അവര്‍ അന്യന്റെ പണംകൊണ്ട് മാളിക പണിതില്ല.
ഉഴവുചാലുകള്‍ കയ്യേറിയില്ല.
വിളവുകള്‍ കൊയ്യുകയോ വിതച്ചവരെ മെതിക്കുകയോ ചെയ്തില്ല.
അവര്‍ കുന്നുകളിടിച്ചില്ല. വയലുകള്‍ നികത്തിയില്ല. സമുദ്രങ്ങള്‍ തരിശാക്കിയില്ല. വനങ്ങള്‍ പകുത്തില്ല. നദികള്‍ വീതംവച്ചില്ല.
അന്യന്റെ വിയര്‍പ്പും രക്തവും കൊള്ളയടിച്ചില്ല. ലക്ഷക്കണക്കിനുകോടിരൂപ വിദേശത്തേക്കു കടത്തിയില്ല.
വായ്പയെടുത്തു കിട്ടാക്കടം വരുത്തിയില്ല.
മക്കളെ വിദേശ സര്‍വ്വകലാശാലകളില്‍ പഠിപ്പിച്ചില്ല
വിലകൂടിയ കാറുകളില്‍ കറങ്ങി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയില്ല.
കൊള്ളക്കാര്‍ക്കുവേണ്ടി നിയമനിര്‍മ്മാണം നടത്തിയില്ല. ഉദ്യോഗസ്ഥര്‍ക്കൊപ്പം കമ്മീഷന് പിരിക്കാനിറങ്ങിയില്ല. എല്ലാവരുടേതുമായ എല്ലാം തന്റെയോ തന്റെ സ്വന്തക്കാരുടേതോ മാത്രമാക്കിയില്ല. പദവികള്‍ക്കു കലഹിച്ചില്ല.
പണോത്സവങ്ങള്ക്കു പകിട്ടേകാന്‍ ആരെയും ബലികൊടുത്തില്ല. സഹോദരരെ കുടിലില്‍നിന്നും തൊഴിലില്‍നിന്നും ഇറക്കിവിട്ടില്ല. എല്ലാം പറിച്ചെടുത്ത് ആരെയും ഒന്നുമില്ലാത്തവരാക്കിയില്ല.
അരുതാത്തു ചെയ്തവരെ ഏതായുധംകൊണ്ടു നേരിടണമെന്നുമാത്രം ഞാനവരോട് തര്‍ക്കിച്ചു. അവര്‍ക്ക് കണ്ണിനു കണ്ണുവേണം. ഞാനാവട്ടെ അടിച്ചമര്‍ത്തപ്പെടുന്ന ക്ഷുഭിതരായ ജനങ്ങളുടെ മുന്നേറ്റം സ്വപ്നം കാണുന്നു.
ഒരേ നയത്തിന്റെ ഇരകള്ക്കിടയില് ചിലര്‍മാത്രം വേര്‍പെടുത്തപ്പെടുന്നു.
അവര്‍ ജീവിതം വാരിച്ചിന്തുന്നു. തീ പിടിച്ച പതാകകള്‍കൊണ്ട് കാടിനെ രക്താഭമാക്കുന്നു. നാട്ടിലെ ശമിക്കാത്ത ക്ഷോഭങ്ങളില്നിന്നു പുറപ്പെട്ട വിമോചനയുദ്ധങ്ങളാണ് നാളെകളുടെ കരുത്തെന്നു ഞങ്ങളവരെ വിളിക്കുന്നു.
തര്ക്കങ്ങള്ക്കെന്തു കാര്യം അനീതിയുടെ തോക്കുകള്‍ തീതുപ്പുമ്പോള്‍?
അവര്‍ ജീവിക്കാന്‍ അര്‍ഹതയില്ലാത്തവരായി. രാജ്യം വെടിയുണ്ടകള്‍കൊണ്ട് അവരെ ബഹുമാനിച്ചു. അവര്‍ക്കു മരണം വിധിച്ചവരോ കൃതഹസ്തര്‍. ആയുധങ്ങളവരുടേത്. നിയമങ്ങളവരുടേത്. ഭരണകൂടം അവരുടേത്. വേട്ടക്കാരുടെ വംശാവലിയില്‍ രാജ്യസ്നേഹികളെന്നു പേരുകൊത്തുന്ന എഴുത്തുളികളവരുടേത്.
ഇതൊരു യുദ്ധമാണെങ്കില്‍ ഞങ്ങള്‍ കൊലയാളികള്‍ക്കും കൊള്ളക്കാര്‍ക്കും കോര്പറേറ്റധികാരികള്ക്കും ഹിംസാത്മക ഭരണകൂടത്തിനും ഒപ്പമല്ല. മുറിവേറ്റ കാടുകള്‍ക്കും നിലവിളിച്ചോടുന്ന ഇരകള്‍ക്കും പരശ്ശതം സമരമുഖങ്ങള്‍ക്കും ഒപ്പമാണ്.
ഭരണകൂടയുദ്ധങ്ങളിലെ ശത്രുപക്ഷം ജനങ്ങളാണ്. ജനങ്ങള്‍ മാത്രം.
ആസാദ്
25 നവംബര്‍ 2016