ഛത്തീസ്ഗഢിലെ സര്‍ക്കാറിന് കള്ളക്കേസുകള്‍ ചാര്‍ജ്ചെയ്തു ഭയപ്പെടുത്തുകയെന്നത് ഒരു പതിവു രീതിയായിരിക്കുന്നു. ഗോത്രവര്‍ഗക്കാരെ ബലപ്രയോഗംകൊണ്ടും ബുദ്ധിജീവികളെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും കള്ളക്കേസുകൊണ്ടും നേരിടുന്നതിലാണ് രമണ്‍സിങ് ഗവണ്മെന്റിന്റെ അമിതോത്സാഹം പ്രകടമാകുന്നത്. ഡോ.സെയ്ബാല്‍ ജെനയെയും ഡോ. ബിനായകസെന്നിനെയും നേരിട്ട രീതിയിലിപ്പോള്‍, ദില്ലി സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ നന്ദിനി സുന്ദര്‍, ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ അര്‍ച്ചനാ പ്രസാദ്, ജോഷി അധികാരി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ വിനീത് തിവാരി തുടങ്ങിയവരെയാണ് കൊലപാതകക്കേസില്‍ കുടുക്കിയിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി സഞ്ജയ് പരാട്ടെയും ഇവരുടെകൂടെ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരിക്കുന്നു.
കഴിഞ്ഞ മെയ്മാസത്തില്‍ ദില്ലിയില്‍നിന്നുള്ള സംഘം ബസ്താര്‍ ജില്ലയിലെ ആദിവാസികള്‍ നേരിടുന്ന പ്രയാസങ്ങള്‍ മനസ്സിലാക്കാന്‍ അവിടെയെത്തിയത് ഗവണ്മെന്റിനെ ചൊടിപ്പിച്ചിരുന്നു. മാസങ്ങള്‍ക്കു ശേഷം നടന്ന കൊലപാതകത്തിന്റെ ഉത്തരവാദിത്തവും കുറ്റവുമാണ് ഇപ്പോള്‍ അവരില്‍ ചാര്‍ത്തിയിരിക്കുന്നത്. മുഖ്യമന്ത്രി രമണ്‍സിങ്ങിനും ബസ്താര്‍മേഖലാ ഐജിക്കും ഇതൊരു രസമാണത്രെ. ഗോത്രവര്‍ഗ ജീവിതങ്ങളെ വേട്ടയാടാനും രക്ഷിക്കാനെത്തുന്നവരെ തുരത്തിയോടിക്കാനും ജനാധിപത്യത്തിന്റെ ഭരണ സംവിധാനങ്ങളാകെ ദുരുപയോഗം ചെയ്യപ്പെടുന്നു. വ്യാജ ഏറ്റുമുട്ടലുകളും കൂട്ട ബലാല്‍സംഗങ്ങളും അക്രമങ്ങളും തുറന്നുകാട്ടുന്ന പത്രപ്രവര്‍ത്തകരെയും അഭിഭാഷകരെയും ഗവേഷകരെയും രാഷ്ട്രീയ നേതാക്കളെയുമെല്ലാം ഭീഷണിപ്പെടുത്താനും കള്ളക്കേസുകളില്‍ വരിഞ്ഞുകെട്ടാനും വലിയ ഉത്സാഹമാണ് അവര്‍ പ്രകടിപ്പിച്ചുപോരുന്നത്.
ദള്ളി രാജ്ഹരയില്‍ ഖനിത്തൊഴിലാളികള്‍ക്കുവേണ്ടി ആശുപത്രി നടത്തിയിരുന്ന ഡോ. സെയ്ബാല്‍ ജെനയെ ഇരുപത്തിനാലു വര്‍ഷം മുമ്പുണ്ടായ കേസ് ചൂണ്ടിക്കാട്ടിയാണ് ഈ വര്‍ഷമാദ്യം അറസ്റ്റുചെയ്തത്. 1992ല്‍ ഭീലായിയിലെ ഖനിത്തൊഴിലാളികള്‍ നടത്തിയ ഐതിഹാസിക സമരത്തില്‍ പതിനെട്ടു തൊഴിലാളികള്‍ വെടിയേറ്റു മരിച്ചിട്ടുണ്ടായിരുന്നു. പരിക്കേറ്റവരെ ചികിത്സിക്കാന്‍ രംഗത്തുണ്ടായിരുന്നത് തൊഴിലാളികളുടെ ഡോക്ടറായ സെയ്ബാലാണ്. തൊഴിലാളി നേതാക്കള്‍ക്കൊപ്പം അദ്ദേഹവും നോട്ടപ്പുള്ളിയായി. അന്ന് ചാര്‍ജുചെയ്ത കള്ളക്കേസ് രണ്ടരപ്പതിറ്റാണ്ടിനുശേഷം പൊടിതട്ടിയെടുക്കാനുള്ള ബുദ്ധിയും താല്‍പ്പര്യവും രമണ്‍സിങ്ങിനുണ്ടായി. അങ്ങനെയാണ് സെയ്ബാലിനെ അറസ്റ്റു ചെയ്തത്. അതേ ഭീഷണിയാണ് ഇപ്പോള്‍ മനുഷ്യസ്നേഹികളായ പ്രൊഫസര്‍മാര്‍ക്കു നേരെയും ഗവണ്മെന്റ് നീട്ടിയിരിക്കുന്നത്.
ബസ്താറിലെ ഗോത്രവര്‍ഗ മേഖലയില്‍ തുടരുന്ന അസ്വസ്ഥതകളും ജീവിത പ്രയാസങ്ങളും നേരിട്ടു കാണാനെത്തിയ അക്കാദമികരംഗത്തെ പ്രൊഫസര്‍മാര്‍ ചെയ്തത് വലിയ അപരാധമായേ അധികാരികള്‍ക്ക് തോന്നിയുള്ളു. മാവോയിസ്റ്റ് രാഷ്ട്രീയത്തിനു വളക്കൂറുള്ള മണ്ണാണ് ബസ്താറിലേത്. ആദിവാസി ജീവിതങ്ങളുടെ ദയനീയമായ പരിതോവസ്ഥകളാണ് അത്തരമൊരു രാഷ്ട്രീയത്തിലേക്കു നയിച്ചതെന്നു കാണാനുള്ള കണ്ണ് ഗവണ്മെന്റിനില്ല. അവരുടെ ജീവിതത്തിനു സംരക്ഷണം ലഭിക്കുംവിധത്തില്‍ ഭൂ അവകാശവും സാമൂഹിക സുരക്ഷയും ഉറപ്പാക്കാനായിരുന്നു ഗവണ്മെന്റ് ശ്രമിക്കേണ്ടത്. എന്നാല്‍ കൊളോണിയല്‍ കാലത്തുപോലും കണ്ടിട്ടില്ലാത്ത ജനാധിപത്യ വിരുദ്ധ നീക്കങ്ങളാണ് നടക്കുന്നത്. ആദിവാസി സമൂഹം ഏറ്റവുമേറെ അക്രമിക്കപ്പെടുന്നത് ഗവണ്മെന്റ് നേതൃത്വത്തിലുള്ള സായുധ സേനയില്‍നിന്നാണെന്നത് പരിഷ്കൃതലോകത്തെ ദുഖിപ്പിക്കുന്നു..
ഈ സാഹചര്യത്തിലാണ് രാജ്യത്തിന്റെ ശ്രദ്ധ ഛത്തീസ്ഗഢിലേക്കു തിരിയുന്നത്. ദില്ലിയില്‍നിന്ന് കാര്യങ്ങളറിയാനും പഠിക്കാനും അക്കാദമിക പ്രവര്‍ത്തകരെത്തിയെന്നത് അഭിനന്ദനീയമാണ്. അതിനു സഹായകരമായ നിലപാടു സ്വീകരിച്ച സിപിഎം നടപടിയും സ്വാഗതാര്‍ഹമാണ്. കള്ളക്കേസുകളും ഗോത്രവര്‍ഗ പീഡനങ്ങളും ജനാധിപത്യ ഗവണ്മെന്റിനു ഭൂഷണമല്ലെന്നു രമണ്‍സിങ് ഭരണകൂടം മനസ്സിലാക്കണം. രണ്ടതിക്രമങ്ങളില്‍നിന്നും പിന്‍വാങ്ങണം. ജനാധിപത്യ മൂല്യങ്ങളോടു മമതയുള്ള പൊതുസമൂഹത്തിന്റെ മുഴുവന്‍ ശ്രദ്ധയും ഇത്തരം നീചപ്രവൃത്തികള്‍ക്കെതിരായ പൊതുമുന്നേറ്റം രൂപപ്പെടുത്താന്‍ സഹായകമാവണം.
ഇക്കൂട്ടത്തില്‍ സിപിഎമ്മിന്റെ ശ്രദ്ധ പതിയേണ്ട മറ്റൊരു വിഷയമുണ്ട്. ഛത്തീസ്ഗഢില്‍ ഇരകളാക്കപ്പെടുന്നവര്‍ കേരളത്തില്‍ വേട്ടക്കാരാവരുത്. നിയമത്തിനും നീതിബോധത്തിനും നിരക്കാത്ത കാര്യങ്ങള്‍ ചെയ്യരുത്. തെരഞ്ഞെടുപ്പു ബഹിഷ്ക്കരിക്കണം എന്നു പ്രചാരണം നടത്തിയെന്നത് യു എ പി എ ചുമത്താനുള്ള കാരണമാവുന്നതെങ്ങനെയാണ്? സ്വതന്ത്രമായ ആവിഷ്ക്കാര സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. അതിന്റെപേരില്‍ ആരെയെങ്കിലും പൊലീസ് പിടികൂടി ജയിലിലയച്ചിട്ടുണ്ടെങ്കില്‍ അതു പരിശോധിക്കണം. ഇത്തരം കാര്യങ്ങളില്‍ ജനപക്ഷത്തും നീതിയുടെ പക്ഷത്തും നില്ക്കുമ്പോഴേ ജനങ്ങളുടെ ഐക്യവും പിന്തുണയും ലഭ്യമാകൂ.. ഛത്തീസ്ഗഢിലൊരു നീതി കേരളത്തില്‍ വേറൊന്ന് എന്നു വരരുതല്ലോ.
12 നവംബര്‍ 2016