Article POLITICS

ഭൂത വേതാളങ്ങളെ വണങ്ങിയവനല്ല, കുടഞ്ഞെറിഞ്ഞവനാണ് എം ടി

images_1483099206429

 

എം ടി വിമര്‍ശനാതീതനല്ല. ആരോഗ്യകരമായ വിമര്‍ശനം ഉണ്ടാവുന്നില്ലല്ലോ എന്ന ഖേദമേ എംടിക്കുപോലും കാണൂ. ചിന്തിക്കാനും പറയാനും എന്തവകാശമെന്ന മട്ടിലുള്ള എടുത്തുചാട്ടങ്ങളല്ല വിമര്‍ശനം. പറഞ്ഞതിന്റെ പൊരുളും യുക്തിയും തിരക്കലാണത്‌. പറഞ്ഞത് പൊള്ളിക്കുന്ന നാമ്പുകളുള്ള വിഷയങ്ങളാകുമ്പോഴാണ് ഭീരുക്കള്‍ അകന്നുമാറുകയും പുലഭ്യം പറയാനാരംഭിക്കുകയും ചെയ്യുക.

എംടി വാസുദേവന്‍ നായരെയല്ല എംടിയിലൂടെ ജ്വലിക്കുന്ന സ്വതന്ത്ര ചിന്തയെയും സ്വാഭിപ്രായ പ്രകടനത്തെയുമാണ് അവര്‍ ഭയക്കുന്നത്. പ്രതിലോമകരമായ ചിന്തയുടെയും രാഷ്ട്രീയത്തിന്റെയും സ്വഭാവമാണത്. ചലനമറ്റ ഒരു സമൂഹത്തിനകത്താണ് ഇത്തരം പിന്‍യാത്രകളുണ്ടാകുന്നത്. മുന്നോട്ടു കുതിക്കുന്ന സമൂഹങ്ങള്‍ അത്രയും ശക്തിയില്‍ ഭൂതജീര്‍ണതകളെ പിറകോട്ടു കുടഞ്ഞെറിയും. അത്തരം തീവ്രനിഷേധങ്ങളാണ് എംടിയെയും എംടിയെപ്പോലുള്ള അനേകരെയും സൃഷ്ടിച്ചത്. ആയുധങ്ങള്‍കൊണ്ടോ ആസൂത്രിതമായ മറ്റു പ്രയോഗങ്ങള്‍കൊണ്ടോ അവരെയിനി ഇല്ലാതാക്കാനാവില്ല. എംടിയിലെ നിഷേധവീര്യം എങ്ങനെ ചരിത്രത്തിന്റെ ഇന്ധനമായി എന്നു പഠിക്കുകയാണ് വേണ്ടത്. സ്തുതിക്കുന്നവരാകട്ടെ, നിന്ദിക്കുന്നവരാകട്ടെ, കണ്ടെടുക്കാനും ഏറ്റെടുക്കാനും ഉത്സാഹിക്കേണ്ട പാഠമാണത്.

ആളിയമര്‍ന്ന അഗ്നിപര്‍വ്വതങ്ങളെ നോക്കി ഇപ്പോഴൊന്നു പൊട്ടിപ്പിളരൂ എന്നു മോഹവാക്യങ്ങളുരുവിടാം. ആ പഴയ സ്ഫോടനങ്ങള്‍ ഇളക്കിമറിച്ച മണ്ണിലാണ് നാം നിവര്‍ന്നു നില്‍ക്കുന്നത് എന്ന കാര്യം മറന്നുപോകുന്നു. ആ മണ്ണിനെ നിഷ്ക്കരുണം തരിശിട്ട് പുതിയ സ്ഫോടനങ്ങളുടെ തമ്പുരാന്മാരെ കാത്തിരിക്കുന്ന അലസസമൂഹമായി നാം മാറിയിരിക്കുന്നു. കെട്ടിക്കിടക്കുന്ന ജലംപോലെ ജീര്‍ണമായ അവസ്ഥ. കെട്ടുപൊട്ടിക്കാന്‍ ധൈര്യമില്ല. ജീര്‍ണബാധകളെ ഉരിഞ്ഞെറിയാന്‍ ഇച്ഛാശക്തിയില്ല. ഇകഴ്ത്തലും പുകഴ്ത്തലും അവജ്ഞയും അഹങ്കാരവും കളംനിറഞ്ഞു കളിക്കുകയാണ്.

മതമോ സംസ്ക്കാരമോ രാഷ്ട്രീയമോ ആവട്ടെ, ആത്മാവറ്റ ആകാരം മാത്രമായി ചുരുങ്ങുമ്പോള്‍ അതനുഷ്ഠാനങ്ങളുടെ പരമ്പര തീര്‍ക്കും. എല്ലാം ഇതുപോലെ, ഇപ്പോഴത്തേതുപോലെ മതിയെന്ന സുഖദ സ്വപ്നങ്ങളിലേ അതിനു മുഴുകാനാവൂ. വേറിട്ടൊരു വാക്കുച്ചരിച്ചാല്‍, എന്തുകൊണ്ടിങ്ങനെ എന്നന്വേഷിച്ചാല്‍ അവരൊന്നു പുളഞ്ഞുപോകും. അനുഷ്ഠാനങ്ങള്‍ പിളര്‍ന്ന് പുതിയ പ്രയോഗങ്ങളുണ്ടെന്നു കാണിച്ചാല്‍ കൊന്നുകളയും. സത്യത്തെ നേരിടുന്ന അധികാരത്തിന്റെ അതിപ്രാചീന രീതിയാണത്. പുതിയ മതാത്മക രാഷ്ട്രീയവും അതാണ് ശീലിക്കുന്നത്.

സ്തുതിക്കും നിന്ദക്കുമപ്പുറം ഓരോരുത്തരും ഗൗരവതരമായ വിശകലനം ആവശ്യപ്പെടുന്നുണ്ട്. സമൂഹത്തെ മുന്നോട്ടുന്തുന്ന ഒരുവാക്ക് നിങ്ങളുച്ചരിച്ചുവോ എന്ന ചോദ്യം ഉയര്‍ന്നുകൊണ്ടേയിരിക്കും. എംടിയും എം എന്‍ വിജയനും ബഷീറും അഴീക്കോടും തായാട്ടും…അങ്ങനെ എത്രയോ പേരും തല കുനിയ്ക്കില്ല. അവരുടെ സൗമ്യതയേ നാം ഓര്‍ക്കുന്നുള്ളു. അതിന്റെ അകക്കനലുകള്‍ മറന്ന് പുറകാന്തിയില്‍ അഭിരമിക്കാനാണ് നമുക്കു പ്രിയം. അവരുടെ യുഗദീപ്തമായ നിഷേധങ്ങളെ നാം പാഴ്മുറംകൊണ്ടു മറച്ചുകൊണ്ടേയിരിക്കുന്നു.

പിന്തുണച്ചാല്‍ കൊണ്ടാടുകയും വിയോജിച്ചാല്‍ പുറന്തള്ളുകയും ചെയ്യുന്ന രാഷ്ട്രീയ ലീലകളുടെ കളങ്ങളില്‍നിന്ന് നമുക്ക് യുഗസ്രഷ്ടാക്കളെ വീണ്ടെടുക്കണം

ആസാദ്
30 ഡിസംബര്‍ 2016

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )