ഫിദെല്‍, ഗുവേര പറഞ്ഞതിനപ്പുറം ആര്‍ക്കെഴുതാനാവും? ഗാബോയും ഷാവേസും പകര്‍ത്തിയതിലധികം ആര്‍ക്കു പകര്‍ത്താനാവും? ഉദിക്കുമെന്നു നീ പറഞ്ഞ സൂര്യന് ഞങ്ങള്‍ക്കു നീതന്നെയായിരുന്നു. ഭൂപടങ്ങളിലില്ലാത്ത വഴികളിലൂടെ വിജയത്തിലേക്കുള്ള യാത്ര നയിച്ചവന്‍.
ഗുവേര കുറിച്ച വരികളില്തന്നെയാണ് ഞാനിപ്പോഴും.
ആദ്യത്തെ വെടി പൊട്ടുമ്പോള്‍ കാടുമുഴുവന്‍ പുതു വിസ്മയവുമായി ഞെട്ടിയുണരും/ വിശുദ്ധമായ സൗഹൃദവുമായി അപ്പോള്‍ ഞങ്ങള്‍ നിന്നോടൊത്തുണ്ടാകും.
നിന്റെ ശബ്ദം നാലു കാറ്റുകളെ നാലായി പകുക്കും / നീതി, അപ്പം, ഭൂപരിഷ്ക്കരണം, സ്വാതന്ത്ര്യം/ അതേശബ്ദത്തിന്റെ പ്രതിധ്വനികളുമായി അപ്പോള്‍ ഞങ്ങള്‍ നിന്നോടൊത്തുണ്ടാകും.
ഫിദെല്‍, ഉണ്ടായിരുന്നു ഗുവേരയെപ്പോഴും നിന്നോടൊപ്പം. നിങ്ങളിരുവരും എപ്പോഴും ഞങ്ങളോടൊപ്പം. പൊരുതുകയും സ്വപ്നംകാണുകയും വീണ്ടും പൊരുതുകയും ചെയ്തുപോന്നവര്ക്കൊപ്പം.
ബാറ്റിസ്റ്റയെ തോല്‍പ്പിച്ച സമരോര്‍ജ്ജം കീഴടങ്ങാത്ത ഇച്ഛാശക്തിയുടേതായിരുന്നു. വലിയ പ്രസ്ഥാനങ്ങളെക്കാള്‍ ചിലപ്പോഴെങ്കിലും പ്രസക്തമാകുന്നത് മഹത്തായ ലക്ഷ്യവും പതറാത്ത ചുവടുകളുമാണെന്ന് നിങ്ങള്‍ പഠിപ്പിച്ചു. ഗ്രാന്മ ഒരു കപ്പലോ പത്രമോ ആയിരുന്നില്ല. ഒരു വിളിക്ക് ഒരു ജനതയെ അണിനിരത്തിയ ചൂളമായിരുന്നു. ഓര്‍ക്കുക, വെറും പന്ത്രണ്ട് കുതിരകളെക്കൊണ്ടാണ് സ്പെയിന്‍കാര്‍ ക്യൂബകീഴടക്കിയത് എന്ന നിന്റെ ഓര്‍മ്മപ്പെടുത്തല്‍ എപ്പോഴേക്കും എവിടേക്കുമുള്ളതായിരുന്നു. അധിനിവേശങ്ങളെല്ലാം അങ്ങനെയായിരുന്നു. തിരിച്ചടികള്‍ക്കും അതേ വീറുമതി.
അമ്പത്തിയേഴു വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു, മഹത്തായ ക്യൂബന്‍ വിപ്ലവത്തിനുശേഷം. ഇക്കാലമത്രയും നീ കാവലിരുന്നു. ഇനിയോ? റൗള്‍ ഒറ്റയ്ക്കാവുമോ? മെക്സിക്കോയില്‍ ആദ്യ വിപ്ലവ സംഘം രൂപികരിക്കുമ്പോള്‍ ഗുവേരകൂടാതെ റൗളായിരുന്നു കൂടെ. ഇനി റൗള്‍ തനിച്ചാകുമോ? ഇല്ലെന്നു നീ ആശ്വസിപ്പിക്കുന്നു. സാന്റിയാഗോ ഡി ക്യൂബയിലെ പ്രശസ്തമായ ആ പ്രസംഗത്തില്‍ നീ പറഞ്ഞു. നവലിബറല്‍ ആഗോളവത്ക്കരണം ശാശ്വതമല്ല. നാം ആഗ്രഹിക്കുന്ന സാര്‍വ്വദേശീയത പടുത്തുയര്‍ത്താനാവും. അതിന് ആശയങ്ങളും സ്വപ്നങ്ങളുമാണ് വേണ്ടത്. അത് നിങ്ങള്‍ക്ക് മഹത്തായ ക്യൂബയിലെ ജനങ്ങള്‍ക്കു സാധ്യമാണ്. അതേ ഗുവേര പറഞ്ഞതുപോലെ എല്ലാവരും എപ്പോഴും കൂടെയുണ്ടെങ്കില്‍.
നിങ്ങള്‍തന്നെ, നിങ്ങള്‍ ,ചെയ്യും എന്ന ആ വാക്കുകള്‍ വലിയ അളവിലുള്ള ഊര്‍ജ്ജമാണ് നല്‍കുന്നത്. സ്വന്തം ജനതയില്‍ ഇത്രമാത്രം വിശ്വാസമര്‍പ്പിച്ച നേതാക്കളുണ്ടോ? ആ വിശ്വാസവും ഊര്‍ജ്ജവും തേടിയാവണം ഷാവേസ് എപ്പോഴും ഹവാനയിലെത്തി. പിന്നീടിപ്പോള്‍ ഇടയ്ക്കിടയ്ക്ക് മദൂറോയും. ഗാബോ എന്ന മാര്‍ക്വേസ് സോഷ്യലിസ്റ്റ് ക്യൂബയുടെ ആദ്യ വാര്‍ത്താ ഏജന്‍സി രൂപപ്പെടുത്താന്‍ വിപ്ലവാനന്തര നാളുകളില്‍ ഫിദെലിനൊപ്പമെത്തിയതാണ്. ആ സൗഹൃദം രണ്ടു വര്‍ഷം മുമ്പ് ഗാബോ മരിക്കുവോളം തുടര്‍ന്നു. ആത്മാവില്‍ ചേര്ത്താശ്ലേഷിക്കുന്ന സൗഹൃദത്തിന്റെ കാന്തവലയം ലോകത്തെ ഹവാനയിലേക്ക് ത്രസിപ്പിച്ചു.
ഭൂഖണ്ഡങ്ങളെ അടക്കിവാണ യാങ്കികള്ക്കു ഫിദെലിന്റെ താടിയെ ഭയമായിരുന്നു. സ്ഫോടനശക്തിയാര്ന്ന മെരുങ്ങാത്ത ചിന്തകളുടെ വേരിഴകള്പോലെ അതു വിസ്മയിപ്പിച്ചു. ചുരുട്ടുവലിക്കാരനായ അരാജകവാദിയെ അതിന്റെ പുകച്ചുരുളുകളില്‍ അവസാനിപ്പിക്കാമെന്നു ശീതയുദ്ധത്തിന്റെ പെന്റഗണ്‍ തന്ത്രങ്ങള്‍ മെനഞ്ഞത് നൂറോളം തവണ. ചരിത്രത്തിന് സാമ്രാജ്യത്വം നല്കിയ ഫലിതം. രോഗം വിതയ്ക്കുന്നവര്‍ക്കും അതിന്റെ ഇരകള്‍ക്കും ഔഷധവും ശുശ്രൂഷയും നല്‍കാനാവുമെന്ന് കൊച്ചുക്യൂബ ഗൗരവത്തോടെ പഠിപ്പിച്ചു. വിപ്ലവം സഹനവും ത്യാഗവുമെന്ന് തങ്ങളെത്തന്നെ പകുക്കലെന്ന് വന്മതിലുകളുടെ പതനകാലത്തും വേറിട്ട ശബ്ദമാണ് മുഴങ്ങിയത്.
ഇരപിടിയന്‍ വേതാളങ്ങള്‍ക്കു മുന്നില്‍ നിസ്വരായ ജനകോടികളുടെ പതറാത്ത ശിരസ്സായിരുന്നു ഫിദല്‍ കാസ്ത്രോ. ഒരു കൊച്ചുരാജ്യത്തെ താടിക്കാരന് നേതാവ് വന്‍കരകളുടെ നായകനായിരുന്നു. ഇനിയും അതങ്ങനെ തുടരും. കാതോര്‍ക്കാനുള്ള ശബ്ദം. ഓര്‍ത്തുവെയ്ക്കാനുള്ള മുഖം. വരുംകാലത്തിന്റെ നായകന്. അവസാനിക്കാത്ത ചരിത്രമുള്ള എളിയ ജീവിതം.
സഖാവ് ഫിദെല്‍, വേദനിക്കുന്നവരുടെയും നിരാലംബരുടെയും ആത്മമിത്രമേ ലാല്‍സലാം.
26 നവംബര്‍ 2016