ഒരാളെയും അയാളുടെ ആദര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കാനുള്ള അവകാശം അയാള്‍ക്കു വിട്ടുകൊടുത്തു കൊണ്ട് സ്നേഹിക്കാനും അംഗീകരിക്കാനും നമുക്കു സാധിക്കില്ലേ? അയാളുടെ ഭിന്നാഭിപ്രായങ്ങളെ മാനിച്ചുകൊണ്ട് സൗഹൃദം പുലര്ത്താനാവുകയില്ലേ? ജീവിതത്തെക്കുറിച്ചും ലോകത്തെക്കുറിച്ചും സ്വന്തം അനുഭവങ്ങളെക്കുറിച്ചും സ്വതന്ത്രവും ഭയരഹിതവുമായി സംസാരിക്കാനുള്ള അവകാശം അയാള്‍ക്കു വിട്ടുകൊടുക്കാനാവില്ലേ? അത്രയും സാധിക്കുന്നില്ലെങ്കില്‍ നാമുരുവിടുന്ന ജനാധിപത്യം എന്ന വാക്കിന് എന്തര്‍ത്ഥമാണുള്ളത്? ഏതു ദേശീയത സംബന്ധിച്ചാണ് നമുക്ക് അഭിമാനിക്കാനാവുക?
ആറരപ്പതിറ്റാണ്ടു മുമ്പ് ഭരണഘടന തയ്യാറാക്കുമ്പോള്‍ ഇത്രയേറെ അസഹിഷ്ണുത നിലനിന്നിരുന്നില്ല. സ്വതന്ത്രമായ ആശയരൂപീകരണത്തിനും വിനിമയത്തിനുമുള്ള അവകാശം അന്ന് അനുവദനീയമായിരുന്നു. അല്ലെങ്കില്‍, ബഹുസ്വര സമൂഹത്തിന്റെ ജീവചൈതന്യം ബാക്കിനില്ക്കുമായിരുന്നില്ല. വിമോചനത്തിന്റെ വാക്കുകളുരുവിട്ട എല്ലാ എഴുത്തുകാരും കഴുമരത്തിലവസാനിക്കുമായിരുന്നു.
ഇപ്പോള്‍ ജനാധിപത്യദേശീയതയുടെ പേരിലാണ് നാം അഭിമാനിക്കുന്നത്. അതു നടപ്പാക്കുന്നവരെന്നു നടിക്കുന്നവരാകട്ടെ, ജനാധിപത്യമൂല്യങ്ങള്‍ക്ക് അല്‍പ്പമെങ്കിലും വില കല്‍പ്പിക്കുന്നില്ല. ഗാന്ധിയെ തള്ളി ഗോഡ്സെയെ കുടിയിരുത്തുന്നവര്‍, രാജ്യത്തെ ജനതയെ പണയംവെച്ച് കോര്‍പറേറ്റ് അധിനിവേശത്തിന്റെ ഒറ്റുകാശിനു കൈനീട്ടുന്നവര്‍, ധാന്യം വിളയുന്ന വയലുകള്‍ നികത്തി വികസന മതത്തിന്റെ ദൈവപ്രതിഷ്ഠ നടത്തുന്നവര്‍ – അവരാണ് ദേശീയതയെ നിര്‍വ്വചിക്കുന്നത്. അവരാണ് ദേശീയതയ്ക്കു കാവല്‍ ചമയുന്നത്.
സ്വാതന്ത്ര്യത്തിന്റെ ഗാനം അടിമത്തത്തെ ആഘോഷിക്കാനുള്ളതാവരുത്. അങ്ങനെയാവുന്നുണ്ട് എന്നു പറയുന്നതല്ല, അങ്ങനെയാക്കിത്തീര്ത്തതാണ് അപരാധം. ജീവിതം ദുരിതമാവുമ്പോള് ഒരു ഗാനവും ആനന്ദമോ സമാധാനമോ വരുത്തില്ല. ഇന്ത്യന്‍ ജനതയുടെ ജാത്യതീതവും മതാതീതവും ലിംഗാതീതവുമായ അനുഭവധാരകള്ക്ക് ആയിരത്താണ്ടുകളുടെ ഒഴുക്കുവടിവുകളുണ്ട്. അതു സങ്കുചിതമായ നേര് നോട്ടങ്ങളുടെ ഇത്തിരി ബോധ്യങ്ങളില്‍ വ്യാഖ്യാനിച്ചു മനുഷ്യനു മേല്‍ വിധി കല്പ്പിക്കാന് ഭരണകൂടത്തിനോ അതിന്റെ നടത്തിപ്പുകാര്‍ക്കോ എന്തവകാശം? യുദ്ധങ്ങളില്‍ അഭിരമിക്കുന്നവര്ക്കു ശത്രുക്കള്‍ വേണം. ഉത്തേജനത്തിനു രക്തമിറ്റിക്കണം. അതു പക്ഷെ, ജനകീയ ദേശീയതയുടെ വിഷയമല്ല. യുദ്ധദേശീയത അക്രമോത്സുകവും അപമാനവികവുമാണ്.
യുദ്ധോത്സുകദേശീയതകളുടെ നിലനില്‍പ്പിന് വിഭജിത സമൂഹങ്ങള്‍ വേണം. അതു ഗോത്രപരമായ വേര്‍തിരിവുകളെ മഹത്വവത്ക്കരിക്കും. ഒന്നുദാത്തവും മറ്റേത് കുറ്റകരമോ പാപനിര്ഭരമോ ആവും. അഥവാ അങ്ങനെ വ്യാഖ്യാനിക്കപ്പെടും. അതിന്റെ ദേശീയതാ വികാരങ്ങളും ബോധ്യങ്ങളും ഹിംസാത്മക പ്രവണതകളാണ് പ്രകടിപ്പിക്കുക. തങ്ങളുടെ ബോധ്യത്തിനും വഴക്കത്തിനും അനുസരിച്ച് ആരുടെമേലും വിധി പറയാം. ആരെയും വധിക്കാം. അതു രാജ്യസ്നേഹമേയാകൂ. എന്നാല്‍ പുറന്തള്ളപ്പെടുന്ന ജനതയുടെ രാഷ്ട്രീയ ബോധ്യങ്ങളെ ഉണര്‍ത്തുന്നത് കുറ്റകരമാവും. വിമോചനത്തിനു വേണ്ടിയുള്ള ഏറ്റുമുട്ടലുകള്‍ രാജ്യദ്രോഹമാകും. അതിര്വരമ്പുകളെവിടെയെന്ന് ആരാണ് അടയാളപ്പെടുത്തുക?
ജനാധിപത്യത്തെ അതിന്റെ സൂക്ഷ്മവും ജനകീയവുമായ അര്‍ത്ഥത്തില്‍ തിരിച്ചറിയാനും അതിന്റെ സത്തയില്‍ രാജ്യത്തെ പുനര്‍നിര്‍മ്മിക്കാനും തുല്യനീതി ഉറപ്പാക്കാനും ശ്രമിക്കുന്ന ഭരണ സംവിധാനങ്ങള്‍ക്കേ ജനകീയ ദേശീയത എന്തെന്നു മനസ്സിലാകൂ. ആധുനിക രാഷ്ട്ര നിര്‍മിതിയുടെ മുഖ്യ ചേരുവ മുതലാളിത്തമായതിനാല് ദേശീയതയെന്നതിന് മുതലാളിത്ത മത്സരാവേശങ്ങളുടെ ദയാരഹിതമായ അധികാരപ്രകടനം എന്നു മനസ്സിലാക്കിയാല്‍ എന്തുചെയ്യും? ജനാധിപത്യത്തെ തിരിച്ചറിയാത്ത ആ പിശകാണ് ഇന്ത്യന്‍ ഭരണകൂടത്തിനും അതിന്റെ നടത്തിപ്പുകൂട്ടങ്ങള്ക്കും സംഭവിച്ചിരിക്കുന്നത്.
ഗോവിന്ദ പന്‍സാരെയെയും കല്‍ബുര്‍ഗിയെയും നരേന്ദ്ര ധബോല്‍ക്കറെയും വെടിവെച്ചുകൊന്നതും അനന്തമൂര്ത്തിക്കെതിരെയും പെരുമാള്‍ മുരുകനെതിരെയും കൊലവിളി നടത്തിയതും കലാകാരന്മാരോടും എഴുത്തുകാരോടും പാക്കിസ്താനിലേക്കു പോകൂ എന്നാക്രോശിച്ചതും ഏതു ദേശീയതയുടെ പേരിലായിരുന്നു? പാവങ്ങളുടെ വിയര്പ്പുസമ്പാദ്യം പൊതുമേഖലാ ബാങ്കുകളില്‍നിന്ന് ഊറ്റിയെടുക്കാനും ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിക്കാനും നിയമങ്ങളുടെ പഴുതുകള്‍ വിടര്‍ത്തി രക്ഷപ്പെടാനും വിജയ്മല്യയ്ക്കും ലളിത്മോഡിക്കും അദാനിക്കും അംബാനിക്കും സൗകര്യമൊരുക്കിയത് ഏതു ദേശസ്നേഹത്തിന്റെ പേരിലായിരുന്നു? അതൊക്കെ ചെയ്തവര്‍ ഇന്ത്യയിലെ സമരോത്സുക ജീവിതങ്ങളെ ദേശസ്നേഹം പഠിപ്പിക്കരുത്. അതിന്റെ പേരില്‍ ആരെയും വേട്ടയാടാനുള്ള അവകാശം അക്കൂട്ടര്ക്കില്ല.
കമല്‍സി എന്ന നോവലിസ്റ്റിനെ കേരളപൊലീസ് പിടികൂടിയിരിക്കുന്നു. ദേശീയഗാനത്തോട് നോവലില്‍ അനാദരവു കാണിച്ചുവത്രെ. ശ്മശാനങ്ങളുടെ നോട്ടുപുസ്തകം എന്ന നോവല്‍ അവര്‍ വായിച്ചുകാണില്ല. അതില്‍ ജീവിക്കുന്ന അസ്വാസ്ഥ്യങ്ങളുടെ അനുഭവഭാഷ അവര്‍ക്കു ബോധ്യമാവില്ല. ഏതോ ഒരു വാക്യത്തിന്റെ സന്ദര്‍ഭം തെറ്റിയ വ്യാഖ്യാനം അതുന്നയിച്ചവരുടെ പരിമിതിയാണ്. എഴുത്തും കലയും രാഷ്ട്ര നിര്‍മ്മാണങ്ങളാണ്. ആ രാജ്യങ്ങളിലേക്കു പ്രവേശിക്കാന്‍ എംബസികളുടെ വിസ മതിയാവില്ല. അവിടത്തെ നിയമങ്ങള്‍ വേറെയുമാണ്. അതനുവദിച്ചുകൊടുക്കുന്നതിനെയാണ് നാം ആവിഷ്ക്കാര സ്വാതന്ത്ര്യം എന്നു പേരിട്ടിരിക്കുന്നത്. അടിയന്തിരാവസ്ഥക്കാലത്തുപോലും ധര്‍മ്മപുരാണം എഴുതാതെ വിജയനു സ്വാസ്ഥ്യം ലഭിച്ചില്ല. എഴുത്ത് നിഷേധങ്ങളുടെ സര്‍ഗോത്സവമാണ്. അനുകൂലമായോ എതിരായോ പൊരുതാനുള്ള ഇടമവിടെയുണ്ട്. കമല്‍സിയുടെ പുസ്തകത്തിന് ഒരു വിമര്ശനമെഴുതാനുള്ള ത്രാണിയാണ് ആദ്യം പ്രകടിപ്പിക്കേണ്ടത്.
എഴുത്താണ് കമല്‍സിയുടെ കുറ്റമെങ്കില്‍ അതയാളുടെ മാത്രം കുറ്റമല്ല. വലിയൊരു അസ്വസ്ഥവംശത്തിന്റെ പ്രതിനിധി മാത്രമാണയാള്‍. യുദ്ധോത്സുക ദേശീയതയുടെ അന്ധവിചാരണകളില് ഇങ്ങനെ ചില അവിവേകങ്ങള്‍ സംഭവിക്കാം. എന്നാല്‍ ഫാസിസ്റ്റ് വിരുദ്ധ സമരത്തിന്റെ അമരക്കാരെന്നു പറയുന്നവരാണ് സംസ്ഥാനത്തു ഭരണം നടത്തുന്നത്. അവരുടെ പൊലീസാണ് കമല്‍സിയെ അറസ്റ്റു ചെയ്തത്. ദേശീയ ഗാനം ചൊല്ലുമ്പോള്‍ ആദരവു പ്രകടിപ്പിച്ചില്ലെന്നതിന്റെ പേരില്‍ തിയേറ്ററില്‍നിന്നു കാണികളെ അറസ്റ്റു ചെയ്തതും ഇതേ പൊലീസാണ്. ആരോഗ്യകരമായ ദേശീയ ബോധത്തിനുള്ള സാഹചര്യമുണ്ടാക്കലല്ല, എതിര് ദേശീയത സ്ഥാപിക്കലാണ് ലക്ഷ്യമെന്നു വ്യക്തം. ശത്രുവില്ലാതെ സമാധാനമില്ല എന്ന ദുഷ്ചിന്തയുടെ ഫലമാണ് ഈ കോപ്രായങ്ങളെല്ലാം. ഇതില്‍ കേരളത്തിലെ എല്‍ ഡി എഫ് ഗവണ്‍മെന്റിനെന്തു കാര്യമെന്ന് അവര്‍ വിശദീകരിക്കണം. ഒരേ പ്രത്യയശാസ്ത്ര ധാരണകളിലൂടെയും അതിന്റെ ഹിംസാത്മക പ്രകടനങ്ങളിലൂടെയുമാണോ ഇരുകൂട്ടരും കടന്നുപോകുന്നത്?
എഴുത്തിന്റെ പേരിലുള്ള ഈ വേട്ടയാടലിന് ഗവണ്മെന്റ് മറുപടി പറയണം. കമല്‍സിയെ വിട്ടയച്ചു തെറ്റു തിരുത്തണം.
19 ഡിസംബര്‍ 2016