(നദീറിനും കമല്സിക്കും)
നദീറേ, കമല്സീ, ഭരണകൂടം ചാപ്പകുത്തിയ അനേകരില്‍ ആദ്യമേ അറിയപ്പെട്ടവരാണ് നിങ്ങള്‍. നിങ്ങള്‍ക്കുമുമ്പ് പിടിക്കപ്പെട്ടവരില്‍ തീവ്രവും അതിസാഹസികവുമായ രാഷ്ട്രീയേച്ഛയുടെ കറയുണ്ടായിരുന്നു. അതിനാല്‍ അവരെച്ചൊല്ലി ആര്‍ക്കും മിണ്ടാനായില്ല. നേപ്പാളില്‍ പ്രചണ്ഡയെന്നപോലെ ഒരുനാള്‍ യെച്ചൂരിയെപ്പോലെയൊരാള്വന്നു വിശുദ്ധപ്പെടുത്താനിരിക്കുന്ന സാഹസിക രാഷ്ട്രീയക്കാരനെന്നേ രാവുണ്ണിയെ നിനച്ചുള്ളു. തെരഞ്ഞെടുപ്പുകള്‍ വെറും കള്ളമാണെന്നും അതു ബഹിഷ്ക്കരിക്കണമെന്നും പറഞ്ഞവരില്‍ വേറെയും പലരുമുണ്ടായിരുന്നു. അവര്‍ക്കൊക്കെ യുഎപിഎ യുടെ തടവുമുറികള്‍ ചാര്‍ത്തിയപ്പോഴാണ് വോട്ടു ചെയ്യാതിരിക്കാം പക്ഷെ, അതു പറഞ്ഞുകൂടാ പ്രചരിപ്പിച്ചുകൂടാ എന്നു നമുക്കു മനസ്സിലായത്. പൗരാവകാശങ്ങളെന്നു പറയുന്നത് എത്ര ആപേക്ഷികവും വ്യാഖ്യാനവളവുകളില് ഒടിഞ്ഞുതൂങ്ങാവുന്നതുമാണെന്നു വിസ്മയിപ്പിച്ചത്.
പിടിക്കപ്പെട്ടവര്‍ കൊലയാളികളോ അവരുടെ കൂട്ടിക്കൊടുപ്പുകാരോ രാജ്യദ്രോഹികളോ ആണെങ്കില്‍ അതറിയണം രാജ്യത്തെ പൗരന്മാര്. അവര്‍ക്കു നിയമാനുസരണമുള്ള ശിക്ഷ ലഭിക്കണമെന്നേ ആരും ആഗ്രഹിക്കുകയുള്ളു. കുറ്റമെന്തെന്നു പറയാതെ അവരെപ്പറ്റിയുള്ള സന്ദേഹങ്ങളും കെട്ടുകഥകളും ചമച്ചു ആരെയും ഇങ്ങനെയൊക്കെ ചെയ്യാവുന്നതേയുള്ളു എന്ന ഭീതി പരത്താനും എതിര്‍ശബ്ദങ്ങളൊന്നും അരുതെന്നു വിലക്കാനും നടത്തുന്ന ഭരണകൂടലീലകള് ജനാധിപത്യത്തിന് അപമാനമാണ്. അതുകൊണ്ടാണ് ഇടതുപക്ഷം യു എ പി എ വേണ്ട എന്നു പറയുന്നത്. കരിനിയമങ്ങളൊന്നും അരുതെന്നു വിലക്കുന്നത്.
എന്നിട്ടും കേരളത്തിലിപ്പോള്‍ യു എ പി എ ഉത്സവമാടുകയാണ്. രാഷ്ട്രീയക്കാര്‍ക്കെതിരെ എന്നല്ല, ഒരാള്‍ക്കെതിരെയും വിചാരണയില്ലാത്ത തടവു പാടില്ല. ചെയ്ത തെറ്റെന്തെന്നു വെളിപ്പെടുത്താനാവാത്ത ശിക്ഷ പാടില്ല. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം. വിയോജിപ്പു പ്രകടിപ്പിക്കുന്നവരോടും എതിരാളികളെന്നു കരുതുന്നവരോടും അങ്ങനെ കണക്കു തീര്‍ക്കാനാവില്ല. പിന്നെ, കേരളത്തെപ്പോലെയൊരു സംസ്ഥാനത്ത് ആരോഗ്യകരവും പുരോഗമനപരവുമായ രാഷ്ട്രീയ ധാരകളുടെ ഊര്ജ്ജവാഹിനികളെയെല്ലാം കലക്കി കലുഷിതമാക്കി പിന്മടക്കത്തിന്റെ ചാലുകള്വെട്ടുന്നത് ആരുടെ താല്‍പ്പര്യപ്രകാരമാണ്? കരിനിയമങ്ങളരുത് എന്നു പറഞ്ഞാല്‍ അത് ആര്‍ക്കെതിരെയും പാടില്ല എന്നുതന്നെയാണര്‍ത്ഥം. എന്നിട്ടും പിടികൂടപ്പെടുന്ന ചെറുപ്പക്കാര്ക്കെതിരെയെല്ലാം രാജ്യദ്രോഹക്കുറ്റം ചാര്‍ത്താനുള്ള ഉത്സാഹത്തിന് എന്തു ലക്ഷ്യമാണാവോ!
ആ സംശയം പൊട്ടിത്തെറിച്ചത് കമല്‍സിയെയും നദീറിനെയും പിടികൂടാന്‍ പൊലീസ് പ്രകടിപ്പിച്ച വെപ്രാളം കണ്ടപ്പോഴാണ്. സാഹസിക വിപ്ലവത്തിന്റെ ഭാരം പേറുന്നവരല്ല അവര്‍. ആയുധക്കടത്തുകാരുമല്ല. എന്നിട്ടും ഓരോ പടവുമിറങ്ങി കരിനിയമങ്ങള്‍ അതിന്റെ ഇരകളിലേക്കെത്തുകയാണ്. ചെറുപ്പക്കാരുടെ ചോരവേണം ഭരണകൂടത്തിന്. എല്ലാകാലത്തുമതങ്ങനെയാണ്. സൗമ്യശീതളമായ ജനാധിപത്യ വഴക്കങ്ങള്‍ മടുക്കുമ്പോള്‍ ചോരക്കൊതിയന്മാര് പുറത്തിറങ്ങും. അവര്‍ക്കെന്താണ് പേരെന്നറിയില്ല. പൊലീസെന്നു വിളിച്ചാല്‍ അതവരാവുമോ? നാമെപ്പോഴും ഉപകരണങ്ങളെ മാത്രമേ കാണുന്നുള്ളു. നമ്മുടെ രോഷമെല്ലാം ആയുധങ്ങളോടാണ്. ആരുടെ ബുദ്ധിയും കൈകളുമാണ് ആയുധമണിഞ്ഞിരിക്കുന്നത്?
പോക്കറ്റില്‍ നാമറിയാതെ പേഴ്സ് തിരുകി അതാ പോക്കറ്റടിക്കാരനെന്നു ആര്‍ത്തു വിളിക്കുന്നവനെ ഒരു നോക്കേ കാണാനാവൂ. പിന്നെ ആള്‍ക്കൂട്ടവും തല്ലും ബഹളവുമാണ്. വീഴുന്നതേ നമുക്കോര്‍മ്മ കാണൂ. അതു കളിയുടെ നാട്ടുരൂപമാണ്. കാബൂളിലേക്കു യു എസ് പറഞ്ഞുവിട്ടത് കാബൂളിവാലെയെ അല്ല. ബിന്‍ലാദനെയാണ്. സോഷ്യലിസ്റ്റുകളെ നേരിടാനായിരുന്നു അത്. തകര്‍ന്നടിഞ്ഞത് മാനവികതയുടെ ഉയിര്‍പ്പുകളാണ്. നോക്കിയപ്പോള്‍ നാം കണ്ടത് താലിബാനെയും ഇസ്ലാമിക തീവ്രവാദത്തെയും മാത്രം. പെന്റഗണ്‍ കൗശലങ്ങളോടു നാമെത്രവേഗമാണ് രാജിയാവുന്നത്!
ആയുധമൊരിടത്തും തനിയെ വരാറില്ല. അതിനതിന്റെ അജണ്ടയും പ്രയോഗ പദ്ധതികളുമുണ്ട്. അവതാരകരും പ്രയോജകരും കാണും. ഒറ്റനോട്ടത്തില്‍ ഒന്നും വെളിപ്പെടണമെന്നില്ല. ഇവിടെയെല്ലാം വല്ലാതെ കലങ്ങി മറിഞ്ഞിരിക്കുന്നു. ഒരേ ആയുധമാണ് വലതുപക്ഷവും ഇടതുപക്ഷവും വീശുന്നത്. തീവ്രവലതുപക്ഷത്തിന്റെ ഇച്ഛകള്‍ക്കു യുദ്ധം നയിക്കുകയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍. അതല്ലെങ്കില്‍ മാരകമായ ആയുധങ്ങള്‍/നിയമങ്ങള്‍ ഞങ്ങളുപയോഗിക്കില്ല എന്നു നയം വ്യക്തമാക്കാന്‍ അവര്‍ക്കു സാധിക്കണമായിരുന്നു. ജനങ്ങളാണ് ഞങ്ങളുടെ ശക്തിയെന്ന് അവരുറക്കെ പറയണമായിരുന്നു.
കനത്തെ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനാവാതെ നദീറിനെ വിട്ടയക്കേണ്ടിവന്നു. പൊലീസ് മേധാവി, നദീറിനോ കമല്സിക്കോ എതിരെ കേസെടുക്കാന്‍ തെളിവുകളില്ലെന്നു പത്ര സമ്മേളനം നടത്തി പറഞ്ഞു. ആ വാക്കുകളുരുവിട്ടു നാവെടുക്കുംമുമ്പ് നദീറിന്റെ വീട്ടിലേക്കു പൊലീസ് സംഘം പരിശോധനയ്ക്കെത്തി. എന്തെങ്കിലും ഒരു തെളിവുതരൂ എന്നു യാചിച്ചും മുക്രയിട്ടും അവരവിടെ ചുറ്റിത്തിരിഞ്ഞു. ഒന്നും അവസാനിച്ചിട്ടില്ലെന്നു, അവസാനിപ്പിക്കുകയില്ലെന്നു അതൊരു മുന്നറിയിപ്പും ഭീഷണിയും.
കമല്‍സിയും നദീറുമൊക്കെ അവരുയര്‍ത്തിയ ശബ്ദംകൊണ്ടു വേറിട്ടൊരു നില്‍പ്പിടം സ്ഥാപിച്ചവരാണെന്നു ഭരണകൂടവും അതിന്റെ കാവല്‍സേനയും കണക്കുകൂട്ടിക്കാണില്ല. വിയോജിപ്പുകള്കൊണ്ടു നിറം പകര്‍ന്ന ഭൂപടത്തിലാണ് അവര്‍ ലോകത്തെ അടയാളപ്പെടുത്തിയത്. അവിടെ തങ്ങളെത്തന്നെ കണ്ടവരേറെയുണ്ട്. പേരറിയാത്ത, വലിയ യുവജനസംഘടനകളുടെ വിലാസങ്ങളില്ലാത്ത എത്രയെത്രപേരാണ് സമരോര്ജ്ജത്തിന്റെ വലിയവലിയ സൗഹൃദ വലയങ്ങള്‍ തീര്‍ത്തിരിക്കുന്നത്. നാളെയുടെ ജനാധിപത്യ പരീക്ഷണങ്ങള്‍ക്ക് ശുഭപ്രതീക്ഷയും അതാണല്ലോ. നവമാധ്യമങ്ങളുടെ സുതാര്യമായ പ്രതലത്തിലൂടെ ആശ്ലേഷിക്കാനാവുന്ന പുതുതലമുറാ രാഷ്ട്രീയമാണ് കമല്സിയെന്നും നദീറെന്നും വിളംബരപ്പെടുന്നത്. അവരെ പിടിച്ചുവലിച്ചുകൊണ്ടുപോകുമ്പോള് അദൃശ്യമായ നാരുകളിലൂടെ ഒരു ലോകം വലിച്ചിഴയ്ക്കപ്പെട്ടു. അതിന്റെ പ്രകമ്പനങ്ങളാണ് പോയമണിക്കൂറുകളെ ചടുലമാക്കിയത്. ഭരണകൂടത്തെ വിചാരണ ചെയ്തത്.
ഭരണകക്ഷികളൊന്നും തങ്ങള്‍ക്കു പൊള്ളലേറ്റെന്നു സമ്മതിക്കില്ല. അടിത്തറയിളകുമ്പോഴും ഞങ്ങളുടെ ദാനമാണ് നിങ്ങളുടെ സ്വാതന്ത്ര്യമെന്ന് പൊള്ളവാക്കുച്ചരിക്കും. ഞങ്ങള്‍ വെറുതെ വിടാന്‍വേണ്ടി നിങ്ങളെ പിടികൂടിയെന്നേയുള്ളുവെന്നു ലജ്ജാ രഹിതമായി വിനയാന്വിതരാകും. ഭൂമി കുലുങ്ങിയെന്നു അവര്‍ക്കു സമ്മതിക്കാനാവില്ല. ആയുധത്തിനു പിറകിലെ കുടില ബുദ്ധി അവരുപേക്ഷിക്കുകയുമില്ല. അടുത്ത അവസരത്തിനോ അടുത്ത ഇരകള്‍ക്കോ വേണ്ടി അവരുണര്ന്നിരിക്കും. അടുത്ത ഇര ആരുമാവാം.
20 ഡിസംബര്‍ 2016