Article POLITICS

ആശയങ്ങളാണ് ഐക്യപ്പെടുന്ന ജനതയുടെ ആയുധങ്ങള്‍

castro1


ആശയമാണ് ഏറ്റവും ശക്തിയുള്ള ആയുധമെന്ന് പറഞ്ഞുകൊണ്ടിരുന്നത് ഫിദല്‍ കാസ്‌ട്രോയാണ്. ആയുധമെടുത്തു പൊരുതിയ ഒളിപ്പോരുകളുടെ സൈന്യാധിപനാണ് അതു പറയുന്നത്. തങ്ങളുപയോഗിച്ച ആയുധങ്ങളെക്കാള്‍ മൂര്‍ച്ചയുണ്ട് ആശയങ്ങള്‍ക്കെന്ന് ആ പോരാട്ടം ഫിദെലിനെ പഠിപ്പിച്ചു. ആശയം രൂപപ്പെടുത്തിയെടുക്കല്‍ ക്ലേശകരമായ കൃത്യമാണ്. അതു രൂപപ്പെട്ടാല്‍ അതിനുചുറ്റുമുള്ള അലച്ചിലും അതിനുവേണ്ടിയുള്ള ജീവിതവും നമ്മെ മറ്റൊരാളാക്കും. സമര്‍പ്പണവും ത്യാഗവും ശീലിപ്പിക്കും. അഹംബോധത്തിന്റെയും ആത്മരതിയുടെയും തള്ളിയേറ്റമുണ്ടാവില്ല. നമുക്കു സാധിക്കും എന്ന നിലയിലേക്ക് ഒരു ജനതയുടെ ആത്മവിശ്വാസം കുതിച്ചുയരും. അസാധ്യമാക്കുന്നതിനെ സാധ്യമാക്കുന്ന കലയാക്കി രാഷ്ട്രീയത്തെ മാറ്റാന്‍ കാസ്‌ട്രോക്കു കരുത്താകുന്നത് ഈ വിശ്വാസമാണ്.

ആയുധമെടുത്തു പൊരുതുന്നവര്‍ക്ക് ആയുധങ്ങള്‍ താഴെ വെയ്ക്കാനായേക്കും. എന്നാല്‍ അവരണിഞ്ഞ അദൃശ്യമായ ആയുധം അവരെ എപ്പോഴും പ്രചോദിപ്പിച്ചുകൊണ്ടിരിക്കും. അതു നിര്‍വ്വീര്യമാക്കണമെങ്കില്‍ ആ ചിന്തകളെ ഉദ്ദീപിപ്പിക്കുന്ന സാഹചര്യം മാറണം. മാര്‍ക്‌സിന്റെയോ ലെനിന്റെയോ മാവോയുടെയോ പുസ്തകങ്ങള്‍ നിരോധിച്ചു ആശയങ്ങളെ നാടുകടത്താനാവില്ല. മുതലാളിത്ത ധനതത്വശാസ്ത്രമാണ് തന്നെ മാര്‍ക്‌സിസ്റ്റാക്കിയതെന്നു ഫിദല്‍ പറഞ്ഞിട്ടുണ്ട്. അനുഭവങ്ങളാണ് പോരാളികളെ ചിന്തിപ്പിക്കുന്നത്.

ക്യൂബയില്‍നിന്നു ബൊളീവിയയിലേക്കു വഴിയുണ്ടെന്നു കണ്ടെത്തിയത് ചെ ഗുവേരയാണ്. അതു ബൊളീവിയയിലേക്കു മാത്രമല്ലെന്നും വിമോചനപ്പോരാട്ടങ്ങള്‍ നടക്കുന്ന എല്ലാ രാജ്യങ്ങളിലേക്കുമുള്ള വഴികളാണെന്ന് അദ്ദേഹം കരുതി. വ്യത്യസ്തങ്ങളായ സാഹചര്യങ്ങളില്‍ ഓരോയിടത്തും ഗുവേരമാര്‍ വനങ്ങളില്‍ അലയുന്നുണ്ട്. ഭരണകൂടങ്ങളുടെ ക്രമങ്ങളെ വെല്ലുവിളിക്കുന്നത് കുറ്റകരമാണ്. ഗുവേരമാര്‍ക്ക് എല്ലാ കാലത്തും ഒരേ ശിക്ഷയാണ് കാത്തിരിക്കുന്നത്. വിജയിക്കുന്നിടത്തുമാത്രം അവര്‍ക്കു കാസ്‌ട്രോയാവാം. ഭരണകൂടം വിലക്കിയ വഴികളിലൂടെ സഞ്ചരിക്കുന്നവരാണ് ഇന്ത്യന്‍ കാടുകളിലും കനലുകള്‍ വിതയ്ക്കുന്നത്.

വയനാട്ടില്‍ വര്‍ഗീസ് വധിക്കപ്പെട്ടത് 1970 ഫെബ്രുവരി 18നാണ്. ഗുവേര വധിക്കപ്പെട്ടത് അതിനു മൂന്നു വര്‍ഷം മുമ്പ് 1967 ഒക്‌ടോബര്‍ 9നും. മുപ്പത്തിരണ്ടും മുപ്പത്തിയൊമ്പതും വയസ്സുള്ള വിപ്ലവ യൗവ്വനങ്ങളായിരുന്നു അവര്‍. ക്യൂബയില്‍ വിപ്ലവ ഭരണകൂടത്തെ അധികാരത്തിലെത്തിച്ചു ശൈശവദശയില്‍ കൂട്ടുനിന്ന ശേഷമാണ് ഗുവേര കുന്നുകയറിയത്. വര്‍ഗീസാവട്ടെ, ചരിത്രത്തിലിടംപിടിച്ച ഇ എം എസ് മന്ത്രിസഭയെ അധികാരത്തിലെത്തിക്കുന്നതില്‍ തന്നാലാവുന്നതു ചെയ്തശേഷം 1968ല്‍ വിപ്ലവത്തിന്റെ ശരിയായ വഴിവേറെയാണെന്നു കണ്ടെത്തുകയായിരുന്നു. ഏറ്റുമുട്ടല്‍ കഥകളുണ്ടാക്കിയാണ് രണ്ടിടത്തും ഭരണകൂട സൈനികര്‍ കൊലനടത്തിയത്.

വീടിന്റെയും തൊഴിലിന്റെയും സുഖവും സുരക്ഷിതവുമായ ജീവിതാസക്തികളുടെയും വലയങ്ങള്‍ ഭേദിച്ചു വനങ്ങളിലേക്കു പോകുന്നവരെ നയിക്കുന്നത് പീഢിതസമൂഹങ്ങളുടെ വിമോചനമെന്ന സ്വപ്നമാണ്. ഇന്ത്യയിലെ മലയോരജില്ലകളില്‍ ഭൂരിപക്ഷവും ഇങ്ങനെ കാടുകയറിയ അസ്വസ്ഥവംശത്തിന്റെ മുന്നേറ്റങ്ങള്‍ നിറഞ്ഞതാണ്. ജന്മിമാരുടെ ഗുണ്ടകള്‍ മുതല്‍ പാറമടഉടമകളുടെ ഗുണ്ടകള്‍വരെ പൊലീസിന്റെയും സൈന്യത്തിന്റെയും സഖ്യശക്തികളായി അക്രമങ്ങള്‍ക്ക് എരിവേറ്റുന്നു. ആദിവാസികള്‍ക്കും ദുര്‍ബ്ബലരായ വിഭാഗങ്ങള്‍ക്കും തുണ കാട്ടിലെപോരാളികളാണെന്നു ഭരണകൂടംതന്നെ ബോധ്യപ്പെടുത്തുന്നു.

നിലമ്പൂരിലേക്കുതന്നെ നോക്കാം. രണ്ടുപേരെ തുരുതുരാ വെടിവെച്ചു വീഴ്ത്താന്‍ പോയിന്റ് ബ്ലാങ്കില്‍ അവര്‍ പിടിച്ചു നിര്‍ത്തപ്പെടുന്നു. വെടിവെപ്പുണ്ടായപ്പോള്‍ തിരിച്ചു വെടിവെയ്ക്കുകയായിരുന്നുവെന്നാണ് ജില്ലാ പൊലീസ് മേധാവി പറഞ്ഞത്. നൂറോളം പേരുള്ള പൊലീസ് സംഘത്തിന് പരിക്കൊന്നുമേറ്റില്ല. ഒരു കല്ലേറുപോലും ഉണ്ടായില്ലെന്നു വ്യക്തം. പൊലീസ് ഇത്രയേറെ വെടിയുണ്ടകളുതിര്‍ത്തിട്ടും വധിക്കപ്പെട്ടവരുടെ കൂട്ടുകാരെല്ലാവരും രക്ഷപ്പെട്ടു. എന്തുതരം ഏറ്റുമുട്ടലാണ് നിലമ്പൂരിലുണ്ടായതെന്നു ഗവണ്‍മെന്റ് പറയട്ടെ.

ജനാധിപത്യ സമൂഹത്തില്‍ പാലിക്കേണ്ട മര്യാദകളും കോടതിയുടെതന്നെ നിര്‍ദ്ദേശങ്ങളും അട്ടിമറിക്കുകയായിരുന്നു പൊലീസ്. രണ്ടുപേരെയും പിടികൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള അവസരമാണ് നഷ്ടപ്പെടുത്തിയത്. നൂറുകണക്കിന് പൊലീസുകാര്‍ ഇക്കാലത്തിനുള്ളില്‍ മാവോയിസ്റ്റ് അക്രമത്തിനു വിധേയരായി മരണപ്പെട്ടിട്ടുണ്ടെന്നു പൊലീസ്‌മേധാവികളിലൊരാള്‍ കഴിഞ്ഞദിവസം ഒരു ചാനലില്‍ വിശദീകരിക്കുന്നതു കേട്ടു. നിയമ വിരുദ്ധമായാണ് മോവോയിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ പൊലീസിനും അങ്ങനെയാവാമെന്നാണോ ഭാഷ്യം? കാണുമ്പോള്‍ വെടിവെയ്ക്കാം എന്നത് ചാര്‍ത്തിക്കിട്ടിയ അധികാരമാവാം. പ്രതിയെ തീരുമാനിക്കുന്നതും വിചാരണ നടത്തുന്നതും ശിക്ഷ വിധിക്കുന്നതും അതു നടപ്പാക്കുന്നതും കാഞ്ചിവലിക്കുന്നതിനു തൊട്ടുമുമ്പുള്ള ഒറ്റ നിമിഷത്തിലാണെന്നത് നമ്മുടെ പൊലീസിന്റെ എന്തു ശേഷിയാണ് വിളംബരം ചെയ്യുന്നത്?

ഇങ്ങനെയാണ് നിയമപാലകരുടെയും ഗവണ്‍മെന്‍രിന്റെയും പോക്കെങ്കില്‍ അവരുടെ ജനാധിപത്യ ബോധത്തെക്കാള്‍ ഇരകളുടെ പ്രതിബദ്ധത വാഴ്ത്തപ്പെടും. ആളുകള്‍ മാവോയിസത്തെ ആഞ്ഞു പുല്‍കാത്തത് അവര്‍ ഭീരുക്കളായതുകൊണ്ടല്ല. ജനാധിപത്യത്തില്‍ പ്രതീക്ഷകള്‍ ബാക്കി നില്‍ക്കുന്നതുകൊണ്ടാണ്. ആ പ്രതീക്ഷകള്‍കൂടി തല്ലിക്കെടുത്തുംവിധമാണ് ഏറെക്കാലമായി ഗവണ്‍മെന്റുകള്‍ തീരുമാനങ്ങളെടുത്തുപോരുന്നത്. ധനിക ന്യൂനപക്ഷത്തെ കൂടുതല്‍ സമ്പന്നരും ചൂഷകരുമാക്കുന്ന വികസന നയമാണ് സ്വീകരിക്കപ്പെടുന്നത്. പ്രകൃതിയും മനുഷ്യനും കോര്‍പറേറ്റുകളുടെ ചൂതാട്ടത്തിനുള്ളതാണ് എന്ന അവസ്ഥ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. പുറന്തള്ളപ്പെടുന്നവരുടെ നിര കൂടിക്കൂടി വരുന്നു. ദളിതരും ആദിവാസികളും സ്ത്രീകളും ദുര്‍ബ്ബല ന്യൂനപക്ഷ വിഭാഗങ്ങളും നിരന്തരം അക്രമിക്കപ്പെടുന്നു. ജനങ്ങളാകെ കൊള്ളയടിക്കപ്പെടുന്നു. ഭരണകൂടത്തിന്റെ തണലില്‍ വന്‍കിട ചൂഷകമാഫിയകളോ മാഫിയകളുടെ തണലില്‍ ജനാധിപത്യ ഗവണ്‍മെന്റുകളോ എന്ന സന്ദേഹം വ്യാപകമായി ഉയരുന്നുണ്ട്.

ഇത്തരം ജീവിത സാഹചര്യങ്ങളില്‍ ക്ഷോഭിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന ജനലക്ഷങ്ങളുടെ സമരനിര ഉയര്‍ന്നു വരേണ്ടതാണ്. ജനാധിപത്യത്തിന്റെ വ്യവഹാരരീതികളില്‍ അത്തരമൊരു സാധ്യത തുറന്നു കിടക്കുന്നു. അതു പക്ഷെ, മാവോയിസ്റ്റുകള്‍ അംഗീകരിക്കുന്നില്ല. സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ വഴികള്‍ പലതാണല്ലോ. ഓരോ കമ്യൂണിസ്റ്റു പാര്‍ട്ടിയും ഓരോന്നു തെരഞ്ഞെടുക്കുന്നു. നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങളെ നേരിടാന്‍ പക്ഷെ, നിയമപരമായ വഴികളാണ് തേടേണ്ടത്. മാവോയിസ്റ്റുകളുടെയും ഇതര നിയമ വിരുദ്ധ സംഘടനകളുടെയും പ്രവര്‍ത്തകരെ കാണുന്നിടത്തു വധിച്ചു പ്രശ്‌നം പരിഹരിക്കാനാവില്ല. മാവോയിസ്റ്റുകളെ പ്രചോദിപ്പിക്കുന്ന ആശയത്തിന്റെ ഉറവിടമാണ് പരിശോധിക്കേണ്ടത്. ജനങ്ങളനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരവും ജനാധിപത്യത്തിന്റെ ദൃഢപ്പെടുത്തലുമാണ് അടിയന്തിരാവശ്യം.

കേരളത്തില്‍ ഒരിടതുപക്ഷ ഗവണ്‍മെന്റ് ഭരണത്തിലിരിക്കുമ്പോഴാണ് ഇത്തരമൊരു വ്യാജ ഏറ്റുമുട്ടല്‍ കഥയും നിഷ്ഠൂരമായ വധവും അരങ്ങേറുന്നതെന്നത് ഖേദകരമാണ്. കേരളത്തില്‍ അതുണ്ടാവരുതാത്തതാണെന്ന സിപിഐ നേതാവ് കാനം രാജേന്ദ്രന്റെ പ്രസ്താവന സ്വാഗതാര്‍ഹമാണ്. വലിയ ഭരണകക്ഷി പക്ഷെ, മൗനം തുടരുകയാണ്. ചെ ഗുവേരയെ സ്‌നേഹിക്കുന്ന പ്രസ്ഥാനത്തിന് ചെ ഗുവേരയോടു സാമ്രാജ്യത്വം ചെയ്തത് മറ്റൊരാളോടു ചെയ്യാനാവുമോ? തെറ്റിനെ അപലപിക്കാനും ഗൗരവതരമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കാനും ഗവണ്‍മെന്റ് തയ്യാറാവണം. ഫിദലിനോടുള്ള സ്‌നേഹബാദ്ധ്യതകൂടിയാണത്.

27 നവംബര്‍ 2016

(മംഗളം ദിനപത്രം ഓരം പംക്തി 28 നവംബര്‍ 2016)

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )