Article POLITICS

അഗസ്ത്യമുടിയിലെ പുല്ലിംഗവേലികള്‍ മാറ്റണം.

 

agas


പൗരസമൂഹത്തെ ലിംഗപരമോ മതപരമോ മറ്റോ ആയ വിവേചനങ്ങള്‍ക്കു കീഴ്‌പ്പെടുത്തിക്കൂടാ എന്ന വിവേകം ആധുനിക ഭരണകൂടങ്ങള്‍ക്ക് ഉണ്ടാവേണ്ടതാണ്. ജനാധിപത്യ മതേതര മൂല്യങ്ങളുടെ സത്തയതാണ്. ഒരു ബഹുസ്വര സമൂഹത്തില്‍ പുലര്‍ത്തേണ്ട ആ മൂല്യബോധവും ജാഗ്രതയും നഷ്ടപ്പെടുകയാണ്. മൃദുവോ തീവ്രമോ ആയ പക്ഷപാതങ്ങള്‍ കടുത്ത വിവേചനങ്ങളിലേക്കും തീക്ഷ്ണമായ അസമത്വങ്ങളിലേക്കും ജനങ്ങളെ എടുത്തെറിയുന്നു.

വളരെ ചെറിയ ഒരു കാര്യമെന്ന മട്ടിലേ പല വിവേചനങ്ങളെയും നാം കാണുന്നുള്ളു. ഭേദചിന്തയും വേര്‍തിരിവുകളും വിലക്കുകളും നമുക്ക് പുതുമയല്ല. ശീലിച്ചുപോന്നത് ചെയ്യുന്നു എന്നമട്ടിലാണ് വിശദീകരണം. ശീലം സ്വയം സാധൂകരിക്കുമെന്ന തെറ്റായ ധാരണയുമുണ്ട്. ശബരിമലയിലെ സ്ത്രീ പ്രവേശം സംബന്ധിച്ച തര്‍ക്കങ്ങളില്‍ അതു കാണാം. പൊതു ഇടങ്ങളിലെല്ലാം ആവശ്യമെങ്കില്‍ സ്ത്രീകള്‍ക്കു പ്രവേശനമാവാം. ആര്‍ക്കുമത് തടയാനാവില്ല. പുരുഷനിയമം വിമര്‍ശനരഹിതമായി സ്വീകരിക്കാനുള്ള ബാധ്യത ആര്‍ക്കുമില്ല. മുമ്പ് അങ്ങനെയായിരുന്നു എന്നത് സാധൂകരണമാവില്ല. അങ്ങനെ നിലനിന്ന പലതും ധീരമായി മാറ്റിയാണ് പുതിയ സമൂഹമുണ്ടായത്. പുതിയ ശീലങ്ങളുണ്ടായത്. അതും മാറ്റത്തിനു വിധേയംതന്നെ.

വിവേചനങ്ങളെ മറികടക്കാനും കൊടുമുടികളെ കീഴടക്കാനും ഞങ്ങള്‍ക്കാവുമെന്ന് വിധേയരെന്നും ദുര്‍ബ്ബലരെന്നും അധിക്ഷേപിക്കപ്പെട്ടവര്‍ തെളിയിച്ചുകൊണ്ടേയിരിക്കുന്ന കാലമാണിത്. അവരോട് നിങ്ങള്‍ക്കാവില്ല, നിങ്ങള്‍ക്കാവില്ല എന്ന് അട്ടഹസിക്കുന്നത് അധികാരത്തിന്റെ ഭീരുത്വമാണ്. അഗസ്ത്യകൂടത്തിലേക്ക് മലകയറിയെത്താന്‍ പലവിധ കൗതുകങ്ങള്‍ പ്രേരിപ്പിക്കുന്നുണ്ട്. പക്ഷെ, സ്ത്രീകള്‍ മലകയറിക്കൂടാ എന്നാണ് ജനാധിപത്യ സര്‍ക്കാറിന്റെ വനം ടൂറിസം വകുപ്പുകള്‍ വിലക്കു കല്‍പ്പിച്ചിരിക്കുന്നത്. പൗരസമൂഹത്തെ ഭേദചിന്തയില്ലാതെ കാണാന്‍ തങ്ങള്‍ക്കാവില്ലെന്ന് ജനാധിപത്യ ഗവണ്‍മെന്റ് ഭരണഘടനയെ വെല്ലുവിളിക്കുന്നു.

പുരാണകഥാപാത്രമായ അഗസ്ത്യമുനി അവിവാഹിതനായിരുന്നുവെന്നും അദ്ദേഹം താമസിച്ച പ്രദേശത്തേക്ക് അപരിചിതരായ സ്ത്രീകളെത്തുന്നത് അദ്ദേഹത്തിന് അഹിതമായിരിക്കുമെന്നുമാണ് ഒരു പുരോഗമന ഗവണ്‍മെന്റിന്റെ അറിയിപ്പിലുള്ളത്. യുനസ്‌ക്കോ ലോകത്തിലെ ജൈവവൈവിദ്ധ്യത്തിന്റെ സംരക്ഷിത മേഖലകളിലൊന്നായി പ്രഖ്യാപിച്ചിട്ടുള്ള ഒരിടമാണ് അഗസ്ത്യമുടി. അവിടെ പഠനഗവേഷണ കുതുകികള്‍ക്കു സന്ദര്‍ശിക്കേണ്ടതുണ്ട്. ബൗദ്ധസംസ്‌കൃതിയുടെ ഭൂതശേഖരങ്ങളന്വേഷിക്കുന്ന ചരിത്രകാരന്മാര്‍ക്കും അവിടേക്കെത്താതെ വയ്യ. പ്രകൃതിയെയും പരിസ്ഥിതിയെയും ഗൗരവപൂര്‍വ്വം നോക്കിക്കാണുന്നവര്‍ക്കും അഗസ്ത്യമുടി ഒഴിവാക്കാനാവില്ല. ഇതിനു പുറമേയാണ് വിനോദസഞ്ചാരം. ഇങ്ങനെ എത്തുന്നവരില്‍ സ്ത്രീകളുണ്ടാവരുതെന്ന സംസ്ഥാന സര്‍ക്കാറിന്റെ നിശ്ചയം അത്ഭൂതകരമാണ്. മാത്രമല്ല, ഇത്രയേറെ പ്രത്യേകതകളുള്ള ഒരു പര്‍വ്വതമുടിയെ അഗസ്ത്യനെന്ന പുരാണ കഥാപാത്രത്തിന്റെ ഇഷ്ടാനിഷ്ടങ്ങളുമായി ബന്ധിപ്പിച്ചു കാണാനുള്ള യുക്തിഹീനതയാണ് ഗവണ്‍മെന്റ് പ്രകടിപ്പിക്കുന്നത്.

പുരാണ കഥാപാത്രങ്ങള്‍ പാര്‍ത്തുവെന്നു കരുതുന്ന വേറെയും ഇടങ്ങള്‍ കണ്ടേയ്ക്കും. അവിടെയെല്ലാം പഴയ നാട്ടുനടപ്പിന്റെ വികൃതവും അശ്ലീലവുമായ ആവര്‍ത്തനങ്ങളാവാമെന്നു കരുതുന്നതില്‍ എന്തു യുക്തിയാണുള്ളത്? കഥകളെ കഥകളായി കാണണം. പുരാണത്തിലും ചരിത്രത്തിലും സ്ത്രീകള്‍ക്കുമുണ്ട് അവകാശം. സ്ത്രീകള്‍ക്ക് സ്ത്രീകളുടെ വായനയും വ്യാഖ്യാനവും കാണും. അവയെല്ലാം പുരുഷബലം കൊണ്ടു തടയാമെന്നു കരുതുന്നത് മൗഢ്യമാണ്.

അകറ്റി നിര്‍ത്തപ്പെട്ടവര്‍ തിരസ്‌കൃത ലോകങ്ങള്‍ വീണ്ടെടുക്കും. വരേണ്യാധികാരത്തിന്റെ തത്വങ്ങള്‍ പാടി അവരെ നിശബ്ദരാക്കാനാവില്ല. ഉന്നതമായ ജനാധിപത്യമൂല്യങ്ങളുടെ അര്‍ത്ഥമറിയുകയാണ് വേണ്ടത്. എല്ലാം എല്ലാവരുടേതുമാണ് എന്നു അംഗീകരിക്കണം. സഹ്യപര്‍വ്വതത്തിലെ തെക്കന്‍ കൊടുമുടിയിലേക്ക് സ്ത്രീകളും കടന്നുകയറട്ടെ. സമുദ്രനിരപ്പില്‍നിന്നു 1868 മീറ്റര്‍ ഉയരത്തില്‍ പോതാളയോ പൊതിയല്‍മലയോ ഗടവ്യൂഹദര്‍ശനമോ അഗസ്ത്യ ഹൃദയമോ ബുദ്ധസ്മൃതിയോ ജൈവവൈവിദ്ധ്യ വിസ്മയമോ അവരനുഭവിക്കട്ടെ. സംസ്ഥാന ഗവണ്‍മെന്റ് സ്ത്രീകള്‍ക്കെതിരായ വിലക്കു നീക്കണം. ജനാധിപത്യ മൂല്യങ്ങളെ പരിഹസിക്കുന്ന നിലപാടു തിരുത്തണം.

തിരുവനന്തപുരത്തു വനംവകുപ്പ് ഓഫീസിനു മുന്നില്‍ സ്ത്രീകളുടെ പ്രതിഷേധമുണ്ടാകും ജനവരി 16ന് എന്നു കേട്ടു. സ്ത്രീകളുടെ പ്രതിഷേധമല്ല,, ജനാധിപത്യ തത്വങ്ങളുടെ അടിസ്ഥാനമറിയുന്ന എല്ലാവരുടെയും യോജിച്ച പ്രക്ഷോഭമാണ് ഉയരുന്നത്. ഇടതുപക്ഷ ജനാധിപത്യ ഗവണ്‍മെന്റിന് നടപ്പു വഴക്കങ്ങളെ തിരുത്തിയെഴുതാനുള്ള ബാധ്യതയുണ്ട്. അതിനുള്ള ത്രാണി കാണിക്കുകയേ വേണ്ടൂ. യാഥാസ്തിതികത്വവും സങ്കുചിത താല്‍പ്പര്യങ്ങളും എല്ലാ പുരോഗമന കാഴ്ച്ചകളെയും കരണ്ടുതീര്‍ക്കുന്നതിനുമുമ്പ് സ്വയം കുടഞ്ഞുണരണം. എല്ലാ ശരീരങ്ങളെയും പുനരുത്ഥാന രോഗത്തിന്റെ അണുക്കള്‍ കീഴ്‌പ്പെടുത്തുംമുമ്പ് പ്രതികരിക്കണം. വരുംതലമുറകള്‍ക്കു മുന്നോട്ടാണു പോകേണ്ടത്.

13 ജനവരി 2017

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )