രാജ്യം കലാപങ്ങളുടെ വക്കിലാണെന്നു സുപ്രീംകോടതി മുന്നറിയിപ്പു നല്കിയിരിക്കുന്നു. ഇത് അസാധാരണമായ ഒരു സാഹചര്യമാണ്. ജനങ്ങളനുഭവിക്കുന്ന ദുരിതവും ഗവണ്മെന്റിന്റെ നിഷ്ക്രിയത്വവും കോടതി കണ്ടറിഞ്ഞിരിക്കുന്നു. നോട്ടുകള്‍ അസാധുവാക്കിയതിനെതിരെ ജനങ്ങള്‍ കോടതികളെ സമീപിക്കുന്നത് വിലക്കണമെന്ന ഗവണ്മെന്റിന്റെ ആവശ്യം പരിഗണിക്കപ്പെട്ടില്ല. അതേസമയം ജനരോഷമിരട്ടിപ്പിക്കുംവിധം സമ്പന്നരുടെ കിട്ടാക്കടം നിഷ്ക്രിയ ആസ്തിയെന്നപേരില് തിരിച്ചുപിടിക്കല്നടപടികളില്നിന്നു മാറ്റിയതു സംബന്ധിച്ച സന്ദേഹങ്ങള്‍ പ്രസക്തമാണെന്നു കോടതി സൂചിപ്പിക്കുകയും ചെയ്തു. അത്തരം കടങ്ങള്‍ തിരിച്ചുപിടിക്കാന്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്നു വ്യക്തമാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
സുപ്രീംകോടതിയുടെ വിമര്‍ശനം ഉള്‍ക്കൊള്ളാന്‍ ഗവണ്മെന്റ് തയ്യാറാവണം. നീതിക്കുവേണ്ടി ജനങ്ങള്‍ വാതിലില്‍ മുട്ടുമ്പോള്‍ അതടച്ചിടാനാവില്ലെന്ന ഉന്നതമായ നീതിബോധം കോടതി പ്രകടിപ്പിച്ചിരിക്കുന്നു. ഈ തിരിച്ചറിവ് നമ്മുടെ ഭരണകൂടത്തിന് നഷ്ടമായതാണ് ഏറ്റവും ഖേദകരം. തങ്ങളുടെ സമ്പാദ്യവും ജീവിതവും കൈവിട്ടുപോകുന്നുവെന്ന ഭീതി സാധാരണക്കാരില്‍ പടരുന്നു. കൈവശം സൂക്ഷിച്ച കുറഞ്ഞ നീക്കിയിരിപ്പുപണത്തിലെ അസാധുനോട്ടുകള്‍ മാറ്റാന്‍ പലവട്ടമായി തുടര്‍ച്ചയായ ദിവസങ്ങളില്‍ ബാങ്കുകള്‍ക്കുമുന്നില്‍ വരി നില്‍ക്കേണ്ടി വരുന്നു. തൊഴിലിനു പോകാനാവുന്നില്ല. തൊഴിലെടുപ്പിക്കുന്നവര്ക്കു നോട്ടുകളുടെ ദൗര്‍ലഭ്യം കാരണം കൂലി നല്‍കാനുമാവുന്നില്ല. അടിത്തട്ടു ജീവിത വ്യവഹാരങ്ങള്‍ നിലച്ചമട്ടാണ്. വലിയ മാളുകളില്‍ ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡുകള്‍ നല്കി നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ സാധാരണക്കാര്‍ക്കു കഴിയുന്നില്ല.
ഉയര്‍ന്ന വരുമാനവും നിക്ഷേപവുമുള്ളവര് സംരക്ഷിക്കപ്പെടുന്നു. അവര്‍ക്കു മുന്നില്‍ സാധ്യതകളുണ്ട്. ദുര്‍ബ്ബല സമൂഹം രാജ്യത്തിന്റെ ഭാവിക്കുവേണ്ടി ത്യാഗം ചെയ്യണമെന്നാണ് ഗവണ്മെന്റ് ആവശ്യപ്പെടുന്നത്. എല്ലായ്പ്പോഴും എല്ലാം നഷ്ടമാകുന്നത് അവര്‍ക്കുതന്നെയാണ്. പിച്ചച്ചട്ടിയിലെ പണം കയ്യിട്ടുവാരി കോര്‍പറേറ്റ് യാചകര്‍ക്കു സംഭാവന ചെയ്യുന്ന ഹീനകര്മ്മത്തിനാണ് നാമിപ്പോള്‍ വികസനമെന്നു പറയുന്നത്. മൂല്യമുള്ള കറന്‍സിയുടെ പിന്‍വലിക്കല്‍മൂലം ഇപ്പോള്‍ രൂപപ്പെട്ട പ്രതിസന്ധിയുടെയും ഗുണഭോക്താക്കള്‍ ധനികന്യൂനപക്ഷമാണ്. ഗ്രാമീണജീവിതത്തിന്റെ വിയര്‍പ്പുതുള്ളികളെ കോര്പ്പറേറ്റുസഹായ ബാങ്കുകളിലേക്കു ചാലിട്ടൊഴുക്കുന്ന മഹാകാര്യമാണ് നാം കാണുന്നത്. തങ്ങളെ ആ ചാലിലേക്കു തുറന്നുവിടാനാണ് പാവപ്പെട്ട ജനത വരിവരിയായി നിന്നു വിയര്‍ക്കുന്നത്. ആ വരിയില്‍ സമ്പന്നരെയൊന്നും കാണുന്നില്ലല്ലോ എന്ന ആശങ്കക്കെന്ത് അര്‍ത്ഥമാണുള്ളത്?
ജനങ്ങളുടെ പണം ഗ്രാമീണമേഖലകളില്തന്നെ വട്ടംചുറ്റാനിടയാക്കുന്ന സകല ക്രയവിക്രയങ്ങളെയും പൊളിച്ചടുക്കിയേ പുതിയ മുതലാളിത്തത്തിനു ദൗത്യം പൂര്‍ത്തിയാക്കാനാവൂ. ഗ്രാമീണ സമ്പദ് വ്യവഹാരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സഹകരണസംരംഭങ്ങള്‍ നിലനില്‍ക്കുന്നത് കോര്‍പറേറ്റാശ്രിത അധികാര വ്യവസ്ഥയ്ക്ക് സഹിക്കാനാവില്ല. സമാന്തരവും സോഷ്യലിസ്റ്റ് സ്വഭാവമാര്‍ന്നതുമായ വ്യവഹാരങ്ങളെ പിഴുതെറിയാതെ നവകോളനീകരണത്തിന്റെ ലക്ഷ്യം പൂര്‍ണമാവില്ലല്ലോ. നരേന്ദ്രമോഡി സര്‍ക്കാര്‍ തങ്ങളുടെ അടിസ്ഥാന പ്രതിബദ്ധത കോര്പറേറ്റുകളോടാണെന്നു സംശയമേതുമില്ലാതെ പ്രഖ്യാപിക്കുകയാണ്. എല്ലാ യുദ്ധങ്ങളും ദുരന്തങ്ങളും ജനങ്ങളുടെ നന്മയ്ക്കെന്ന മുഖക്കുറിപ്പോടെ മാത്രമേ അരങ്ങേറിയിട്ടുള്ളു. ഇപ്പോഴും അതങ്ങനെത്തന്നെ.
സഹകരണമേഖലയെ തൊടുമ്പോഴേ നമ്മുടെ അധികാരബദ്ധരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കു പൊള്ളുന്നുള്ളു എന്നത് അത്ര സുഖകരമായ കാര്യമല്ല. ഈ പരിഷ്ക്കാരങ്ങള്‍ക്കു നിദാനമായ കള്ളപ്പണവേട്ടയുടെ നിജസ്ഥിതിയും സമീപനത്തിലെ സത്യസന്ധതയും അവര്തുറന്നുകാട്ടുന്നില്ല. അഴിമതിയുടെയും കള്ളപ്പണത്തിന്റെയും കുത്തൊഴുക്കിനിടയാക്കിയ നവലിബറല്‍ വികസന പരിഷ്ക്കാരങ്ങളോട് രാജിയാവാനാണ് താല്‍പ്പര്യം. ഒരേസമയം കോര്‍പറേറ്റ് മൂലധനാഭിനിവേശത്തെ പുണരാനും ഗ്രാമീണ സമ്പദ്ക്രമത്തെ താലോലിക്കാനുമാവണം എന്ന മൂഢസ്വപ്നമാണവരുടേത്. രണ്ടും കൈവിട്ടുകൂടാ. കോര്‍പറേറ്റു വേഴ്ച്ചയുടെ സുഖാനുഭവങ്ങളെ ഗ്രാമീണവും ശൃംഖലാബദ്ധവുമായ രാഷ്ട്രീയ ധനാധികാരത്തിന്റെ പകിട്ടാക്കി മാറ്റാനാണ് അവര്‍ക്കു താല്‍പ്പര്യം. രാഷ്ട്രീയ മുതലാളിത്തത്തിന്റെ സ്വകാര്യ നിക്ഷേപത്തെയാണ് കോര്‍പറേറ്റ് മുതലാളിത്തം ഉന്നംവെക്കുന്നതെന്നര്ത്ഥം.
രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ആത്മാര്‍ത്ഥത തെളിയിക്കേണ്ടത് തങ്ങളുടെ നിലപാട് പ്രഖ്യാപിച്ചുകൊണ്ടാവണം. അമിതമായ കോര്പറേറ്റ്വല്ക്കരണത്തിന് വഴിതുറക്കുന്ന പുറന്തള്ളല്‍ വികസനത്തോട് അവരെടുത്തുപോന്ന അനുഭാവനിലപാടുകള് മാറ്റാന്‍ തയ്യാറുണ്ടോ? അതു മാറ്റാതെ അതിന്റെ പാര്‍ശ്വഫലങ്ങളായ അഴിമതി/കള്ളപ്പണരോഗങ്ങളെ താല്‍ക്കാലിക വേദനസംഹാരികള്കൊണ്ടു നേരിടാനാണോ ഭാവം? നവമുതലാളിത്തം അടിച്ചേല്‍പ്പിക്കുന്ന പുറന്തള്ളല്‍ വികസനത്തിനെതിരെ ജനങ്ങള്‍ നടത്തിവരുന്ന പ്രക്ഷോഭങ്ങളോടു ഐക്യപ്പെടാനും അതിലണിചേരാനും വൈകിയ വേളയിലെങ്കിലും ഇടതുപക്ഷ ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തയ്യാറാവുമോ? അതോ കള്ളപ്പണത്തിനും അഴിമതിക്കും ഇടയാക്കുന്ന കോര്പറേറ്റ്താല്പ്പര്യങ്ങള്ക്കു കുഴലൂതുമോ? ഈ ചോദ്യത്തിന് ഉത്തരംകിട്ടുമ്പോള്‍ മാത്രമേ നിങ്ങള്‍ ജനപക്ഷത്തുണ്ടെന്ന് ഉറപ്പിക്കാനാവൂ. അല്ലാത്ത പക്ഷം റിസര്‍വ്വ് ബാങ്കിനുമുന്നില്‍ നടത്തിയ പ്രക്ഷോഭംപോലും സംശയാസ്പദമായിത്തീരും.
കുറെകാലമായി ജനങ്ങള്‍ അനുഭവത്തിലൂടെ പഠിച്ച പാഠമുണ്ട്. എപ്പോഴും ഏത് പരിഷ്ക്കാരത്തിന്റെ പേരിലും വേട്ടയാടപ്പെടുന്നത് അവരാണ്. വാള്‍സ്ട്രീറ്റ് പ്രഖ്യാപിച്ച തൊണ്ണൂറ്റൊമ്പത് ശതമാനത്തിന്റെ പക്ഷം. അവര്ക്കൊപ്പമുണ്ടായിട്ടില്ല ഒരു രാഷ്ട്രീയമുന്നണിയും. ഇപ്പോഴത്തെ, ജനങ്ങള്‍ക്കെതിരായ ഭരണകൂട യുദ്ധത്തിലും സ്ഥാപിത താല്‍പ്പര്യങ്ങളുടെ പ്രേരണമാത്രമേ മുന്നണികള്‍ പ്രകടിപ്പിക്കുന്നുള്ളു. അതിനപ്പുറമുള്ള തിരുത്തലിനു അടിമുടിയുള്ള മാറ്റിപ്പണിയല്‍ ആവശ്യമായി വരും. തയ്യാറുണ്ടോ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍? നവലിബറല്‍ കൈത്താങ്ങുകളുപേക്ഷിച്ചു നിസ്വപക്ഷം ചേരാനാവുമോ നിങ്ങള്‍ക്ക്?
19 നവംബര്‍ 2016
“സഹകരണമേഖലയെ തൊടുമ്പോഴേ നമ്മുടെ അധികാരബദ്ധരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കു പൊള്ളുന്നുള്ളു എന്നത് അത്ര സുഖകരമായ കാര്യമല്ല” സമചിത്തത നഷ്ടപ്പെട്ട ഒരു ഭരണാധികാരിയും അയ്യാളുടെ കൂട്ടാളികളും ചേർന്ന് രാജ്യത്തെ മൊത്തം സാധാരണക്കാരുടെയും ജീവിതം ദുസ്സഹമാക്കി കോർപ്പറേറ്റുകളുടെ വായിലേക്കെറിഞ്ഞു കൊടുത്തുകൊണ്ടിരിക്കുമ്പോൾ ഡൽഹി മുഖ്യമന്ത്രി കെജ്രിവാളും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും തെരുവിലിറങ്ങിയത് നോട്ട് പിൻവലി ച്ചതിനെതിരെ മൊത്തം ഇന്ത്യാക്കാർക്കും വേണ്ടിയായിരുന്നു. എന്നാൽ കേരള മുഖ്യമന്ത്രിക്കും സഹമന്ത്രിമാരും ഒരു ദിവസം ഉപവസിച്ചതാകട്ടെ തങ്ങളുടെ നിയന്ത്രണത്തിലുള്ള കേരളത്തിലെ സഹകരണസ്ഥാപനങ്ങളെ മാത്രം ഒഴിവാക്കണമെന്ന പരിമിതമായ ലക്ഷ്യത്തിനുവേണ്ടി മാത്രമായിരുന്നു. ഇതാണ് ശരിക്കും ആശങ്കയുണ്ടാക്കുന്നത്.
LikeLike
മോഡി മുടെ ഈ സംരഭം പരാ ജയപ്പെടാതിരിക്കേണ്ടത് ഇനി ഓരോ പൗരന്റെയും കടമയാണ് അല്ലെങ്കിൽ വിജയിക്കുന്നത് ഈ രാജ്യത്തെ കള്ള പണക്കാർ ആയിരിക്കും
പിന്നെ കലാപം! അത് ഈ തീരുമാനം എടുക്കുന്നതിന് മുൻപ് മോഡി മുന്ന് സേനാനായകൻമാരെ കണ്ടത് ചായക്ക് ക്ഷണിക്കാനാവില്ലല്ലോ
ഒരു അഭ്യന്തര കലാപം എങ്ങിനെ നേരിടണം എന്ന ഒരു യോഗം രാഷടത്തിനുണ്ടെങ്കിൽ :iiiii
LikeLike