Article POLITICS

കൊച്ചിയിലെ മെട്രോ തൂണുകള്‍ ചിത്രത്തൂണുകളാവട്ടെ

 

metro

കൊച്ചി മെട്രോ തൂണുകളില്‍ ചിത്രങ്ങളൊരുക്കാന്‍ തീരുമാനിക്കുന്നത് വളരെ നല്ലത്. അതു നിര്‍വ്വഹിക്കാന്‍ നമ്മുടെ ചിത്രകാരന്മാര്‍ തയ്യാറാവണം. മെട്രോ റയിലിനുള്ള തൂണുകള്‍ റോഡിലാണെന്നതിനാല്‍ ചലിക്കുന്ന പ്രേക്ഷകസമൂഹത്തെ അഭിസംബോധന ചെയ്യുന്ന സവിശേഷ ഛായാതലങ്ങളായി അവയ്ക്കു മാറാന്‍ കഴിയും. സംസ്ഥാന ലളിതകലാ അക്കാദമിയുടെ നേതൃത്വത്തില്‍ നമ്മുടെ കലാകാരന്മാര്‍ക്കും ചിത്രകലാ വിദ്യാര്‍ത്ഥികള്‍ക്കും അതു നിര്‍വ്വഹിക്കാവുന്നതേയുള്ളു. ഇപ്പോള്‍ ലോകമെങ്ങും ഇത്തരം പൊതു ഇട സാധ്യതകളെ ജനകീയ കലാവിഷ്‌ക്കാര വിതാനങ്ങളാക്കി സൗന്ദര്യാത്മക സംവാദങ്ങളെയും ആസ്വാദനത്തെയും വലിയതോതില്‍ പുതുക്കിപ്പണിയുന്നുണ്ട്.

ചുമരെഴുത്തിന്റെ മഹത്തായ പാരമ്പര്യവും ജനകീയ ചിത്രകലയുടെ നവാദര്‍ശങ്ങളും അടയാളപ്പെടുവിധം പുതു ചുമരുകള്‍ നിവരണം. മാനവികമായതൊന്നും നാമ്പുനീട്ടാത്ത വാര്‍പ്പു വാസ്തുവിചാരങ്ങളെ അതൊന്നു ചൊടിപ്പിക്കട്ടെ. പണപ്പൊലിമയുടെ മത്സരവേഗങ്ങളെ അല്‍പ്പനേരത്തേയ്‌ക്കെങ്കിലും പിടിച്ചുകെട്ടട്ടെ. തീവണ്ടികള്‍ കുതിക്കുന്ന തൂണുകളില്‍ വേഗസൂക്ഷ്മത്തിന്റെ നാരുകളായി ആത്മാനുഭവങ്ങളുടെ നിശ്ചലബോഗികള്‍ തെളിയട്ടെ. ഇടശ്ശേരി പാടിയതുപോലെ ഈ വഴിയേ തേരോടിക്കാനും ആസന്നോദയ വികാര വിപ്ലവ ദൃശ്യങ്ങള്‍ കാണാനും പൃദയത്തെ മഥിക്കുന്ന സൗന്ദര്യ പ്രതിഭാസങ്ങള്‍ അനുഭവിക്കാനും കഴിയണം. കൊച്ചിയിലെ ചിത്രത്തൂണുകള്‍ വിസ്മയം കുറിക്കട്ടെ.

ചിത്രവും ചുമരെഴുത്തും ശില്‍പ്പാഖ്യാനവുമെല്ലാം ധനമുതലാളിത്തത്തിന്റെ ലാളനയേറ്റ് വല്ലാതെ വഷളായിട്ടുണ്ട്. അതൊരവകാശംപോലെയായിരിക്കുന്നു. കോര്‍പ്പറേറ്റുകളുടെ അനുഗ്രഹവും രക്ഷാകര്‍ത്തൃത്വവുമില്ലാതെ കലകളെങ്ങനെ നിവര്‍ന്നുനില്‍ക്കാന്‍ എന്നായിരിക്കുന്നു ചിന്ത. ലോകത്തോടു വിലപേശുന്ന ചിത്രകാരന്മാരെയും അവരെന്തു നല്‍കണമെന്നു ശഠിക്കുന്ന കലാവ്യവസായികളെയും അവര്‍ക്കിടയിലെ ദല്ലാളന്മാരെയും ഭയന്നും നമിച്ചും ഉള്‍വലിഞ്ഞു കഴിയുന്ന കലാകാരന്മാരും നമുക്കുണ്ട്. അങ്ങനെയൊരു ലോകം എപ്പോഴും തമസ്‌ക്കരിക്കപ്പെടുകയാണ്. ഭരണകൂടവും വ്യാപാര ലോകത്തെ മാത്രമാണ് പരിഗണിക്കുന്നത്. കൊച്ചിയിലെ മെട്രോ തൂണുകളില്‍ ചിത്രമെഴുതാനും കേരളത്തിന്റെ കലാദര്‍ശനം രൂപപ്പെടുത്താനും ബിനാലെമുതലാളിമാര്‍ മതിയെന്നു ചിലരെങ്കിലും കരുതുന്നത് അങ്ങനെയാണ്.

കൊച്ചിയിലെ നാനൂറിലേറെ വരുന്ന മെട്രോ തൂണുകള്‍ പരസ്യങ്ങള്‍ക്കു നീക്കിവെക്കാനേ അധികാരികള്‍ ശ്രമിക്കുകയുള്ളു. അതിന്റെ ഭാഗമായേ ഏതെങ്കിലും കലയോ കലാകാരനോ പരിഗണിക്കപ്പെടുകയുമുള്ളു. ചുങ്കംപിരിവിനുള്ള സാധ്യതകള്‍ അന്വേഷിക്കുന്ന ഗവണ്‍മെന്റുകളും നിര്‍മാണ കമ്പനികളും ധനാഗമ മാര്‍ഗങ്ങളൊന്നും കൈവിടില്ല. ഒരു നിശ്ചിത അളവുഭാഗം പരസ്യത്തിനു നല്‍കുമ്പോള്‍തന്നെ കലാപരിചരണത്തിനു ഇടം കണ്ടെത്താവുന്നതേയുള്ളു. അതും പക്ഷെ വലിയ കലാവ്യാപാരത്തിന്റെ ലീലാവിലാസങ്ങള്‍ക്ക് വിട്ടുകൊടുത്തുകൂടാ. അവിടെ കേരളത്തിലെ ചിത്രകാരന്മാരുടെ വൈവിദ്ധ്യമുള്ള കലാ പ്രവര്‍ത്തനങ്ങള്‍ നിറയട്ടെ. പൊതു സമൂഹത്തോട് ഉത്തരവാദിത്തമുള്ള ലളിതകലാ അക്കാദമിപോലെ ഒരു സ്ഥാപനമുണ്ടായിരിക്കെ ധനാഢ്യ ബിനാലെ കമ്പനികള്‍ക്ക് ഇത്തരം ചുമതലകള്‍ നല്‍കരുതാത്തതാണ്. അക്കാദമി ചെയര്‍മാന്‍ ടി എ സത്യപാലും സെക്രട്ടറി പൊന്ന്യം ചന്ദ്രനും ഇതു സംബന്ധിച്ച പ്രതിഷേധം പരസ്യപ്പെടുത്തിക്കഴിഞ്ഞു.

വിരലിലെണ്ണാവുന്ന ബിനാലെ കമ്മറ്റിക്കാരാണ് നമ്മുടെ സാംസ്‌ക്കാരിക നയം രൂപപ്പെടുത്തുന്നതെങ്കില്‍ അതു കലാ വ്യവസായത്തിന്റെ മാനിഫെസ്റ്റോ ആവാനേ തരമുള്ളു. ബിനാലെ പോലുള്ള സംരംഭങ്ങള്‍ നമ്മുടെ സാംസ്‌ക്കാരിക ധാരകളെ ആഗോളാനുഭവങ്ങളുമായി കണ്ണിചേര്‍ക്കുന്നുണ്ട്. വിദൂരവും അപരിചിതവുമായ കലാനുഭവങ്ങളെ കണ്‍മുന്നിലെത്തിക്കുന്നുണ്ട്. ഭാവുകത്വത്തെ അഴിച്ചുപണിയാന്‍ പ്രേരിപ്പിക്കുന്നുണ്ട്. അതു ശക്തവും സമ്പുഷ്ടവുമായ നീക്കിയിരിപ്പാവണമെങ്കില്‍ അതിന്റെ ഗുണഫലം പൊതുസമൂഹത്തിലെത്തണം. അതിനുള്ള മാധ്യമമാണ് ലളിതകലാ അക്കാദമി. ബിനാലെയുടെ കലാത്മകവും ധനാത്മകവുമായ നേട്ടങ്ങളെ ലളിതകലാ അക്കാദമിയുടെയും ഇതര സാംസ്‌ക്കാരിക സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യവത്ക്കരിക്കുന്നതിനു ഊര്‍ജ്ജമേകുംവിധം പ്രയോജനപ്പെടുത്താനാവണം.

27 ജനവരി 2017

1 അഭിപ്രായം

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )