Article POLITICS

കാക്കഞ്ചേരി സമരവും റുമാനിയന്‍ അനുഭവവും

rosia


കാക്കഞ്ചേരിയിലെ ജനകീയ സമരത്തിന് നാളെ(ഡിസംബര്‍ 20) രണ്ടു വയസ്സാവുകയാണ്. ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങളും സമരരംഗത്താണ്. ഐക്യപ്പെടാത്ത ആളുകളോ പ്രസ്ഥാനങ്ങളോ ഇല്ല. ഭരണാധികാരികള്‍ക്കും മാധ്യമങ്ങള്‍ക്കും മാത്രമാണ് അന്ധത ബാധിച്ചിട്ടുള്ളത്. രണ്ടു വര്‍ഷം നീണ്ട സമരം പരിഗണിക്കാനോ പരിഹാരം കാണാനോ കാര്യമായ ശ്രമമൊന്നും ഉണ്ടായിട്ടില്ല.

കലിക്കറ്റ് സര്‍വ്വകലാശാല, ഭക്ഷ്യ സംസ്‌ക്കരണ യൂണിറ്റുകള്‍ ആരംഭിക്കാന്‍ കിന്‍ഫ്രക്കു വിട്ടു നല്‍കിയ ഭൂമിയില്‍ അതീവവിഷാംശമുള്ള രാസവസ്തുക്കളുപയോഗിക്കുന്ന റെഡ് കാറ്റഗറിയില്‍പെട്ട ഒരു വ്യവസായ സംരംഭം തുടങ്ങാനുള്ള നീക്കമാണ് ജനങ്ങളെ പ്രകോപിതരാക്കിയത്. ഒട്ടേറെ ഭക്ഷ്യോത്പാദന യൂണിറ്റുകള്‍ അവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. വലിയ ജനസാന്ദ്രതയുള്ള പ്രദേശവുമാണ്. അവിടെ മാരകവിഷാംശം മണ്ണിലും ജലത്തിലും കലരാനിടയാവുന്നത് തലമുറകളോളം നീണ്ടു നില്‍ക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്കാണ് വഴിവെയ്ക്കുക. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെക്കാള്‍ വര്‍ദ്ധിച്ച തോതിലുള്ള ആഘാതമാണ് അതുണ്ടാക്കുക.

സ്വര്‍ണശുദ്ധീകരണവും ആഭരണനിര്‍മ്മാണവും നടത്തുന്ന സ്ഥാപനങ്ങള്‍ നിലവിലുള്ള നിയമങ്ങള്‍ അനുസരിക്കുകയാണെങ്കില്‍ വിജനമായ പ്രദേശത്തേ ആരംഭിക്കാനാവൂ. ദേശീയപാതയ്ക്കടുത്ത് സര്‍വ്വകലാശാലാ കാമ്പസിനോടു ചേര്‍ന്നു ജനസാന്ദ്രതയേറിയ ഒരിടം തെരഞ്ഞെടുത്തത് സംശയാസ്പദമാണ്. എന്നാല്‍ ഇത്തരം സംശയങ്ങളൊന്നും അധികാരികളെ തീരെ അലട്ടുന്നില്ല. രണ്ടു വര്‍ഷമാകുന്ന സമരത്തെ അവര്‍ തിരിഞ്ഞുനോക്കുന്നില്ല. യു ഡി എഫി് ഗവണ്‍മെന്റ് സ്വീകരിച്ചുപോന്ന നയങ്ങളില്‍ മാറ്റമുണ്ടാകുമെന്നും ഭരണമാറ്റത്തോടെ നീതി ലഭിക്കുമെന്നും പ്രദേശവാസികള്‍ കരുതിയിരുന്നു. ആറുമാസം പിന്നിടുന്ന എല്‍ ഡി എഫ് ഗവണ്‍മെന്റിനും ജനങ്ങളുടെ പരാതി കേള്‍ക്കാന്‍ ഇതുവരെ താല്‍പ്പര്യമുണര്‍ന്നിട്ടില്ല.

പ്രതിദിനം 150 കിലോഗ്രാം സ്വര്‍ണം ശുദ്ധീകരിച്ചെടുക്കാനാണ് പദ്ധതി. അതിനുപയോഗിക്കുന്ന മാരകവിഷാംശമുള്ള സയനൈഡ് എത്രഗ്രാമാണെന്ന് അവര്‍ വെളിപ്പെടുത്തിയിട്ടില്ല. പ്രതിദിനം അഞ്ചു ഗ്രാം സയനൈഡേ മാലിന്യമായി പുറന്തള്ളൂ എന്ന അവകാശവാദം പോലും ഗൗരവതരമാണെന്നും അതു വിശ്വസനീയമല്ലെന്നും സമരസമിതി കരുതുന്നു. മാരക വിഷാംശമുള്ള മാലിന്യം വെള്ളത്തിലോ വായുവിലോ മണ്ണിലോ കലരുന്നത് ഒഴിവാക്കാന്‍ ഉപാധികളില്ലെന്നിരിക്കെ ഇത്തരമൊരു പ്ലാന്റ് വലിയ ദുരന്തങ്ങളായിരിക്കും സമ്മാനിക്കുക.

സമാനമായ ഒരു സംരംഭം കടുത്ത പ്രതിഷേധങ്ങളെ നേരിട്ട അനുഭവം യൂറോപ്പില്‍നിന്നു റിപ്പോര്‍ട്ടു ചെയ്തിരുന്നു. റുമാനിയയില്‍ ഒരു കനേഡിയന്‍ കമ്പനി സ്വര്‍ണ ഖനനവും ശുദ്ധീകരണവും നടത്താന്‍ അനുമതി നേടിയതിനെത്തുടര്‍ന്ന് റോസ്യാ മൊണ്ടാനാ എന്ന മലയോര പ്രദേശത്ത് ശക്തമായ പ്രതിഷേധമുയര്‍ന്നു. പതിനേഴു വര്‍ഷത്തിനിടയില്‍ മുന്നൂറു ടണ്‍ സ്വര്‍ണം വേര്‍തിരിച്ചെടുക്കാനായിരുന്നു പദ്ധതി. പതിമൂന്നു ദശലക്ഷം ടണ്‍ ഖനനമാലിന്യമാണ് പ്രതിവര്‍ഷം അതു പുറത്തുവിടുക എന്ന അറിവ് പ്രദേശവാസികളെ ഞെട്ടിച്ചു. പന്ത്രണ്ടായിരം ടണ്‍ മാരകവിഷം ഇതിനുപയോഗപ്പെടുത്തുന്നുവെന്നതും ഭീതി വര്‍ദ്ധിപ്പിച്ചു. റുമാനിയയിലെ ഏറ്റവും ശക്തമായ ജനകീയ സമരത്തിലേക്കാണ് സ്ഥിതിഗതികളെത്തിച്ചത്.

അവിടെയും മുഖ്യമാധ്യമങ്ങളെല്ലാം സ്വര്‍ണ കോര്‍പറേഷനുകളുടെ പരസ്യപ്പണംകൊണ്ട് നിലനിന്നു പോരുന്നവയായിരുന്നു. അതിനാല്‍ ഈ കടുത്ത ചൂ.ണത്തിനും മനുഷ്യാവകാശ ലംഘനത്തിനുമെതിരെ അവര്‍ നിശബ്ദത പുലര്‍ത്തി. അതേസമയം മുവായിരം പേര്‍ക്കു കമ്പനി തൊഴില്‍ നല്‍കുമെന്നും രാജ്യത്തു വലിയ വികസനമുണ്ടാകുമെന്നുമുള്ള കോര്‍പറേറ്റുകളുടെ പതിവ് അവകാശവാദങ്ങള്‍ക്കു മാധ്യമങ്ങള്‍ വലിയ പ്രചാരം നല്‍കി. അതിനെയെല്ലാം അതിജീവിച്ച് മുവായിരത്തോളം ഗ്രാമങ്ങളാണ് പ്രക്ഷോഭത്തില്‍ അണിനിരന്നത്. 2013 സെപ്തംബര്‍ 10നു നടത്തിയ ആദ്യ പ്രക്ഷോഭം ടെലിവിഷനുകളൊന്നും പ്രദര്‍ശിപ്പിച്ചില്ല. ഗവണ്‍മെന്റ് അവഗണിക്കുകയും ചെയ്തു. എന്നാല്‍ തുടര്‍ പ്രക്ഷോഭങ്ങളുടെ മുന്നില്‍ ഗവണ്‍മെന്റിനു കീഴടങ്ങേണ്ടിവന്നു.

അഴിമതി രാഷ്ട്രീയത്തിന്റെയും കോര്‍പറേറ്റ് മുതലാളിത്തത്തിന്റെയും അവര്‍ വിലയ്‌ക്കെടുത്ത മാധ്യമങ്ങളുടെയും അവിഹിതമായ ബന്ധങ്ങളാണ് റുമാനിയയില്‍ അരങ്ങേറുന്നതെന്നു രാഷ്ട്രീയ വിമര്‍ശനമുയര്‍ന്നു. പരിസര സംരക്ഷണവുമായി ബന്ധപ്പെട്ട ജാഗ്രതയില്‍ തുടങ്ങിയ പ്രതിഷേധം ജീവനും സ്വത്തിനും സംരക്ഷണം വേണമെന്ന മുദ്രാവാക്യമുയര്‍ത്തുന്ന ജീവല്‍സമരമാവുകയായിരുന്നു.

2006മുതല്‍ പെറുവില്‍ ഇത്തരം പ്രക്ഷോഭങ്ങള്‍ നടന്നുവരുന്നുണ്ട്. ആ വര്‍ഷം ആഗസ്ത് 23ന് യനക്കോഹാ സ്വര്‍ണ ഖനനകേന്ദ്രത്തിലേക്കു സമീപവാസികള്‍ നടത്തിയ മാര്‍ച്ച് പെറുവിലെ സമരങ്ങളുടെ തുടക്കമായിരുന്നു. സ്വര്‍ണം വേര്‍തിരിക്കുന്നതിനുപയോഗിക്കുന്ന രാസവസ്തുക്കള്‍ പ്രദേശത്തെ കുടിവെള്ളം വിഷമയമാക്കിയതിനെത്തുടര്‍ന്നായിരുന്നു പ്രക്ഷോഭം. 2012ല്‍ കനേഡിയന്‍ കമ്പനിയായ ബാറിക് ഗോള്‍ഡ് പെറുവില്‍ നടത്തിയ സ്വര്‍ണ ഖനനത്തിനെതിരെയുള്ള പ്രക്ഷോഭത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.

റുമാനിയയിലെ ബയ്യാമാറെയില്‍ 2000 ജനവരി 30നുണ്ടായ ഒരപകടം വരുത്തിവെച്ച ദുരന്തമാണ് ഇത്തരം സംരംഭങ്ങള്‍ക്കു നേരെയുള്ള ജാഗ്രത സജീവമാക്കിയത്. സ്വര്‍ണഖനനത്തിനുപയോഗിച്ച സയനൈഡ് മാലിന്യമുള്ള ജലസംഭരണി പൊട്ടിയതിനെത്തുടര്‍ന്നു ടിസ്സാ നദി വിഷവാഹിനിയായി. ഹംഗറിയിലൂടെ ദീര്‍ഘദൂരമൊഴുകി ഡാന്യൂബില്‍ ചേരുന്ന നദിയാണത്. രണ്ടര ദശലക്ഷം ഹംഗറിക്കാരുടെ കുടിവെള്ളമാണ് മുട്ടിയത്. ടിസ്സാ നദിയിലെയും നദിക്കരയിലെയും എണ്‍പതു ശതമാനം ജൈവവ്യവസ്ഥയും തകരാറിലായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇരുന്നൂറു ടണ്ണിലേറെ മത്സ്യ സമ്പത്താണ് ചത്തുപൊന്തിയത്.

സഹിക്കാവുന്നതിലും എഴുന്നൂറിരട്ടിയിലേറെ വിഷമൊഴുകിയ നദിയില്‍ വിഷാംശം കുറഞ്ഞു സാധാരണ നില കൈവരിക്കാന്‍ രണ്ടു വര്‍ഷത്തിലേറെക്കാലമെടുത്തു. അതിനു ധാരാളം ജലമൊഴുകേണ്ടിവന്നു. എന്നിട്ടും ചിലയിടങ്ങളിലെല്ലാം അനുവദനീയമായതിലും ഇരുപതു ശതമാനം മുതല്‍ അമ്പതു ശതമാനംവരെ അധികം വിഷാംശം കണ്ടെത്തിയിട്ടുണ്ട്. ബയ്യാമാരെ അപകടം ലോകത്തിനു നല്‍കിയ സന്ദേശം ഭരണകൂടങ്ങള്‍ മറച്ചുവയ്ക്കുകയാണ്.

റുമാനിയയിലും പെറുവിലുമെല്ലാം താരതമ്യേന ജനവാസം കുറഞ്ഞ പര്‍വ്വത പ്രദേശങ്ങളിലാണ് ഖനനം നടന്നതെങ്കിലും അതു സൃഷ്ടിക്കാവുന്ന പാരിസ്ഥിതിക ദുരന്തത്തെക്കുറിച്ചുള്ള സാമാന്യജ്ഞാനം ജനങ്ങള്‍ക്കുണ്ടായിരുന്നു. നിയമങ്ങളെയെല്ലാം നോക്കുകുത്തികളാക്കുന്ന അക്രാമകമായ ധനമൂലധന അധിനിവേശങ്ങളെ തിരിച്ചറിയാന്‍ ബയ്യാമാരെയുടെ പാഠങ്ങള്‍ തുണച്ചിട്ടുണ്ടാവണം. നമ്മുടെ നാട്ടിലേക്കു വന്നാലോ, കാക്കഞ്ചേരിയുടെ വിലാപം ആരാണ് കേട്ടത്?

റുമാനിയയിലേതുപോലെ വലിയ ഖനനവയലുകളല്ലല്ലോ സ്വര്‍ണശുദ്ധീകരണവും ആഭരണനിര്‍മ്മാണവും നടത്തുന്ന ചെറിയൊരു സ്ഥാപനമല്ലേ കാക്കഞ്ചേരിയിലേത് എന്ന് ആശ്വാസംകൊള്ളുന്നവരുണ്ട്. റോസ്യാമൊണ്ടാനയില്‍ പതിനേഴു വര്‍ഷംകൊണ്ട് മുന്നൂറു ടണ്‍ സ്വര്‍ണം വേര്‍തിരിച്ചെടുക്കാനയിരുന്നു പദ്ധതിയെങ്കില്‍ കാക്കഞ്ചേരിയില്‍ പ്രതിവര്‍ഷം അമ്പതു ടണ്ണോളം വരും. അതത്രയും നിര്‍വ്വഹിക്കാനാവശ്യമായ മാരക രാസ പദാര്‍ത്ഥങ്ങളുടെ അളവിലും വലിയ വ്യത്യാസം കാണില്ല. എന്തെങ്കിലും ഒരപകടം ബയ്യാമാരെയിലേതുപോലെ സംഭവിച്ചാല്‍ ബാധിക്കുന്ന ഇരകളുടെ എണ്ണവും വളരെക്കൂടുതലാണ്. ജനവാസമില്ലാത്ത ഇടങ്ങളിലും പാരിസ്ഥിതികാഘാതം ഏല്‍പ്പിക്കാത്ത ഇടങ്ങളിലും വേണം ഇത്തരം സംരംഭങ്ങള്‍ തുടങ്ങാനെന്ന നിഷ്‌ക്കര്‍ഷ നിയമങ്ങള്‍ക്കുണ്ട്. അതെല്ലാം ലംഘിച്ചു കാക്കഞ്ചേരി പദ്ധതിക്കുവേണ്ടിയുള്ള പിടിവാശി മനുഷ്യത്വത്തിനുമേലുള്ള തുറന്നയുദ്ധമായേ കാണാനാവൂ.

സംസ്ഥാനത്തെ ജനകീയസമരങ്ങളെല്ലാം മാധ്യമങ്ങളുടെ പ്രാദേശിക താളുകളിലേ പ്രത്യക്ഷപ്പെടൂ. കാക്കഞ്ചേരി സമരമാവട്ടെ, പ്രാദേശിക താളിലും തെളിയില്ല. മാധ്യമങ്ങള്‍ക്കു വലിയതോതില്‍ പരസ്യവും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു ഫണ്ടും നല്‍കുന്ന ഒരു മലബാര്‍സ്വര്‍ണ(മലബാര്‍ ഗോള്‍ഡ്) സ്ഥാപനമാണ് കാക്കഞ്ചേരി സംരംഭത്തിന്റെ ഉടമയെന്നതിനാല്‍ ആ പേരില്‍ അച്ചടിമഷി പുരളില്ല. പ്രവര്‍ത്തകരുടെ നിസ്സഹായത കാണാനോ സമരത്തെ അഭിവാദ്യംചെയ്യാനോ സംസ്ഥാന നേതാക്കളാരും പന്തലില്‍ എത്തുകയില്ല. അഥവാ എത്തിയാല്‍തന്നെ അനീതിക്കെതിരെ അവരാരും ആളിപ്പടരുകയില്ല. ജനങ്ങളുടെ അധികാര വ്യവസ്ഥയാണ് ജനാധിപത്യമെന്നും പ്രാഥമിക കൂറു ജനങ്ങളോടാവണമെന്നും ഗവണ്‍മെന്റുകളെ നയിക്കുന്നവര്‍ മറന്നുപോകുന്നു. ജനങ്ങളെ നിത്യദുരിതത്തിലേക്കു തള്ളിവിട്ടു കിട്ടുന്ന മഹത്തായ വികസനത്തിന്റെ സുവര്‍ണ സ്വപ്നങ്ങളിലായിരിക്കണം അവര്‍. അവരെ ഉണര്‍ത്താന്‍ മൂന്നാം വര്‍ഷത്തിലേക്കു കടക്കുന്ന പ്രക്ഷോഭത്തെ ശക്തിപ്പെടുത്തിയേ തീരൂ.

18 ഡിസംബര്‍ 2016

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )