Article POLITICS

സിംഗൂരില്‍നിന്നു ഭംഗാറിലെത്തുമ്പോള്‍

 

bhangar

സിംഗൂരിലും നന്ദിഗ്രാമിലും കര്‍ഷകരുടെ താല്‍പ്പര്യം പരിഗണിക്കാതെ ഭൂമി പിടിച്ചെടുക്കാന്‍ കാണിച്ച അമിതോത്സാഹമാണ് ബംഗാളിലെ ഇടതുപക്ഷ ഭരണത്തിന് അന്ത്യം കുറിച്ചത്. സന്ദര്‍ഭത്തിന്റെ ആനുകൂല്യം പൂര്‍ണമായും പ്രയോജനപ്പെടുത്താന്‍ പര്യാപ്തമായ രാഷ്ട്രീയ കൗശലമാണ് മമതാ ബാനര്‍ജിയെ മുഖ്യമന്ത്രിക്കസേരയില്‍ എത്തിച്ചത്. സിംഗൂരിലെ ഭൂമി ഏറ്റെടുക്കലിനെതിരെ അവര്‍ പ്രത്യക്ഷ സമരപരിപാടികളാവിഷ്‌ക്കരിച്ചു. പുറന്തള്ളല്‍ വികസനത്തിന്റെ ഇരകളോട് അവര്‍ ഐക്യപ്പെട്ടു.

ജനകീയമായ ഒരു വികസന നയത്തിന്റെ ബദല്‍ ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന പ്രതീതിയാണ് മമത സൃഷ്ടിച്ചത്. പക്ഷെ, ചില മാധ്യമങ്ങളെങ്കിലും അവര്‍ പുലര്‍ത്തിപ്പോന്ന രാഷ്ട്രീയ സമീപനങ്ങളില്‍ അത്തരമൊരു ബദലിന്റെ അടയാളങ്ങളൊന്നും വെളിപ്പെട്ടു കണ്ടിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയിരുന്നു. നയപരമായ വിയോജിപ്പുകളല്ല, താല്‍ക്കാലിക രാഷ്ട്രീയ പ്രേരണകളാണ് മമതാബാനര്‍ജിയെ നയിക്കുന്നതെന്ന വിമര്‍ശനം രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയാവുകയുമുണ്ടായി. എന്നാല്‍ അത്തരം ആശങ്കകള്‍ തള്ളിക്കളയുന്ന ജനപിന്തുണയാണ് തെരഞ്ഞെടുപ്പുകളില്‍ അവര്‍ക്കു ലഭിച്ചത്.. ബുദ്ധദേവിന്റെ പിഴവുകളെ മമത വിജയത്തിന്റെ പടവുകളാക്കി.

സമീപദിവസങ്ങളില്‍ ബംഗാളില്‍നിന്നു വരുന്ന വാര്‍ത്തകള്‍ മമതയും ബുദ്ധദേവിനു പിറകെയാണ് പോകുന്നതെന്നു വ്യക്തമാക്കുന്നു. ഒരേ വികസനവാദത്തിന്റെയും പ്രയോഗത്തിന്റെയും രാഷ്ട്രീയമാണ് രണ്ടുപേരിലുമുള്ളതെന്നു വാര്‍ത്തകള്‍ സാക്ഷ്യപ്പെടുത്തുന്നു. കര്‍ഷകരെ അവരുടെ മണ്ണില്‍നിന്നു പുറന്തള്ളി ബലം പ്രയോഗിച്ചു ഭൂമി ചിടിച്ചെടുക്കാനുള്ള നീക്കമാണ് മമതയും നടത്തിയിരിക്കുന്നത്. ജനകീയ പ്രതിഷേധത്തെ പൊലീസിനെ ഉപയോഗിച്ചും ഗുണ്ടാ സംഘങ്ങളെ വിന്യസിച്ചും നേരിടാനായിരുന്നു ശ്രമം. കഴിഞ്ഞ ബുധനാഴ്ച്ച പൊലീസ് വെടിവെപ്പില്‍ മഫീസുല്‍ഖാന്‍, അക്ബര്‍ അലി മൊല്ല എന്നീ രണ്ടുപേര്‍ മരിച്ചു. ഇരുപത്തിനാലു പര്‍ഗാന ജില്ലയിലെ ഭംഗാറിലായിരുന്നു സംഭവം.. പവര്‍ഗ്രിഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യാ ലിമിറ്റഡിന് പവര്‍ഗ്രിഡു സ്ഥാപിക്കുന്നതിനു വേണ്ടിയായിരുന്നു സ്ഥലമെടുപ്പ്. സിംഗൂരിലും നന്ദിഗ്രാമിലും കേട്ടതുപോലെ ജനങ്ങളുടെ ഹിതം നോക്കാതെ രാഷ്ട്രീയ നേതാക്കള്‍ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും സ്ഥലം കൈക്കലാക്കുകയായിരുന്നു. 2007ല്‍ ഇടതു നേതാക്കള്‍ ചെയ്തത് ഇപ്പോള്‍ തൃണമൂല്‍ നേതാക്കള്‍ ഏറെക്കുറെ അതേപടി പിന്തുടര്‍ന്നിരിക്കുന്നു. കോടതിയെ സമീപിച്ചവരെ ജീവന്‍വേണോ ഭൂമിവേണോ എന്നലറി നേരിട്ടാണ് കേസുകള്‍ പിന്‍വലിപ്പിച്ചത്.

സംസ്ഥാന സര്‍ക്കാറിന്റെ വഞ്ചനക്കെതിരെ ഗ്രാമീണര്‍ സമരസജ്ജരായയെങ്കിലും മുഖ്യരാഷ്ട്രീയ പ്രസ്ഥാനങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ല. തൃണമൂലിനെ അധികാരത്തില്‍ കയറ്റിയതല്ലേ അനുഭവിച്ചോളൂ എന്നു നിസ്സംഗത പുലര്‍ത്തുകയാണ് സിപിഎം ചെയ്തത്. സിപിഎമ്മില്‍നിന്നു പുറത്തുപോയ അബ്ദു റസ്സാക്കു മൊല്ലയാണ് തൃണമൂലിന്റെ അവിടത്തെ നിയമസഭാംഗം എന്നതും ഇടതുപക്ഷത്തെ ചൊടിപ്പിച്ചിരിക്കണം. പിടിച്ചതിനെക്കാള്‍ വലിയതാണ് മാളത്തിലെന്നു തിരിച്ചറിയാന്‍ ജനങ്ങള്‍ക്കൊരു അവസരം കിട്ടി. തളരാതെ പിടിച്ചു നില്‍ക്കാന്‍ സഹായമായത് സി പി ഐ എം എല്‍ റഡ്സ്റ്റാര്‍ മാത്രമാണ്. ആയിരങ്ങളണി നിരക്കുന്ന പ്രക്ഷോഭമായി ജനകീയരോഷത്തെ അവര്‍ വളര്‍ത്തുകയും ചെയ്തു.

2015 ജൂലായില്‍ ഭൂമി ഏറ്റെടുക്കല്‍ ബില്ല് ഭേദഗതി ചെയ്ത് നടപ്പാക്കാന്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ തുനിഞ്ഞപ്പോള്‍ വലിയ പ്രതിഷേധമായിരുന്നു മമതാ ബാനര്‍ജി ഉയര്‍ത്തിയത്. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന നീതി ആയോഗ് ഗവേണിങ് കൗണ്‍സില്‍ യോഗത്തില്‍നിന്ന് അവര്‍ വിട്ടുനിന്നു. കേന്ദ്രത്തിന്റെ നിയമ ഭേദഗതിയില്‍നിന്നു വ്യത്യസ്തമായ ബദല്‍ നയവും സമീപനവുമാണ് തങ്ങള്‍ക്കുള്ളതെന്ന് അന്നവര്‍ അവകാശപ്പെട്ടു. ബലപ്രയോഗത്തിലൂടെ ഭൂമി പിടിച്ചെടുക്കുകയല്ല, ഭൂവുടമകളുമായി നേരിട്ടു ചര്‍ച്ചചെയ്തു അനുവാദമുണ്ടെങ്കില്‍ വിലകൊടുത്തു വാങ്ങുകയാണു ചെയ്യുകയെന്നു അവര്‍ വിശദീകരിച്ചു. അതത്രയും പൊള്ളയായിരുന്നുവെന്നും സംസ്ഥാന ഗവണ്‍മെന്റ് രൂപപ്പെടുത്തിയ ബദല്‍ സമീപനം ബുദ്ധദേവിന്റേതു തന്നെയാണെന്നും തെളിയിക്കുന്ന സംഭവമാണ് ഇപ്പോള്‍ ഭംഗാറിലുണ്ടായിരിക്കുന്നത്.
കിഴക്കന്‍ മിഡ്‌നാപ്പൂരും ഇരുപത്തിനാലു പര്‍ഗാനയുമെല്ലാം മഹത്തായ ഭൂ സമരങ്ങളുടെയും പുരോഗമന മുന്നേറ്റങ്ങളുടെയും ചരിത്രമുറങ്ങുന്ന പ്രദേശങ്ങളാണ്. അവിടെ സിംഗൂരും നന്ദിഗ്രാമും ഇപ്പോള്‍ ഭംഗാറും സമരനാമങ്ങളാവുന്നതില്‍ അത്ഭുതമില്ല. ഭൂസമരങ്ങളിലൂടെയാണ് എഴുപതുകള്‍ക്കൊടുവില്‍ അവിടങ്ങളില്‍ ചുവന്നകൊടിയുയര്‍ന്നതും മൂന്നര ദശകത്തിനുശേഷം താഴ്ന്നതും. അതേ അനുഭവം തൃണമൂലിനെയും തേടിയെത്താതെ വയ്യ. വികസനവാദി സര്‍ക്കാറുകളെയെല്ലാം കാത്തിരിക്കുന്നതും ഇതേ അനുഭവങ്ങളാണ്.

പൗരസമൂഹത്തെ പരിഗണിക്കാതെ ഒരു വികസനസംരംഭവും സാധ്യമാവുകയില്ല. പൊതുവെ സ്വീകാര്യവും വളരെ കുറച്ചുമാത്രം ആഘാതമേല്‍പ്പിക്കുന്നതുമായ വികസന സാധ്യതകളാണ് തേടേണ്ടത്. ഗ്രാമസഭകളിലും ജനസഭകളിലും അതു ചര്‍ച്ചചെയ്യാന്‍ ജനപ്രതിനിധികളും അധികാരികളും തയ്യാറാവണം. നിഗൂഢമോ അതാര്യമോ ആയ പദ്ധതികള്‍ ജനാധിപത്യയുഗത്തില്‍ സ്വീകാര്യമാവുകയില്ല. ഒളിയജണ്ടകളോടെ ആവിഷ്‌ക്കരിക്കപ്പെടുന്ന പദ്ധതികളാണ് പലപ്പോഴും പ്രശ്‌നങ്ങളുണ്ടാക്കുന്നത്. പൊതു സമൂഹത്തിന്റെ ഉന്നമനമാണ് വികസനത്തിന്റെ രാഷ്ട്രീയലക്ഷ്യമാവേണ്ടത്. അതുപക്ഷെ, മൂലധനശക്തികളുടെ ലാഭതാല്‍പ്പര്യങ്ങളെയും രാഷ്ട്രീയ ഉദ്യോഗസ്ഥ വൃന്ദങ്ങളുടെ ഇടത്തട്ടു മോഹങ്ങളെയും വട്ടമിടുന്ന അനുഭവമാണ് കണ്ടു വരുന്നത്. അതവസാനിപ്പിക്കാനും സിംഗൂര്‍ മുതല്‍ ഭംഗാര്‍ വരെയുള്ള അനുഭവങ്ങളില്‍നിന്നു പാഠമുള്‍ക്കൊള്ളാനും വികസനവാദി ഗവണ്‍മെന്റുകള്‍ തയ്യാറാവേണ്ടതുണ്ട്.

21 ജനവരി 2017

(ഓരം പക്തി – മംഗളം ദിനപത്രം 23 ജനവരി 2017)

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )