തുല്യജോലിക്കു തുല്യവേതനമെന്ന മുദ്രാവാക്യത്തിന് നീണ്ട കാലത്തെ ചരിത്രമുണ്ട്. സ്ത്രീകളോടു കാണിക്കുന്ന വിവേചനങ്ങള്‍ക്കെതിരായിട്ടായിരുന്നു അതാദ്യമുയര്‍ന്നത്.. പുരുഷന്മാരായ തൊഴിലാളികള്‍ക്കു ലഭിക്കുന്ന കൂലി സ്ത്രീ തൊഴിലാളികള്‍ക്കും ഉറപ്പു വരുത്താന്‍ ഒട്ടേറെ സമരങ്ങള്‍ നടന്നു. അതിന്റെ പശ്ചാത്തലത്തില്‍ അനുകൂലമായ നിയമനിര്‍മാണങ്ങളുണ്ടായി. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തില്‍ തുല്യജോലിക്കു തുല്യവേതനമെന്ന തത്വം അംഗീകരിക്കപ്പെട്ടു.
നവമുതലാളിത്തവും അതഴിച്ചു പണിഞ്ഞ നവസാമ്പത്തികാധികാര ഘടനകളും ആ തത്വത്തെ കശക്കിയെറിഞ്ഞു. ഒരേ തൊഴിലിടത്തില്‍ ഒരേ തൊഴില്‍ ചെയ്യുന്നവര്‍ക്കിടയില്‍ വ്യത്യസ്ത കൂലി വ്യവസ്ഥ തിരിച്ചുകൊണ്ടുവന്നു. സ്ഥിരക്കാരെന്നും കരാറുകാരുമെന്നു വിഭജനമുണ്ടായി. പുതുതായി തൊഴിലില്‍ പ്രവേശിക്കുന്നവരൊക്കെ താല്‍ക്കാലികക്കാരോ കരാറുകാരോ ആയി, വിരമിക്കുന്നതുവരെ ചുരുങ്ങിയ വേതനത്തിനു ജോലിയെടുക്കാന്‍ നിര്‍ബന്ധിതമാകുന്ന അവസ്ഥയുണ്ടായി. എതിര്‍ക്കുകയോ പ്രതിഷേധിക്കുകയോ ചെയ്താല്‍ ഉള്ള തൊഴിലില്‍നിന്നു പുറന്തള്ളപ്പെടുമെന്ന ഭീതി തൊഴിലിടങ്ങളിലെ ആകാശങ്ങളില്‍ ഘനീഭവിച്ചുനിന്നു. സംഘടനാ സ്വാതന്ത്ര്യം ഒട്ടും അനുവദിക്കപ്പെടാതായി. അസംഘടിതരായ അടിമത്തൊഴിലാളികളുടെ പുതുവംശം രൂപപ്പെടുകയായിരുന്നു.
അവരെച്ചൊല്ലി ആരും ഖേദിക്കുകയോ കലഹിക്കുകയോ ചെയ്തില്ല. അത്യന്തം സ്വാഭാവികമെന്ന മട്ടിലാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം ഈ സാഹചര്യത്തെ സ്വാഗതം ചെയ്തത്. താല്‍ക്കാലിക ജീവനക്കാരും കരാര്‍ തൊഴിലാളികളും ഗസ്റ്റ് അദ്ധ്യാപകരും തങ്ങളുടേതല്ലാത്ത കാരണങ്ങള്‍കൊണ്ടു ശിക്ഷിക്കപ്പെടുന്നവരാണ്. വേണ്ടതിലേറെ യോഗ്യതയും തൊഴില്‍ ശേഷിയുമുണ്ടായിട്ടും അവ ഏറ്റവും സമര്‍ത്ഥമായിത്തന്നെ പ്രകടിപ്പിച്ചിട്ടും അവരവഗണിക്കപ്പെട്ടു. അവരെടുക്കുന്ന തൊഴിലിനു സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സേവന വേതന വ്യവസ്ഥകള്‍ അവര്‍ക്കു ബാധകമല്ലാതാവുന്നതെന്തുകൊണ്ടെന്നു സന്ദേഹങ്ങള്‍ക്കു തീ പിടിച്ചില്ല. അര്‍ഹതപ്പെട്ട കൂലിയില്ല. സ്ഥിരം തൊഴിലോ തൊഴില്‍ സുരക്ഷയോയില്ല. പെന്‍ഷനോ മറ്റാനുകൂല്യങ്ങളോ ഇല്ല. തൊഴിലിടത്തിലെ അയിത്തക്കാരായി അവരെപ്പോഴും അകറ്റി നിര്‍ത്തപ്പെട്ടു.
അറുപതിനായിരത്തിലധികം ട്രേഡ് യൂണിയനുകളുള്ള ഒരു രാജ്യത്താണ് അസംഘടിതമേഖല ഇങ്ങനെ തടിച്ചു തിടംവെയ്ക്കുന്നത്. തൊഴിലെടുക്കുന്നവരുടെ തൊണ്ണൂറ്റിനാലു ശതമാനവും സംഘടനകള്‍ക്കു പുറത്താണ്. വെറും ആറു ശതമാനമാണ് ട്രേഡ് യൂണിയന് എന്ന അനുഗ്രഹം സിദ്ധിച്ചിട്ടുള്ളവര്‍. നിരന്തരവും സമരോത്സുകവുമായ സംഘടനാ പ്രവര്‍ത്തനത്തിലേക്ക് അസംഘടിത വിഭാഗങ്ങളെ കണ്ണിചേര്‍ക്കാന്‍ വലിയ സംഘടനകള്‍ തയ്യാറാവുന്നില്ല. ആയിരക്കണക്കായ ചട്ടപ്പടി സമരങ്ങള്‍ അരങ്ങേറാറുണ്ടെങ്കിലും താല്‍ക്കാലികക്കാരുടെ പ്രശ്നങ്ങള്‍ ഉന്നയിക്കപ്പെടാറില്ല. താല്‍ക്കാലികം എന്നത് പിന്നീട് സ്ഥിരമാവുന്ന വിഭാഗങ്ങളുടെ തുടക്കപ്പേരായിരുന്നു മുമ്പെങ്കില്‍ ഇപ്പോഴത് ആജീവനാന്ത നാമമാണ്. വിരമിക്കുവോളം തുടരുന്ന താല്ക്കാലികത്വത്തെ അടിമത്തത്തിന്റെ ആധുനിക വിളിപ്പേരെന്നേ കരുതാനാവൂ.
അദ്ധ്യാപക സംഘടനകളില്‍ ഗസ്റ്റ് അദ്ധ്യാപകര്‍ക്കും ഇതര തൊഴില്‍ സംഘടനകളില്‍ അതതു സ്ഥാപനങ്ങളിലെ കോണ്ട്രാക്റ്റ്/ താല്‍ക്കാലിക തൊഴിലാളി വിഭാഗങ്ങള്‍ക്കും സ്ഥാനം ലഭിക്കുന്നില്ല. വേറിട്ടൊരു സംഘടനയിലേക്ക് അവര്‍ വളരാതിരിക്കാനും തൊഴില്‍ ദാതാക്കള്‍ സൂക്ഷ്മ ശ്രദ്ധയാണ് പുലര്‍ത്തുന്നത്. എപ്പോള്‍ വേണമെങ്കിലും പിരിച്ചു വിടാമെന്ന സ്വാതന്ത്ര്യം തൊഴിലുടമകളുടേതാണ്. കഴിഞ്ഞ നൂറ്റാണ്ടില്‍ അത്തരം പിരിച്ചുവിടലുകള്‍ക്കെതിരെ നടന്ന രൂക്ഷ സമരങ്ങളൊക്കെ അര്‍ത്ഥരഹിതമായ പഴങ്കഥകളായിരിക്കുന്നു. നവമുതലാളിത്തം തൊഴില്‍ മേഖലയെ കൈപ്പിടിയിലൊതുക്കിക്കഴിഞ്ഞു. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ശൗര്യവും കെട്ടടങ്ങി.
ആത്മാഭിമാനം പിടച്ചുണരാവുന്ന അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ ചിലരൊക്കെ നിയമയുദ്ധത്തിനു ശ്രമിച്ചിട്ടുണ്ട്. അങ്ങനെയൊരു പരാതിയാണ് പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ പരിഗണനയ്ക്കു വന്നത്. ജഗ്ജിത് സിങ്ങായിരുന്നു പരാതിക്കാരന്. പരാതിയിലെന്തെങ്കിലും വിവേചനമുള്ളതായോ നിയമപ്രശ്നമുള്ളതായോ അവിടത്തെ ഹൈക്കോടതിക്കു ബോധ്യമായില്ല. സാധാരണ തൊഴിലാളിയും താല്‍ക്കാലിക തൊഴിലാളിയും വ്യത്യസ്തരാണെന്നും അവര്‍ക്കു രണ്ടു വിധം വേതനവ്യവസ്ഥ തുടരാമെന്നും ഹൈക്കോടതി വിധിച്ചു. പരാതിക്കാരന് പക്ഷെ തൃപ്തനായില്ല. അയാള്‍ സുപ്രീം കോടതിയെ സമീപിച്ചു. അതു സുപ്രധാനമായ ഒരു വിധിയിലേക്കുള്ള ചുവടുവെപ്പായിത്തീര്‍ന്നു.
തുല്യ ജോലിക്കു തുല്യ വേതനമെന്ന തത്വം അംഗീകരിച്ചേ മതിയാവൂ എന്നു സുപ്രീംകോടതി ജഡ്ജിമാരായ ജെ എസ് ഖഹറും എസ് എ ബോബ്ഡെയും വിധിയെഴുതി. ഭരണഘടനയുടെ നൂറ്റി നാല്പത്തിയൊന്നാം അനുഛേദം ഇങ്ങനെയൊരവകാശം ഉറപ്പു നല്‍കുന്നുവെന്ന് കോടതി ഓര്‍മ്മിപ്പിച്ചു. ഇതിനു പുറമേ ഇന്ത്യ ഒപ്പുവെച്ച അന്താരാഷ്ട്ര കരാറുകളും മനുഷ്യാവകാശ പ്രഖ്യാപനങ്ങളും ലംഘിക്കാനാവില്ലെന്നു ജസ്റ്റിസുമാര്‍ ചൂണ്ടിക്കാട്ടി. പഞ്ചാബ് സംസ്ഥാനത്തിനെതിരെ ജഗജിത് സിങ് നല്കിയ കേസില്‍ കഴിഞ്ഞ ബുധനാഴ്ച്ചയുണ്ടായ വിധിപ്രസ്താവം ലക്ഷക്കണക്കിന് ഇന്ത്യന്‍ തൊഴിലാളികളെ പ്രത്യാശാഭരിതരാക്കുന്നു.
സാങ്കേതികവും നിയമപരവുമായ വശങ്ങള് മാത്രമല്ല മനുഷ്യത്വപരമായ വശവും കോടതി കാണുകയുണ്ടായി. ഒരേ തൊഴിലിന് രണ്ടു വേതനം നിലനില്‍ക്കുന്നിടത്തു തുച്ഛമായ കൂലിക്കു തൊഴിലെടുക്കുന്നത് സേവന സന്നദ്ധതകൊണ്ടാണെന്നു കരുതാനാവില്ല. ആത്മാഭിമാനവും അന്തസ്സും പണയം വെയ്ക്കുന്നത് കുടുംബം പട്ടിണി കിടക്കാതിരിക്കാനാണ്. ഭീഷണികള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും വഴങ്ങാന്‍ നിര്‍ബന്ധിതമാകുന്ന സാഹചര്യം നില നില്ക്കുന്നു. അടിമത്തസമാനമായ ചൂഷണങ്ങളിലേക്കു നയിക്കുന്നത് ക്രൂരവും കുറ്റകരവുമായ അധീശത്വ നിലപാടുകളും ഭീഷണികളുമാണ്. കോടതിവിധിയിലൂടെ കടന്നുപോകുമ്പോള്‍ നമുക്കു വിധി പ്രസ്താവിച്ചവരെയും നിയമ വ്യവസ്ഥയെയും ആദരവോടെ സല്യൂട്ടു ചെയ്യാതിരിക്കാനാവില്ല.
ഇങ്ങനെയൊരു വിധിപ്രസ്താവം നമുക്കു മുന്നില്‍ ഉചിതമായ നടപടി കാത്തു നില്‍ക്കുകയാണ്. ജനാധിപത്യ സര്‍ക്കാറുകള്‍ക്കു വിധിയുടെ സത്ത നടപ്പാക്കാനുള്ള ബാധ്യതയുണ്ട്. തൊഴിലാളികളോടും അടിച്ചമര്‍ത്തപ്പെടുന്നവരോടും കാരുണ്യം പുലര്‍ത്തുന്ന ഗവണ്മെന്റിനു ഇനി മറ്റെന്തെങ്കിലും ആലോചിക്കേണ്ടതില്ല. മുഴുവന്‍ തൊഴിലിടങ്ങളിലും അദ്ധ്വാനത്തിന്റെ മഹത്വവും അവകാശവും വിളംബരം ചെയ്യുംവിധം വിധി നടപ്പാക്കണം. തുല്യജോലിക്കു തുല്യവേതനമെന്നത് കാത്തുപോരേണ്ട തത്വമാണെന്നു തൊഴില്‍ ദാതാക്കളെ ഓര്‍മ്മപ്പെടുത്തണം. അതിനെതിരായ എല്ലാ നീക്കങ്ങളെയും ചെറുക്കുകയും നിര്‍വ്വീര്യമാക്കുകയും വേണം.
തൊഴില്‍രംഗത്തെ സര്‍വ്വനിയമങ്ങളും തൊഴിലുടമകള്‍ക്കനുകൂലമായി പുതുക്കപ്പെട്ടുകൊണ്ടിരിക്കെ, ഒരിടിമിന്നല്‍ വെളിച്ചംപോലെ നമ്മുടെ കണ്ണു തുറപ്പിക്കുന്നു ഈ വിധി. പൗരാവകാശങ്ങളും മനുഷ്യാവകാശങ്ങളും വിസ്മരിക്കപ്പെടരുതെന്ന അടിസ്ഥാന ബോധ്യം കോടതിയ്ക്കുണ്ടെന്ന് ഒരാശ്വാസമാണ് വീണു കിട്ടിയിരിക്കുന്നത്. അത് അര്‍ത്ഥപൂര്‍ണമാകണമെങ്കില്‍ ഈ വിധി ആരെയുദ്ദേശിച്ചാണോ അവര്‍ക്കു നീതി ലഭിക്കണം. അതാകട്ടെ, കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകളുടെ ഉത്തരവാദിത്തവുമാണ്.
ഇക്കാര്യത്തില്‍ ഗുണപരവും ആവേശകരവുമായ പ്രതികരണമുണ്ടായത് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളില്നിന്നു മാത്രമാണ്. ദില്ലിയില്‍ കോടതിവിധി നടപ്പാക്കുമെന്ന് അടുത്ത ദിവസംതന്നെ അദ്ദേഹം പ്രഖ്യാപിച്ചു. തൊഴില്‍മന്ത്രി ഗോപാല്‍ റായ് വിവിധ വകുപ്പുകളുടെ ആലോചനായോഗം നവംബര്‍ എട്ടിനു വിളിച്ചിട്ടുണ്ട്. മറ്റൊരു സംസ്ഥാനത്തുനിന്നും ഇത്തരത്തിലുള്ള നീക്കമുണ്ടായില്ലെന്നത് ഖേദകരമാണ്. ചരിത്രപ്രധാനമായ വിധിയെ അര്‍ഹിക്കുന്ന ഗൗരവത്തോടെ കാണാന്‍ കഴിയണം. കേരള ഗവണ്മെന്റില്നിന്ന് അങ്ങനെയൊരു നീക്കമാണ് നാം പ്രതീക്ഷിക്കുന്നത്. അല്ലെങ്കില്‍ നാമത് ഗവണ്‍മെന്‍ിനോട് ആവശ്യപ്പെടുന്നു. മനുഷ്യത്വരഹിതമായ വിവേചനത്തിന് വിരാമമിടാനുള്ള പ്രേരണയാവട്ടെ സുപ്രീംകോടതിയുടെ ഈ വിധി.
29 ഒക്ടോബര്‍ 2016
(ഓരം പംക്തി. മംഗളം ദിനപത്രം 31 ഒക്ടോബര്‍ 2016)