വായനക്കാര്‍ എഴുത്തുകാരാവട്ടെ എന്നത് മുണ്ടശ്ശേരിയുടെ ഒരു സ്വപ്നത്തിന്റെ തലക്കെട്ടായിരുന്നു. എഴുതേണ്ടത് വായനക്കാരാണെന്നത് അവരില്‍ മാത്രം പൂര്‍ണമാകുന്ന ഒരു വ്യവഹാരത്തിന്റെ നീതികൂടിയാണ്. എഴുത്തറിവിന്റെ വിപുലീകരണമാണത്. കൈകൊണ്ടോ ചിന്തകൊണ്ടോ എഴുതുന്നത് ഒരഭ്യാസം മാത്രമാണെന്നും വായനയിലേ ആ വ്യവഹാരം പൂര്‍ത്തിയാകൂ എന്നും റൊളാങ്ബാര്ത്തിനു കാത്തുനില്‍ക്കാതെ നമ്മുടെ ജനാധിപത്യ/സോഷ്യലിസ്റ്റ് ദര്‍ശനങ്ങള്‍ തീര്‍പ്പു കല്പ്പിച്ചിരുന്നു. പക്ഷെ, ജനകീയ വിശകലനങ്ങള്‍ക്കു വിധേയമാകാത്ത അറിവ് അധികാരപദത്തില്‍ തുടര്‍ന്നു. എഴുതുന്നതേ അറിവാകൂ, എഴുതുന്നതെല്ലാം അറിവുതന്നെ, കേട്ടറിവില്‍ കാര്യമില്ല എന്നിങ്ങനെയുള്ള ചിന്ത വിട്ടുമാറിയില്ല. വിധേയ വായനകളോ വായനാ വിധേയത്വങ്ങളോ നമുക്ക് ഒഴിവാക്കാനായില്ല. സാമൂഹിവും സാംസ്കാരികവുമായ വ്യവഹാരങ്ങളുടെ ഘടനകളിലേ നമ്മുടെ യുക്തിചിന്തക്കും വാര്‍ന്നു വീഴാനാവൂ എന്നതായിരുന്നു പരിമിതി.
ഇതില്‍നിന്നെല്ലാം തെന്നിമാറി സ്വതന്ത്രചിന്തയെയും യുക്തിവാദത്തെയും നവലോകത്തെയും അവയിലെ നിഷേധ സൗന്ദര്യങ്ങളെയും ആശ്ലേഷിക്കാന്‍ വെമ്പിയവരുണ്ടായിരുന്നു. ഇത് ജീവിതസമരമാണെന്ന് ജീവിതത്തെ സമരത്തോടും നവീന സൗന്ദര്യബോധത്തോടും കൂട്ടിയിണക്കാന്‍ വീറു കാട്ടിയവരുണ്ടായി. കര്ത്തൃകേന്ദ്രിതമായ ഏകാത്മക വായനകളെ യുക്തിബോധംകൊണ്ടു അവര്‍ വെട്ടിക്കീറി. ജനാധിപത്യരാഷ്ട്രീയമാണ് വിമര്‍ശനാത്മക ഇടമൊരുക്കി അവരെ കരുത്തരാക്കിയത്. ആ പാരമ്പര്യമെല്ലാം അതിവേഗം കയ്യൊഴിഞ്ഞ് വിശ്വാസത്തിലും ആചാരത്തിലും അനുഷ്ഠാനത്തിലുമെല്ലാം ഫ്യൂഡല്‍ മതാത്മകതയുടെ ഭൂതധാരയിലേക്കു തന്നെത്തന്നെ വിളക്കിച്ചേര്‍ക്കാനുള്ള ഉത്സാഹത്തിന്റെ തിമര്‍പ്പുകള്‍ നാം കണ്ടു. വിപ്ലവ പ്രസ്ഥാനങ്ങള്‍ വികസന മൂലധനത്തിനു മുന്നില്‍ കുമ്പിട്ടു. നവോത്ഥാന പാരമ്പര്യം അതിന്റെ നായകരെ അവര്‍ വിട്ടുപോന്ന ജാതിയിലേക്കും മതത്തിലേക്കും പുനരധിവസിപ്പിച്ചു. നിഷേധചിന്ത കുറ്റകരമായി.
പഴയ പുസ്തകങ്ങള്‍ വായിക്കരുത്. പഴയ ആചാര്യരെ അനുസ്മരിക്കരുത്. അവരുടെ ജീവിതകഥകളിലൂടെ സഞ്ചരിക്കരുത്. പഴയ സമരങ്ങളോ അതിന്റെ കാരണങ്ങളോ തിരക്കിപ്പോവരുത്. നിഷേധങ്ങളുടെ ഉത്സവങ്ങളാണവിടെ. യുക്തിബോധത്തിന്റെ പടപ്പുറപ്പാടുകള്‍. അതൊക്കെയിപ്പോള്‍ ഓര്‍മ്മിപ്പിക്കുന്നതും കുറ്റകരമാണ്. എന്നിട്ടും, ഒരു വര്‍ഷാന്ത്യത്തില്‍ എന്തൊക്കെയോ ചികഞ്ഞുപോകുന്നു. ശേഷിച്ചതെന്താണ്? കലുഷമാകുന്നുണ്ട് ലോകം എന്നതു മാത്രമല്ലേ പ്രതീക്ഷ? അനുസരണയും ആഘോഷവും മാത്രമുള്ള വിപണിജനാധിപത്യത്തിന്റെ മടുപ്പന്‍ ക്രമത്തിനുകീഴെ പുറന്തള്ളപ്പെടുന്ന മനുഷ്യരെന്ന വിലാസം വലിയൊരു സമരാഹ്വാനമാവാതെ വയ്യല്ലോ. അവര്‍ക്കു കുഴിച്ചുമൂടിയ പല ആയുധങ്ങളും തിരിച്ചെടുത്തേ പറ്റൂ. നിശിതമായ യുക്തിചിന്തയും പാരമ്പര്യ നിഷേധവും വിഗ്രഹഭഞ്ജനവുമെല്ലാം പുതിയ കുട്ടികള്‍ ശീലിച്ചു തുടങ്ങിയിരിക്കുന്നു. സമരചുംബനങ്ങളുടെ വസന്തത്തെ അവര്‍ വിളിച്ചുണര്‍ത്തുകയാണ്.
നവസാമൂഹിക മാധ്യമങ്ങളില്‍ വായനക്കാരെല്ലാം എഴുത്തുകാരായിരിക്കുന്നു. സ്വന്തം ജീവിതത്തെ നെടുകെ കീറി യാഥാര്ത്ഥ്യമെന്തെന്നു തെരഞ്ഞു തുടങ്ങിയിരിക്കുന്നു. സ്വയം തിരുത്തിത്തുടങ്ങിയിരിക്കുന്നു. ലോകമെങ്ങും ശബ്ദമില്ലാത്തവനു നാവു മുളച്ചിരിക്കുന്നു. കാഴ്ച്ചകളെല്ലാം കാണാനും കാഴ്ച്ചകളുടെ പ്രളയത്തിലൊഴുക്കാനാവാത്ത യാഥാര്‍ത്ഥ്യത്തെ മുറുകെ പിടിക്കാനും അവര്‍ ശീലിച്ചു തുടങ്ങിയിരിക്കുന്നു. തന്റെ ശബ്ദത്തിനു വെളിപ്പെടാന്‍ നിക്ഷേപ മൂലധനത്തിന്റെ സമ്മതമോ ഔദാര്യമോ വേണമെന്ന അച്ചടി മുതലാളിത്തത്തിന്റെ ശാഠ്യത്തോട് കലഹിച്ചവരാണ് പഴയവര്‍. പുതിയ മുതലാളിത്തത്തിന്റെ വലക്കണ്ണികള്‍ ഉറക്കെക്കരയാനോ പിടയ്ക്കാനോ പൊരുതാനോ ഉള്ള സ്വാതന്ത്ര്യം അനുവദിക്കുന്ന ഹിംസാത്മക ഉദാരതയുടെ വലയങ്ങളാണ്. അവിടെ കലഹത്തിനെന്തു കാര്യം എന്നാണെങ്കില്‍ കീഴടങ്ങുന്നതിനേക്കാള്‍ ഭേദമെന്ന പഴയ ഉത്തരമുണ്ട്. മനുഷ്യാദ്ധ്വാന മഹത്വം അജയ്യമാണെന്ന കവിവാക്യമുണ്ട്. ഐക്യത്തോടെ പൊരുതുന്ന ജനതയ്ക്കു തകര്‍ക്കാനാവാത്ത അധികാര വലയങ്ങളൊന്നുമില്ലെന്ന സത്യവുമുണ്ട്.
ഭാവുകത്വം മാറുന്നത് സാഹിത്യരചനകളിലൂടെ ആവണമെന്നില്ല. സമര മുദ്രാവാക്യങ്ങളിലൂടെയും ഫെയ്സ്ബുക് ട്രോളുകളിലൂടെയും വാട്സപ്പ് ഇടപെടലുകളിലൂടെയും ഒരു തലമുറയുടെ ഭാവുകത്വം പുതുക്കപ്പെടാം. തോന്നലുകളെമ്പാടും യുക്തികൊണ്ട് ഹരിച്ചു ദര്‍ശനംകൊണ്ടു പെരുക്കി എറിയുകയാണ്. ഞാനുണ്ട് ഞാനുണ്ട് എന്ന് ഓരോരുത്തരും മുന്നോട്ടുവരുന്നു. എഴുത്തിന്റെയും ഏറ്റെടുക്കലിന്റെയും പതിവുശീലങ്ങളെ അതു പൊളിച്ചടുക്കുന്നു. അവരാരും വ്യാകരണങ്ങളെയോ വൃത്തഭംഗങ്ങളെയോ ഭയപ്പെടുന്നില്ല. ലോകവും മോഹലോകവും ഏറ്റുമുട്ടുന്നു.
നാളെയെക്കുറിച്ചുള്ള നല്ല സങ്കല്‍പ്പങ്ങളായിരുന്നു മുമ്പ് നവലോകമായി തെളിഞ്ഞത്. നാളെയെന്ന ചിന്തയാണ് ദര്‍ശനങ്ങളുടെ കാതല്‍. അദ്ധ്വാനത്തിന്റെ സാഫല്യം. നാളേയ്ക്കു യോജിച്ചതെന്ത് എന്ന ചോദ്യമാണ് പഴയത് വലിച്ചെറിയാന്‍ പ്രേരിപ്പിക്കുന്നത്. അതത്രെ നിഷേധത്തിനു സാധൂകരണം. നാളെയെസംബന്ധിച്ച ശക്തമായ ചിന്ത സമത്വത്തിന്റെതും തുല്യനീതിയുടെതുമാണ്. അതിനപ്പുറം മനോഹരമായ സ്വപ്നമൊന്നും നമ്മെ ഇന്നോളം ഉത്തേജിപ്പിച്ചിട്ടില്ല. ഉനയില്‍ ദേശീയ പതാകയുയര്‍ത്തിയത് ആ വികാരമാണ്. പതിനായിരക്കണക്കിനു സമരമുഖങ്ങളില്‍ നിസ്വരായ മനുഷ്യര്‍ക്ക് ഊര്ജ്ജംപകരുന്നത് ആ വിചാരമാണ്. പുറന്തള്ളപ്പെടുന്നവരൊന്നും പുറത്താകുന്നില്ലെന്ന് ഭരണകൂടങ്ങളെ വെല്ലുവിളിക്കാനുള്ള ശേഷി ആ സ്വപ്നമാണ് നീട്ടുന്നത്. തുല്യാവകാശവും തുല്യനീതിയും സമജീവിതവും മനുഷ്യവംശത്തിന്റെ അവകാശമാണ്. നാളെയെക്കുറിച്ചുള്ള വിചാരം നവലോക സ്വപ്നമായും പ്രത്യയശാസ്ത്ര നിഷ്ഠമായും മാറുന്നത് അങ്ങനെയാണ്.
സ്വന്തം ജാതി., സ്വന്തം മതം, സ്വന്തം പ്രസ്ഥാനം എന്നിങ്ങനെ സ്വന്തമെന്നു കരുതിയവ ചിലപ്പോഴൊക്കെ വിപരീതാനുഭവങ്ങളെ ചുമക്കേണ്ട ഗതികേടിലാണെത്തിക്കുന്നത്. തുല്യനീതിക്കു തടസ്സം മിക്കപ്പോഴും താന്‍ നില്ക്കുന്നിടമാണെന്ന് അയാളറിയാതെപോകുന്നു. താന്‍ കിടപ്പാടവും തൊഴിലും നഷ്ടപ്പെട്ടവനായത് തന്റെ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ തെറ്റായ നയം കൊണ്ടാണെന്ന് അയാള്‍ സമ്മതിച്ചു തരില്ല. അത്രമേല്‍ സ്വത്വധാരണകളില് ചതിയ്ക്കപ്പെട്ടവനാകുന്നു അയാള്‍. യഥാര്‍ത്ഥത്തില്‍, രാഷ്ട്രീയ പ്രസ്ഥാനവുമായി ഉണ്ടായിരിക്കേണ്ട ബന്ധം പ്രത്യയശാസ്ത്രപരവും വിമര്ശനാത്മകവുമായിരിക്കണം. നിര്‍ഭയമായി ചിന്തിക്കാനും ജനസമൂഹങ്ങളുടെ പക്ഷത്തു ചേര്‍ന്നു വിശകലനം ചെയ്യാനും സാധിക്കണം. വിമര്‍ശനസ്വഭാവം ചോര്‍ന്നുപോയാല്‍ പാര്‍ട്ടികളുടേത് മതാത്മകസ്വത്വത്തിനു തുല്യമായിത്തീരും.
നിര്‍ഭയമായി ചിന്തിക്കാനും ധീരമായി സ്വാഭിപ്രായം പറയാനും ഏറ്റവും നിസ്വരായ മനുഷ്യര്‍ക്കൊപ്പം പൊരുതാനും നാളെയുടെ ദര്‍ശനം ഉയര്‍ത്തിപ്പിടിക്കാനും കെല്‍പ്പുള്ള നിഷേധികളെയാണ് രാജ്യത്തിനാവശ്യം. പാരമ്പര്യത്തിന്റെ അകിട്ടിലും അധികാരത്തിന്റെ പകിട്ടിലും ചുറ്റിത്തിരിയുന്നവരെയല്ല.
28 ഡിസംബര്‍ 2016
Good
LikeLike