Article POLITICS

നവലിബറല്‍ ആസൂത്രണം ജനകീയാസൂത്രണം ആവുന്നതെങ്ങനെ?

pp

ജനകീയാസൂത്രണം ഇന്നലെ വീണ്ടും തുടക്കംകുറിച്ചിരിക്കുന്നു. നവകേരളത്തിനായി ജനകീയാസൂത്രണം എന്നാണ് പരിപാടിയുടെ പേര്. പതിമൂന്നാം പദ്ധതിയില്‍ രണ്ടര ലക്ഷം കോടിരൂപ അടങ്കല്‍തുകയായി അനുവദിക്കുമെന്നു വാര്‍ത്ത വന്നിരിക്കുന്നു. ഒന്നരപ്പതിറ്റാണ്ടായി ജീവനറ്റു കിടന്നിരുന്ന ഒരു പദ്ധതിനാമമാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. അതു നിശ്ചയമായും ചില ഓര്‍മ്മകളിലേക്കു നമ്മെ കൊണ്ടുപോകും.

1996ല്‍ അധികാരമേറ്റ നായനാര്‍ സര്‍ക്കാര്‍ , എം പി പരമേശ്വരന്റെ നേതൃത്വത്തില്‍ ശാസ്ത്ര സാഹിത്യ പരിഷത്തു നടപ്പാക്കിവന്നിരുന്ന നാലാംലോക സ്വപ്ന പദ്ധതിയായ ജനകീയാസൂത്രണം ഏറ്റെടുക്കുകയായിരുന്നു. സി പി എമ്മിനുമേല്‍ പരിഷത്തിനുണ്ടായിരുന്ന സ്വാധീനമാണ് ലോകബാങ്ക് പദ്ധതികളായ ഡി പി ഇ പി മുതല്‍ പങ്കാളിത്ത ജനാധിപത്യംവരെ കേരളത്തില്‍ നടപ്പാക്കാന്‍ സഹായകമായത്.
1994ല്‍ പാസ്സാക്കിയ 73, 74 ഭരണഘടനാ ഭേദഗതികളെത്തുടര്‍ന്ന് ത്രിതല പഞ്ചായത്തു സംവിധാനം കൂടുതല്‍ അധികാരമുള്ളതായി മാറിയിരുന്നു. എന്നാല്‍ അധികാരക്കൈമാറ്റവും ഫണ്ടു കൈമാറ്റവും ഉദ്യോഗസ്ഥ പുനര്‍ വിന്യാസവും ഫലപ്രദമായി നടത്താന്‍ അന്നത്തെ യു ഡി എഫ് സര്‍ക്കാറിനു സാധിച്ചില്ല.

73, 74 ഭരണഘടന ഭേദഗതികള്‍ക്കു പ്രേരിപ്പിച്ചുകൊണ്ടിരുന്ന ലോകബാങ്കുപോലെയുള്ള അന്താരാഷ്ട്ര ധനകാര്യ ഏജന്‍സികളും അവയ്ക്കു പിറകിലെ നയകാര്യ വിദഗ്ദ്ധരും പഞ്ചായത്തു സംവിധാനത്തെ മറ്റൊരു രീതിയില്‍ പ്രയോജനപ്പെടുത്താനാണ് ആഗ്രഹിച്ചത്. ഭരണകൂടത്തിന്റെ ഉത്തരവാദിത്തങ്ങള്‍ എടുത്തുമാറ്റാനും സാമൂഹിക ക്ഷേമം പൗരന്മാരുടെ മാത്രം ചുമതലയാക്കി പരിമിതപ്പെടുത്താനും ഉതകുന്ന മട്ടിലുള്ള വികേന്ദ്രീകരണമായിരുന്നു ലക്ഷ്യം. നവലിബറല്‍ പരിഷ്‌ക്കാരങ്ങളുടെ കുത്തിയൊഴുക്കിനു രാഷ്ട്രങ്ങളെ പരുവപ്പെടുത്തുകയായിരുന്നു അവര്‍.

പഞ്ചായത്തീരാജ് നിയമത്തിന്റെ രക്ഷാകര്‍ത്തൃത്വം ഏറ്റെടുക്കാന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മത്സരിക്കുന്നതു കണ്ടിട്ടുണ്ട്. നമ്മുടെ രാജ്യത്തു മാത്രം നടന്ന ഒരു പരിഷ്‌ക്കരണമായിരുന്നില്ല അത്. മിക്ക മൂന്നാംലോക രാജ്യങ്ങള്‍ക്കു മേലും നവലിബറല്‍ പരിഷ്‌ക്കാരങ്ങള്‍ക്കു മുന്നോടിയായി ഇങ്ങനെയൊരു നിയമഭേദഗതി നടത്താനുള്ള സമ്മര്‍ദ്ദം മുറുകിയിരുന്നു. എല്ലാ ജനസമൂഹങ്ങളിലും സ്വാഭാവികമായും നിലനില്‍ക്കുകയോ ഉയരുകയോ ചെയ്ത ഗ്രാമീണകൂട്ടായ്മകള്‍ക്കു കൂടുതല്‍ സ്വാതന്ത്ര്യമെന്ന ആവശ്യകതയെ അതു തൃപ്തിപ്പെടുത്തി. ഗവണ്‍മെന്റുകളുടെ തടസ്സമില്ലാതെ പൗരസമൂഹ കൂട്ടായ്മകളിലേക്കു പദ്ധതികളും പണവും വായ്പാഭാരവും പ്രവഹിക്കുന്നതിനുള്ള വാതിലുകളാണ് തുറക്കപ്പെട്ടത്.

വളരെ ശ്രദ്ധാപൂര്‍വ്വം വേണമായിരുന്നു ഈ സാഹചര്യത്തെ നേരിടുക. അധികാര വികേന്ദ്രീകരണത്തിനു വേണ്ടി വാദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത കമ്യൂണിസ്റ്റു പാര്‍ട്ടികളും അതിനു നേതൃത്വം നല്‍കിയ ഇ എം എസ്സിനെപ്പോലുള്ള നേതാക്കളും ത്രിതല പഞ്ചായത്തുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച സങ്കല്‍പ്പങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. അത് സംസ്ഥാന ഭരണകൂടത്തിന്റെ പൊതുനയത്തെയും പ്രവര്‍ത്തന പദ്ധതികളെയും തിരുത്തുകയും പൂരിപ്പിക്കുകയും ചെയ്യാന്‍ പ്രാപ്തമായ വികേന്ദ്രീകരണ സങ്കല്‍പ്പമായിരുന്നു. കേരളമാതൃകയെ അത്തരമൊരു സാധ്യതയിലേക്കു പരിവര്‍ത്തനം ചെയ്യാവുന്ന സാഹചര്യം പിറന്നപ്പോഴാകട്ടെ, അതിന്റെ രക്ഷാകര്‍ത്തൃത്വം നാലാംലോക സൈനികരാണ് ഏറ്റെടുത്തത്.

ആദ്യമായി ജനകീയാസൂത്രണ പരിപാടി കേരളത്തില്‍ പ്രഖ്യാപിക്കപ്പെടുന്നത് 1995 ഒക്‌ടോബര്‍ 2ന് ഗാന്ധിജയന്തി ദിനത്തില്‍ തിരുവനന്തപുരത്തുവച്ചാണ്. പാര്‍ട്ടിസിപ്പേറ്ററി ആന്റ് സസ്‌റ്റെയ്‌നബിള്‍ പഞ്ചായത്ത് ലെവല്‍ ഡവലപ്‌മെന്റ് പ്ലാനിംഗ് അഥവാ ജനകീയാസൂത്രണ പരിപാടി എന്നാണ് അതറിയപ്പെട്ടത്. എം പി പരമേശ്വരന്‍ അതിന്റെ ഡയറക്ടറും ഡോ. തോമസ് ഐസക് ജോയിന്റ് ഡയറക്ടറുമായിരുന്നു. എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള യു ഡി എഫ് സര്‍ക്കാറിന്റെ ആശീര്‍വാദത്തോടെയും വിദേശ ധനസഹായത്തോടെയും ശാസ്ത്ര സാഹിത്യ പരിഷത്താണ് പദ്ധതി നടപ്പാക്കാനാരംഭിച്ചത്. പാര്‍ട്ടിരഹിത പങ്കാളിത്ത ജനാധിപത്യത്തിന്റെ കേരളാ പതിപ്പായ പരമേശ്വരന്റെ നാലാംലോക സിദ്ധാന്തവും അതിന്റെ പ്രവര്‍ത്തന പദ്ധതികളുമായിരുന്നു വഴികാട്ടി.

1996 മെയ്മാസത്തില്‍ ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ മന്ത്രിസഭ അധികാരമേറ്റപ്പോള്‍ ഈ പദ്ധതിയെ സര്‍ക്കാര്‍ പദ്ധതിയാക്കി വിപുലമായ സൗകര്യങ്ങളോടെ പരിഷത്തുതന്നെ നടപ്പാക്കാനാരംഭിച്ചു. പേരില്‍ ചെറിയൊരു മാറ്റം വരുത്തുകയുണ്ടായി. ജനകീയാസൂത്രണ പരിപാടി ജനകീയാസൂത്രണ പ്രസ്ഥാനമായി. 1996 ആഗസ്ത് 17ന് അത് ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. ഇതോടെ സംസ്ഥാന ഗവണ്‍മെന്റിന്റെ ഫണ്ടും നാലാംലോക പരീക്ഷണത്തിനു ലഭ്യമാവുകയായിരുന്നു.

നവബിബറല്‍ നയവും അതിന്റെ പുനസംവിധാന അജണ്ടയും സംസ്ഥാനത്തെ ഗവണ്‍മെന്റിനെയും ഇടതുപക്ഷ ഭരണത്തെയും ഹൈജാക്കു ചെയ്യുകയായിരുന്നു. ഇ എം എസ്സ് ഉള്‍പ്പെട്ട പാര്‍ട്ടി നേതൃത്വത്തെ അധികാര വികേന്ദ്രീകരണത്തിന്റെ പുതിയകാല രാഷ്ട്രീയമെന്നു ധരിപ്പിക്കാന്‍ ഇതിന്റെ വക്താക്കള്‍ക്കു സാധിച്ചു. ആ വിജയം അവര്‍ വിസ്‌ക്കോസിനിലും മറ്റും ആഘോഷിക്കുകയും ചെയ്തു. അപ്പോള്‍ തുടര്‍ച്ചയറ്റു വീണത് കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ മുന്നോട്ടുവച്ചുപോന്ന വികേന്ദ്രീകരണ രാഷ്ട്രീയമാണ്. ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ഒന്നാം വാര്‍ഷികാഘോഷത്തില്‍ ഇതിനെന്തോ ഒരു കുഴപ്പമുണ്ടെന്നു ഇഎം എസ്സ് തുറന്നടിക്കുകയുമുണ്ടായി.

തൊണ്ണൂറുകള്‍ അവസാനിക്കുമ്പോഴാണ് വലിയ ഗൂഢാലോചനയുടെ രേഖകള്‍ പുറത്തു വരുന്നത്. ഇ എം എസ് വിടവാങ്ങിയ ശേഷനമേ തന്റെ അവകാശവാദവുമായി എം പി പരമേശ്വരനും രംഗത്തുവന്നുള്ളു. നാലാംലോക പരീക്ഷണത്തിന് ജനകീയാസൂത്രണ പരിപാടിയും പിന്നീട് ജനകീയാസൂത്രണ പ്രസ്ഥാനവും എങ്ങനെ ഉപയോഗിക്കപ്പെട്ടുവെന്ന് അദ്ദേഹംതന്നെ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറുകളെ ദുര്‍ബ്ബലപ്പെടുത്തുകയും ക്ഷേമ പ്രവര്‍ത്തനങ്ങളില്‍നിന്നും ഉത്തരവാദിത്തങ്ങളില്‍നിന്നും അകറ്റുകയും വെറും ഫെസിലിറ്റേറ്ററുടെ ചുമതലകളിലേക്ക് ഒതുക്കുകയും ചെയ്യുന്ന നവമുതലാളിത്ത വികസനത്തിന്റെ പങ്കാളിത്താസൂത്രണമാണ് നിര്‍വ്വഹിക്കപ്പെട്ടുപോന്നതെന്ന ഉണര്‍വ്വിലേക്ക് ചിലരെങ്കിലും എത്തിച്ചേര്‍ന്നു. എം എന്‍ വിജയനും എസ് സുധീഷും വിപി വാസുദേവനും ഈ ലേഖകനുമെല്ലാം കലഹമുയര്‍ത്തിയ സാഹചര്യമതാണ്. മാനായി വന്നത് മാരീചനനാണെന്ന് വി എസ് അച്യുതാനന്ദന്‍ ലേഖനമെഴുതി. പരിഷത്തിന്റെയും പരമേശ്വരന്റെയും വഞ്ചനാത്മകമായ നിലപാടുകള്‍ക്കെതിരെ അന്നു പൊളിറ്റ്ബ്യൂറോ അംഗമായിരുന്ന ഇ ബാലാനന്ദനും രംഗത്തുവന്നു.

അതിരൂക്ഷമായ അഭിപ്രായ സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ എം പി പരമേശ്വരനെയും ബി ഇക്ബാലിനെയും സിപിഎം പുറത്താക്കി. അന്നു ഞങ്ങളെല്ലാമെടുത്ത നിലപാട്, ആളുകളെയല്ല പുറത്താക്കേണ്ടത് നാലാംലോകവാദത്തെയാണെന്നായിരുന്നു. എന്നാല്‍ അതുണ്ടായില്ല. അതിന്റെ വിത്തുകള്‍ അവിടെ മുളച്ചുകൊണ്ടിരുന്നു. ഇപ്പോള്‍ സോഷ്യലിസമെന്ത് നാലാംലോകമെന്ത് എന്നു തിരിച്ചറിയാനാവാത്തവിധം അന്ധതബാധിച്ചിരിക്കുന്നു. ഒമ്പതാം പദ്ധതിയില്‍ നായനാര്‍ ഗവണ്‍മെന്റ് പരീക്ഷിച്ചത് 2001ലും 2011ലും അധികാരത്തിലെത്തിയ യു ഡി എഫ് ഗവണ്‍മെന്റോ 2006ല്‍ അധികാരത്തിലെത്തിയ എല്‍ ഡി എഫ് ഗവണ്‍മെന്റോ തുടര്‍ന്നില്ല. ഇപ്പോള്‍ പതിമൂന്നാം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍വ്വഹിക്കാന്‍ ഉദ്ദേശിക്കുന്ന നവകേരളത്തിന് ജനകീയാസൂത്രണം എന്ന പദ്ധതി ഏതിനമാണെന്ന് ഗവണ്‍മെന്റും രാഷ്ട്രീയ നേതൃത്വവും വെളിപ്പെടുത്തണം.

നവലിബറല്‍ പരിഷ്‌ക്കാരങ്ങളെയും അതിന്റെ വികസന സങ്കല്‍പ്പങ്ങളെയും പിന്തുടരുന്ന ഒരു ഗവണ്‍മെന്റിന് എങ്ങനെയാണ് ജനകീയാസൂത്രണം അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ പിന്തുടരാനാവുക? പുറന്തള്ളല്‍ വികസനത്തിന്റെ കരിനിഴലിലേക്കു ജനങ്ങളെ തള്ളിവിടാന്‍, പഞ്ചായത്തീരാജ് നിയമം നല്‍കുന്ന സുരക്ഷപോലും പ്രത്യേക നിയമ നിര്‍മ്മാണങ്ങള്‍കൊണ്ടും ഓര്‍ഡിനന്‍സുകള്‍കൊണ്ടും മറികടന്ന അനുഭവങ്ങളും മറക്കാനാവില്ല. ഗ്രാമസഭകളുടെയും പഞ്ചായത്തിന്റെയും അവകാശം വെട്ടിക്കുറച്ച് ഗ്രീന്‍ ചാനലുകളുണ്ടാക്കിയത് ഇടതു വലതു ഗവണ്‍മെന്റുകളാണ്. ധനമൂലധനത്തിന് പ്രത്യേക അവകാശമാണ് അനുവദിച്ചുകൊടുക്കുന്നത്. നീര്‍ത്തട സംരക്ഷണ നിയമം മുതല്‍ വിദ്യാഭ്യാസ അവകാശ നിയമങ്ങള്‍വരെ മറികടക്കാന്‍ ത്രിതല ഭരണ വ്യവസ്ഥയുടെ ജനകീയമുഖമാണ് നശിപ്പിക്കപ്പെട്ടത്. ഇപ്പോള്‍ പേരില്‍ ജനകീയമെന്നു ചേര്‍ക്കുന്നതുകൊണ്ട് നവലിബറല്‍ ആസൂത്രണം ജനകീയാസൂത്രണമാവുമോ?

22 ജനവരി 2017

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )