ദേശീയതയെന്നത് ഭരണകൂട നിശ്ചയങ്ങളല്ല. ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രവുമല്ല. ആധുനിക രാഷ്ട്ര സങ്കല്പ്പത്തോടൊപ്പം പരുവപ്പെട്ടതെങ്കിലും ആയിരത്താണ്ടുകളിലൂടെ രൂപപ്പെട്ട മനുഷ്യ സംസ്കൃതിയുടെ വൈവിദ്ധ്യങ്ങള്‍ തുടിച്ചുതെളിയുന്ന ദേശ(പൊതു)ബോധമാണത്. എന്നാല്‍ സ്വേച്ഛാവാഴ്ച്ചകളുടെ കാലത്ത് ദേശീയതയെന്നത് ഭരണകൂടത്തിന്റെ സങ്കുചിത വ്യാഖ്യാനം മാത്രമായി ചുരുങ്ങുന്നു. അല്പ്പബുദ്ധികളും അവിവേകികളുമായ അധികാര ദാസന്മാര് അതിന്റെ കാവല്വേഷമണിയുന്നു.
ദേശത്തോടുള്ള ആദരവ് അതിലെ പീഢിത സമൂഹങ്ങളോടുള്ള സമീപനത്തിലാണ് കാണേണ്ടതെന്നു വിളിച്ചുപറഞ്ഞ മഹാന്മാരായ ദേശീയ നേതാക്കള്‍ നമുക്കുണ്ടായിരുന്നു. സ്ഥിതി മാറിയിരിക്കുന്നു. അങ്ങനെ ആവശ്യപ്പെടാനുള്ള പ്രാഥമിക സന്നദ്ധത കൈമോശം വന്നിരിക്കുന്നു. പൗരസമൂഹത്തെ കൂടുതല്‍ക്കൂടുതല്‍ ചവിട്ടിയമര്ത്തുകയോ പ്രാന്തങ്ങളിലേയ്ക്കു തള്ളുകയോ ചെയ്യുന്ന ഭ്രാന്തുപിടിച്ച അധികാരത്തിന്റെ, അടിമകളെ ആവശ്യമുണ്ട് എന്ന ആക്രോശമാണ് മുഴങ്ങുന്നത്. സ്വയം സ്വീകരിക്കേണ്ടതോ ഏറ്റുവാങ്ങേണ്ടതോ ആയ അടിമത്തമാണ് അവര്‍ക്കു ദേശീയത.
ആദരിക്കുന്നത് അധികാരത്തെയല്ല. തങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന ആത്മബോധത്തെയും നാളേയ്ക്കു ശക്തിപ്പെടേണ്ട അതിന്റെ സര്‍ഗ ധാരകളെയുമാണ്. അതു പണയം വെയ്ക്കുകയോ നിര്‍വീര്യമാക്കപ്പെടുകയോ ചെയ്താല്‍ പിന്നെ ദേശീയതകളോ സാര്വ്വദേശീയതകളോ ഉണ്ടാവില്ല. എഴുന്നേറ്റുനിന്നാദരിക്കൂ എന്നു കല്പ്പിച്ചും അതു നടക്കുന്നുണ്ടോ എന്നു നിരീക്ഷിച്ചും ഉണര്‍ത്താവുന്നതല്ല ദേശീയത. അങ്ങനെ കരുതുന്നത് അമിതാധികാര പ്രയോഗത്തിന്റെ സാധൂകരണം മാത്രമാണ്.
ദേശീയ ഗാനത്തെ ആദരിക്കല്‍ ഗവണ്മെന്റിന്റെയോ അതിനെ നയിക്കുന്ന പ്രസ്ഥാനങ്ങളുടെയോ ബലപ്രയോഗങ്ങളിലൂടെ സാധ്യമായെന്നു വരില്ല. അത് ജനതയുടെ സ്വാഭാവികവും ആവേശകരവുമായ ഏറ്റെടുപ്പായിത്തീരേണ്ടതുണ്ട്. ജാതിഹിന്ദുത്വത്തിന്റെ അധികാരാവേശത്തിന്റെ പുലമ്പലുകള്‍ ദേശീയ വികാരത്തെ പൊള്ളിക്കുകയാണ്. അത് മതേതര ദേശീയബോധത്തെ അപമാനിക്കലായിത്തീരുന്നു. ഒഴിപ്പിക്കപ്പെടേണ്ടത് സങ്കുചിത ദേശീയവാദങ്ങളാണ്.
ചലച്ചിത്ര അക്കാദമി ചെയര്മാന് കമലിനു നേരെയുള്ള പ്രതിഷേധം ദേശീയ താല്‍പ്പര്യമല്ല. ദേശീയബോധത്തിന്റെ ശക്തമായ അകധാരകളെ വഴിതിരിച്ചുവിടാന്‍ കമലിനു കഴിയുമെന്നു കരുതുന്നത് ദുര്‍ബ്ബല സംഘപരിവാരങ്ങളുടെ മൗഢ്യമാണ്. കമലിന് അഥവാ അതിനു കഴിയുമെന്നുവന്നാല്‍ അതു പ്രതിരോധിക്കാന്‍ പരിവാരങ്ങളുടെ അട്ടഹാസം മതിയാവുകയുമില്ല. അകംവെന്തുണരുന്ന ആത്മബോധത്തിന് രാഷ്ട്രങ്ങളെ പുതുക്കിപ്പണിയാനുള്ള കരുത്തു കാണും.
കമലിനെ പാക്കിസ്താനിലേക്കു പറഞ്ഞുവിടുമത്രെ. സര്ഗധനരെ മുഴുവന്‍ പറഞ്ഞയച്ചു പാക്കിസ്താനെ ശക്തിപ്പെടുത്താനുള്ള വിടുപണിയാണോ ഇന്ത്യന്‍ ദേശീയത? മുറിഞ്ഞുതൂങ്ങിയ ഒരേ ദേശപാരമ്പര്യത്തിന്റെ ഭിന്നാവിഷ്ക്കാരങ്ങളെ ശത്രുതാപരമായ വിപരീതങ്ങളില്‍ തളച്ച സാഹചര്യവും ദര്‍ശനവുമാണ് നമ്മുടെ ശത്രു.
കോര്‍പറേറ്റ് മോഹമൂലധനങ്ങള്ക്ക് ഒരു ജനതയെ ഒറ്റുകൊടുക്കുന്നവര്‍ ദേശീയതയെപ്പറ്റി മിണ്ടരുത്. ദേശീയഗാനം ചൊല്ലി പാപമോചനം കിട്ടുമെന്ന് കരുതുകയുമരുത്. ജനതയാണ് ദേശമെന്നു മറക്കുന്നവര്‍ ദേശീയതയെ തെറ്റായി വ്യാഖ്യാനിക്കുകയും അതടിച്ചേല്പ്പിക്കുകയും അതില്‍ അഭിരമിക്കുകയുമാണ്. ജനപക്ഷരാഷ്ട്രീയത്തിനേ ദേശീയ വികാരങ്ങളെയും വിചാരങ്ങളെയും ഉത്തേജിപ്പിക്കാനാവൂ.
ആസാദ്
15 ഡിസംബര്‍ 2016