കലാകാരനും സാഹിത്യകാരനുമെല്ലാം ഏതുചേരിയില്‍ എന്ന പഴയ ചോദ്യം ഇന്നും പ്രസക്തമാണെന്ന് പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് അഭിപ്രായപ്പെട്ടതായി വായിച്ചു. തീര്‍ച്ചയായും ആവര്‍ത്തിച്ചുറപ്പിക്കേണ്ട കാര്യംതന്നെയാണിത്. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന് എണ്പതു തികയുന്ന കാലത്ത് ആ പഴയ മുപ്പതുകളുടെ കാലുഷ്യം അനുഭവപ്പെടുന്നുണ്ട്. വ്യാവസായിക മുതലാളിത്തത്തിന്റെ പ്രതിസന്ധിയും അതതിജീവിക്കാന് കണ്ടെത്തിയ സ്വേച്ഛാ വാഴ്ച്ചകളുടെ ഫാഷിസവത്ക്കരണവും മറ്റൊരു രീതിയില്‍ ആവര്‍ത്തിക്കുകയാണ്. നിശബ്ദമായോ അതീവ നിസ്സംഗമായോ നിലകൊള്ളാന്‍ പറ്റിയ അറകളേതെങ്കിലുമുണ്ടെന്നു തോന്നുന്നില്ല.
എങ്കിലും ഏതു ചേരിയില്‍ എന്ന ചോദ്യത്തില്‍ ഒരവ്യക്തതയുണ്ട്. തെരഞ്ഞെടുക്കാന്‍ പാകത്തില്‍ ഏതെല്ലാം ചേരികളാണ് മുന്നിലുള്ളത്? ഫാഷിസത്തിന്റെയും ജനാധിപത്യത്തിന്റെയും ചേരികളാണോ? മുതലാളിത്തത്തിന്റെയും സോഷ്യലിസത്തിന്റെയും ചേരികളാണോ? അതോ ഇടതു-വലതു രാഷ്ട്രീയ പാര്‍ട്ടികള്‍ നയിക്കുന്ന ചേരികളാണോ? എഴുത്തുകാരന്റെയും കലാകാരന്റെയും ശബ്ദം ശക്തവും ദൃഢവുമാകാന് പ്രതിലോമ ചേരികള്‍ തുണയ്ക്കുകയില്ല. പക്ഷെ, ഇതില്‍ ഏതു ചേരിയാണ് അയാളെ തുണയ്ക്കുക?
മുഖ്യമന്ത്രി പിണറായി വിജയന് സിപിഎമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗംകൂടിയാണ്. പുരോഗമനപക്ഷത്താണ് എഴുത്തുകാര്‍ നിലകൊള്ളേണ്ടത് എന്നേ അദ്ദേഹം പറയാനിടയുള്ളു. പക്ഷെ, ഈ പുരോഗമന പക്ഷം എന്നു പറയുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്സിസ്റ്റ്) എന്ന അര്ത്ഥത്തിലാവുമോ? അതോ കലാകാരന്മാര്ക്കും സാഹിത്യകാരന്മാര്ക്കും കുറെകൂടി മതേതര കക്ഷിയിതര മാനവികത പുലര്‍ത്താനാവുമോ? സിപിഎമ്മിന് അപ്രിയമായ സത്യം പറഞ്ഞുപോയാല്‍ അയാള്‍ പിന്തിരിപ്പന് ചേരിയുടെ വക്താവാവുമോ? അയാള്‍ക്കെതിരെ നൂറ്റൊന്നാവര്‍ത്തിച്ച ലേഖനങ്ങളെഴുതി ഫാസിസ്റ്റ്വിരുദ്ധ നവമുതലാളിത്തവിരുദ്ധ സമരത്തില്‍ അയാള്‍ നല്കിയ സംഭാവനകള്‍ കുഴിച്ചുമൂടുമോ?
നമ്മുടെ കാലത്തെ ചേരികളേതെന്ന് വിജയന് കുറെകൂടി കൃത്യമായി സൂചിപ്പിക്കണമായിരുന്നു. ഫാഷിസത്തിനെതിരെയും അനുകൂലവും എന്ന് വ്യക്തമാക്കിയത് മറക്കുന്നില്ല. ഇവിടെ സിപിഎമ്മിന്റെ തന്നെ നിലപാടുകളുടെ സൂക്ഷ്മത കൈമോശം വരുന്നുണ്ട്. നവഉദാരവത്ക്കരണത്തിനെതിരായ പോരാട്ടത്തോടൊപ്പം ഫാഷിസത്തിനും വര്‍ഗീയതക്കും എതിരായ പോരാട്ടം മുന്നോട്ടു കൊണ്ടുപോകണമെന്നാണ് പാര്‍ട്ടികോണ്‍ഗ്രസ് തീരുമാനം. ഫാഷിസത്തിന്റെ വളര്‍ച്ച നവലിബറല്‍ മുതലാളിത്ത വളര്‍ച്ചയോടു ജൈവബന്ധം പുലര്ത്തിയാണെന്ന ശരിയായ നിലപാട് സിപിഎം രേഖകളിലുണ്ട്. അതായത് നവമുതലാളിത്തത്തിനും ഫാഷിസത്തിനും എതിരായ സമരമുന്നണിയാണ് വര്‍ത്തമാന ഘട്ടത്തിലെ പുരോഗമനരാഷ്ട്രീയം. ആ രാഷ്ട്രീയമാണ് പുരോഗമന കലയ്ക്കും സാഹിത്യത്തിനും ഊര്‍ജ്ജമാകേണ്ടത്. അതത്രയും തുറന്നു പറഞ്ഞിരുന്നെങ്കില്‍ പിണറായിയുടെ അഭിപ്രായം തികച്ചും സ്വാഗതാര്‍ഹമെന്നു പറയാമായിരുന്നു.
ഫാഷിസത്തിനെതിരായ പോരാട്ടങ്ങളെ സംഘപരിവാരങ്ങള്ക്കെതിരായ സമരമെന്നു ചുരുക്കുന്ന പിശകും സംഭവിക്കുന്നുണ്ട്. അത് നമ്മിലെല്ലാമുള്ള പുനരുത്ഥാന പ്രവണതകള്‍ക്കെതിരായ വിട്ടുവീഴ്ച്ചയില്ലാത്ത പോരാട്ടമാകണം. ഫ്യൂഡല്‍ ജീര്‍ണതകളെയും അവയുടെ അനുബന്ധമായ ആചാരാനുഷ്ഠാനങ്ങളെയും പുണര്‍ന്നുകൊണ്ട് സംഘപരിവാരയുക്തികളെ തോല്‍പ്പിക്കാനാവില്ല. തങ്ങളില്‍നിന്നു ജീര്‍ണബാധകളെ കുടഞ്ഞുകളയാനാവണം. അങ്ങനെയൊരു തീവ്രശ്രമത്തിന്റെ അനിവാര്യമായ ഭാഗമാണ് അവ നിലനിര്‍ത്തുകയും അതിന്റെ മറവില്‍ വളര്‍ന്നു തിടംവയ്ക്കുകയും ചെയ്യുന്ന ധനമുതലാളിത്തത്തിനെതിരായ പ്രക്ഷോഭം. രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയില്‍ അങ്ങനെയൊരു രാഷ്ട്രീയ പക്ഷമാണ് തങ്ങളുടേതെന്ന് അവകാശപ്പെടാന്‍ ഇടതുപക്ഷത്തിനാവണം. അപ്പോള്‍മാത്രമേ എഴുത്തുകാരന്റെ പക്ഷമേതെന്ന് ഉപദേശിക്കാനുള്ള ശരിയായ അവകാശം കൈവരികയുള്ളു.
നവമുതലാളിത്ത വികസന യുക്തികളോടു സമരസപ്പെടുന്നവര്‍ ഫാഷിസത്തിനു കടന്നുകയറാനുള്ള ഇടങ്ങളും സാധൂകരണങ്ങളും നിര്‍മ്മിക്കുന്നുണ്ട്. ഫിനാന്‍സ് മൂലധനത്തിന്റെ സ്വേച്ഛാവാഴ്ച്ചയെ സംഘപരിവാരക്കോയ്മ മാത്രമായി ചുരുക്കാനാവില്ല. അതേസമയം ഇന്ത്യനവസ്ഥയില്‍ അക്രമോത്സുകമായ സംഘപരിവാര അജണ്ടകള്‍ക്കെതിരായ തീക്ഷ്ണമായ പ്രതിരോധമായി നവമുതലാളിത്ത വിരുദ്ധ സമരങ്ങളെക്കൂടി വികസിപ്പിക്കണം. ഈ രാഷ്ട്രീയ പാഠം ഇടതുപക്ഷം മറന്നുപോകരുതാത്തതാണ്. നവമുതലാളിത്തത്തോടു സന്ധിചെയ്യുകയും പുറന്തള്ളപ്പെടുന്ന ജനസമൂഹത്തെ അവഗണിക്കുകയും ചെയ്യുന്ന നിലപാട് ആരു സ്വീകരിച്ചാലും പുരോഗമന എഴുത്തുകാര്‍ സംശയിക്കുന്നില്ല. അവര്‍ പുറന്തള്ളപ്പെടുന്നവരുടെയും ചൂഷിതരുടെയുംകൂടെയായിരിക്കും.
പുറന്തള്ളപ്പെടുന്നവരുടെ ജീവിത സുരക്ഷ ഉറപ്പാക്കലാണ് വികസനത്തിന്റെ പ്രാഥമിക ചുമതലയെന്നത് ഭരണാധികാരികള്‍ വിസ്മരിച്ചേക്കാം. പക്ഷെ, പുരോഗമന എഴുത്തുകാരന് അത് സാധ്യമല്ല. സോഷ്യലിസമെന്ന ബദലിന് പകരം പങ്കാളിത്ത ജനാധിപത്യമെന്ന താല്ക്കാലികസമവായം വച്ചുനീട്ടുന്നവരോട് (സാമ്രാജ്യത്വ ധനകാര്യ സ്ഥാപനങ്ങളോട്) ഞങ്ങള്‍ തൃപ്തരല്ല എന്നു പറയാനുള്ള ബാധ്യത നിര്‍വ്വഹിച്ച എഴുത്തുകാരുണ്ടായിരുന്നു. അവരോടെടുത്ത നിലപാട് നമുക്കറിയാം. അവരേതു ചേരിയില്‍ എന്നതിന് സിപിഎമ്മിലെ ഏതു ചേരിയില്‍ എന്നാണ് നോട്ടമുണ്ടായത്. പങ്കാളിത്ത ജനാധിപത്യത്തെ കുടിയിരുത്തി സോഷ്യലിസത്തെ പുറത്താക്കിയത് ഇന്നത്തെ കാലത്ത് അധികാരത്തില്‍ തുടരാന്‍ അങ്ങനെചില ബലിനല്കലുകള് ആവശ്യമെന്ന കീഴടങ്ങല്യുക്തിയിലാണല്ലോ. അതേ യുക്തിയില്‍ പുരോഗമന നിലപാടുകളുടെ ബദ്ധശത്രുക്കള്‍ സിപിഎമ്മിന്റെ ചേരിചേര്‍ന്നു ബഹുമാനിതരാകുന്നതും സമീപഭൂതകാലാനുഭവങ്ങളാണ്.
പുരോഗമന എഴുത്തുകാരന്റെ പക്ഷം പുരോഗമന രാഷ്ട്രീയവുമായി ചേര്‍ന്നുപോവുക സ്വാഭാവികമാണ്. അങ്ങനെ ഒത്തുപോകുന്നില്ലെങ്കില്‍ പിശക് എഴുത്തുകാരന്റെതോ രാഷ്ട്രീയ നേതൃത്വത്തിന്റെതോ എന്നു പരിശോധിക്കണം. നവമുതലാളിത്തത്തിനും ഫാഷിസത്തിനുമെതിരായ പ്രക്ഷോഭത്തില്‍ ആരൊക്കെയാണ് വിമുഖതകാട്ടുന്നത്? അധികാരത്തിനും പദവികള്‍ക്കും വേണ്ടി രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കു പിറകില്‍ അലയുന്നവര്‍ക്ക് ഒരു ചേരിയേ അറിയൂ. അത് പാര്‍ട്ടിയുടെ ചേരിയാണ്. അതു പ്രഖ്യാപിക്കാന്‍ ചിലരൊക്കെ പുരോഗമന കലാ സാഹിത്യസംഘത്തില്‍ അണി നിരക്കുകയും ചെയ്യും. വിശേഷിച്ചും ഭരണമുണ്ടാകുമ്പോള്‍.
പാര്ട്ടിശത്രുക്കള്ക്കും കുലംകുത്തികള്ക്കുമെതിരെ എഴുതിത്തെളിഞ്ഞവര്‍ക്കു പ്രത്യേക പാരിതോഷികങ്ങളാവാം. അതുനീട്ടി ഏതു ചേരിയില്‍ എന്നുചോദിച്ചാല്‍ അതിന്റെ ഉത്തരം പറയാന്‍ ലോകരാഷ്ട്രീയമോ മാനവികബോധമോ സോഷ്യലിസ്റ്റ് സ്വപ്നമോ ആവശ്യമില്ല. പിണറായി സിന്ദാബാദ് എന്ന മുദ്രാവാക്യത്തില്‍ അതവര്‍ക്കു പ്രകടിപ്പിക്കാനാവും. അത്തരമൊരു സാഹിത്യസേവക സംഘമാണ് ലക്ഷ്യമെങ്കില്‍ 1937ലെ മഹത്തായ ആ ചോദ്യം വീണ്ടെടുക്കപ്പെടില്ല. അതുയര്‍ത്തിയ രാഷ്ട്രീയം തിരിച്ചറിയപ്പെടില്ല. ഗോര്‍ക്കിയും പ്രേംചന്ദും യശ്പാലും മുല്‍ക്ക് രാജും തകഴിയും കേശവദേവും ആദരിക്കപ്പെടുകയുമില്ല.
സാഹിത്യകാരന് ഏതു ചേരിയില്‍ എന്ന ചോദ്യം വീണ്ടും വീണ്ടും ചോദിക്കണം. അതുയര്‍ത്തിയതിന് പിണറായിക്കു നന്ദി. അതു വിശകലനം ചെയ്താല്‍ പുരോഗമന കലാ സാഹിത്യസംഘത്തിനും നന്ന്. വിശാലമായ മുന്നണി രൂപപ്പെടേണ്ടത് മാനവികതക്കെതിരെ കടുത്ത വെല്ലുവിളിയുയര്‍ത്തുന്ന നവമുതലാളിത്തത്തിനും ഫാഷിസത്തിനുമെതിരായാണ്. അവ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ബഹുസഹസ്രം ചൂഷിതരും പുറന്തള്ളപ്പെട്ടവരുമായ ജനസമൂഹങ്ങള്ക്കൊപ്പം പൊരുതിമുന്നേറാം.
13 നവംബര്‍ 2016
ഇന്ന് അടിമകളും ഭക്തരും ചാവേറുകളും പിണറായി സിന്ദാബാദ് വിളിച്ച് ഏത് ചേരിയിലാണോ നിൽക്കുന്നത് അതേ ചേരിയിലായിരുന്നു 1937 -ൽ സ്റ്റാലിന് സിന്ദാബാദ് വിളിച്ചവരും നിന്നിരുന്നത്. ചരിത്രം ആരെയും ഒന്നും പഠിപ്പിക്കുന്നില്ല.
LikeLike