കൊള്ളയിലൂടെയോ ചൂഷണത്തിലൂടെയോ സമ്പാദിച്ച പണവും സ്വര്‍ണവും മണ്ണും പിടിച്ചെടുത്ത് പൊതുഖജനാവിലേക്കു വരവുവെക്കുമെന്നു പറയാന്‍ നരേന്ദ്രമോഡി കമ്യൂണിസ്റ്റല്ല. (കമ്യൂണിസ്റ്റുകാര്‍പോലും ഇപ്പോഴങ്ങനെയൊന്നും പറഞ്ഞുകേള്‍ക്കുന്നില്ല). എന്നിട്ടും, മോഡിയെപ്പറ്റി ഇപ്പോള്‍ ഭക്തസംഘം പാടുന്ന പാട്ടുകളിലെല്ലാം അതാണു പറയുന്നത്. നാട്ടിന്‍പുറങ്ങളിലും സാധാരണക്കാരിലും ഒളിച്ചു കഴിയുന്ന കള്ളപ്പണത്തെ പിടികൂടുമെന്ന്. കൊള്ളാം. ആശയം നല്ലതുതന്നെ. മാനംമുട്ടെ വളര്‍ന്നു നില്ക്കുന്ന കള്ളപ്പണക്കാരുടെ വന്മതില് മോഡി കാണാത്തതെന്ത്? അവരിലൊരാളെയെങ്കിലും പിടികൂടി നിയമത്തിനു മുന്നില്‍ നിര്‍ത്തിയിരുന്നുവെങ്കില്‍ ആ ആത്മാര്‍ത്ഥതയും പ്രതിബദ്ധതയും ആര്‍ക്കും അംഗീകരിക്കേണ്ടി വരുമായിരുന്നു. സ്വിസ്ബാങ്കില്നിന്നു ലഭിച്ച ലിസ്റ്റുപോലും പുറത്തുവിടാന്‍ ഭയക്കുന്ന ഭരണാധികാരി സോഷ്യലിസം കൊണ്ടുവരുമെന്നാണ് ഇപ്പോള്‍ പറയുന്നത്.
കള്ളപ്പണക്കാര്‍ക്കും അഴിമതിക്കാര്‍ക്കും എതിരെ ജനങ്ങളിലുയര്ന്നിട്ടുള്ള അമര്‍ഷവും പ്രതിഷേധവും മുതലെടുക്കുന്നതും ഭരണകൂടമാണെന്നത് രസകരംതന്നെ. ഒളിച്ചുവച്ചതു പുറത്തു വരുന്നതും കാത്താണ് പൊതുജനങ്ങളുടെ ക്യൂവിന് നീളമേറുന്നത്. കൂറ്റന്‍ കള്ളപ്പണമാഫിയകളെ പിടിച്ചുവരൂ എന്നു പറയാനുള്ള ചങ്കുറപ്പാണ് വേണ്ടത്. അതെവിടെയോ കൈമോശം വന്നിരിക്കുന്നു. അടിത്തട്ടു സമ്പദ്ഘടനയെ പൂര്‍ണമായും നിയന്ത്രിക്കാനും കൈപ്പിടിയിലാക്കാനുമുള്ള വന്‍കിട ധനാധീശത്വത്തിന്റെ കൗശലങ്ങളേ മോഡി പ്രയോഗിക്കുന്നുള്ളു. നികുതിക്കുടിശ്ശിക അടച്ചുതീര്‍ക്കൂ എന്നു വന്‍കിടകളോട് മോഡി കയര്‍ക്കുന്നില്ല. അവരുടെ ആസ്തികളില്‍ സ്പര്‍ശിക്കുന്നില്ല. ലക്ഷക്കണക്കിനു കോടിയുടെ വായ്പാ കുടിശ്ശിക എഴുതിത്തള്ളാനല്ലാതെ ജപ്തി നടപടികളിലേക്കു നീങ്ങാന്‍ മോഡിക്കു നെഞ്ചളവു പോരാ. കള്ളപ്പണത്തിന്റെയും കൊള്ളമുതലിന്റെയും നെറുകയിലിരുന്നാണ് ഭരണാധികാരി കള്ളപ്പണമെവിടെ കള്ളപ്പണമെവിടെ എന്നു തപ്പി നടക്കുന്നത്.
ഇനി സ്വര്‍ണത്തിലേക്കും തിരിയുമെന്ന് ഭയമായിരിക്കുന്നു പലര്‍ക്കും. സ്വര്‍ണവ്യാപാരത്തില്‍ കൊടിയ വഞ്ചനയും ഭീമമായ തട്ടിപ്പും നടത്തുന്നത് വന്‍കിട വ്യാപാരികളാണ്. പൊന്തയില്തല്ലിയും കാടിളക്കിയും പിടികൂടേണ്ട കാര്യമൊന്നുമില്ല. അവര്‍ പകല്‍വെളിച്ചത്തിലെ രാജാക്കന്മാരായി തുടരുന്നുണ്ട്. അവരുടെ അവിശുദ്ധ സഖ്യശക്തികളും സജീവമാണ്. സ്വര്‍ണക്കടത്തു മിക്കവാറും നടക്കുന്നത് വിമാനത്താവളങ്ങള്‍ വഴിയാണ്. വലവിരിച്ചു നില്ക്കുന്ന റഡാര്കണ്ണുകളില് അപൂര്‍വ്വമായേ ആരെങ്കിലും പെടുകയുള്ളു. വലിയ തോതില്‍ കള്ളക്കടത്തും നികുതിവെട്ടിപ്പും നടത്തുന്നവരെ മൂക്കുകയറിടാനോ ശിക്ഷിക്കാനോ തയ്യാറാവാത്തവരാണ് ഇപ്പോള്‍ അടിത്തട്ടുകൂരകളില് എന്തുണ്ട് എന്ന് പാളിനോക്കുന്നത്.
വരവില്‍ക്കവിഞ്ഞ സ്വത്ത് ആരിലുണ്ടെങ്കിലും ഏതു രൂപത്തിലുണ്ടെങ്കിലും രാജ്യത്തിന്റെ പൊതു സ്വത്തിലേക്കു അതു കണ്ടുകെട്ടുന്നത് നല്ലതുതന്നെ. അങ്ങനെയൊരു തീരുമാനം പ്രഖ്യാപിക്കാന്‍ മോഡിഗവണ്മെന്റിനു ധൈര്യമുണ്ടോ? കോര്‍പറേറ്റ് മുതലാളിമാര്‍ക്കും അവരുടെ നടത്തിപ്പുകാരായ രാഷ്ട്രീയ ഉദ്യോഗസ്ഥ വലയങ്ങള്‍ക്കും ഒരു നീതി, ബഹുജനങ്ങള്‍ക്ക് മറ്റൊരു നീതി എന്ന മട്ടിലാണ് ഇപ്പോഴത്തെ പോക്ക്. അതല്ലെന്നു തെളിയിക്കേണ്ടത് ഗവണ്മെന്റാണ്. അപ്പോള്‍ മാത്രമേ ജനങ്ങള്‍ക്കതു വിശ്വാസം വരൂ. ഒളിച്ചുവെച്ച കള്ളപ്പണം കൊണ്ടുവരൂ, നമുക്കതു വീതംവെയ്ക്കാം എന്നു പറയുന്ന ഗവണ്മെന്റ് സ്വന്തം പാപ്പരത്തം വിളംബരം ചെയ്യുകയാണ്.
തൊഴിലില്ലാത്ത രാഷ്ട്രീയക്കാരും പരിമിത വേതനമുള്ള ഉദ്യോഗസ്ഥരും ഇടത്തട്ടു ദല്ലാളരും വലിയ വീടും സമ്പാദ്യവുമുണ്ടാക്കുന്നതെങ്ങനെയെന്ന് ഗവണ്മെന്റിനറിയാതെ വരില്ല. ആദായനികുതി വകുപ്പിനു കണ്ണെത്താത്ത ദേശങ്ങളും ജീവിതങ്ങളുമുണ്ടെന്നു ആര്‍ക്കാണറിയാത്തത്? അവിടേക്കു തിരിയാന്‍ എന്താണ് തടസ്സം? രാഷ്ട്രീയപ്രവര്‍ത്തനം തൊഴിലാണെങ്കില്‍ ശംബളവും പെന്‍ഷനും നല്കട്ടെ. കണക്കു ബോധിപ്പിക്കേണ്ടതില്ലാത്ത വരേണ്യവിഭാഗങ്ങളെ വളര്‍ത്തുന്നത് ജനാധിപത്യത്തെ ക്ഷീണിപ്പിക്കും. പരിഷ്ക്കാരങ്ങള്‍ തുടങ്ങേണ്ടത് നിസ്വരായ മനുഷ്യരെ പരീക്ഷണവസ്തുവാക്കിക്കൊണ്ടല്ല. ജനാധിപത്യവ്യവഹാരങ്ങളുടെ മുകള്‍ത്തട്ടു ശുദ്ധീകരിച്ചുകൊണ്ടാണ്.
ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി കയ്യേറി സ്വന്തമാക്കിയവരെ താലോലിക്കുന്ന ഭരണകൂടത്തിന് അടിത്തട്ടു ഭൂവ്യവഹാരങ്ങളിലെ കള്ളപ്പണം പിടികൂടാന്‍ താല്‍പ്പര്യമുണ്ടാവുക സ്വാഭാവികമാണ്. അതൊരു അവകാശമായി വന്‍കിടക്കാര്‍ക്കു മാത്രമായി പതിച്ചു കിട്ടണമെന്നല്ലാതെ അതിലെന്തു ജനതാല്പ്പര്യമാണുള്ളത്? സമഗ്രമായ ഭൂപരിഷ്ക്കരണം വേണമെന്നും, ഓരോരുത്തര്‍ക്കും കൈവശംവെയ്ക്കാവുന്ന പരമാവധി ഭൂമി, പാര്‍പ്പിട കാര്‍ഷിക വ്യാവസായിക ആവശ്യങ്ങള്‍ക്കു നീക്കിവെക്കാവുന്ന ഭൂമി എന്നിവ വേര്‍തിരിക്കണമെന്നും ഭൂ അവകാശം പുനര്‍ നിര്‍ണയിക്കണമെന്നും എത്രയോ കാലമായി നാം ആവശ്യപ്പെടുന്നു. അങ്ങനെയൊരു സമീപനമോ നയമോ ഇല്ലാത്തവര്‍ ഭൂമിവ്യവഹാരങ്ങളിലെ കള്ളപ്പണത്തെ കണ്ടെത്താന്‍ ഉത്സാഹിക്കുന്നതിന്റെ പൊരുളെന്താണ്? ആദിവാസികള്‍ക്കു കാടും ദളിതനു ഭൂമിയും നല്കാന് മടിക്കുന്നവര്‍, വിഭവങ്ങളെല്ലാം കോര്‍പറേറ്റ് മുതലാളിത്തത്തിനു കാണിയ്ക്ക വെയ്ക്കുന്നവര്‍ ജനങ്ങളുടെ വിയര്പ്പുകാശു കൊള്ളയടിക്കുന്നതിന്റെ താല്‍പ്പര്യം സോഷ്യലിസ്റ്റ് സമ്പദ്ഘടന പടുത്തുയര്ത്തലാവില്ലല്ലോ.
അടിസ്ഥാന നയത്തില്‍ ഒരു മാറ്റവും വരുത്താതെയുള്ള പരിഷ്ക്കരണം അതിന്റെ ഗുണഭോക്താക്കളെ വെളിപ്പെടുത്തുന്നുണ്ട്. കോടികള്‍ മോഷ്ടിക്കുന്നവനെ ആശ്ലേഷിക്കുകയും നൂറുരൂപാകള്ളനെ ഓടിച്ചു പിടിക്കുകയും ചെയ്യുന്ന സര്ക്കാര്അഭ്യാസത്തെ അഴിമതിവിരുദ്ധ പോരാട്ടമെന്നു വിശേഷിപ്പിക്കാനാവുമോ? കോടികള്‍ കൊള്ള നടത്തുന്നവരുടെ താല്‍പ്പര്യങ്ങള്‍ ഗവണ്മെന്റിനു പ്രധാനമാണെന്നേ അതിനര്‍ത്ഥമുള്ളു. എല്ലാ കൊള്ളയും പിടിക്കപ്പെടണം. അഴിമതി തുടച്ചു നീക്കണം. അവിഹിത സമ്പാദ്യമെല്ലാം ഗവണ്മെന്റിനു കണ്ടു കെട്ടാനാവണം. പൊതു വിഭവങ്ങളിലെ അവകാശവും തുല്യമായിരിക്കണം. സാമൂഹികനീതിയും ലിംഗനീതിയും പ്രകൃതിസംരക്ഷണവും ഉറപ്പാക്കണം. ഇത്രയുമൊക്കെ നടപ്പാക്കാനുള്ള ഇച്ഛാശക്തി ഗവണ്മെന്റിനുണ്ടോ? അതില്ലെങ്കില്‍ ജനങ്ങള്‍ക്ക് ഇത്രയും രൂക്ഷമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പരിഷ്ക്കരണം അടിച്ചേല്‍പ്പിക്കുന്നതിനു എന്തു ന്യായീകരണമാണുള്ളത്? വന്കിടകള്ക്കുള്ള വിടുപണി മാത്രമായി ഇതവസാനിക്കും. സാധാരണക്കാരന്റെ ചോരയും നീരും ചാലുകീറി കോര്‍പറേറ്റ് ദൈവങ്ങള്‍ക്കു നിവേദിക്കുകയാണ് നരേന്ദ്രമോഡി നയിക്കുന്ന ഗവണ്മെന്റ്.
2 ഡിസംബര്‍ 2016