Article POLITICS

അവര്‍ സാമൂഹിക സുരക്ഷാവലയം പിച്ചിച്ചീന്തുകയാണ്

 635946519737322831-303923472_cropped-wordle_websiteheader_1000px2

സമീപദിവസങ്ങളിലായി നമ്മുടെ വാര്‍ത്താമാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ നമ്മെ അസ്വസ്ഥമാക്കുന്നു.ണ്ട്. സാമൂഹിക സുരക്ഷയുടെയും സ്വാതന്ത്ര്യത്തിന്റെയും തുറസ്സുകളെ വരിഞ്ഞുകെട്ടുംവിധം തിന്മകള്‍ പെരുകുകയാണ്. കൂട്ട ബലാല്‍സംഗങ്ങളുടെയും ഗുണ്ടാ മാഫിയാ പ്രവര്‍ത്തനങ്ങളുടെയും ഭീകരപ്രവര്‍ത്തനങ്ങളുടെയും അക്രമങ്ങളുടെയും വാര്‍ത്തകളിലുണ്ടായ പെരുക്കം ക്രമാതീതമാകുന്നു. നവമുതലാളിത്ത വികസനത്തിന്റെ മൂലധന ധാര്‍ഷ്ട്യം നമ്മുടെ പ്രകൃതി വിഭവങ്ങളെ അന്ധവും പൈശാചികവുമായി കടന്നാക്രമിക്കുകയും വലിയ വിഭാഗം ജനങ്ങളെ ജീവിത സാഹചര്യങ്ങളില്‍നിന്നു പുറന്തള്ളുകയും ചെയ്യുന്ന സംഭവങ്ങള്‍ക്കു സമാന്തരമായി നമ്മുടെ സമൂഹത്തില്‍ പ്രത്യക്ഷപ്പെടുന്ന ദുരനുഭവങ്ങളാണവ. സാമൂഹിക സുരക്ഷാ വലയം കീറിമുറിക്കപ്പെടുകയും അരാജകമായ ഒരന്തരീക്ഷം സൃഷ്ടിക്കപ്പെടുകയുമാണ്.

മാനുഷികമായ മൂല്യവ്യവസ്ഥകളും നീതിബോധവും നിസ്സഹായമാകുംവിധമാണ് തിന്മകളുടെ കടന്നുകയറ്റം. കയ്യൂക്കുള്ളവനേ അതിജീവിക്കാനാവൂ എന്ന നില വന്നിട്ടുണ്ട്. ഊക്ക് ധനവിനിമയത്തിന്റേതും അധികാരബലത്തിന്റെതുമാകുന്നു. അതിനാലാവാം രാഷ്ട്രീയ ഉദ്യോഗസ്ഥ തലങ്ങളില്‍ വലിയതോതിലാണ് ഈ മാറ്റം പ്രത്യക്ഷപ്പെടുന്നത്. അനധികൃതമായ സ്വത്തു സമ്പാദനത്തിനും സ്വജനപക്ഷപാതത്തിനും അധോലോക പ്രവണതകളെ പ്രോത്സാഹിപ്പിക്കുന്നതിലും മുന്നില്‍നിന്നു പ്രേരിപ്പിക്കുംവിധം ഹീനമായിട്ടുണ്ട് മന്ത്രിമാരുടെയും ഐ എ എസ് വൃത്തങ്ങളുടെയും സമീപ വര്‍ഷങ്ങളിലെ ഇടപെടലുകള്‍. പരാതികള്‍ നിര്‍വ്വീര്യമാക്കാനും കേസുകളൊതുക്കാനും അന്യോന്യം തുണയ്ക്കുന്ന സൗഭ്രാത്രം അവര്‍ക്കിടയില്‍ നിലനില്‍ക്കുന്നു. അതിനൊരപവാദം ഇപ്പോഴത്തെ ഗവണ്‍മെന്റിന്റെ വിജിലന്‍സ് നയമാണ്. ഉന്നത തലങ്ങളിലെ അഴിമതികള്‍ പുറത്തുകൊണ്ടു വരുന്നതില്‍ പ്രശംസാവഹമായ നീക്കങ്ങളാണ് ഉണ്ടായിരിക്കുന്നത്.

വിജിലന്‍സ് വിഭാഗം ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ അതിന്റെ ഡയറക്ടര്‍ക്കെതിരായ നീക്കങ്ങളും ശക്തിപ്പെട്ടിട്ടുണ്ട്. ഏറെക്കാലം അഴിമതി വിരുദ്ധ അന്വേഷണവും നടപടികളും മുന്നോട്ടുപോകുമെന്നു കരുതാനാവാത്ത അവസ്ഥയാണ്. എല്ലാം വിഴുങ്ങാന്‍ കഴിയുന്ന ബ്യൂറോക്രസിയുടെയും അഴിമതിശീലങ്ങളുടെയും ഹിംസാത്മക താണ്ഡവങ്ങളാണ് യഥാര്‍ത്ഥത്തില്‍ ഭരണകേന്ദ്രങ്ങളില്‍ അരങ്ങേറുന്നത്. ഉന്നതോദ്യോഗസ്ഥന്മാരുടെ വരവില്‍ക്കവിഞ്ഞ സ്വത്തും നിഗൂഢമായ പ്രവൃത്തികളും സാധാരണജനങ്ങളുടെ സ്വത്തും അവകാശവും കവര്‍ന്നുകൊണ്ടാണെന്നത് ഗൗരവതരമാണ്.

ധനമൂലധന നിക്ഷേപകര്‍ക്കു ഏതിടത്തു ഭൂമി ലഭ്യമാക്കാനും ഏതു തരത്തിലുള്ള വ്യവസായ സംരംഭങ്ങളാരംഭിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നത് വികസനത്തിന്റെ പേരില്‍ സാധൂകരിക്കപ്പെടും. ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ റെഡ് കാറ്റഗറിയില്‍പെട്ട ഒരു വ്യവസായം തുടങ്ങാന്‍ പണക്കൊഴുപ്പിന്റെ അഹങ്കാരം നിശ്ചയിച്ചാല്‍ അത് ഗ്രീന്‍ കാറ്റഗറിയിലാണെന്നു വരുത്താനും വേണ്ട സാങ്കേതികാനുവാദമെല്ലാം ലഭ്യമാക്കാനും ജനങ്ങള്‍ക്കുമേല്‍ മാരകവും സ്‌ഫോടനശേഷിയേറിയതുമായ സ്ഥാപനങ്ങള്‍ വച്ചുകെട്ടാനും ഉദ്യോഗസ്ഥമേധാവിത്തവും രാഷ്ട്രീയ നേതൃത്വങ്ങളും ഒത്തുകളിക്കുന്നു. നൂറുകണക്കിന് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത് ഇങ്ങനെയാണ്. വയലുകള്‍ നികത്തുന്നതും മലകള്‍ തുരക്കുന്നതും പൊതുമേഖലാ സ്ഥാപനങ്ങള്‍ കൊള്ളയടിക്കുന്നതും സ്വകാര്യ സംരംഭകരുടെ കയ്യേറ്റങ്ങള്‍ക്കു മറപിടിക്കുന്നതും നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടാണ്. ക്വാറി തുടങ്ങാന്‍ ലക്ഷങ്ങള്‍ നല്‍കണമെന്നു പറഞ്ഞ ഐ പി എസ് ഉദ്യോഗസ്ഥന്റെ കഥ നാം മറന്നിട്ടില്ല.

ജനേച്ഛയ്ക്കും നിയമവ്യവസ്ഥയ്ക്കും മേല്‍ കടന്നുകയറ്റമാവാമെന്നു ശീലിപ്പിക്കുന്നത് ഉന്നത വൃത്തങ്ങള്‍തന്നെയാണ് എന്നാണിതിനര്‍ത്ഥം. മുഖ്യധാരാ അധികാര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഈ പ്രവൃത്തിദോഷത്തിലേക്ക് അതിവേഗമാണ് മൂക്കുകുത്തി വീഴുന്നത്. സംസ്ഥാനത്തെ നിയമവിരുദ്ധ ഭൂമിയിടപാടുകളിലും പലിശപ്പണ ഇടപാടുകളിലും മാഫിയാ ദല്ലാള്‍ ഇടപാടുകളിലും പ്രധാനകണ്ണിയായി രാഷ്ട്രീയ നേതാക്കള്‍ മാറിയിട്ടുണ്ട്. കളമശ്ശേരിയിലെയും മരടിലെയും വടക്കാഞ്ചേരിയിലെയും രാഷ്ട്രീയ നേതാക്കളുടെ സാമൂഹികവിരുദ്ധ ബന്ധങ്ങളും ക്രിമിനല്‍ ഇടപാടുകളുമാണ് സമീപ ദിവസങ്ങളില്‍ പുറത്തുവന്നത്. പെട്ടെന്നൊരു നടപടിയെടുക്കാനാവില്ലെന്നു സിപിഎം പറയുന്നത് സംഘടനകള്‍ക്ക് അതതിന്റെതായ അന്വേഷണ രീതികളുണ്ടെന്നും അതിനു സമയമെടുക്കുമെന്നും ചൂണ്ടിക്കാട്ടിയാണ്. ഇങ്ങനെയൊന്നു നടക്കാനിടയില്ലെന്നു ഉറപ്പിച്ചു പറയാന്‍ രാഷ്ട്രീയ കക്ഷികള്‍ക്കൊന്നും സാധിക്കുന്നില്ലെന്നതാണ് സത്യം. ജനങ്ങള്‍ക്കും ഇതെല്ലാം കള്ളക്കഥകളാകുമെന്ന വിശ്വാസമില്ല. അതിനര്‍ത്ഥം ഇതെല്ലാം സാധ്യമാകുംവിധം നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഉന്നതോദ്യോഗസ്ഥ വിഭാഗങ്ങളും അത്യന്തം ജീര്‍ണമായ അവസ്ഥയിലെത്തിയിരിക്കുന്നുവെന്നാണ്. ഇവരുടെയെല്ലാം നേതൃത്വത്തില്‍ അഴിമതി വിരുദ്ധവും മൂല്യാധിഷ്ഠിതവുമായ ഒരഴിച്ചുപണി ആരും പ്രതീക്ഷിക്കുന്നില്ല.

ഭരണസംവിധാനത്തിന്റെ ജനാധിപത്യ വ്യവഹാരങ്ങള്‍ക്കെല്ലാം പകരമോ സമാന്തരമോ ആയി പുതിയ അധികാര രൂപങ്ങള്‍ വളര്‍ന്നു ശക്തിപ്പെട്ടിരിക്കുന്നു എന്നത് ഭീതിജനകമാണ്. നിയമവും നീതിബോധവും ഇവിടെ തലകുനിച്ചു നില്‍ക്കുന്നു. നിയമ പരിരക്ഷ ഉറപ്പാക്കേണ്ട നീതിപീഠത്തിനു മുന്നിലേക്കു ജനങ്ങളുടെ കണ്ണുകളെത്തിക്കൂടാ എന്ന പുതിയ നിര്‍ബന്ധവും രൂപപ്പെട്ടിട്ടുണ്ട്. മുമ്പൊക്കെ ഭാഗികമായ ഫാസിസ്റ്റ് പ്രവണതകളുടെ പ്രകടനമാണ് വാര്‍ത്താമാധ്യമങ്ങളെ വരിഞ്ഞുമുറുക്കിയിരുന്നത്. ഇപ്പോഴത് മൂലധന താല്‍പ്പര്യത്തിനും അഴിമതി താല്‍പ്പര്യത്തിനും എവിടെയും സാധ്യമാണെന്ന നിലയായി. കോടതിയില്‍ മാധ്യമ പ്രവര്‍ത്തകരെ കയറ്റിക്കൂടാ എന്നു നിശ്ചയിക്കാന്‍ ഒരു സംഘം അഭിഭാഷകര്‍ തീരുമാനിച്ചാല്‍ മതി എന്നു വരുന്നത് നമ്മുടെ ഭരണവ്യവസ്ഥയുടെ ദൗര്‍ബല്യമാണ്. ചീഫ്ജസ്റ്റിസും മുഖ്യമന്ത്രിയും ആവശ്യപ്പെട്ടിട്ടും അഭിഭാഷകരിലെ ക്രിമിനലുകള്‍ക്ക് പിന്തിരിയാന്‍ ഭാവമില്ല. നടപടിയെടുക്കാനാവട്ടെ, ഗവണ്‍മെന്റിന് സാധിക്കുന്നുമില്ല. അഭിഭാഷകരുടെ സ്വയംഭരണാധികാര റിപ്പബ്ലിക്കാണ് കോടതിയെന്ന ധാരണയാണ് ശക്തിപ്പെടുന്നത്. ഇതൊരു ജനാധിപത്യ രാജ്യമാണെന്നും ജനങ്ങളാണ് പരമാധികാരികളെന്നുമുള്ള യാഥാര്‍ത്ഥ്യം മറ്റെന്തോ താല്‍പ്പര്യങ്ങളുടെ സുഖശീതളിമയില്‍ പുലരുന്നവര്‍ ഓര്‍ക്കുന്നേയില്ല. അതോര്‍മ്മിപ്പിക്കേണ്ടവര്‍ നിസ്സഹായരായിത്തീരുന്നുവെങ്കില്‍ അവരും അവിഹിത താല്‍പ്പര്യങ്ങളുടെ തടവിലാണെന്നേ പറയാനാവൂ.

കൂട്ടബലാല്‍സംഗത്തിനെതിരെ പരാതിപ്പെട്ട സ്ത്രീയോട് അവരിലാരാണ് കൂടുതല്‍ സുഖംനല്‍കിയതെന്നു തിരക്കുന്ന പൊലീസ്, നിഷ്‌ക്രിയവും ജനവിരുദ്ധവുമായ ഒരധികാര വ്യവസ്ഥയുടെ ദൃഷ്ടാന്തമാകുന്നു. അവരുടെ ചായ്‌വും സഹാനുഭാവവും അക്രമികളോടും മാഫിയാസംഘങ്ങളോടുമാവുന്നതു സ്വാഭാവികം.നമ്മുടെ ജനാധിപത്യക്രമത്തിന് ഒരു അധോതല വ്യവഹാര വലയം സൃഷ്ടിക്കാന്‍ അവര്‍ക്കു സാധിച്ചിട്ടുണ്ട്. അതിന്റെ നിയന്ത്രണം ധനാധികാരകോയ്മകള്‍ക്കും രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കുമാണ്. കൂട്ട ബലാല്‍സംഗത്തിനിരയായി നിലവിളിക്കുന്ന സ്ത്രീയെ വീണ്ടും വീണ്ടും അവഹേളിക്കാന്‍ അവരുടെ ജീവചരിത്രം നോക്കിപ്പോകുന്ന നേതാക്കളുണ്ടാകുന്നു. ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കാന്‍ ചോദ്യമുന്നയിക്കുന്നവന്റെ ഭൂതകാലം തിരക്കേണ്ടിവരുന്ന ഗതികേടാണത്.

അത്ര വിശുദ്ധമല്ലാത്ത ജീവിതമാണെങ്കില്‍ ബലാല്‍സംഗവും കൊലയും കുറ്റകരമാവില്ല എന്നൊരു സിദ്ധാന്തം പൊതുസമ്മതത്തിന് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. വികസനമെന്ന വിശേഷണമുണ്ടെങ്കില്‍ ആരെയും അവരുടെ ഭൂമിയില്‍നിന്നും നിഷ്‌ക്കാസിതരാക്കാമെന്ന ധാര്‍ഷ്ട്യംപോലെയാണത്. ഇങ്ങനെയുള്ള കുറ്റകരമായ സിദ്ധാന്തവല്‍ക്കരണങ്ങളെ അതീവസാധാരണമെന്ന മട്ടില്‍ അംഗീകരിക്കാന്‍ നാം ശീലിക്കപ്പെടുകയാണ്. ഏതപകടവും ഏതിടത്തും സ്ഥാപിക്കാനാവും. ജനാധിപത്യത്തിന്റെ തത്വങ്ങളെ പരിഹസിക്കുന്ന ഏകജാലകപ്പഴുതുകള്‍ എങ്ങുമുണ്ട്. അവയെ സാധൂകരിക്കാന്‍ ഭരണകൂടങ്ങളൊരുക്കിയ വികസന സിദ്ധാന്തം മതിയാകും.

ഈ ദുരനുഭവങ്ങളുടെയും അതിനു നേതൃത്വം നല്‍കുന്ന ദുര്‍വൃത്തരുടെയും തണലിലാണ് കൊലകളും ബോംബു സ്‌ഫോടനങ്ങളും വര്‍ഗീയ വിദ്വേഷങ്ങളും സംഘര്‍ഷങ്ങളും ദളിത് ആദിവാസി അവകാശങ്ങളിലെ കയ്യേറ്റങ്ങളും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും പെരുകിക്കൊണ്ടേയിരിക്കുന്നത്. മൊത്തത്തിലുള്ള ഒരഴിച്ചുപണിയിലേക്കു നമ്മുടെ രാഷ്ട്രീയ ക്രമം മാറുകയേ രക്ഷയുള്ളു. അതിനു പ്രാപ്തമായ ജനകീയമുന്നേറ്റം രൂപപ്പെടാന്‍ വൈകിക്കൂടാ. അടിമുടി വൈകൃതങ്ങള്‍പേറിയാണ് നിലവിലെ രാഷ്ട്രീയ -ഉദ്യോഗസ്ഥ -നിയമ വ്യവസ്ഥകള്‍ പ്രവര്‍ത്തിക്കുന്നത് എന്ന ബോധ്യം ഒട്ടും ആശ്വാസകരമല്ല. അത് പിച്ചിച്ചീന്തുന്നത് സാമൂഹിക സുരക്ഷാവലയങ്ങളാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.

5 നവംബര്‍ 2016

(ഓരം പംക്തി – മംഗളം ദിനപത്രം 7 നവംബര്‍ 2016)

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )