മുട്ടുകുത്തി നില്‍ക്കുന്നു. അവിടത്തെ യജമാനന്മാര്‍ക്കുവേണ്ട വികസനം പ്രഖ്യാപിക്കാന്‍ ജനങ്ങളുടെ സര്‍ക്കാര്‍ പലവട്ടം ചിന്തിക്കണം. മുഖ്യമന്ത്രിക്കു വീണ്ടുവിചാരം വേണം.

ആസാദ്
17 ജനവരി 2017

*

9

കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കാനുള്ള അമിതോത്സാഹമാണ് ബംഗാളിലെ സിപി എം ഭരണത്തിന് അന്ത്യം കുറിച്ചത്. ആ പിഴവുകളെ അനുകൂലമാക്കിയ രാഷ്ട്രീയ കൗശലമാണ് മമതയെ അധികാരത്തിലെത്തിച്ചത്. സമരമുഖത്തെ മമതയായിരുന്നില്ല അധികാരത്തിലേത്. അക്രമോത്സുക രാഷ്ട്രീയത്തെ അടിത്തട്ടുവരെ തുറന്നുവിടുകയായിരുന്നു അവര്‍.

മമതാ സര്‍ക്കാറിന്റെ പൊലീസും ഗുണ്ടാസംഘവും ചേര്‍ന്ന് രണ്ടു മനുഷ്യരെ സമരമുഖത്ത് വെടിവച്ചു കൊന്നിരിക്കുന്നു. ഒട്ടേറെ പേര്‍ അക്രമിക്കപ്പെട്ടു. പലരെയും കാണാതായി. പവര്‍ ഗ്രിഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയ്ക്കു സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ഉയര്‍ന്നുവന്ന കര്‍ഷക പ്രതിരോധത്തെ നേരിടുകയായിരുന്നു മമതാ സര്‍ക്കാര്‍. കര്‍ഷകരുടെ ഭൂമി അവരുടെ താല്‍പ്പര്യം പരിഗണിക്കാതെ പിടിച്ചുപറിക്കാനുള്ള ശ്രമമായിരുന്നു സര്‍ക്കാറിന്റേത്.

വെറും പതിനാറ് ഏക്കര്‍ഭൂമി മതിയായ വില കൊടുത്തു വാങ്ങാന്‍ ശേഷിയില്ലാത്ത സര്‍ക്കാര്‍ അതിന്റെ പേരില്‍ രണ്ടുപേരെ കൊലപ്പെടുത്തിയിരിക്കുന്നു. പത്തുവര്‍ഷം മുമ്പ് വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച പ്രതിഷേധമാണ് നന്ദിഗ്രാമിനെ രക്തപ്പുഴയാക്കിയത്. അതിന്റെ പാഠങ്ങള്‍ മമത മറന്നിരിക്കുന്നു.

മമതാ സര്‍ക്കാര്‍ മാത്രമല്ല രാജ്യത്തെ വികസനവാദി സര്‍ക്കാറുകളെല്ലാം ഇതേവഴിയിലാണ് സഞ്ചരിക്കുന്നത്. വളഞ്ഞുനില്‍പ്പാണ് നിറതോക്കുകളും സായുധ സൈനികവ്യൂഹവും. നിങ്ങളുടെ വീടും ഭൂമിയും താ, ഞങ്ങള്‍ ഞങ്ങളുടെ വ്യാപാരം നടത്തട്ടെ എന്ന അഹങ്കാരത്തിന് അധികാരപദം കിട്ടിയിരിക്കുന്നു.

ബംഗാളിലെ പോരാളികള്‍ കേരളത്തെയും പ്രവചിക്കുകയാണ്. ഇവിടെ അധികാരികളുടെ അട്ടഹാസം ഉയര്‍ന്നുകഴിഞ്ഞു. ഇനി വെടിയുണ്ടകള്‍ വികസനമെഴുതും. ബംഗാളിലെ ധീരന്മാര്‍ക്ക് അഭിവാദ്യങ്ങള്‍.

ആസാദ്
18 ജനവരി 2017

*

10

സ്‌കൂള്‍ കലോത്സവത്തിനിടയിലും കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകം നടന്നിരിക്കുന്നു. കണ്ണൂരിലേക്കുള്ള യാത്ര, സംസ്ഥാനത്തെങ്ങുമുള്ള കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പേടിപ്പെടുത്തുന്ന അനുഭവമായിട്ടുണ്ട്. കണ്ണൂരെന്ന സ്ഥലനാമത്തിന് കൈവന്ന ഹിംസോന്മാദത്തിന്റെ രൂപകപദവി മാഞ്ഞുപോകുന്നില്ല. സുഗതകുമാരി എഴുതിയ തലശ്ശേരികളെന്ന കവിത എത്രയോ കലോത്സവങ്ങളില്‍ കുട്ടികള്‍ പാടിയിട്ടുണ്ട്. പേടിമാറ്റാനും പേടിപ്പിക്കുന്നവരെ നിലയ്ക്കു നിര്‍ത്താനും അതൊന്നും പര്യാപ്തമായിട്ടില്ല. ഏരെ സമ്മര്‍ദ്ദത്തോടെ മാത്രമേ ആര്‍ക്കും കണ്ണൂരിലേക്കു പുറപ്പെടാനാവുന്നുള്ളു.

കലോത്സവത്തെ എല്ലാ വിഭാഗം ജനതയും വലിയ ആവേശത്തോടെയാണ് കാണുന്നത്. കണ്ണൂരിയെ ജനങ്ങളും പൊതുപ്രവര്‍ത്തകരും വിദ്യാഭ്യാസ സാംസ്‌ക്കാരിക പ്രവര്‍ത്തകരുമെല്ലാം വര്‍ദ്ധിച്ച ആവേശത്തോടെത്തന്നെയാണ് സംസ്ഥാനത്തെങ്ങുമുള്ള വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും കലാസ്‌നേഹികളെയും സ്വാഗതം ചെയ്തത്. വളരെ സൗഹാര്‍ദ്ദപരവും ശാന്തവുമായ അന്തരീക്ഷത്തില്‍ നടന്നുവന്ന കലോത്സവത്തിനിടയില്‍ ഒരു കൊലപാതക വാര്‍ത്തയും ഹര്‍ത്താല്‍ ആഹ്വാനവും കടന്നുകയറിയിരിക്കുന്നു. മാഞ്ഞു തുടങ്ങിയ ഭീതി ഞെട്ടിയുണരുന്ന അവസ്ഥ.

രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കു ചോരക്കളിയാട്ടം നിര്‍ത്താനാവുന്നില്ല. എതിരഭിപ്രായങ്ങളെ, വിയോജിപ്പുകളെ, രാഷ്ട്രീയ ഭിന്നതകളെ പരിഹരിക്കാന്‍ ഉന്മൂലനമാണ് വേണ്ടതെന്നു ശഠിക്കുന്നത് ജനാധിപത്യ വിശ്വാസികളെന്നു പരിചയപ്പെടുത്തുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്. ഞങ്ങള്‍ പിന്മാറുന്നു എന്നു മനുഷ്യപക്ഷത്തുനിന്ന് നിശ്ചയിക്കാനുള്ള ആര്‍ജ്ജവം മുഖ്യരാഷ്ട്രീയ കക്ഷികള്‍ കാണിക്കുന്നില്ല. തുറന്നുവിട്ട ഭൂതം തങ്ങളെത്തന്നെ വിഴുങ്ങുന്ന അവസ്ഥയെയാവും അവര്‍ നേരിടുന്നത്.

പുതിയ തലമുറക്കുമുന്നില്‍ കുറ്റവാളികളായി തല താഴ്ത്തിയേ പറ്റൂ, കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിനും അതിന്റെ നേതാക്കള്‍ക്കും. കണ്ണൂര്‍ ഒരറവുശാലയല്ലെന്നു വരും തലമുറകളോട് അവരെങ്ങനെയാണ് സംസാരിക്കുക? ചോരമണക്കുന്ന പ്രഭാതത്തില്‍ കുട്ടികള്‍ ആടുകയും പാടുകയും ചെയ്യുന്നതെങ്ങനെയാണ്? രക്തത്തില്‍ വഴുക്കാതെ നൃത്തമാടുന്നതെങ്ങനെ? അനാഥരാക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ നിലവിളികള്‍ അവര്‍ കേള്‍ക്കാതിരിക്കുമോ?

ഭരണകൂടമേ, എല്ലാം നയിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങളേ, അധോമുഖവാമനരായ സാംസ്‌ക്കാരിക ജിഹ്വകളേ കണ്ണൂരിലെത്തിയ കുട്ടികളോടു നിങ്ങളെന്തു പറയും? പൊങ്ങച്ചത്തിന്റെയും അഹംഭാവത്തിന്റെയും മുഖംമൂടികളഴിച്ചു മാപ്പിരക്കുമോ? അതോ അത് മറ്റവര്‍ ചെയ്തതാണ്. അവര്‍ അങ്ങനെയേ ചെയ്യൂ എന്ന് അന്യോന്യം പഴിച്ചും പുലഭ്യം പറഞ്ഞും ഭീഷണിപ്പെടുത്തിയും പതിവു നാടകമാടുമോ?

ഒരു ജനത തലതാഴ്ത്തി നിങ്ങളോടു യാചിക്കുന്നു. നിര്‍ത്തണം ഈ ഹിംസോന്മാദം. കണ്ണൂരിനെ അറവുശാലയാക്കരുത്. പുതു തലമുറക്ക് അവരുടെ ജീവിതം അനുവദിച്ചുകൊടുക്കണം.

ആസാദ്
19 ജനവരി 2017

*

11

നുണനിര്‍മ്മാണ യന്ത്രശാലകളായി ഒരു പ്രസ്ഥാനവും ജീവനറ്റു പോവരുത്. കഥകളും ഉപകഥകളും ലളിതയുക്തികളും തുറന്നുവിടപ്പെട്ട മേച്ചില്‍പ്പറമ്പാവരുത് രാഷ്ട്രീയം. തങ്ങളുടെ ചെയ്തികളെ സാധൂകരിക്കാനോ രക്ഷിക്കാനോ സ്വയം പ്രതിരോധിക്കാനോ ഇതൊക്കെ മതിയെന്നു കരുതുന്നവര്‍ നിറഞ്ഞ മൗഢ്യത്തിലാണെന്നേ പറയാനാവൂ.

മനുഷ്യനും പ്രകൃതിയ്ക്കും അതിജീവനോര്‍ജ്ജം നല്‍കുന്ന ഒരു ദര്‍ശനമാണ് വേണ്ടത്. അത് ഹിംസയുടെയോ പകപോക്കലിന്റെയോ വഞ്ചനയുടെയോ ചൂഷണത്തിന്റെതോ ആയിക്കൂടാ. അത്തരം മഹത്തായ ദര്‍ശനങ്ങളെപ്പോലും താല്‍ക്കാലിക ലാഭത്തിനുള്ള ഉപാധിയായി കാണുന്നവര്‍ ഉള്ളുപൊള്ളയായ ബഹളങ്ങളില്‍ അഭിരമിക്കും. മഹത്തായ ലക്ഷ്യത്തിന്റെ മാനിഫെസ്റ്റോകള്‍ മുന്നോട്ടുവച്ച പ്രസ്ഥാനങ്ങള്‍ അതു തിരസ്ക്കരിച്ച് ഈ വഴിയേ നയിക്കപ്പെട്ടുകൂടാ.

വഴിത്തെറ്റുകളിലേയ്ക്കു വഴുതിയവര്‍ ന്യായീകരിയ്ക്കാന്‍ കാണിക്കുന്ന വെപ്രാളം ലജ്ജാകരമാണ്. വലതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും മനസ്സുകള്‍ക്കും അതൊന്നും പ്രശ്നമാകേണ്ടതില്ല. കാരണം വര്‍ത്തമാനമേ അവര്‍ക്കു മുന്നിലുള്ളു. ഇടതുപക്ഷ രാഷ്ട്രീയം അങ്ങനെയാവരുത്. എന്തെന്നാല്‍, ഭാവിയുടെ ദര്‍ശനത്തിന് ഉദാസീനമാകാനാവില്ല.

ആസാദ്
21 ജനവരി 2017 (ലെനിന്‍ദിന വിചാരം)

*

12

ഓട്ടോറിക്ഷ വാങ്ങാനെടുത്ത വായ്പയുടെ തിരിച്ചടവു മുടങ്ങിയതിന് ഒരു ദളിത് കുടുംബത്തിന്റെ വീടു ജപ്തിചെയ്ത് അവരെ തെരുവിലേയ്ക്ക് ഇറക്കിവിട്ടതായി വാര്‍ത്ത. എറണാകുളം പുത്തന്‍കുരിശു സ്വദേശി തങ്കച്ചന്റെ കുടുംബത്തിനാണ് ഇങ്ങനെയൊരു ദുരവസ്ഥയുണ്ടായിരിക്കുന്നത്. 2012ല്‍ എസ് ബി ടിയില്‍നിന്നെടുത്ത വായ്പയില്‍ ഒരുലക്ഷം രൂപയിലേറെ തിരിച്ചടച്ചിട്ടുണ്ട്. കരള്‍രോഗബാധിതനായതിനെ തുടര്‍ന്ന് തിരിച്ചടവ് മുടങ്ങി. ബാങ്ക് പക്ഷെ, കരുണ കാട്ടിയില്ല. ഓട്ടോറിക്ഷ ജപ്തിചെയ്തു തൃപ്തിപ്പെടാന്‍ ബാങ്ക് ഒരുക്കമായിരുന്നില്ല. ഭാര്യയും കൊച്ചുകുട്ടികളുമായി രോഗാവസ്ഥയില്‍ കഴിയുന്ന വീട് നിഷ്ക്കരുണം അവര്‍ അടച്ചു സീലുവച്ചു. ബാങ്കിനു ഹൃദയമുണ്ടാവില്ലായിരിക്കാം. നാട്ടിലെ ജനാധിപത്യ ഭരണ സംവിധാനത്തിനു പക്ഷെ, അതു കാണണമല്ലോ.

പതിനായിരക്കണക്കിന് കോടി രൂപ വായ്പയെടുത്തു മുങ്ങുന്നവരും അല്‍പ്പംപോലും തിരിച്ചടയ്ക്കാതെ രാജാക്കന്മാരെപ്പോലെ വാഴുന്നവരും രാജ്യത്ത് ബഹുമാന്യരാണ്. എസ് ബി ടിതന്നെ അത്തരക്കാരുടെ വായ്പ എഴുതിത്തള്ളാന്‍ അത്യുത്സാഹമാണ് കാണിച്ചുപോന്നിട്ടുള്ളത്. അവരുടെ ഒരു നേരത്തെ ഭക്ഷണത്തിന്റെ കാശുമതിയാവും തങ്കച്ചനെപ്പോലെയുള്ളവരുടെ കടം തീര്‍ക്കാന്‍. ഭരണകൂടത്തിനു രണ്ടു നീതിയാണ്. തങ്കച്ചന്റെ കൂടി പണവും സമ്പത്തുമാണ് അദാനിമാര്‍ക്കും അംബാനിമാര്‍ക്കും വിജയമല്യമാര്‍ക്കും ബാങ്കുകള്‍ വീതിച്ചുകൊടുത്തിരിക്കുന്നത്. ആ അവകാശം മതി തങ്കച്ചന്റെ വായ്പ റദ്ദാക്കാന്‍. അതിനുപക്ഷെ, നീതിബോധവും കരുണയുമുള്ള സര്‍ക്കാറുകള്‍ വേണം.

ഒരു മനുഷ്യനെപ്പോലും അവരുടെ കിടപ്പാടത്തില്‍നിന്ന് ഇറക്കിവിട്ടുകൂടാ എന്നു നിയമമുണ്ടാകണം. കുട്ടികളുടെ പാല്‍ക്കുപ്പിയോ പാഠപുസ്തകമോ എടുക്കാന്‍പോലും അനുവദിക്കാതിരുന്ന ജപ്തി നടപടി കുറ്റകൃത്യമാണ്. അതു ചെയ്തവരാണ് ശിക്ഷിക്കപ്പെടേണ്ടത്. എത്രയും പെട്ടെന്ന് തങ്കച്ചനെയും കുടുംബത്തെയും അതേ വീട്ടിലേയ്ക്ക് പുനരധിവസിപ്പിക്കണം. അശരണരായ മനുഷ്യരുടെ കടം ഗവണ്‍മെന്റിന്റെ ബാധ്യതയാണ്.

ആസാദ്
22 ജനവരി 2017

*

13

ഒറ്റയ്ക്കു സഞ്ചരിക്കുന്ന ചില നേതാക്കളുണ്ട്. അവരിലൊരാളെ ഒരു സായാഹ്നത്തില്‍ കാണാതായി.
ആഴ്ച്ചകള്‍കൊണ്ടു പടര്‍ന്ന, രക്തത്തില്‍ കുതിര്‍ന്ന ഒരു ഭൂസമരത്തിന്റെ മുദ്രാവാക്യങ്ങള്‍ ചെത്തിക്കൂര്‍പ്പിക്കുകയായിരുന്നു തൊട്ടുമുമ്പത്തെ പകലും രാത്രിയും അയാള്‍.
അയാള്‍ എവിടേയ്ക്കാണ് മറഞ്ഞത്? ആരുടെ അസ്വസ്ഥതയാണ് അയാളെ വിഴുങ്ങിയത്?
അയാളുടെ ചോരവാര്‍ന്നു തീരുമ്പോള്‍ പതാകകള്‍ നിറം മാറുമോ?
മനുഷ്യരുടെ സംഗീതവും പോരാളികളുടെ ക്ഷോഭവും നിലയ്ക്കുമോ?

ബംഗാളില്‍നിന്നു വാര്‍ത്തകളുണ്ട്, കെജിഎസ്. പഴയ കാളീപൂജകളും ചങ്കുപൊട്ടുന്ന പ്രകടനങ്ങളും ഉയരുന്ന മുഷ്ടികളും എല്ലാമുണ്ട്. സിംഗൂരില്‍നിന്ന് ഭംഗാറിലേക്കു പട നയിച്ചവനെ കല്‍ക്കത്തയുടെ ഇരുട്ടു വിഴുങ്ങിയിരിക്കുന്നു.

വായിക്കുകയും പഠിക്കുകയും ക്ഷോഭിക്കുകയും സംസാരിക്കുകയും ചെയ്ത മുഴുവന്‍പേരുടെയും സ്വീകരണ മുറിയിലേക്കു കയറിച്ചെന്ന ഒരാളെയേ എനിക്കു പരിചയമുള്ളു. ബാക്കിയെല്ലാവരും ടിവിയിലും ഫേസ്ബുക്കിലും വാട്സപ്പിലുമാണ് സംസാരിച്ചത്. അയാള്‍ വേറിട്ടുനിന്നു. കെടാത്ത ഊര്‍ജ്ജത്തിന്റെ ഉറവ.

അയാള്‍ എവിടേയ്ക്കാണ് മറഞ്ഞത്?
അയാളെ കാണാതെ നാമെങ്ങനെയാണ് ഉറങ്ങുക?

ആസാദ്
23 ജനവരി 2017

(സി പി ഐ ഏം എല്‍ നേതാവ് കെ എന്‍ രാമചന്ദ്രനെ കല്‍ക്കത്തയില്‍ കാണാതായി എന്നു വാര്‍ത്ത)

*

14

എംഎന്‍ വിജയന്‍ പുരസ്ക്കാരം എംഎ ബേബി കവി സച്ചിദാനന്ദനു നല്‍കുമെന്നു വാര്‍ത്ത. വളരെ ഗംഭീരം! പുരസ്ക്കാരങ്ങളോടു തീരെ മമത കാണിച്ചയാളല്ല വിജയന്‍മാഷ്. ആദ്യ പുസ്തകമായ ചിതയിലെ വെളിച്ചത്തിനു ലഭിച്ച സാഹിത്യ അക്കാദമി അവാര്‍ഡുതന്നെ നിരസിച്ചിരുന്നു. വിജയികളെയല്ല, പരാജിതരെയാണ് എപ്പോഴും അദ്ദേഹം പരിഗണിച്ചുപോന്നത്. പരാജയം ഭക്ഷിച്ചുപോന്നവര്‍ക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ നില.

ആ നിലപാട് വലിയ അധിക്ഷേപങ്ങള്‍ക്കു കാരണമായി. പുരയ്ക്കുമേല്‍ ചാഞ്ഞമരം മുറിച്ചുമാറ്റുവിന്‍ എന്ന ആഹ്വാനങ്ങളുണ്ടായി. അന്നു ഫാസിസ്റ്റ് വിരുദ്ധ ചേരിയോ എംടി സാഹിത്യോത്സവ സ്വാഗത സംഘമോ രൂപംകൊണ്ടിരുന്നില്ല. വെറുമൊരു കലാലയാദ്ധ്യാപകന്‍ എന്നതിരിട്ടു തളയ്ക്കാനായിരുന്നു ഉത്സാഹം. ചാഞ്ഞമരം വെട്ടാന്‍ മഴുവെടുത്തെത്തിയ ആദ്യ നൂറുപേര്‍ക്കും പദവികളും പുരസ്ക്കാരങ്ങളും നല്‍കിക്കഴിഞ്ഞു. ഇനി മൗനം പാലിച്ചവരുടെ ഊഴമാണ്. ദയവായി ക്യു പാലിയ്ക്കണം. നാലു വര്‍ഷത്തേയ്ക്കുള്ള പട്ടിക തയ്യാറായിരിക്കുന്നു.

എംഎന്‍ വിജയന്റെ സമ്പൂര്‍ണ കൃതികള്‍ തൃശൂര്‍ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ചപ്പോള്‍ പ്രീ പബ്ളിക്കേഷനില്‍തന്നെ ആ സംരംഭം തകര്‍ക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ആരെങ്കിലും മറന്നുവോ ആവോ! ഇപ്പോള്‍ പലരും ആ പുസ്തകങ്ങള്‍ അന്വേഷിച്ചു നടക്കുകയാണ്. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ നാളുകളില്‍ അത് വേണമെന്നു വന്നിരിക്കുന്നു. തങ്ങളൂതിക്കെടുത്തിയ വിളക്കിന്റെ തിരിയൂതിക്കൊണ്ടിരിക്കുകയാണവര്‍.

എം എന്‍ വിജയന്റെ പേരില്‍ പുരസ്ക്കാരം നല്‍കുന്നവരും വാങ്ങുന്നവരും പ്രഗത്ഭരാണ്. അതില്‍ സംശയമില്ല. പക്ഷെ എം എന്‍ വിജയന്‍ പറഞ്ഞതും അവസാനമായി പറയാന്‍ ശ്രമിച്ചതും എന്താണെന്ന് അവരോര്‍ക്കണം. ജനങ്ങളുടെ അതിജീവനത്തിന് തുണയാവേണ്ടവര്‍ സാമ്രാജ്യത്വ നവലിബറല്‍ അജണ്ടയുടെ നടത്തിപ്പുകാരാവുന്നു എന്ന ഖേദവും വിമര്‍ശവുമാണ് അദ്ദേഹം പങ്കുവച്ചത്. അത് ഉള്‍ക്കൊള്ളാതെ അതിനെ പിന്തുണയ്ക്കാതെ, ആ പേരുകൊണ്ട് സ്വയം അലങ്കരിക്കുന്ന ആ രക്തം സ്വന്തം മുഖത്തു പുരട്ടുന്ന വിചിത്രസ്വഭാവമാണ് പ്രകടിപ്പിക്കുന്നതെങ്കില്‍ എന്തു പറയാനാണ്?

ആസാദ്
24ജനവരി 2017

*

15

ലാ അക്കാദമി സമരം ഒത്തുതീര്‍പ്പാക്കാനല്ല, ഉന്നയിക്കപ്പെട്ട പ്രശ്നങ്ങളില്‍ നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ തയ്യാറാവേണ്ടത്. ഞെട്ടിക്കുന്ന അനുഭവങ്ങളാണ് വിദ്യാര്‍ത്ഥികള്‍ പങ്കുവച്ചിരിക്കുന്നത്. തൃശൂര്‍ പാമ്പാടി നെഹ്റു കോളേജിലെ ജിഷ്ണു പ്രണോയിയുടെ ദുരൂഹ സാഹചര്യത്തിലുള്ള മരണവും തുടര്‍ന്നുള്ള പരാതിപ്രളയവും വിദ്യാഭ്യാസ മേഖലയിലെ അനാശാസ്യ പ്രവണതകള്‍ ഒന്നൊന്നായി തുറന്നുകാട്ടുകയാണ്. ഓരോന്നും കണ്ടും കേട്ടുമിരിക്കെ, ഒന്നും ചെയ്യാനില്ലെന്ന മട്ടില്‍ നിസ്സംഗതയിലമരുകയാണ് സര്‍ക്കാര്‍.

സ്വകാര്യ മാനേജ്മെന്റുകളുടെ അഴിഞ്ഞാട്ടമാണ് കുറെ കാലമായി നടക്കുന്നത്. വിദ്യാഭ്യാസ രംഗത്തെ പരമാധികാര റിപ്പബ്ലിക്കുകള്‍ എന്ന നിലയിലാണ് പെരുമാറ്റം. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും വ്യവസ്ഥാവധത്തിനിരയാവുന്നു. പലമട്ടാണ് ജീവഹാനി സംഭവിക്കുന്നത്. രജനിയും ജിഷ്ണുവും അനീഷ് മാഷും ഫല്‍ഗുനനും അക്കൂട്ടത്തിലെ ചിലരാണ്.

മൂലധനതാല്‍പ്പര്യത്തിന്റെ സ്വച്ഛന്ദ ലീലകള്‍ക്ക് വിദ്യാഭ്യാസരംഗം വിട്ടുനല്‍കില്ലെന്ന് തീരുമാനിയ്ക്കണം. മാനേജ്മെന്റുകള്‍ക്ക് പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തണം. മതേതരവും മൂല്യാധിഷ്ഠിതവും ജനകീയവുമായി വിദ്യാഭ്യാസനയം അഴിച്ചു പണിയണം. ലാ അക്കാദമി പോലുള്ള സ്ഥാപനങ്ങള്‍ എയ്ഡഡാണോ സ്വാശ്രയമാണോ എന്നുപോലും അറിയാത്ത ഗവണ്‍മെന്റിന് എന്തുചെയ്യാനാവും? പൊതുഭൂമി വിട്ടുനല്‍കിയതിന്റെ രേഖപോലും നഷ്ടപ്പെടുത്തിയിരിക്കുന്നു. എല്ലാ അവിശുദ്ധ കച്ചവടങ്ങള്‍ക്കും ഒരു കൈ സഹായം എന്ന സമീപനമാണ്. സര്‍ക്കാറിന്റേത്. അതു മാറണം.

രണ്ടാഴ്ച്ച പിന്നിടുന്ന ലാ അക്കാദമി സമരമുന്നയിക്കുന്ന പ്രശ്നങ്ങളില്‍ നടപടി സ്വീകരിയ്ക്കണം. ഈ ബഹളങ്ങളില്‍ മുക്കിക്കളയാതെ ജിഷ്ണു പ്രണോയിയുടെ ജീവനാശത്തിനിടയാക്കിയവരെ കണ്ടെത്തി ശിക്ഷിക്കണം. അനീഷുമാഷെ മരണത്തിലേയ്ക്കു തള്ളിവിട്ട മാനേജരെയും കൂട്ടാളികളെയും നിയമത്തിനു നല്‍കണം. പഠന ആവശ്യത്തിനു വായ്പയെടുത്തു മരണത്തിലേയ്ക്കോ ജയിലിലേയ്ക്കോ തള്ളപ്പെട്ടവര്‍ക്കു നീതി നല്‍കണം.

ചോരകുടിയന്‍ ചെന്നായ്ക്കളെ തുറന്നുവിട്ടവര്‍തന്നെ അവയെ പിടിച്ചുകെട്ടട്ടെ. ഇപ്പോഴത്തെ മൗനവും നിസ്സംഗതയും ചോരമണമുള്ളതാണ്. വിവേകമുണ്ടെങ്കില്‍ തിരുത്തട്ടെ.

ആസാദ്
26 ജനവരി 2017

*

16

ചലോ തിരുവനന്തപുരം നാളെയുടെ ജനകീയ പ്രസ്ഥാനം
**********************************************
ബിജെപിയെപ്പോലെ ഒരു തീവ്ര വലതു കക്ഷിക്കുപോലുമറിയാം മനുഷ്യരുടെ അടിസ്ഥാന പ്രശ്നം ഭൂമിയാണെന്ന്. ഭൂമിയാണ് നിലനില്‍പ്പ്. അറിവ്, അധികാരം, ആനന്ദം എല്ലാം. അതിനാല്‍ ഭൂമിയില്‍ അവകാശമുണ്ടാവുക പ്രധാനമാണ്.

ആട്ടിയോടിക്കപ്പെട്ടവന്റേത് അസ്വസ്ഥ വംശമാണ്. ഭൂമിയിലേയ്ക്കു തിരിച്ചെത്തുംവരെ അവന് വിശ്രമിക്കാനാവില്ല. ഭൂപരിഷ്ക്കരണം തുടര്‍ച്ചയറ്റതിനാല്‍ മറ്റൊരധിനിവേശമായി പരിമിതപ്പെട്ട നാടാണ് നമ്മുടേത്. മണ്ണിനെ അതുവഴി മനുഷ്യനെ അദ്ധ്വാനംകൊണ്ട് പുതുക്കിക്കൊണ്ടിരുന്നവരാണ് കോളനികളിലേയ്ക്കോ ഓരങ്ങളിലേയ്ക്കോ ഒതുക്കപ്പെട്ടത്. അവരുടെ ഭൂ അവകാശ സമരങ്ങളുടെ പുതിയ ഘട്ടമായ ചലോ തിരുവനന്തപുരം മുന്നേറ്റത്തിന്റെ തുടക്കം ഇന്നു ചെങ്ങറയില്‍ നടക്കുകയാണ്. ജിഗ്നേഷ് മേവാനിയാണ് അഭിവാദ്യം ചെയ്യുന്നത്.

അധികാരബദ്ധ രാഷ്ട്രീയ പ്രസ്ഥാനങ്ങളൊന്നും ഭൂപ്രശ്നത്തെയും പ്രകൃതി വിഭവങ്ങളിലും സാമൂഹിക ജീവിതത്തിലുമുള്ള തുല്യാവകാശങ്ങള്‍ക്കുള്ള ഒടുങ്ങാത്ത മുറവിളികളെയും ഗൗരവപൂര്‍വ്വം അഭിസംബോധന ചെയ്യുന്നില്ല. ദളിതരും ആദിവാസികളും ഭൂരഹിത കര്‍ഷകരും പുറന്തള്ളല്‍ വികസനത്തിന്റെ ഇരകളും മത്സ്യത്തൊഴിലാളികളും കര്‍ഷകത്തൊഴിലാളികളും തോട്ടം തൊഴിലാളികളും ലൈംഗിക ന്യൂനപക്ഷങ്ങളും സ്ത്രീകളും ദളിത ക്രൈസ്തവരും ഇതര ദുര്‍ബ്ബല സമുദായങ്ങളും മത ന്യൂനപക്ഷങ്ങളും അവരുടെ റിപ്പബ്ലിക്കിനു പുറത്താണ്. അധികാരത്തിലേയ്ക്കുള്ള വശീകരണമന്ത്രമായാണ് ബിജെപി ഇപ്പോള്‍ ഭൂപ്രശ്നം ഉച്ചരിക്കുന്നത്. പതിറ്റാണ്ടുകളായി അവര്‍ ഭരിക്കുന്ന ഒരിടത്തും ദളിതരെയും പുറന്തള്ളപ്പെട്ട ജനതയെയും അഭിസംബോധന ചെയ്യാന്‍ അവര്‍ക്കു സാധിച്ചിട്ടില്ല.

വ്യവസ്ഥാപിത ഇടതുപക്ഷവും കോണ്‍ഗ്രസ്സും ഇതര വലതുപക്ഷ പാര്‍ട്ടികളും ഭൂ വിഷയത്തില്‍ ഒരേ നിലപാടിലെത്തിയിരിക്കുന്നു. ഇനിയെന്തു ഭൂ അവകാശ നിയമമെന്ന് ഇടതുപക്ഷം ആശ്ചര്യപ്പെടുന്നു. പുതിയ ഭൂപ്രഭുക്കളും അധിനിവേശ മുതലാളിത്തവും രാഷ്ട്രീയ കക്ഷികളെ കൈപ്പിടിയിലേയ്ക്ക് ഒതുക്കിക്കഴിഞ്ഞു.

ഇത്തരമൊരു ഘട്ടത്തില്‍ അടിസ്ഥാന വിഷയങ്ങള്‍ പൊതു അജണ്ടയിലേയ്ക്ക് ഉയര്‍ത്തിക്കൊണ്ടുവരേണ്ടത് ജനാധിപത്യവാദികളുടെ കടമയാണ്. പുറന്തള്ളപ്പെട്ടവരുടെ
ഐക്യവും പ്രക്ഷോഭവും നാളെയുടെ രാഷ്ട്രീയമാണ്. ഭൂസമരത്തിന്റെ മണ്ണായ ചെങ്ങറയില്‍ നാളെയുടെ ജനകീയ പ്രസ്ഥാനത്തിനാണ് തുടക്കമാവുന്നത്. തൃശൂരില്‍ ജിഗ്നേഷ് മേവാനിതന്നെ പ്രഖ്യാപിച്ച ഭൂ അവകാശ പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയാണിത്. ചലോ തിരുവനന്തപുരം ചരിത്രം കുറിക്കട്ടെ.

ആസാദ്
29 ജനവരി 2017

*

17

അക്കാദമിക മൂല്യങ്ങളും തത്വങ്ങളും ലംഘിക്കുന്ന സ്ഥാപനങ്ങളെ നിലയ്ക്കുനിര്‍ത്താന്‍ നിയമമില്ലേ?
********************************************************************************

തിരുവനന്തപുരം ലാ അക്കാദമി വിഷയത്തില്‍ പൊന്തയില്‍ തല്ലുകയാണ് മാധ്യമങ്ങളും നേതാക്കളും. പ്രിന്‍സിപ്പാള്‍ രാജിവയ്ക്കണോ വേണ്ടേ എന്ന വിഷയമാക്കി യഥാര്‍ത്ഥ പ്രശ്നത്തെ ചുരുക്കിയിരിക്കുന്നു. പ്രിന്‍സിപ്പാളിന്റെ നേതൃത്വത്തില്‍ കോളേജില്‍ നടക്കുന്ന വിദ്യാര്‍ത്ഥിവിരുദ്ധ നടപടികളോടുള്ള പ്രതിഷേധമാണ് ഇപ്പോള്‍ അനിശ്ചിതകാല പ്രക്ഷോഭമായി പൊട്ടിത്തെറിച്ചിരിക്കുന്നത്. പ്രിന്‍സിപ്പാള്‍ രാജി വയ്ക്കണമെന്നു കുട്ടികള്‍ നിര്‍ബന്ധം പിടിക്കുന്നത് ദുരനുഭവങ്ങള്‍ തുടര്‍ന്നുകൂടാ എന്നതുകൊണ്ടാണ്.

മാനേജുമെന്റ് പ്രതിനിധികൂടിയായ ഒരു പ്രിന്‍സിപ്പാള്‍ക്ക് ഇങ്ങനെ ഏകാധിപതിയായി പെരുമാറാനുള്ള ശേഷിയും ധൈര്യവുമുണ്ടായത് എങ്ങനെയെന്നാണ് പരിശോധിക്കേണ്ടത്. അമിതാധികാര പ്രയോഗത്തിനുള്ള ദുസ്വാതന്ത്ര്യം ആരാണ് അനുവദിച്ചുകൊടുത്തത്? എയ്ഡഡ്പോലുമല്ലാത്ത ഒരു സ്ഥാപനത്തിന് സര്‍വ്വകലാശാലയില്‍ അഫിലിയേഷന്‍ ലഭിച്ചത് എങ്ങനെയാണ്? സര്‍വ്വകലാശാലാ ചട്ടങ്ങളും മനുഷ്യാവകാശങ്ങളും ലംഘിക്കപ്പെടുന്ന സന്ദര്‍ഭത്തില്‍ സ്ഥാപനത്തിന്റെ അഫിലിയേഷന്‍ എടുത്തുകളയാന്‍ സിന്‍ഡിക്കേറ്റ് മുതിരാത്തതെന്ത്?

പാരലല്‍കോളേജുകളുടെ പ്രിന്‍സിപ്പാള്‍മാരെ നിയമിക്കുന്നതിലും എടുത്തുകളയുന്നതിലും സര്‍വ്വകലാശാലയോ സര്‍ക്കാരോ ഇടപെടേണ്ടതില്ല , അവര്‍ക്കതിന് അവകാശമില്ല എന്നെല്ലാം വാദിക്കാം. ചട്ടപ്രകാരം അതു ശരിയുമാവാം. എന്നാല്‍ ഇങ്ങനെയൊരു പ്രിന്‍സിപ്പാളിന്റെ കീഴില്‍ സംസ്ഥാനത്ത് ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനവും നടത്തേണ്ടതില്ലെന്ന് സര്‍വ്വകലാശാലയ്ക്കും സര്‍ക്കാറിനും തീരുമാനിയ്ക്കാം. അതാണ് നാം പ്രതീക്ഷിക്കുന്ന തീരുമാനം. അതിന് ഒരു സ്റ്റാറ്റ്യൂട്ടും തടസ്സമല്ല.

സമരത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്നതായതുകൊണ്ട് ഭൂമി സംബന്ധിച്ച ആരോപണം തള്ളിക്കളയാവുന്നതല്ല. അമ്പതു വര്‍ഷമായി അങ്ങനെയായിരുന്നു എന്നതോ, ആരും പരാതി ഉന്നയിച്ചില്ല എന്നതോ, ആരോപിച്ചവരില്‍ പലര്‍ക്കും രാഷ്ട്രീയ താല്‍പ്പര്യമുണ്ട് എന്നതോ ഭൂമിതട്ടിപ്പ് എന്ന കുറ്റം കുറ്റമല്ലാതാക്കുകയില്ല. നിയമംവിട്ടു പ്രവര്‍ത്തിച്ചവരും തെറ്റിനു സാധൂകരണം കണ്ടെത്തുന്നവരും മൗനംകൊണ്ട് സഹായിക്കുന്നവരും ഒരേ കുറ്റമാണ് ചെയ്യുന്നത്.

ഇരുപതു ദിവസമാകുന്ന സമരം ഉടന്‍ അവസാനിപ്പിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ഇടപെടണം. അക്രമി മാനേജുമെന്റുകളോട് കേണപേക്ഷിച്ചു തയ്യാറാക്കുന്ന ഒത്തുതീര്‍പ്പുകളല്ല വേണ്ടത്. ഇച്ഛാശക്തിയും ധൈര്യവുമുള്ള ഉന്നതാധികാര സ്ഥാപനങ്ങളുടെ നടപടിയാണ്. അക്കാദമിക മൂല്യങ്ങളും തത്വങ്ങളും പരിപാലിക്കപ്പെടണം. അതുറപ്പാക്കാത്ത സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കില്ലെന്ന് ഉറപ്പു വരുത്തണം.

ആസാദ്
29 ജനവരി 2017

********************************************************

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )