Article POLITICS

ഒക്ടോബര്‍ വിപ്ലവം ഓര്‍മിപ്പിക്കുന്നത്

A gigantic painting of Lenin addressing the crowd upon his return to Russia during the Russian Revolution.  Note the disaffected bourgeoisie, military officers, and priests in the lower right.  The painting hangs in the Museum of Political History.
A gigantic painting of Lenin addressing the crowd upon his return to Russia during the Russian Revolution. Note the disaffected bourgeoisie, military officers, and priests in the lower right. The painting hangs in the Museum of Political History.

ഒക്ടോബര്‍ വിപ്ലവം തൊണ്ണൂറ്റൊമ്പതു വയസ്സു പിന്നിട്ടു. ഇനി നൂറാം വര്‍ഷത്തിലെ തിരിഞ്ഞുനോട്ടങ്ങളാവാം, ലോകത്തെ പിടിച്ചുകുലുക്കിയ പത്തു ദിവസങ്ങളിലൂടെ ജോണ്‍റീഡിനൊപ്പം ഒരിക്കല്‍ക്കൂടി സഞ്ചരിയ്ക്കാം. ഭൂഖണ്ഡങ്ങളിലേയ്ക്ക് അതു പ്രസരിപ്പിച്ച വിമോചനോര്‍ജ്ജത്തെയും വലിച്ചു നിവര്‍ത്തിയ നക്ഷത്രപഥങ്ങളെയും ഒരിക്കല്‍ക്കൂടി അഭിസംബോധന ചെയ്യാം.

ഇങ്ങനെയൊരു ദിവസം ഒരാള്‍ ഉണര്‍ന്നെണീക്കുന്നത് ചരിത്രത്തെ മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്തവിധം ഉജ്വലമായി ആലിംഗനം ചെയ്ത് അടിമുടി തളിര്‍പ്പിക്കാനാവണം. വികസിത തൊഴിലാളിവര്‍ഗം വിപ്ലവസൈറനു കാതോര്‍ത്ത് സിദ്ധാന്തങ്ങളുടെ അലക്കുകല്ലുകളില്‍ താളംമുട്ടി നിന്നിരുന്ന യൂറോപ്യന്‍ നഗരങ്ങളെ വിഭ്രമിപ്പിച്ചുകൊണ്ടാണ് ബൊള്‍ഷേവിക്കുകള്‍ ചരിത്രമെഴുതിയത്.

സങ്കീര്‍ണമായ ഫ്യൂഡല്‍ സാമൂഹിക ബന്ധങ്ങളില്‍ കുരുങ്ങിക്കിടന്നഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ക്കെല്ലാം അതു പകര്‍ന്ന ആവേശത്തിന് അതിരില്ല. ചൂഷിത ജനസമൂഹങ്ങള്‍ക്കെല്ലാം അര്‍ത്ഥപൂര്‍ണമായ ലക്ഷ്യമുണ്ടായി. സോവിയറ്റെന്നൊരു നാടുണ്ടത്രെ, കാണാന്‍ കഴിഞ്ഞെങ്കിലെന്തു ഭാഗ്യമെന്ന് നാണിക്കും നാണിമിസ്ട്രസ്സിനും കൊതിയുണ്ടായി. സമത്വ സ്വപ്നത്തിന് തീക്ഷ്ണമായ ഒരു അനുഭവ രൂപകമുണ്ടായി.

വ്ലാദ്മിര്‍ ഇലിയച്ച് ലെനിന്‍ ഭൂഖണ്ഡങ്ങളെ കീഴടക്കിയ ശിരസ്സായി. റോസയോടും ക്ലാരയോടും റോയിയോടും അയാള്‍ സാമ്രാജ്യത്വകാലത്തെ വിമോചനത്തിന് ഏതനുഭവ സൂത്രമെന്നു പറഞ്ഞു. ക്ലാര വിസ്മയിച്ചു. റോസയും റോയിയും ഓരോയിടത്തും വഴിയോരോന്നല്ലേ സഖാവേയെന്നു പ്രതിവചിച്ചു.

ക്ലാരാ സെത്കിന് എന്തു സംഭവിച്ചുവോ ആവോ. ലെനിന്‍പ്രഭാവം ചോര്‍ന്നു തുടങ്ങിയ കാലത്ത് റോസയും ട്രോട്സ്കിയും വെട്ടേറ്റുവീണു. മറ്റൊരു ശീതകാലത്ത് റോയി ക്ഷേമരാഷ്ട്ര സോഷ്യലിസത്തില്‍ വിലയം പ്രാപിച്ചു. സാറിസ്റ്റ് ഭീകരരില്‍നിന്ന് ചോരപൊടിയാതെ ചീന്തിയെടുത്ത ഒരു രാഷ്ട്രം ഭൂപടത്തില്‍ നിലനിര്‍ത്താന്‍ ക്രംലിനില്‍നിന്നു ബര്‍ലിനോളം രക്തത്തിന്റെ വന്‍മതിലുയര്‍ന്നു. ഫാഷിസം ബാക്കിവെച്ച എല്ലിന്‍കൂമ്പാരത്തിനുമേല്‍ ചുവപ്പുസൈനികരുടെ വിമോചനക്കൊടിയുയര്‍ന്നു.

1

ഇന്ത്യയ്ക്ക് ആയുധവും ക്യൂബയ്ക്ക് .ആഹാരവും നല്‍കി. കോളനികളില്‍ പൊരുതിയവര്‍ക്ക് ശമിക്കാത്ത രണോത്സാഹം നല്‍കി. ഓരോ ജനതയ്ക്കും അവരെന്തെന്നു കണ്ണാടിയില്‍ കാണിച്ചു. ഒരു ദിവസം നെറ്റിയില്‍ ചുവന്ന ചെകുത്താന്‍കലയുള്ള ഒറ്റുകാരന്‍ എല്ലാവാതിലുകളും തുറന്ന് ഒരാക്രിക്കച്ചവടക്കാരന്റെ കൗശലത്തോടെ ചരിത്രകൗതുകങ്ങളെ കിട്ടിയ വിലയ്ക്കു വിറ്റുകളഞ്ഞു.

ചരിത്രം അവിടെ അവസാനിച്ചുവെന്ന് ആരൊക്കെയോ കഥ പറഞ്ഞവസാനിപ്പിക്കുന്നുണ്ട്. പക്ഷെ, നമുക്കതെങ്ങനെ പറ്റും? വേട്ടമൃഗങ്ങള്‍ക്കു മുന്നില്‍ ഓടിക്കൊണ്ടേയിരിക്കുന്നവര്‍ക്ക് തിരിഞ്ഞുനില്‍ക്കാനുള്ള ധൈര്യമാണ് കൊള്ളയടിക്കപ്പെട്ടത്. നമ്മുടേതു മാത്രമായ പിടച്ചിലുകള്‍ക്കിടയില്‍ ആ ധൈര്യവും ഊര്‍ജ്ജവും തിരിച്ചുപിടിയ്ക്കാതെ വയ്യ.

ഇന്നു നവംബര്‍ ഏഴല്ല. ആ പഴയ ഒക്ടോബര്‍ 25 ന്റെ നിലയ്ക്കാത്ത ആവര്‍‍ത്തനമാണ്. ഗുഡ്ബൈ ലെനിന്‍ എന്ന സിനിമയിലെന്നപോലെ ആ പഴയ റേഡിയോയില്‍ സോഷ്യലിസ്റ്റ് ആസൂത്രണത്തിന്റെ വാര്‍ത്തകള്‍ ചിതറുന്നു. ബദലുകളുണ്ടെന്നും ചരിത്രം തീര്‍ന്നുപോയിട്ടില്ലെന്നും ഞാന്‍ എന്നോടുതന്നെ ഗുഡ്മോണിങ്ങ് എന്നപോലെ വളരെ സ്വാഭാവികമായി മൊഴിയുന്നു.

ചരിത്രം സൃഷ്ടിച്ചവരെ ഈ പ്രഭാതത്തില്‍ അഭിവാദ്യം ചെയ്യുന്നു.

ആസാദ്
7 നവംബര്‍ 2016

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )