കനകം കലഹമുണ്ടാക്കും എന്നു പറഞ്ഞുകേട്ടിട്ടുണ്ട്. കലഹപ്രിയരായതുകൊണ്ടാണോ എന്നറിയില്ല, ലോകത്തിലേറ്റവും സ്വര്ണമുപയോഗിക്കുന്നതു നമ്മുടെ നാട്ടിലാണ്. മിക്ക രാജ്യങ്ങളിലും വ്യക്തിഗത ഉപയോഗം പാടില്ല എന്നു നിയമമുണ്ട്. സ്വര്‍ണം ഗവണ്മെന്റ് നിക്ഷേപമായേ അത്തരം രാജ്യങ്ങളില്‍ നിലനില്ക്കുന്നുള്ളു. ഇന്ത്യയിലും കനത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയ കാലമുണ്ട്. 1962ലെ ഇന്ത്യാ ചൈനാ യുദ്ധകാലത്ത് സാമ്പത്തിക അച്ചടക്കം പാലിക്കുന്നതിന്റെയും പണത്തിന്റെ മൂല്യശോഷണം തടയുന്നതിന്റെയും ഭാഗമായി സ്വര്‍ണ നിയന്ത്രണമേര്‍പ്പെടുത്തി. അതു പ്രതീക്ഷിച്ച ഫലം നല്കാത്തതിനെത്തുടര്ന്നു 1968ല്‍ സ്വര്‍ണ നിയന്ത്രണ നിയമം പാര്‍ലമെന്റില്‍ കൊണ്ടുവരികയുണ്ടായി. മൊറാര്‍ജി ദേശായിയായിരുന്നു അന്നത്തെ ധനകാര്യ മന്ത്രി.
ആഭരണരൂപത്തിലല്ലാതെ നാണയങ്ങളായും മറ്റും സ്വര്‍ണം സൂക്ഷിക്കുന്നതിനു നിരോധനമുണ്ടായി. വില്‍പ്പനയ്ക്കും ഉപയോഗത്തിനും നിയന്ത്രണം വന്നു. ഇതൊന്നും ഉദ്ദേശിച്ച ഫലമുണ്ടാക്കിയില്ല എന്നു മാത്രമല്ല കരിഞ്ചന്തയും കള്ളക്കടത്തും തഴച്ചു. തൊണ്ണൂറുകളിലെത്തിയതോടെ സാമ്പത്തിക ഉദാരവത്ക്കരണത്തിലേക്കു നീങ്ങാന്‍ നിര്‍ബന്ധിതമായി. ഈ സാഹചര്യത്തില്‍ 1962 മുതല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒന്നൊന്നായി എടുത്തുമാറ്റപ്പെട്ടു. സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന കരമടച്ചു സ്വര്‍ണം ഇറക്കുമതി ചെയ്യാമെന്ന പുതിയ വ്യവസ്ഥ വന്നു. ഔദ്യോഗിക കണക്കുകളനുസരിച്ചു 1992ല്‍ മാത്രം 110 ടണ്‍ സ്വര്‍ണം ഇറക്കുമതി ചെയ്യപ്പെട്ടു. പ്രതിവര്‍ഷം അതിന്റെ അളവു വര്‍ദ്ധിച്ചു ഇപ്പോള്‍ ആയിരം ടണ്ണിലെത്തിയിരിക്കുന്നു.
സ്വര്ണോപയോഗത്തില് ഇന്ത്യയും ചൈനയുമാണ് ഏറെ മുന്നില്‍. സ്വര്‍ണം ഉത്പാദിപ്പിക്കുന്ന ദക്ഷിണാഫ്രിക്കയോ ബ്രസീലോ ഭ്രാന്തമായി അതിനെ ആശ്ലേഷിക്കുന്നില്ല. സ്വിറ്റ്സര്‍ലാന്റും ഹോങ്കോങ്ങും അമേരിക്കയും ദക്ഷിണാഫ്രിക്കയും ചൈനയുമെല്ലാം വലിയ തോതില്‍ കയറ്റുമതി ചെയ്യുന്നുണ്ട്. അതില്‍ ചൈനയൊഴികെ ഒരു രാജ്യവും അമിതമായി സ്വര്‍ണത്തെ ആശ്രയിക്കുന്നില്ല. ഉത്പാദിപ്പിച്ചു സംസ്ക്കരിച്ചു ഉപയോഗിക്കുന്ന രാഷ്ട്രമാണ് ചൈനയെങ്കില്‍ നാം ഇറക്കുമതിയെ ആശ്രയിച്ചു കഴിയുന്നവരാണ്.
സ്വര്‍ണ വിനിമയത്തിന്റെ സാമ്പത്തികവും സാംസ്ക്കാരികവുമായ പ്രത്യക്ഷ ധാരകളും സമാന്തര വ്യവഹാരങ്ങളും നമ്മുടെ ജീവിതത്തെ വരിഞ്ഞു മുറുക്കുന്നുണ്ട്. ഔദ്യോഗികമായ കണക്കുകളോടെ രാജ്യത്തെത്തുന്ന സ്വര്‍ണത്തെക്കാള്‍ എത്രയോ അധികമായിരിക്കണം കണക്കിലുപ്പെടാത്തവ. തൊണ്ണൂറുകള്‍ക്കുമുമ്പ് അറബിപ്പൊന്നെന്ന സാഹസിക സമ്പാദ്യം കുറ്റകരമെന്നതിനെക്കാള് നമുക്കു വിസ്മയകരമായിരുന്നു. അതിന്റെ വഴികളാണ് എം ടി വാസുദേവന്‍നായരും എന്‍ പി മുഹമ്മദും ചേര്‍ന്നെഴുതിയ അറബിപ്പൊന്നെന്ന നോവല്‍ പങ്കുവെച്ചത്. അക്കാലത്തെ കൗതുകങ്ങള്‍ പുതിയ കാലത്തു ഭ്രാന്തായി വളര്‍ന്നിരിക്കുന്നു.
ഉദാരവത്ക്കരണം തുറന്നിട്ട വിപണിസാധ്യതകളും അതിന്റെ അകവഴികളും സ്വര്‍ണത്തിന്റെ കുത്തിയൊഴുക്കിന് ഇടവരുത്തി. ജ്വല്ലറികള്‍ കൂണുപോലെ മുളച്ചുയര്‍ന്നു. കരമടച്ചും വെട്ടിപ്പു നടത്തിയും വ്യാപാരം പൊടിപൊടിച്ചു. സര്‍ക്കാറിലേക്ക് അടയ്ക്കേണ്ട നികുതി വെട്ടിപ്പു നടത്തുന്നതില്‍ ഉപഭോക്താക്കളും വ്യാപാരികളും ഐക്യപ്പെടുന്നത് സാധാരണമായി. വില കുതിച്ചുയര്‍ന്നപ്പോഴും വ്യാപാരത്തില്‍ ഇടിവുണ്ടായില്ല. ആഘോഷങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും മുഖ്യ കാര്‍മ്മികത്വം മഞ്ഞലോഹത്തിന്റെതായി. സാധാരണ മനുഷ്യരെ അഗാധമായ പ്രതിസന്ധിയിലേക്ക് അതെടുത്തെറിഞ്ഞു.
ഒരാള്‍ക്കു എത്ര സ്വത്താര്ജ്ജിക്കാനാവും എന്നത് അയാളുടെ അദ്ധ്വാനശേഷിയുമായി ബന്ധപ്പെട്ട വിഷയമാണ്. സ്വത്തു സമ്പാദനം ലക്ഷ്യമാക്കുന്നവര്‍ അതു ഭൂമിയായോ ധനമായോ സ്വര്‍ണമായോ ശേഖരിക്കും. അദ്ധ്വാനത്തിലൂടെയല്ലെങ്കില് പാരമ്പര്യമായി ലഭിക്കണം. പാരമ്പര്യമായി ലഭിക്കുന്ന ഭൂമിക്കു പരിധിയുണ്ട്. ധനത്തിനും നികുതിയുടെ നിയന്ത്രണമുണ്ട്. സ്വര്‍ണത്തിന് അതില്‍നിന്നു മുക്തമായ വഴിയുണ്ടെന്നു കരുതാനാവില്ല. പക്ഷെ, അങ്ങനെയൊരു അവകാശമുണ്ടെന്ന മട്ടിലായിരിക്കുന്നു നമ്മുടെ ചിന്ത. രാജ്യത്തു ഉദാരവത്ക്കരണ കാലത്തുപോലും നിശ്ചയിക്കപ്പെട്ട ചില അതിരുകളൊക്കെ നിലനിന്നുപോന്നു എന്നത് ആരും പരിഗണിച്ചില്ല. അഥവാ, വ്യാപാരത്തിന്റെ ആഘോഷങ്ങളില്‍ നാമതു മറന്നു. തൊണ്ണൂറുകളുടെ തുടക്കത്തിലെ പരിഷ്ക്കരിച്ച നിയമങ്ങള്‍ ചില നിബന്ധനകള്‍ ബാക്കി നിര്‍ത്തിയിട്ടുണ്ട്. നരേന്ദ്രമോഡി ഗവണ്മെന്റ് ഇപ്പോഴത് ഓര്‍മ്മിപ്പിച്ചത് നന്നായി.
അദ്ധ്വാനത്തിലൂടെയും നിയമവിധേയമായുമല്ലാതെ ആര്‍ജ്ജിക്കപ്പെടുന്ന സമ്പാദ്യമെല്ലാം തട്ടിപ്പുകളാണ്. ചൂഷണങ്ങളുടെയോ മോഷണങ്ങളുടെയോ കഥയേ അവയ്ക്കു പറയാനുണ്ടാവൂ. ഇത്തരം തട്ടിപ്പുകളെ സ്വാഭാവികവും സാധൂകരിക്കത്തക്കതുമാക്കിയത് ആഗോളവത്ക്കരണത്തിന്റെ നീതിശാസ്ത്രമാണ്. പുത്തന്‍ സാമ്പത്തിക നയത്തിന്റെ അന്ധമത്സരങ്ങളെ പിന്‍പറ്റുന്ന ഗവണ്മെന്റിന് കണ്ണില്പൊടിയിടാവുന്ന ചില നീക്കങ്ങള്‍ നടത്താന്‍ കഴിഞ്ഞേക്കും. എന്നാല്‍ അടിസ്ഥാന സമീപനം മാറ്റാതെ സാര്‍ത്ഥകമായ പരിഷ്ക്കാരം ഏര്‍പ്പെടുത്താനാവില്ല. പഴുതുകളിലൂടെയാണെങ്കിലും തിടംവെച്ച ഒരു സമാന്തര സമ്പദ്ഘടന സൂക്ഷ്മ സമ്പദ് വ്യവഹാരങ്ങളെ ഉദ്ദീപിപ്പിച്ചിട്ടുണ്ട്. അതു നിര്‍വ്വീര്യമാക്കി ചെറു ന്യൂനപക്ഷത്തിന്റെ ക്രയവിക്രയ ശേഷി വര്‍ദ്ധിപ്പിക്കാനും ചെറുകിട വ്യാപാര നിര്‍മാണ മേഖലകളില്‍നിന്നും വന്‍കിട കോര്‍പറേറ്റ് നിക്ഷേപങ്ങളിലേക്ക് അവസ്വരുക്കൂട്ടാനുമാണ് ഗവണ്മെന്റ് ശ്രമിക്കുന്നത്. വലിയ പ്രതീക്ഷകള്‍ നല്കി ജനങ്ങളെ കൊള്ളയടിക്കുന്ന പരിഷ്ക്കാരമാണ് അരങ്ങേറുന്നത്.
ഇത്തരം വഞ്ചനാപരമായ പരിഷ്ക്കാരങ്ങളിലേക്കു നീങ്ങാന്‍ ഗവണ്മെന്റിനെയും വന്‍കിട മൂലധന ശക്തികളെയും പ്രാപ്തമാക്കുന്നത് നമ്മുടെ പൗരബോധത്തില്‍ ചൈതന്യവത്തായ മാനവിക ദര്‍ശനങ്ങളൊന്നും കാര്യമായി സ്വാധീനിക്കുന്നില്ല എന്ന ദുരവസ്ഥയാണ്. വ്യക്തികളിലും സംഘടിത പ്രസ്ഥാനങ്ങളിലും ഇത്തരം കാഴ്ച്ചപ്പാടുകള്‍ മാഞ്ഞുതുടങ്ങിയിരിക്കുന്നു. സമത്വത്തെക്കുറിച്ചോ പൊതു വിഭവങ്ങളിലെ തുല്യാവകാശത്തെക്കുറിച്ചോ രൂപപ്പെടേണ്ട നവലോകത്തെ സംബന്ധിച്ചോ ഒരുത്ക്കണ്ഠയും നമ്മെ വേവലാതിപ്പെടുത്തുന്നില്ല. അന്ധമായ മത്സരങ്ങളിലേക്കും അതിജീവന ത്വരകളിലേക്കും നിരന്തരം എടുത്തെറിയപ്പെടുന്ന ജനതയായി നാം മാറുന്നു. അതിന്റെ മറവിലാണ് എല്ലാ ജനവിരുദ്ധ നയങ്ങളും കടന്നുകയറുന്നത്.
തൊഴിലിനും മണ്ണിനും വേണ്ടി അതില്‍നിന്ന് അകറ്റിനിര്‍ത്തപ്പെട്ട അനേകര്‍ സമരരംഗത്താണ്. അത്യാര്‍ത്തിയോടെ വെട്ടിപ്പിടിക്കുന്നവരെ നിലയ്ക്കു നിര്‍ത്തിയേ പറ്റൂ. ജനാധിപത്യ ഗവണ്മെന്റുകള്ക്ക് ഇവിടെ പുറന്തള്ളപ്പെട്ടവരുടെ പക്ഷത്തു നില്‍ക്കാനുള്ള ബാധ്യതയുണ്ട്. സ്വര്‍ണമാകട്ടെ, ആരുടെയും അവകാശമാവേണ്ട കാര്യമില്ല. അതിനു കര്‍ശന നിയന്ത്രണമാണ് വേണ്ടത്. ഉടലുകള്‍ പുതിയ മുതലാളിത്തത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കു അണിയിക്കാനുള്ളതല്ലെന്നു നിശ്ചയിക്കേണ്ടത് ആത്മാഭിമാനമുള്ള ജനതയുടെ ബാധ്യതയാണ്. ഒരാഘോഷവും ഒരുടമ്പടിയും സ്വര്‍ണത്തെ സാക്ഷിയാക്കി നിര്വ്വഹിച്ചുകൂടായെന്ന നിശ്ചയം നമുക്കുണ്ടാവണം. അതിരറ്റ സ്വര്ണമോഹങ്ങളെ തുറന്നുവിട്ടവര്‍ തന്നെയാണ് ഇപ്പോള്‍ അതേപ്പറ്റിയുള്ള ചില ഉത്ക്കണ്ഠകളും തുറന്നുവിട്ടിരിക്കുന്നത്. മൂല്യങ്ങളെ മുറുകെ പിടിക്കുന്നവരും സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതുന്നവരുമായ ജനതയെ ഇത് സ്പര്‍ശിക്കുകയേയില്ല.
മദാലസയായി ചുറ്റിത്തിരിയുന്ന ധൂളികളെമ്പാടും വിതറുകയും പിന്നീട് കരിഞ്ചുഴലിയായി വന്നു അതിലുമെത്രയോ ഇരട്ടിയായി എല്ലാം തിരിച്ചെടുക്കുകയും ചെയ്യുന്ന വലിയ സ്വര്‍ണക്കട്ടിയാണ് മുതലാളിത്തത്തിന്റെ ഹൃദയമെന്നു മഞ്ഞച്ചെകുത്താന്റെ നഗരമെന്ന പുസ്തകത്തില്‍ മാക്സിംഗോര്‍ക്കി എഴുതിയിട്ടുണ്ട്. അതിലെ ഉത്ക്കണ്ഠയും ആഹ്വാനവും പുതിയകാലത്തും പ്രസക്തംതന്നെ.
03 ഡിസംബര്‍ 2016