തിരുവനന്തപുരത്ത് ഭരണകേന്ദ്രത്തിനടുത്ത് പന്ത്രണ്ടേക്കറോളം ഭൂമി ഒരു സ്വകാര്യകോളേജിനു ലഭിച്ചതെങ്ങനെയാണ്? ഏതു വ്യവസ്ഥയില്‍ ഏതേതുപാധികളോടെ ആരെല്ലാമാണ് അത് അനുവദിച്ചു നല്‍കിയത്? തീര്‍ച്ചയായും പുതിയ സാഹചര്യത്തില്‍ ലാ അക്കാദമിയുടെ ഭൂമി സംബന്ധിച്ച ആരോപണം ഗൗരവമുള്ളതാണ്. അത് വിശദമായി അന്വേഷിക്കേണ്ടതുണ്ട്.
ഗവണ്മെന്റ് കോളേജുകള്‍ക്കും എയ്ഡഡ് കോളേജുകള്‍ക്കും ഭൂമി പതിച്ചുനല്‍കി പ്രോത്സാഹിപ്പിക്കേണ്ട ഒരു ഘട്ടം നിലനിന്നിരുന്നു. കഴിഞ്ഞനൂറ്റാണ്ടിന്റെ ആദ്യ- മധ്യ ദശകങ്ങളിലാണത്. കോട്ടയം സി.എം.എസ് കോളേജിനും കൊല്ലം എസ്.എന്‍ കോളേജിനും ആലുവ യു.സി കോളേജിനും തിരുവനന്തപുരം എം ജി കോളേജിനും ഗവണ്മെന്റ് ഭൂമി പതിച്ചു നല്‍കിയിട്ടുണ്ട്. അത്തരത്തില്‍ വേറെയും സ്ഥാപനങ്ങളുണ്ട്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രാഥമിക ചുവടുവെപ്പുകള്‍ നടത്താനായിരുന്നു അത്. ആ കോളേജുകളെല്ലാം പ്രശസ്തമായ രീതിയില്‍ എയ്ഡഡ് കോളേജുകളായി തുടരുന്നുമുണ്ട്. എന്നാല്‍ ഒരു ഘട്ടത്തിലും സമാന്തര കോളേജ് സംവിധാനത്തിന് ഗവണ്മെന്റ് ഭൂമി പതിച്ചു നല്കിയ അനുഭവമില്ല. ഈ ചരിത്രമാണ് ലാ അക്കാദമി തിരുത്തി എഴുതിയിരിക്കുന്നത്.
നിയമ പഠനത്തിനുള്ള സമാന്തര കോളേജ്, തലസ്ഥാന നഗരിയിലെ സമാന്തര അധികാര കേന്ദ്രമായാണ് പ്രവര്‍ത്തിച്ചുപോന്നത്. രാഷ്ട്രീയ നേതൃത്വങ്ങളെയും ഉദ്യോഗസ്ഥ വൃന്ദത്തെയും ചൊല്പ്പടിയില് നിര്‍ത്താനും അതുവഴി സര്‍വ്വകലാശാലയിലും സംസ്ഥാന ഭരണത്തിലും ഇടപെടാനുമുള്ള കരുത്താണ് ഈ സ്ഥാപനം നേടിയെടുത്തിരിക്കുന്നത്. ഒരു പാരലല്‍ കോളേജ് ,സൂപ്പര്‍ മന്ത്രാലയമായി വിദ്യാഭ്യാസ, റവന്യൂ,നിയമ വകുപ്പുകളെയാകെ നിയന്ത്രിക്കുംവിധം ശക്തിപ്പെട്ടുവെങ്കില് അതത്ര ലളിതമായ കാര്യമല്ല. മുട്ടുമടക്കിയവരും കണ്ണടച്ചവരും സാംഷ്ടാംഗം പ്രണമിച്ചവരും മറുപടി പറയേണ്ടിവരും.
മുന്‍ കാലങ്ങളിലെ തെറ്റ് ഇനി തുടരാനാവില്ല. 1968ല്‍ ഒരു ട്രസ്റ്റിനു കീഴില്‍ ആരംഭിച്ച സ്ഥാപനത്തെ 1972ല്‍ ഡയറക്റ്റ് പേമെന്റ് വ്യവസ്ഥ വന്നപ്പോള്‍ ഏതിനത്തിലാണ് ഉള്‍പ്പെടുത്തിയതെന്നും തുടര്‍ന്നു ഭൂമി പൂര്ണാവകാശത്തോടെ പതിച്ചു നല്‍കാനിടയായ സാഹചര്യമെന്താണെന്നും സംസ്ഥാന സര്‍ക്കാര്‍ വിശദീകരിയ്ക്കണം. ഒരു സമാന്തര കോളേജ് സര്‍വ്വകലാശാലയില്‍ ഏതു നിലയിലുള്ള, അഫിലിയേഷനാണ് നേടിയെടുത്തതെന്നും അറിയണം. മ റ്റേതെങ്കിലും പാരലല്‍ കോളേജുകള്‍ക്കു ഇതേ പരിഗണന ലഭിച്ചിട്ടുണ്ടോ എന്നു പരിശോധിക്കുന്നതും കൗതുകകരമായിരിക്കും.
സംസ്ഥാനത്ത് സമാന്തരമായ ഒരധികാര ശൃംഖലയാണ് പടുത്തുയര്‍ത്തപ്പെട്ടത്. പതിറ്റാണ്ടുകളിലൂടെയാണത് സാധിച്ചത്. അതിന്റെ ധാര്‍ഷ്ട്യമാണ് വിദ്യാര്‍ത്ഥികളോടും രക്ഷിതാക്കളോടും പൊതുസമൂഹത്തോടുമുള്ള പെരുമാറ്റങ്ങളില്‍ നിറയുന്നത്. അമിതാധികാരങ്ങളിലേയ്ക്കു കുതിക്കുന്ന പൊള്ളരൂപങ്ങളെ പൊളിച്ചടുക്കിയില്ലെങ്കില്‍ ജനാധിപത്യക്രമത്തിനും പൗരജീവിതത്തിനും അത് വലിയ ദോഷം ചെയ്യും. കുട്ടികളുന്നയിച്ച വിഷയങ്ങളെക്കാള്‍ വലുതാണ് യഥാര്‍ത്ഥ പ്രശ്നമെന്നര്‍ത്ഥം.
ആസാദ്
27 ജനവരി 2017