സമീപകാല സാമ്പത്തിക പരീക്ഷണങ്ങള്‍ നമ്മുടെ അടിത്തട്ടു ജീവിതങ്ങളെ ദുരിതങ്ങളിലേക്കും അവരുടെ സാമ്പത്തിക വ്യവഹാരങ്ങളെ വലിയ പ്രതിസന്ധിയിലേക്കും എത്തിച്ചിരിക്കുന്നു. തൊഴില്‍ ലഭ്യത കുറഞ്ഞു. ചെയ്യുന്ന തൊഴിലിനു വേതനം കിട്ടുന്നില്ല. അങ്ങാടികളിലെ ക്രയവിക്രയമാകെ തടസ്സപ്പെട്ടു. ഇങ്ങനെയൊരു സാഹചര്യത്തില്‍വേണം ചുറ്റുമുള്ള വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനെന്ന കൗശലബുദ്ധിയാണ് കലിക്കറ്റ് സര്‍വ്വകലാശാല പ്രകടിപ്പിച്ചിരിക്കുന്നത്. സര്‍വ്വകലാശാലാ അതിര്‍ത്തിയില്‍ ദേശീയപാതയോടു ചേര്‍ന്നു പതിറ്റാണ്ടുകളായി കച്ചവടം നടത്തുന്ന ഉന്തുവണ്ടിക്കാര്‍ക്ക് അധികൃതര്‍ ഒഴിഞ്ഞുപോകല്‍ നോട്ടീസ് നല്കിയിരിക്കുന്നു.
വഴിയോരത്തു നിലത്തും ഉന്തുവണ്ടികളിലുമായി കച്ചവടം നടത്തിപ്പോരുന്ന പാവപ്പെട്ട മനുഷ്യരെ കയ്യേറ്റക്കാരായി കാണാനും തല്ലിയോടിക്കാനും എപ്പോഴും ഉത്സാഹം കാണിക്കുന്നവരുണ്ട്. അതില്‍ നിയമപാലകരും ഉദ്യോഗസ്ഥരും തെരുവുചട്ടമ്പികളുമെല്ലാം ഉള്‍പ്പെടും. നിയമത്തിന്റെ സംരക്ഷകരായാണ് അവര്‍ അഭിനയിക്കുന്നത്. അത്തരക്കാര്‍ 2010ലെ ശ്രദ്ധേയമായ ഒരു സുപ്രീംകോടതി നിര്‍ദ്ദേശത്തെക്കുറിച്ച് അറിയേണ്ടതുണ്ട്. തെരുവുകച്ചവടക്കാരെല്ലാം കയ്യേറ്റക്കാരാണെന്നോ ഒഴിപ്പിക്കപ്പെടേണ്ടവരാണെന്നോ ഉള്ള ധാരണ മാറണം. വലിയ തോതിലുള്ള ജനപ്പെരുപ്പത്തിന്റെയും തൊഴിലില്ലായ്മയുടെയും പലമട്ടു പുറന്തള്ളലുകളുടെയും ഇരകളാണവരിലേറെയും. താരതമ്യേന കുറഞ്ഞ മുതല്മുടക്കുമതിയാവുന്ന തെരുവുകച്ചവടത്തിലേക്കു നീങ്ങാന്‍ അവര്‍ നിര്‍ബന്ധിതമാവുകയാണ്.. തോന്നുംപോലെ ചൂഷണംചെയ്യാനും പീഡിപ്പിക്കാനും ആട്ടിയകറ്റാനും കഴിയാത്തവിധം അവര്‍ക്കു പരിരക്ഷ ഉറപ്പാകേണ്ടതുണ്ട്. അക്കാര്യത്തിലൂന്നി നിയമനിര്‍മ്മാണം നടത്താന്‍ പാര്‍ലമെന്റ് തയ്യാറാവണം.
സുപ്രീംകോടതിയുടെ നിര്‍ദ്ദേശാനുസരണം യു പി എ ഗവണ്മെന്റ് പ്രൊട്ടക്ഷന്‍ ഓഫ് ലൈവ്ലിഹുഡ് ആന്റ് റഗുലേഷന് ഓഫ് സ്ട്രീറ്റ് വെന്‍ഡിംഗ് ആക്റ്റ് 2012 സെപ്തംബര്‍ 6ന് ലോകസഭയില്‍ അവതരിപ്പിച്ചു. യഥാര്‍ത്ഥത്തില്‍ കോടതിയുടെ ശ്രദ്ധ പതിയുംമുമ്പുതന്നെ ഇത്തരത്തിലൊരു ബില്ലിന്റെ പ്രാരംഭതയ്യാറെടുപ്പുകള് നടന്നിരുന്നു. സ്ട്രീറ്റ് വെന്‍ഡേഴ്സ് പോളിസി 2004ഉം നാഷണല്‍ പോളിസി ഓണ്‍ അര്‍ബന്‍ സ്ട്രീറ്റ് വെന്‍ഡേഴ്സ് 2009ഉം ഈ വഴിയുള്ള പ്രാഥമിക നീക്കങ്ങളായിരുന്നു. 2014 ഫെബ്രുവരിയില്‍ രാജസഭയും അംഗീകരിച്ചശേഷം ആ വര്‍ഷം മാര്‍ച്ച് 4ന് രാഷ്ട്രപതിയുടെ കയ്യൊപ്പു പതിഞ്ഞു നിയമമായി.
സംസ്ഥാനങ്ങളില്‍ ഇതിന്റെ തുടര്‍നടപടിക്രമങ്ങള്‍ നിര്‍വ്വഹിക്കേണ്ടതുണ്ട്.
ഇപ്പോള്‍ പരിമിതമായെങ്കിലും നിയമപരിരക്ഷയുള്ള ജീവിതമേഖലയാണ് തെരുവുകച്ചവടക്കാരുടേത്. ആര്‍ക്കെങ്കിലും ഉണ്ടിരിക്കുമ്പോള്‍ തോന്നുന്ന വിളി മതിയാവില്ല അവരെ ഇറക്കിവിടാന്‍. അവര്‍ക്കു രജിസ്ത്രേഷനോ ലൈസന്‍സോ ഏര്‍പ്പെടുത്താം. ചില നിയന്ത്രണങ്ങള്‍ നിയമത്തിനകത്തു സാധ്യമാണ്. എന്നാല്‍ പകരമിടം അനുവദിക്കാതെ ആട്ടിയോടിക്കാനാവില്ല. കലിക്കറ്റ് സര്‍വ്വകലാശാല പോലെയുള്ള ഒരു സ്ഥാപനത്തിന് ഇക്കാര്യം അറിയതെപോകുന്നതാണ് അത്ഭുതം. ഗവണ്മെന്റിന്റെ കറന്‍സി നിയന്ത്രണത്തിന്റെ ദുരിതം അനുഭവിക്കുന്ന ദിവസങ്ങളിലാണ് ഇങ്ങനെയൊരു ഇരുട്ടടികൂടി കലിക്കറ്റു കാമ്പസിലെ തെരുവുകച്ചവടക്കാരെ തേടിയെത്തിയത്. നവംബര്‍ 17ന് ആസൂത്രണ വികസന വിഭാഗം കര്‍ശന നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.
കലിക്കറ്റു സര്വ്വലാശാലയിലും മറ്റു കാമ്പസുകളിലും പലവിധ കച്ചവടങ്ങള്‍ നടക്കുന്നുണ്ട്. സര്‍വ്വകലാശാലയുടെ ഭൂമി പലവിധ കയ്യേറ്റങ്ങള്‍ക്കും ദുരുപയോഗങ്ങള്‍ക്കും വിധേയമാകുന്നുമുണ്ട്. കാമ്പസില്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും സ്ഥാപനങ്ങളുണ്ട്. സ്വാധീനമുള്ള പലരുടെയും ചെറുകിടകച്ചവട സ്ഥാപനങ്ങളുണ്ട്. ചിലരൊക്കെ അനുവദിച്ച സ്ഥലത്തിലധികം വളച്ചുകെട്ടിയെന്ന ആരോപണമുണ്ട്. അത്തരം കാര്യങ്ങളിലൊന്നും കാണിക്കാത്ത ജാഗ്രതയും നടപടിയും ദുര്‍ബ്ബല വിഭാഗങ്ങളുടെനേരെയാവാം എന്നു വന്നിരിക്കുന്നു. കാമ്പസിലെ ജീവനക്കാരുടെ സംഘടനകള്‍ നടത്തുന്ന കച്ചവടസ്ഥാപനങ്ങളും ഈ ഒഴിപ്പിക്കലിന്റെ ഗുണഭോക്താക്കളാണ്.
തേഞ്ഞിപ്പലം വാസികളുടെ കയ്യില്‍നിന്ന് ആയിരത്തോളം ഏക്കര്‍ ഭൂമി 1968ല്‍ ഏറ്റെടുത്തത് വിദ്യാഭ്യാസ ആവശ്യത്തിനാണ്. ആ ആവശ്യത്തിന് അതുപയോഗിക്കുന്നില്ലെങ്കില്‍ തിരിച്ചുകൊടുക്കാനുള്ള ബാധ്യതയുണ്ട്. എന്നാല്‍ നൂറുകണക്കിനേക്കര്‍ ഭൂമി മറ്റാവശ്യങ്ങള്‍ക്കു നല്‍കുകയായിരുന്നു. കിന്‍ഫ്രയുടെ ഭക്ഷ്യ സംസ്ക്കരണ യൂണിറ്റിനു നല്കിയ ഭൂമിയില്‍ മാരകമായ വിഷരാസ പദാര്ത്ഥങ്ങളുപയോഗിക്കുന്ന റെഡ് കാറ്റഗറിയില്‍ പെട്ട സ്വര്‍ണാഭരണ നിര്മാണശാലകൂടി ഭീഷണിയുയര്‍ത്തിയിരിക്കുന്നു. ഇതിനെതിരെ ജനങ്ങളാകെ രണ്ടു വര്‍ഷത്തോളമായി സമരരംഗത്താണ്. ഈ അപായകരമായ കടന്നുകയറ്റത്തിന്റെ ധാര്‍മികമായ ഉത്തരവാദിത്തം സര്‍വ്വകലാശാലയ്ക്കാണ്. ഒരു ഭാഗത്ത് ഇത്തരം അതിക്രമങ്ങള്‍ അരങ്ങേറുമ്പോഴാണ് പലവിധ ആവശ്യങ്ങളുമായി സര്‍വ്വകലാശാലയിലെത്തുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സഹായകമാവുന്ന തെരുവുകച്ചവടക്കാരോടുള്ള കണക്കുതീര്‍ക്കല്‍.
തെരുവുകച്ചവടക്കാക്കു പ്രത്യേക ഇടമനുവദിക്കുകയോ നിബന്ധനകള്‍ മുന്നോട്ടുവയ്ക്കുകയോ ആവാം. നിയമത്തിന്റെ പരിധിക്കകത്തു വേണം പ്രവര്‍ത്തിക്കാന്‍. ഇപ്പോഴാവട്ടെ, വഴിയോര കച്ചവടത്തൊഴിലാളികള്ക്കു സംഘടനകളുമുണ്ട്. വഴിയോരക്കച്ചവട തൊഴിലാളി ഫെഡറേഷന്റെ പ്രസിഡണ്ടുകൂടിയായ ഡോ. കെ എസ് പ്രദീപ്കുമാറിന്റെ വഴിവാണിഭത്തിന്റെ സാമൂഹിക സാമ്പത്തിക സവിശേഷതകള്‍ സംബന്ധിച്ച അക്കാദമിക പഠനം(ഇന്റര്‍ നാഷണല്‍ ജേണല്‍ ഓഫ് മാനേജ്മെന്റ് ആന്റ് കൊമേഴ്സ് ഇന്നൊവേഷന്‍സ്) ശ്രദ്ധേയമാണ്. ചെറുകിട വ്യാപാരരംഗം പാപ്പരാവുകയും വഴിവാണിഭസംരംഭങ്ങള് പെരുകുകയും ചെയ്യുന്നത് നവലിബറല്‍ പരിഷ്ക്കാരങ്ങളുടെ ഫലമായാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. തുച്ഛമായ വരുമാനവും കടക്കെണിയുമായി കഴിയുന്ന വലിയ വിഭാഗമുണ്ട്. അവര്‍ക്കു സാമൂഹികമായ പരിരക്ഷ കിട്ടണം. പ്രദീപിന്റെ സര്‍വ്വേയും പഠനവും കലിക്കറ്റ് സര്‍വ്വകലാശാലാ അധികൃതര്‍ പഠിക്കേണ്ടതുണ്ട്.
ഏതൊരു വികസനസംരംഭത്തിലും ഏറ്റവുമേറെ പരിക്കേല്‍ക്കുന്ന വിഭാഗവും എന്നാല്‍ നഷ്ടങ്ങളുടെ കണക്കില്‍ തീരെ ഉള്‍പ്പെടാതെ പോകുന്നവരുമാണ് വഴിവാണിഭക്കാര്‍. അവരെയാരും ഇരകളായി പരിഗണിച്ചില്ല. നഷ്ടപരിഹാരം നല്കിപ്പോന്നുമില്ല. ദേശീയപാതാ വികസനത്തിലും ഏറ്റവും നഷ്ടമനുഭവിക്കുന്ന കൂട്ടരാണവര്. അരുതാത്തതു ചെയ്യുന്നവരെന്ന കുറ്റബോധം അവരില്‍ മുളപ്പിക്കാന്‍ നമ്മുടെ പൊതുബോധത്തിനു കഴിഞ്ഞിട്ടുണ്ട്. അതിനാല്‍ ഒഴിപ്പിക്കലുകള്‍ എപ്പോഴും എളുപ്പമാണ്. എന്നാല്‍ 2010ലെ സുപ്രീംകോടതി വിധിയും 2014ലെ സ്ട്രീറ്റ് വെന്‍ഡേഴ്സ് ആക്റ്റും കാര്യങ്ങളാകെ മാറ്റി മറിച്ചിട്ടുണ്ട്. ഏറ്റവും നിസ്വരായ മനുഷ്യര്‍ക്കു നിയമപരിരക്ഷയുണ്ട് എന്നത് തീര്‍ച്ചയായും അവരുടെ അഭിമാനവും ആത്മവിശ്വാസവും ഉയര്‍ത്തേണ്ടതുണ്ട്. അറിവുള്ളവരുടെ സര്‍വ്വകലാശാലകള്‍ അവരെ തിരിച്ചറിയണം. മനുഷ്യാവകാശങ്ങളെ ചവിട്ടിമെതിക്കരുത്.
20 നവംബര്‍ 2016
(ഓരം പംക്തി. മംഗളം ദിനപത്രം 21 നവംബര്‍ 2016)