Article POLITICS

മോഡിയുടേത് ജനജീവിതം സ്തംഭിപ്പിക്കുന്ന കണ്ണുകെട്ടിക്കളി

bank-atm

 

രാജ്യം നേരിടുന്ന സാമ്പത്തികക്കുഴപ്പങ്ങള്‍ക്ക് ഒരൊറ്റമൂലി ലഭിച്ചുവെന്ന ആശ്വാസമാണ്, അഞ്ഞൂറ്, ആയിരം രൂപനോട്ടുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്നുള്ള ചര്‍ച്ചകളില്‍ പലരും ഉന്നയിച്ചുകാണുന്നത്. കണക്കില്ലാതെ പ്രവഹിക്കുന്ന കള്ളപ്പണത്തിനു തടയിടാനും സമാന്തര സാമ്പത്തികവ്യവഹാരങ്ങളെ നിയന്ത്രിക്കാനും ഇതോടെ സാധ്യമാകുമെന്ന ശുഭപ്രതീക്ഷ പലരും വച്ചുപുലര്‍ത്തുന്നു. ദൈനംദിനജീവിതം താറുമാറായിട്ടും വലിയ ബഹളമോ പ്രതിഷേധമോ ഉയര്‍ന്നുവരാത്തത് അതിനാലാണെന്ന് അവരാശ്വസിക്കുന്നുമുണ്ട്. അപ്രതീക്ഷിതമായ ആഘാതത്തിനു മുന്നില്‍ സ്തംഭിച്ചുപോയ ഒരു ജനതയെ, ത്യാഗസന്നദ്ധതയുടെ പേരില്‍ അനുമോദിക്കാന്‍ ധൃതിപ്പെടേണ്ടതില്ല. ഇതേനില തുടരുകയാണെങ്കില്‍ വരുംനാളുകളില്‍ അവരുടെ സഹനശേഷി കുറഞ്ഞുവെന്നുവരാം. ഇപ്പോള്‍തന്നെ ക്ഷമനശിച്ച ആള്‍ക്കൂട്ടം അക്രമാസക്തരായെന്നും ബാങ്ക്ചില്ലുകള്‍ തകര്‍ത്തുവെന്നും മറ്റുമുള്ള വാര്‍ത്തകള്‍ വന്നു തുടങ്ങിയിട്ടുണ്ട്. മധ്യപ്രദേശിലാകട്ടെ, ആഹാരംവാങ്ങാന്‍ പണമില്ലാതെ ഗ്രാമീണര്‍ റേഷന്‍കട അക്രമിച്ചു സാധനങ്ങള്‍ കൊണ്ടുപോയിരിക്കുന്നു.

പഴയ നോട്ടുകളുടെ മൂല്യമില്ലാതാവുകയും പുതിയതു കിട്ടാതിരിക്കുകയും ചെയ്യുന്ന സാഹചര്യം ജീവിതത്തിന്റെ എല്ലാ ക്രമങ്ങളെയും പിടിച്ചുലയ്ക്കുന്നുണ്ട്. ക്രയവിക്രയങ്ങളെല്ലാം നിലയ്ക്കുന്നു. പണവിനിമയം കുറയുന്നതോടെ തൊഴില്‍ വ്യാപാര മേഖലകളാകെ നിശ്ചലമാകുന്നു. തൊഴിലിനു കൂലികിട്ടുന്നില്ലെന്നു മാത്രമല്ല തൊഴില്‍തന്നെ ഇല്ലാതാവുന്നു. മുഴുവന്‍ സമയവും ബാങ്കിനു മുന്നില്‍ ക്യൂ നിന്നാല്‍ കയ്യില്‍ പണമുള്ളവര്‍ക്കേ അതു മാറ്റാനാവൂ. തൊഴിലോ കൂലിയോ ഭക്ഷണമോ ചികിത്സയോ കിട്ടാതെ വലയുന്നവര്‍ ഏറെയാണ്. സമൂഹത്തിലെ ഏറ്റവും ദുര്‍ബ്ബല വിഭാഗങ്ങളെ കണക്കിലെടുത്തു വേണമായിരുന്നു ഇത്തരമൊരു പരീക്ഷണത്തിനു മുതിരുന്നത്.

പുതിയ രണ്ടായിരം രൂപാനോട്ടുകള്‍ നിലവിലുള്ള എടിഎംസാങ്കേതികതയോടു സഹകരിക്കുന്ന വിധത്തിലുള്ളതല്ലെന്ന് ഇപ്പോള്‍ മാത്രമാണ് അധികാരികള്‍ മനസ്സിലാക്കുന്നത്. ആ ദൗര്‍ബല്യം പരിഹരിക്കാന്‍ ഇനിയും ദിവസങ്ങളെടുക്കും. അതുവരെ പരിമിതമായ തോതില്‍ നൂറും അമ്പതും രൂപാ നോട്ടുകളേ ലഭ്യമാകൂ. ആവശ്യാനുസരണം അവയെത്തിക്കുന്നതിലും തികഞ്ഞ പരാജയമാണ് സര്‍ക്കാറിനുണ്ടായത്. എടിഎം സേവനം ദിവസത്തില്‍ വളരെ കുറച്ചുസമയം മാത്രമേ കിട്ടൂ. ചുരുക്കത്തില്‍, പ്രതീക്ഷയും കാത്തിരിപ്പും മോഹവും നിരാശയും നിറഞ്ഞ വൈകാരികസംഘര്‍ഷങ്ങളുടെ പകലുകളിലേക്കാണ് ദിവസവും രാജ്യം ഉണരുന്നത്.

ഇത്രയും പ്രധാനമായ തീരുമാനം, ആവശ്യമായ മുന്നൊരുക്കങ്ങള്‍കൂടാതെ സ്വീകരിച്ചതെന്തിനെന്നു വ്യക്തമല്ല. ലഘുവോ സങ്കുചിതമോ ആയ താല്‍പ്പര്യങ്ങളാവില്ല ഗവണ്‍മെന്റിന്റേതെന്നു ധരിക്കാനാണ് നാമെല്ലാം ഇഷ്ടപ്പെടുന്നത്. എന്നാല്‍, ഈ തീരുമാനം പ്രഖ്യാപിക്കുന്നതിനു മുമ്പുള്ള മണിക്കൂറുകളില്‍ ദുരൂഹമായ ധനവിനിമയം നടന്നുവെന്ന വാര്‍ത്തകള്‍ സംശയം ജനിപ്പിക്കുന്നതാണ്. ഭരണകക്ഷിയായ ബിജെപിയുടെ ഇടപെടലുകളെക്കുറിച്ചു ആരോപണമുയര്‍ന്നിരിക്കുന്നു. താല്‍ക്കാലികവും ചെറുതുമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കപ്പുറം രാജ്യതാല്‍പ്പര്യം കണ്ടിരുന്നുവെങ്കില്‍ സാമ്പത്തികനയത്തിന്റെ അപാകതകള്‍ പരിഹരിക്കുകയായിരുന്നു ആദ്യം ചെയ്യേണ്ടിയിരുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് ബിജെപി മുന്നോട്ടുവച്ച വാഗ്ദാനങ്ങളിലൊന്ന് സ്വിസ്ബാങ്കിലും മറ്റുമായി സ്വരൂപിക്കപ്പെട്ട കള്ളപ്പണം പുറത്തുകൊണ്ടുവരുമെന്നതായിരുന്നു. അത് എല്ലാ പൗരന്മാരുടെയും ക്ഷേമത്തിനുവേണ്ടി ഉപയോഗിക്കുമെന്നോ എല്ലാവര്‍ക്കുമായി വീതിച്ചേക്കുമെന്നോ ധരിച്ചവരുണ്ട്. എന്നാല്‍, വിദേശത്തു കള്ളപ്പണം സൂക്ഷിക്കുന്നവരുടെ പേരുവിവരം സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുപോലും ഗവണ്‍മെന്റു നല്‍കിയില്ല. ആയിരക്കണക്കിനു കോടിരൂപ കൊള്ളയടിച്ചവരുടെ പേരുവിവരം പുറത്തുവിടാനുള്ള വിമുഖത ഗവണ്‍മെന്റിന്റെ താല്‍പ്പര്യം സംശയാസ്പദമാക്കുന്നു. ഇതോടൊപ്പം കാണേണ്ട ചിത്രമാണ് നമ്മുടെ പൊതുമേഖലാബാങ്കുകള്‍ കൊള്ളയടിക്കാനുള്ള സൗകര്യം വന്‍കിടലോബികള്‍ക്കു ലഭിച്ചത്.

കഴിഞ്ഞ വര്‍ഷം നമ്മുടെ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 2,85,748 കോടി രൂപയായിരുന്നു. 2016 ജൂണായപ്പോഴേക്കും അത് 5,71,443 ആയിയുയര്‍ന്നു. സ്വകാര്യ ബാങ്കുകളിലാവട്ടെ, കിട്ടാക്കടം 34,805 കോടി രൂപയുണ്ടായിരുന്നത് 58.331 കോടിയായി വര്‍ദ്ധിച്ചു. 2012 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തികവര്‍ഷം നമ്മുടെ പൊതുമേഖലാ ബാങ്കുകളില്‍ 15,551കോടി രൂപയുടെ കിട്ടാകടം കുടിശ്ശികയായിരുന്നു. 2015 മാര്‍ച്ചിലവസാനിക്കുന്ന സാമ്പത്തികവര്‍ഷമാകട്ടെ, അത് 52,542 കോടി രൂപയായി. അതിവേഗമാണ് കിട്ടാക്കടത്തിന്റെ നിരക്ക് കുതിച്ചുയരുന്നത്. ഇതിന്റെ ഭൂരിഭാഗവും വന്‍കിട ധനാഢ്യതുടെ നിക്ഷേപത്തിലേക്കാണ് ഒഴുകിയത്. 2015ല്‍ അവസാനിക്കുന്ന ദശകത്തില്‍ 2.11 ലക്ഷം കോടിരൂപ ബാങ്കുകള്‍ എഴുതിത്തള്ളി. ഇതില്‍ പകുതിയിലേറെയും (1,14,182 കോടി രൂപ) അവസാന രണ്ടു വര്‍ഷങ്ങളിലാണ് സംഭവിച്ചത്. വലിയ കോര്‍പറേറ്റുകളെ അവ്വിധം നിലനിര്‍ത്താന്‍ നമ്മുടെ നികുതിപ്പണത്തിന്റെ സിംഹഭാഗവും അപഹരിക്കപ്പെടുന്നു. എഴുതിത്തള്ളിയ നൂറുകോടിയോ അതിലധികമോ ഉള്ള പണത്തിന്റെ ഗുണഭോക്താക്കള്‍ ആരെല്ലാമാണെന്ന വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് മറുപടിയുണ്ടായില്ലെന്ന് 2016 ഫെബ്രുവരി 9ന് ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖകന്‍ വെളിപ്പെടുത്തിയിരുന്നു.
.
ഗുണഫലം അനുഭവിച്ചത് രാജ്യത്തെ സാധാരണക്കാരോ അതീവ ദരിദ്രരോ അല്ല. അവരെടുത്ത കടത്തിന് അവര്‍ നിരന്തരമായി വേട്ടയാടപ്പെട്ടു. രണ്ടു കൂട്ടരും കടമെടുത്തത് ഇന്ത്യയിലെ പൗരജനതയുടെ പൊതു സ്വത്തില്‍നിന്നാണ്. അടിതെറ്റി വീഴാതിരിക്കാന്‍ ഒരൂന്നുവടിയായാണ് ദരിദ്ര കര്‍ഷകസമൂഹം ലോണുകളെ ആശ്രയിക്കുന്നത്. കാലാവസ്ഥാ വ്യതിയാനംകൊണ്ടും മറ്റും കാര്‍ഷികോത്പാദനം വേണ്ടതുപോലെ സാധ്യമായില്ലെങ്കില്‍ അവരുടെ തിരിച്ചടവാണ് അവതാളത്തിലാവുന്നത്. അതൊന്നും പക്ഷെ കാണാനോ കേള്‍ക്കാനോ ജനാധിപത്യരാജ്യത്തിലെ ഭരണകൂടം സന്നദ്ധമാവാറില്ല.

സ്വന്തം ആസ്തി വര്‍ദ്ധിപ്പിക്കാന്‍ ബാങ്കുകളില്‍നിന്നു കോടികള്‍ കടമെടുക്കുന്നവര്‍ രാജ്യത്തിന്റെ വികസനത്തിനുവേണ്ടി ചെയ്യുന്ന ത്യാഗത്തിന്റെ പേരില്‍ വാഴ്ത്തപ്പെടുന്നു. അവരുടെ നഷ്ടം ദേശീയ നഷ്ടമാകുന്നു! ദരിദ്രരും സാധാരണക്കാരുമായ മനുഷ്യരുടെ സേവനവും ത്യാഗവും ദേശീയ വികസനത്തിന്റെ കണക്കില്‍ ഉള്‍പ്പെടാറില്ല. അതിനാല്‍ ഒരു ലക്ഷത്തില്‍താഴെ മാത്രം കടമെടുത്തു തിരിച്ചടയ്ക്കാനാവാതെ വന്നാല്‍പോലും നിയമപരമായ നടപടികള്‍ക്കു വിധേയരാവണം. കാര്‍ഷികലോണിന്റെയും വിദ്യാഭ്യാസ ലോണിന്റെയുമെല്ലാം ബാക്കിപത്രമതാണ്. വായ്പയെടുത്ത തെറ്റിന് ആരെയും ആത്മഹത്യയിലേക്കു എടുത്തെറിയാന്‍ ഭരണകൂടത്തിന് മടിയില്ല. ഇക്കാര്യമെല്ലാം വ്യക്തമാക്കുന്നത് രണ്ടു പാത്രത്തില്‍ വിളമ്പുകയും രണ്ടു നീതി അനുവദിക്കുകയും ചെയ്യുന്ന ഭരണകൂടത്തിന് ഏതു നടപടിയിലും ഒരു പക്ഷപാതമുണ്ടാകുമെന്നാണ്.

മിക്കപ്പോഴും സര്‍ക്കര്‍ വിശദീകരിക്കാറുള്ളത് എഴുതിത്തള്ളല്‍ സാങ്കേതികം മാത്രമാണെന്നാണ്. ബാങ്കുകളുടെ വായ്പാപുസ്തകത്തില്‍ ആ പേരുകള്‍ നിലനില്‍ക്കുമത്രെ. പക്ഷെ എഴുതിത്തള്ളിയ പണത്തിന്റെ തിരിച്ചെടുക്കലിനു സംവിധാനമുണ്ടാവില്ല. കനിഞ്ഞുതന്നാല്‍ സ്വീകരിക്കുമെന്നേ കരുതാനാവൂ. അതാണ് വന്‍കിടക്കാരോടുള്ള തീവ്രസ്‌നേഹം. ഈ വലിയ കിട്ടാക്കടങ്ങളുടെ തോതുയര്‍ന്നത് നവലിബറല്‍ പരിഷ്‌ക്കാരങ്ങളുടെ മൂര്‍ദ്ധന്യത്തിലാണ്. നവ ഉദാരതയുടെ മറച്ചുവെയ്ക്കപ്പെട്ട വികസനമുഖമാണത്. പൊതു വിഭവങ്ങള്‍ക്കുമേല്‍ ജനങ്ങള്‍ക്കുള്ള അവകാശമാണ് കൊള്ളയടിക്കപ്പെടുന്നത്. അത് വികസനത്തിന്റെ സ്വാഭാവിക നടപടിക്രമമെന്ന് വിശദീകരിക്കപ്പെടുന്നു. തൊഴിലില്‍നിന്നും കിടപ്പാടമുള്‍പ്പെടെയുള്ള ജീവിത സൗകര്യങ്ങളില്‍നിന്നും പുറന്തള്ളപ്പെടാമെന്ന ഭീഷണി എപ്പോഴും സാധാരണക്കാരന്റെ പിറകേകാണും. അവരുടെ ജീവിതത്തിന്റെ സുരക്ഷ വികസനത്തിന്റെ ഉത്തരവാദിത്തമോ ബാധ്യതയോ ആയി കണക്കാക്കാത്ത ഭരണസംവിധാനങ്ങളുടെ ചെയ്തികളെ സംശയത്തോടെയേ കാണാനാവൂ.

സാമൂഹികാനുഭവങ്ങളെയും സാമ്പത്തിക പരിഷ്‌ക്കാരങ്ങളുടെ പ്രത്യാഘാതങ്ങളെയും നാം തിരിച്ചറിയേണ്ടതുണ്ട്. അഴിമതിക്കെതിരെ വലിയ ജാഗ്രത പുലര്‍ത്തുന്നുവെന്നവകാശപ്പെടുന്ന ഗവണ്‍മെന്റാണ് വിജയമല്യയ്ക്ക് കൊള്ളമുതലുമായി വിദേശത്തേക്കു കടക്കാന്‍ അവസരമുണ്ടാക്കിയത്. കൈവശമില്ലാത്ത സമ്പത്തുകൊണ്ട് വലിയ നിക്ഷേപമാകാമെന്നും അത്തരം നിക്ഷേപകങ്ങളുടെ പ്രാന്തങ്ങളില്‍ തെറിച്ചുവീഴുന്ന കോഴപ്പണംകൊണ്ടു രാഷ്ട്രീയത്തെത്തന്നെ നിയന്ത്രിക്കാമെന്നുമുള്ള അവസ്ഥ വന്നുചേര്‍ന്നിട്ടുണ്ട്. അതിനു സമാന്തരമായാണ് മറ്റൊരു വ്യവഹാരവലയം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അധോലോക സമ്പദ്ഘടനയാണത്. കള്ളപ്പണത്തിന്റെ കുത്തൊഴുക്കിന് അനുകൂലമായ ഹിംസാത്മക മത്സരാവേശത്തിന്റെ നവലിബറല്‍ പരിഷ്‌ക്കാരാന്തരീക്ഷത്തിലാണ് അതു സാധ്യമാകുന്നത്.പ്രത്യക്ഷവും പരോക്ഷവുമായ ഈ രണ്ടു സമ്പദ്‌വ്യവഹാരങ്ങള്‍ക്കു പരസ്പരാശ്രിതമായ പൊതുപ്രവണതകള്‍ ധാരാളമാണ്.

അടിസ്ഥാന സമീപനം ജനങ്ങളുടെ പുരോഗതിക്ക് അനുകൂലമോ അല്ലയോ എന്നതാണ് പ്രശ്‌നം. അതിന്റെ അടിസ്ഥാനത്തില്‍മാത്രമേ ഇപ്പോഴത്തെ നടപടികളും പരിശോധിക്കാനാവൂ. ഒറ്റ പ്രസ്താവനകൊണ്ടോ ജനജീവിതം സ്തംഭിപ്പിക്കുന്ന നടപടികൊണ്ടോ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാവുമെന്നു പ്രതീക്ഷിച്ചുകൂടാ. നവലിബറല്‍ സാമ്പത്തിക പുനക്രമീകരണ അജണ്ടയുടെ പ്രയോക്താക്കള്‍ക്ക് ഈ വൈരുദ്ധ്യങ്ങളെ പരിഹരിക്കാനാവില്ല. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനോ താല്‍ക്കാലികാശ്വാസങ്ങള്‍ എത്തിക്കാനോ സാധിച്ചെന്നുവരും. ക്ഷേമരാഷ്ട്ര സങ്കല്‍പ്പംപോലും കയ്യൊഴിഞ്ഞ ഗവണ്‍മെന്റുകള്‍ കൊണ്ടുവരുന്ന ഭാഗ്യങ്ങള്‍ക്കു അതിരുണ്ട്. വലിയ പ്രതീക്ഷ നല്‍കി നിസ്സംഗരാകുന്നവര്‍ വലിയ തിരിച്ചടികളെ ഭയക്കേണ്ടിവരും.

13 നവംബര്‍ 2016

(മംഗളം ദിനപത്രം ഓരം പംക്തി. 2016 നവംബര്‍ 14)

 

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )