കൊലക്കേസില്‍ നിയമത്തിനുമുന്നില്‍ വിചാരണ നേരിടുന്ന ഒരാള്‍ മന്ത്രിയായി തുടരുന്നത് ശരിയല്ല. ഒരു കാലത്തും അതിനു നീതീകരണമില്ല. കീഴ് വഴക്കങ്ങള്‍ ചൂണ്ടിക്കാട്ടേണ്ട വിഷയമല്ല അത്. ആരെങ്കിലുമൊക്കെ തെറ്റായ നിലപാടു സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അതല്ലല്ലോ മാതൃകയാക്കേണ്ടത്. ഇടതുപക്ഷത്തിനു വിശേഷിച്ചും ഇക്കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്തമുണ്ട്. ഇ പി ജയരാജന്റെ കാര്യത്തില്‍ കാണിച്ച മാതൃകാപരമായ സമീപനം എം എം മണിയുടെ കാര്യത്തിലും ആവശ്യമുണ്ട്.
കോണ്‍ഗ്രസ്സും ബിജെപിയും ഉള്‍പ്പെടെയുള്ള വലതുപക്ഷ പാര്‍ട്ടികള്‍ക്കും അവയുടെ നേതാക്കള്‍ക്കും മണിയുടെ രാജി ആവശ്യപ്പെടാന്‍ ധാര്‍മികമായ അവകാശമില്ല. നീതിരഹിതവും അധാര്‍മികവുമായ കീഴ് വഴക്കങ്ങള്‍ അവരാണ് സൃഷ്ടിച്ചത്. ധാര്‍മികത വ്യക്തിപരമായ കാര്യമാണെന്ന ഒഴികഴിവു കണ്ടെത്തിയ നേതാവുവരെ ഇപ്പോള്‍ എം എം മണിയുടെ രാജി ആവശ്യപ്പെടുന്നു. രാഷ്ട്രീയം ഇത്രയും അശ്ലീലമാക്കുന്നതെന്തിന്?
വലതുപക്ഷ രാഷ്ട്രീയം എത്തിച്ചേര്ന്നിടത്തുനിന്ന് ഏറെ ദൂരെയൊന്നുമല്ല തങ്ങളുമെന്ന് തെളിയിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഇടതുപക്ഷ മുന്നണിയാണ് ഇവിടെയുള്ളത്. കോര്‍പറേറ്റ് വികസനത്തിന്റെയും അധികാര പ്രമത്തതയുടെയും സമാനവഴികളിലൂടെയാണ് മുന്നേറ്റം. സോഷ്യലിസ്റ്റ് ബദലിന്റെ വേറിട്ട വഴി വാക്കുകളില്‍പ്പോലും നഷ്ടമാവുന്നു. പിന്തുടരുന്നത് വലതുപക്ഷത്തെയാണ് എന്നു തീര്‍ച്ചപ്പെടുത്തിയെങ്കില്‍ ധാര്‍മികതയെപ്പറ്റി ആലോചിക്കുന്നതെന്തിന്? എംഎം മണി രാജിവെയ്ക്കണമെന്ന അനിവാര്യതയുടെ പൊരുള്‍ സിപിഎം നേതാക്കള്‍ക്കു മനസ്സിലാവാത്തത് അതുകൊണ്ടാണ്. തങ്ങളുടെ തത്വങ്ങളും സമരായുധങ്ങളും പണയംവെയ്ക്കാനുള്ള അത്യുത്സാഹത്തിലാണ് പാര്‍ട്ടി.
ജനാധിപത്യ ഭരണക്രമത്തില്‍, തെരഞ്ഞെടുക്കപ്പെടുന്ന നിയമനിര്‍മ്മാണ/നടത്തിപ്പു വേദികളിലെല്ലാം ക്രിമിനലുകളുടെയും ധനാഢ്യചൂഷകരുടെയും എണ്ണമേറുകയാണെന്നും അവരുടെ സ്വാധീനം കൂടുകയാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. അതിനെതിരായ ജാഗ്രതയും നീതി നിഷ്ഠമായ മുന്നേറ്റവും ആവശ്യമായ സന്ദര്‍ഭത്തില്‍ രാജ്യത്തെ ഇടതുപക്ഷ ധാരകളില്‍നിന്നു പ്രതീക്ഷിക്കുന്ന ചില മര്യാദകളുണ്ട്. അതു പാലിക്കണമെങ്കില്‍ ഇന്നുണ്ടായ കോടതിവിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രി എം എം മണി രാജിവെക്കേണ്ടതുണ്ട്.
പ്രസംഗങ്ങളില്‍ ക്ഷോഭം തിളയ്ക്കുമ്പോള്‍, കൊലവിളികള്‍ നടത്തുന്നവരുണ്ട്. ശരിയാക്കിക്കളയും, കൊന്നുകളയും എന്നൊക്കെയുള്ള അട്ടഹാസങ്ങളാണവ. അതു നിലതെറ്റുന്ന വികാരപ്രകടനങ്ങളാണ്. തീര്‍ച്ചയായും നിയന്ത്രണം വേണ്ട കാര്യമാണ്. എന്നാല്‍ കൊലപാതകങ്ങള്‍ നടന്നിടത്ത് അതു ഞങ്ങളാണ് ചെയ്തത്, ഒരാളെ വെടിവെച്ചുകൊന്നു, ഒരാളെ തല്ലിക്കൊന്നു, ഒരാളെ കുത്തിക്കൊന്നു എന്നെല്ലാം പറയുന്നുവെങ്കില്‍ ആ വീരവാദത്തിന് ശിക്ഷ വേണം. മനുഷ്യന് മനുഷ്യനെ കൊന്നു എന്നതാണ് വീരകൃത്യമായി എഴുന്നെള്ളിക്കുന്നത്. ആ പ്രവര്‍ത്തനം ആരോഗ്യകരമായ പുരോഗമന രാഷ്ട്രീയമല്ലതന്നെ. മണി അങ്ങനെ പറയരുതായിരുന്നു എന്ന് എത്ര ലാഘവത്തോടെയാണ് സിപിഎം അതിനെ സമീപിച്ചത്!
അടിത്തട്ടില്‍നിന്നു ഉയര്‍ന്നുവന്ന നേതാവാണ് മണി. ആ അര്ത്ഥത്തിലത് സഹനങ്ങളുടെയും അതിജീവനത്തിന്റെയും അസാധാരണമായ അനുഭവലോകം. അതത്രയും ആദരണീയവുമാണ്. അങ്ങനെ ഉയര്‍ന്നുവന്ന നേതാക്കള്‍ കമ്യൂണിസ്റ്റു പ്രസ്ഥാനത്തില്‍ വേറെയുമുണ്ട്. കമ്യൂണിസ്റ്റു നേതാക്കള്‍ അവരെത്തിച്ചേര്‍ന്ന സുവര്‍ണ പദംകൊണ്ടല്ല കേമന്മാരാവുന്നത്. അവരാര്‍ജ്ജിച്ച കമ്യൂണിസ്റ്റ് ബോധംകൊണ്ടാണ്. മനുഷ്യസ്നേഹത്തിന്റെയും സമത്വത്തിന്റെയും പ്രവാചകരും പോരാളികളുമാണവര്. അല്ലെങ്കില്‍ ആവണം. അതുറപ്പിക്കാനാണ് തിരുത്തലുകളും പിന്മാറ്റങ്ങളും നടപടികളും വേണ്ടിവരുന്നത്.
എം എം മണി അങ്ങനെ പറയരുതായിരുന്നു എന്നു പറയുന്നതിലെന്തര്‍ത്ഥമാണുള്ളത്. ചില മൊഴികള്‍ തിരിച്ചെടുക്കാനാവില്ല. അത് അതിന്റെ ധര്‍മ്മം നിര്‍വ്വഹിച്ചിരിക്കും. ചെയ്ത കാര്യം പറയരുതായിരുന്നു എന്നാണു വിവക്ഷയെങ്കില്‍ അതു കുറ്റകരമാണ്. അത് സത്യം ഒളിച്ചുവെക്കലാണ്. സത്യം പറഞ്ഞതിനും സത്യം ഒളിച്ചുവെച്ചതിനും നിയമപരമായ നടപടിക്രമങ്ങളെ നേരിടേണ്ടിവരും. ഇനി ചെയ്തിട്ടില്ലാത്ത കാര്യമാണ് മണി പറഞ്ഞതെങ്കിലതും ലഘുവായ കാര്യമല്ലല്ലോ. വെളിപ്പെടുത്തലിന്റെ സ്വഭാവമുള്ള പ്രസ്താവനകള്‍ മിക്കവാറും വെളിപ്പെടുത്തിയ വസ്തുതയുടെ ഗൗരവംപോലെ പരിഗണിക്കപ്പെടും. സ്വബോധത്തോടെയല്ലാത്ത ചില പറച്ചിലുകള്‍പോലും സത്യത്തിലേക്കുള്ള വാതിലുകളാവാം എന്നു കുറ്റാന്വേഷകര്ക്കറിയാം.
മണി തുറന്നുവെച്ചത് വീണ്ടുവിചാരത്തിന്റെയും വിചാരണയുടെയും അകങ്ങളിലേക്കുള്ള വാതിലുകളാണ്. ഇനി അതിന്റെ നിയമങ്ങളനുസരിച്ചു അതുവഴി കടന്നുപോയേ പറ്റൂ. അധികാരത്തില്‍നിന്നു മാറി ധീരമായി നേരിടുകയാണ് ഉചിതം.
25 ഡിസംബര്‍ 2016